About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
 • July 2024 (1)
 • May 2021 (1)
 • February 2021 (1)
 • October 2020 (2)
 • March 2019 (1)
 • February 2019 (1)
 • June 2018 (4)
 • December 2017 (1)
 • October 2017 (5)
 • September 2017 (1)
 • May 2017 (2)
 • March 2017 (4)
 • February 2017 (1)
 • January 2017 (1)
 • December 2016 (1)
 • October 2016 (2)
 • September 2016 (4)
 • August 2016 (2)
 • June 2016 (4)
 • May 2016 (8)
 • April 2016 (7)
 • December 2015 (2)
 • October 2015 (3)
 • July 2015 (1)
 • June 2015 (1)
 • May 2015 (4)
 • April 2015 (8)
 • March 2015 (3)
 • January 2015 (3)
 • December 2014 (2)
 • October 2014 (1)
 • August 2014 (5)
 • June 2014 (1)
 • May 2014 (5)
 • April 2014 (2)
 • March 2014 (3)
 • February 2014 (2)
 • January 2014 (3)
 • December 2013 (7)
 • November 2013 (3)
 • October 2013 (7)
 • September 2013 (2)
 • August 2013 (2)
 • July 2013 (3)
 • May 2013 (4)
 • April 2013 (7)
 • March 2013 (4)
 • February 2013 (5)
 • January 2013 (3)
 • November 2012 (1)
 • October 2012 (3)
 • August 2012 (5)
 • July 2012 (16)
 • June 2012 (5)
 • May 2012 (10)
 • Like us on facebook
  Verse of the Day
  നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
  Visitors Info
  free counters

  യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-6)

  (അനില്‍കുമാര്‍ വി. അയ്യപ്പന്‍)

  നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ വംശാവലിയെ സംബന്ധിച്ച പഠനത്തിന്‍റെ അവസാന ഭാഗങ്ങളിലേക്ക് വന്നിരിക്കുകയാണ് നാം. കഴിഞ്ഞ ഭാഗങ്ങളില്‍, മത്തായി രേഖപ്പെടുത്തിയ വംശാവലിയില്‍ യേശുക്രിസ്തുവിന് വളര്‍ത്തു പിതാവായ യോസേഫ് മുഖാന്തരം ദാവീദില്‍ നിന്നുള്ള നിയമപരമായ പിന്തുടര്‍ച്ചയും തല്‍ഫലമായി ലഭിച്ച ദാവീദിന്‍റെ സിംഹാസനത്തിന്മേല്‍ ഉള്ള അവകാശവും നാം കാണുകയുണ്ടായി. മാത്രമല്ല, അത് യൊഖന്യാവിനു ലഭിച്ച ദൈവശാപം ഏല്‍ക്കാത്