യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-7)
അനില്‍കുമാര്‍ വി. അയ്യപ്പന്‍
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ വംശാവലിയെ സംബന്ധിച്ച കുറയേറെക്കാര്യങ്ങള്‍ മനസ്സിലാക്കിയ സാഹചര്യത്തില്‍ യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുധ്യങ്ങള്‍ ഉണ്ടെന്നു വാദിക്കുന്ന മുസ്ലീങ്ങളുടെ പ്രവാചകനായ ശ്രീ.മുഹമ്മദിന്‍റെ വംശാവലിയെക്കുറിച്ചും ചില കാര്യങ്ങള്‍ പരിശോധിച്ചുകൊണ്ട് നമുക്ക് ഈ പഠനം അവസാനിപ്പിക്കാം.
യേശുക്രിസ്തുവിന്‍റെ വംശവലിയെപ്പറ്റി നിങ്ങളോട് സംസാരിക്കാന്‍ വരുന്ന ദാവാ പ്രവര്‍ത്തകരോട് “നിങ്ങളുടെ പ്രവാചകന്‍റെ വംശാവലി ഒന്ന് കാണിച്ചു തരുമോ?” എന്ന് തിരിച്ചു ചോദിച്ചാല്‍ അവര്‍ വിയര്‍ക്കുന്നത് കാണാം. ‘മുഹമ്മദ് യിശ്മായേലിന്‍റെ സന്തതി പരമ്പരയില്‍ പെട്ടതാണ്, അബ്രഹാമിന്‍റെ പുത്രനാണ്’ എന്നൊക്കെ അവര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അതിനൊന്നിനും ചരിത്രത്തെളിവുകളുടെ പിന്‍ബലമില്ല. മുഹമ്മദ് പറഞ്ഞതായി പില്‍ക്കാല മുസ്ളീങ്ങള്‍ രേഖപ്പെടുത്തി വെച്ച കാര്യങ്ങളല്ലാതെ അദ്ദേഹത്തിനു മുന്‍പുള്ള അദ്ദേഹത്തിന്‍റെ പൂര്‍വ്വികരില്‍ ആരും തന്നെ തങ്ങള്‍ യിശ്മായേലിന്‍റെ പിന്മുറക്കാരാണെന്ന് അവകാശപ്പെട്ടതായി യാതൊരു രേഖയുമില്ല. വിറ്റുപോയ കുടുംബ സ്വത്ത് അടുത്ത ചാര്‍ച്ചക്കാരന് വീണ്ടെടുക്കാം എന്നൊരു പ്രമാണം അവര്‍ക്കിടയില്‍ ഇല്ലാതിരുന്നതിനാല്‍, വംശാവലി രേഖ തയ്യാറാക്കി സൂക്ഷിക്കേണ്ട കാര്യവും അവര്‍ക്കില്ലായിരുന്നു. അന്യോന്യമുള്ള ഗോത്രവൈരത്തിന്‍റെ കാലത്ത്, സ്വഗോത്രാഭിമാന വീര്യത്താല്‍ ജ്വലിച്ച ചില കവികള്‍ തങ്ങളുടെ ഗോത്രത്തിലെ പൂര്‍വ്വികരുടെ വീരസാഹസിക കൃത്യങ്ങള്‍ കവിതാ രൂപത്തില്‍ ചൊല്ലിക്കൊണ്ട് നടന്നതല്ലാതെ തങ്ങളുടെ പൂര്‍വ്വികരെക്കുറിച്ച് കൃത്യവും വ്യക്തവുമായ രേഖകള്‍ എഴുതി സൂക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പില്‍ക്കാലത്ത് മുസ്ലീങ്ങള്‍ എഴുതിയുണ്ടാക്കിയ മുഹമ്മദിന്‍റെ വംശാവലി നാം പരിശോധിക്കുമ്പോള്‍ തെളിഞ്ഞുവരുന്നത് ചരിത്രം വളച്ചൊടിക്കുവാനുള്ള അവരുടെ ഹീനശ്രമമാണ് എന്ന് പറയാതെ വയ്യ!
മുഹമ്മദിന്‍റെ വംശാവലിയെക്കുറിച്ച് അറിയേണ്ടതിന് ഈ ലേഖകന്‍ പല മുസ്ലീം വെബ്‌സൈറ്റുകളില്‍ നിന്നായി ധാരാളം ആദിമ കാല ഇസ്ലാമിക രേഖകള്‍ പരിശോധിക്കുകയുണ്ടായി. പല സൈറ്റുകളിലും ‘പ്രവാചകന്‍റെ കുടുംബ വൃക്ഷം’ (Prophet’s Family Tree) എന്ന പേരില്‍ യിശ്മായേലില്‍നിന്ന് ശാഖോപശാഖകളായി പിരിഞ്ഞ ഗോത്രങ്ങളുടെയും കുലങ്ങളുടേയും രൂപരേഖ വരച്ചു വെച്ചിട്ടുണ്ടെങ്കിലും ഈ വിവരങ്ങള്‍ എവിടെ നിന്നാണ് ലഭിച്ചത് എന്നതിനെപ്പറ്റി അവരില്‍ പലരും നിശ്ശബ്ദത പുലര്‍ത്തുന്നു. മാത്രമല്ല, വംശാവലിയില്‍ ഉള്‍പ്പെട്ടവരുടെ സംഖ്യയില്‍ പല വ്യത്യാസങ്ങള്‍ കാണപ്പെടുന്നുണ്ട്. സെയ്ദ് യൂസുഫ് നല്‍കിയിരിക്കുന്ന മുഹമ്മദിന്‍റെ വംശാവലി താഴെ കൊടുക്കുന്നു:
‘അബ്രാഹം ഹനിഫ ഇസ്മായെലിന്‍റെ പിതാവ്; ഇസ്മായേല്‍ കേദാറിന്‍റെ പിതാവ്; കേദാര്‍ അദ്നാന്‍റെ പിതാവ്; അദ്നാന്‍ മ’ആദിന്‍റെ പിതാവ്; മ’ആദ് നിസാറിന്‍റെ പിതാവ്; നിസാര്‍ മുദറിന്‍റെ പിതാവ്; മുദര്‍ ഇല്ലിയാസിന്‍റെ പിതാവ്; ഇല്ലിയാസ് മുദ്രിഖയുടെ പിതാവ്; മുദ്രിഖ ഖുസൈമയുടെ പിതാവ്; ഖുസൈമ കിനാനയുടെ പിതാവ്; കിനാന അല്‍-നദറിന്‍റെ പിതാവ്; അല്‍-നദര്‍ മാലിക്കിന്‍റെ പിതാവ്; മാലിക്ക് ഖുറയ്ഷിന്‍റെ പിതാവ്; ഖുറൈഷ് ഘാലിബിന്‍റെ പിതാവ്; ഘാലിബ് ലുഅയ്യിന്‍റെ പിതാവ്; ലുഅയ്യ് ക’അബിന്‍റെ പിതാവ്; ക’അബ് മുറായുടെ പിതാവ്; മുറാ കിലാബിന്‍റെ പിതാവ്; കിലാബ് ഖുസൈയുടെ പിതാവ്; ഖുസൈ അബ്ദ് മനാഫിന്‍റെ പിതാവ്; അബ്ദ് മനാഫ് ഹാഷിമിന്‍റെ പിതാവ്; ഹാഷിം അബ്ദുള്‍ മുത്തലിബിന്‍റെ പിതാവ്; അബ്ദുള്‍ മുത്തലിബ് അബ്ദുള്ളയുടെ പിതാവ്; അബ്ദുള്ളാ മുഹമ്മദ് നബി(സ)യുടെ പിതാവ്.”
ഈ വംശാവലി എവിടെ നിന്നാണ് താന്‍ എടുത്തതെന്ന് സെയ്ദ് യൂസുഫ് പറയുന്നില്ല. ആധികാരികമോ അല്ലാത്തതോ ആയ ഒരു രേഖയും അദ്ദേഹം തെളിവിനായി തരുന്നതുമില്ല. ഇനി ഈ വംശാവലി രേഖ ഒരു സൂക്ഷ്മപഠനത്തിന് വിധേയമാക്കിയാലോ അബദ്ധങ്ങളുടെ പൊടിപൂരമായിരിക്കും നമുക്ക് കാണാന്‍ കഴിയുന്നത്. മുഹമ്മദിന്‍റെ വംശാവലിയിലേക്ക് കടക്കുന്നതിനു മുന്‍പ് അദ്ദേഹം യിസ്മായെലിന്‍റെ സന്തതി ആണോ എന്ന് നമുക്കൊന്ന് പരിശോധിച്ച് നോക്കാം.
അബ്രഹാമിന് എട്ടു മക്കള്‍ ആണ് ഉണ്ടായിരുന്നത്. (ഉല്പത്തി.16:15; 12:3; 25:2) ആദ്യഭാര്യ സാറയില്‍ വാഗ്ദത്ത സന്തതിയായ യിസഹാക്കും, സാറ മരിച്ചതിനു ശേഷം വിവാഹം കഴിച്ച കെതൂറയില്‍ (ഉല്പത്തി.25:1) ജനിച്ച സിമ്രാന്‍, യോക്ശാന്‍, മെദാന്‍, മിദ്യാന്‍, യിശ്ബാക്, ശുവഹ് എന്നിവരും സാറയുടെ ഈജിപ്ഷ്യ ദാസിയായ ഹാഗാറില്‍ (ഉല്പ.16:8) ജനിച്ച യിശ്മായേലും (ഉല്പ.16:11) ആണ് ആ എട്ടു മക്കള്‍ . സാറയും സാറയുടെ കാലശേഷം പരിഗ്രഹിച്ച കെതൂറയും മാത്രമാണ് അബ്രഹാമിന്‍റെ നിയമപ്രകാരമുള്ള ഭാര്യമാര്‍ . ഈ നിയമപ്രകാരമുള്ള ഭാര്യമാരില്‍നിന്ന് ജനിച്ച മക്കള്‍ക്ക് മാത്രമേ അബ്രഹാമിന്‍റെ പിന്തുടര്‍ച്ച അവകാശപ്പെടാനുള്ള യോഗ്യതയുള്ളൂ. അതില്‍ത്തന്നെ ദൈവിക വാഗ്ദത്ത സന്തതിയായ ‘യിസഹാക്കില്‍ നിന്നുള്ളവര്‍ മാത്രമാണു അബ്രഹാമിന്‍റെ സാക്ഷാല്‍ സന്തതിയെന്നു വിളിക്കപ്പെടുന്നത്’ (ഉല്പത്തി.21:12)
‘യിസഹാക്ക് ജനിച്ചതിനു ശേഷം അവന്‍റെ മുലകുടി മാറിയ നാളില്‍ അബ്രഹാം ഒരു വലിയ വിരുന്നു കഴിച്ചു. മിസ്രയീമ്യദാസി ഹാഗാര്‍ അബ്രഹാമിന് പ്രസവിച്ച മകന്‍ പരിഹാസി എന്ന് സാറ കണ്ടു അബ്രാഹമിനോട്: ഈ ദാസിയേയും മകനെയും പുറത്താക്കിക്കളയുക; ഈ ദാസിയുടെ മകന്‍ എന്‍റെ മകന്‍ യിസഹാക്കിനോട് കൂടെ അവകാശിയാകരുത് എന്ന് പറഞ്ഞു. അബ്രഹാമിന് ഇത് അനിഷ്ടകരമായിരുന്നെങ്കിലും ദൈവം പറഞ്ഞതനുസരിച്ച് ദാസിയേയും മകനെയും പുറത്താക്കിക്കളഞ്ഞു. എങ്കിലും അബ്രഹാമിന്‍റെ മകന്‍ എന്ന പരിഗണനയാല്‍ ദൈവം ബാലനെ വലിയ ജാതിയാക്കുമെന്നു അബ്രഹാമിനോട് പറഞ്ഞു, അവന്‍ പാരാന്‍ മരുഭൂമിയില്‍ പാര്‍ത്തു. വളര്‍ന്നപ്പോള്‍ അവന്‍റെ അമ്മ അവനു മിസ്രയീം ദേശത്ത് നിന്ന് ഒരു ഭാര്യയെ കൊണ്ടുവന്നു.’ (ഉല്പത്തി. 21:8-21)
ഇതാണ് യിശ്മായെലിനെക്കുറിച്ചുള്ള വിവരണം. ഇതിലെങ്ങും അബ്രഹമോ മകനോ മക്കയില്‍ വന്നതായി ഒരു സൂചനയുമില്ല. അബ്രഹാം പ്രയാണം ചെയ്ത ദേശങ്ങളുടെ വ്യക്തമായ വിവരണം ബൈബിള്‍ നല്‍കുന്നുണ്ട്. കനാനില്‍നിന്ന് പത്തെഴുന്നൂറ്റന്‍പതു മൈല്‍ ദൂരെ കിടക്കുന്ന മക്കയില്‍ അബ്രഹാം പോയതായി ബൈബിളിലോ പുറത്തുള്ള പുരാതനമായ ഒരു ചരിത്രരേഖയിലോ പറയുന്നില്ല.
അബ്രഹാം ഹാഗാരിനെയും മകനെയും പുറത്താക്കിയതിനു ശേഷമാണ് അവര്‍ മെക്കയിലേക്ക് പോയത് എന്ന് ചിലര്‍ വാദിക്കുന്നു. പാരാന്‍ മെക്കയുടെ അടുത്തുള്ള സ്ഥലമായിരുന്നത്രേ! യുക്തിക്ക് നിരക്കാത്ത വാദമാണിത് . ഈജിപ്റ്റ് സ്വദേശിയായ ഒരു അടിമ സ്ത്രീയെ കനാനിലേക്ക് കൊണ്ട് വരുന്നു. ചില വര്‍ഷങ്ങള്‍ക്കുശേഷം അവളെയും മകനെയും അവളുടെ യജമാനന്‍ കനാനിലെ വീട്ടില്‍നിന്ന് ഇറക്കി വിടുന്നു. ഈ അടിമസ്ത്രീ ബാലനായ തന്‍റെ മകനെയും കൊണ്ട് തന്‍റെ സ്വന്തക്കാരും ബന്ധക്കാരും പരിചയക്കാരുമുള്ള, തനിക്കു മനസ്സിലാകുന്ന ഭാഷ സംസാരിക്കുന്ന ജനങ്ങളുള്ള, തനിക്കു സുപരിചിതമായ തന്‍റെ സ്വദേശത്തേക്ക് തിരിച്ചു പോകുമോ, അതോ തനിക്കു തീര്‍ത്തും അപരിചിതമായ ജനങ്ങളുള്ള, ഭാഷപോലും അറിയാത്ത, തന്‍റെ സ്വദേശത്ത് നിന്ന് ആയിരത്തിലധികം കിലോമീറ്റര്‍ ദൂരത്തുള്ള ഒരു ദേശത്തേക്ക് പ്രവാസിയായി പോകുമോ? വായനക്കാര്‍ ചിന്തിക്കുക! ‘അവന്‍ വളര്‍ന്നപ്പോള്‍ അവന്‍റെ അമ്മ അവനു ഈജിപ്തില്‍ നിന്ന് ഭാര്യയെ കൊണ്ടുവന്നു’ എന്ന് പറഞ്ഞിരിക്കുന്നതില്‍ നിന്നും ഹാഗാര്‍ ഈജിപ്തിനോടടുത്ത പ്രദേശത്താണ് യിശ്മായേലിനോടൊപ്പം താമസിച്ചിരുന്നതെന്ന് പകല്‍ പോലെ വ്യക്തം!!
പാരാന്‍ എന്നാല്‍ അലങ്കാരം എന്നാണു അര്‍ത്ഥം കാണുന്നത്. ബൈബിളില്‍ പലവട്ടം പരാമര്‍ശിക്കപ്പെടുന്ന പ്രദേശമാണ് പാരാന്‍ . നമുക്കത് പരിശോധിക്കാം:
ആദ്യം ഈ ഭൂവിഭാഗത്തെപ്പറ്റി പറയുന്നത് ഉല്‍പ്പത്തി 14:6-ലാണ്. അഞ്ചു രാജാക്കന്മാര്‍ക്കെതിരെ നാല് രാജാക്കന്മാര്‍ ജയം നേടിയതിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, “സേയീര്‍മലയിലെ ഹോര്‍യ്യരെയും മരുഭൂമിക്കു സമീപമുള്ള ഏല്‍പാരാന്‍ വരെ തോല്പിച്ചു” എന്ന് പറയുന്നു.
‘ഏല്‍പാരാന്‍’ എന്ന സ്ഥലം അബ്രഹാം താമസിച്ചിരുന്ന കനാന്‍ ദേശത്തിനടുത്തുതന്നെയുള്ള പ്രദേശമായിരുന്നു എന്ന് ഇതില്‍നിന്ന് തെളിയുന്നു.
യിസ്രായേല്‍ ജനത്തിന്‍റെ മരുഭൂപ്രയാണകാലത്ത് ഒരു താവളം പാരാന്‍ ആയിരുന്നു: “അപ്പോള്‍ യിസ്രായേല്‍മക്കള്‍ സീനായിമരുഭൂമിയില്‍നിന്നു യാത്രപുറപ്പെട്ടു; മേഘം പാറാന്‍ മരുഭൂമിയില്‍ വന്നുനിന്നു” (സംഖ്യാ.10:12). ഇതും തെളിയിക്കുന്നത് കനാന്‍ ദേശത്തു നിന്ന് ആയിരത്തിലധികം കിലോമീറ്ററുകള്‍ക്കപ്പുറം കിടക്കുന്ന ഒരു സ്ഥലമല്ല, വാഗ്ദത്ത നാടിനോട് അടുത്തു തന്നെ കിടക്കുന്ന സ്ഥലമാണ് പാരാന്‍ എന്നത്രേ! അവിടെ അവര്‍ പാളയമിറങ്ങിയതിനെ പറ്റി സംഖ്യാ 12:16-ല്‍ കാണാം: “അതിന്‍റെ ശേഷം ജനം ഹസേരോത്തില്‍നിന്നു പുറപ്പെട്ടു പാരാന്‍ മരുഭൂമിയില്‍ പാളയമിറങ്ങി.”
മോശെ ദേശം ഒറ്റുനോക്കുവാന്‍ ചാരന്മാരെ അയച്ചത് ഈ പാരാനില്‍ നിന്നായിരുന്നു എന്ന് ബൈബിള്‍ പറയുന്നു: “അങ്ങനെ മോശെ യഹോവയുടെ കല്പനപ്രകാരം പാരാന്‍ മരുഭൂമിയില്‍നിന്നു അവരെ അയച്ചു; ആ പുരുഷന്മാര്‍ ഒക്കെയും യിസ്രായേല്‍മക്കളില്‍ തലവന്മാര്‍ ആയിരുന്നു” (സംഖ്യാ.13:3).
ആ പുരുഷന്മാര്‍ മടങ്ങി എത്തിയതും പാരാനില്‍ തന്നെ ആയിരുന്നു: “അവര്‍ നാല്പതു ദിവസംകൊണ്ടു ദേശം ഒറ്റുനോക്കിക്കഴിഞ്ഞു മടങ്ങിവന്നു. അവര്‍ യാത്രചെയ്തു പാറാന്‍ മരുഭൂമിയിലെ കാദേശില്‍ മോശെയുടെയും അഹരോന്‍റെയും യിസ്രായേല്‍മക്കളുടെ സര്‍വ്വ സഭയുടെയും അടുക്കല്‍വന്നു അവരോടും സര്‍വ്വസഭയോടും വര്‍ത്തമാനം അറിയിച്ചു; ദേശത്തിലെ ഫലങ്ങളും അവരെ കാണിച്ചു” (സംഖ്യാ.13:25,26)
ഇതും തെളിയിക്കുന്നത് പാരാന്‍ മരുഭൂമി സൗദി അറേബ്യയില്‍ ആയിരുന്നില്ല, യിസ്രായേലിനടുത്തായിരുന്നു എന്ന സത്യമത്രേ. ആവര്‍ത്തനപുസ്തകത്തിന്‍റെ ആരംഭ വാക്യത്തില്‍ പാരാനെകുറിച്ച് പറയുന്നുണ്ട്: “സൂഫിന്നെതിരെ പാരാന്നും തോഫെലിന്നും ലാബാന്നും ഹസേരോത്തിന്നും ദീസാഹാബിന്നും നടുവെ യോര്‍ദ്ദാന്നക്കരെ മരുഭൂമിയില്‍ അരാബയില്‍വെച്ചു മോശെ എല്ലായിസ്രായേലിനോടും പറഞ്ഞ വചനങ്ങള്‍ ആവിതു.” മാത്രമല്ല, അടുത്ത വചനത്തില്‍ പറയുന്നത് ” സേയീര്‍പര്‍വ്വതം വഴിയായി ഹോരേബില്‍നിന്നു കാദേശ് ബര്‍ന്നേയയിലേക്കു പതിനൊന്നു ദിവസത്തെ വഴി ഉണ്ട്” എന്നാണു. എന്തായാലും ഇസ്രായേലിന്-ലക്ഷക്കണക്കിന് വരുന്ന ജനങ്ങള്‍ക്ക് തന്നെ- പതിനൊന്നു ദിവസം കൊണ്ട് നടന്നു ചെല്ലാന്‍ പറ്റുന്നത്ര ദൂരത്തിലല്ല സൗദി അറേബ്യ സ്ഥിതി ചെയ്യുന്നത്.
ദാവീദും പാരാനില്‍ വന്നു പാര്‍ത്തതായി ബൈബിള്‍ പറയുന്നു: “ശമൂവേല്‍ മരിച്ചു; യിസ്രായേല്‍ ഒക്കെയും ഒരുമിച്ചുകൂടി അവനെക്കുറിച്ചു വിലപിച്ചു, രാമയില്‍ അവന്‍റെ വീട്ടിന്നരികെ അവനെ അടക്കം ചെയ്തു. ദാവീദ് പുറപ്പെട്ടു പാരാന്‍ മരുഭൂമിയില്‍ പോയി പാര്‍ത്തു” (1.ശമു.25:1). ദാവീദ് സൗദി അറേബ്യയില്‍ പോയി പാര്‍ത്തു എന്ന് ഇതുവരെ ഒരു മുസല്‍മാനും പറഞ്ഞു കേട്ടിട്ടില്ല.
പാരാന്‍ ഇസ്രായേലിനും മിസ്രയീമിനും ഇടയില്‍ കിടക്കുന്ന പ്രദേശമാണ് എന്നതിന് വേറെ ഒരു തെളിവ് 1.രാജാ.11:18 ആണ്. അവിടെ ഏദോമിലെ രാജകുമാരനായ ഹദദ് എന്നവന്‍ യോവാബിന്‍റെ കയ്യില്‍ നിന്ന് തെറ്റി ഓടിപ്പോകുന്നതിനെ കുറിച്ച് പറയുമ്പോള്‍ ഈ പ്രദേശത്തു എത്തിയിട്ട് അവിടെനിന്നാണ് മിസ്രയീമിലേക്കു പോയതെന്ന് പറയുന്നു: “അവര്‍ മിദ്യാനില്‍ നിന്നു പുറപ്പെട്ടു പാറാനില്‍ എത്തി; പാറാനില്‍നിന്നു ആളുകളെയും കൂട്ടിക്കൊണ്ടു മിസ്രയീമില്‍ മിസ്രയീംരാജാവായ ഫറവോന്‍റെ അടുക്കല്‍ ചെന്നു; അവന്‍ അവന്നു ഒരു വീടു കൊടുത്തു ആഹാരം കല്പിച്ചു ഒരു ദേശവും കൊടുത്തു.”
ഇത്ര വ്യക്തമായി പാരാനെക്കുറിച്ച് ബൈബിളില്‍ സമകാലീനരാല്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുമ്പോള്‍ ഏകദേശം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു ശേഷം ഈ ആധുനിക കാലത്ത് ദാവാ പ്രസംഗകര്‍ പറയുകയാണ്, “പാറാന്‍ എന്നത് സൗദി അറേബ്യയിലാണ്” എന്ന്. അല്‍പമെങ്കിലും ഭൂമിശാസ്ത്രം അറിയുന്ന ആരെങ്കിലും ഇത് സമ്മതിച്ചു കൊടുക്കുമോ???
(തുടരും…)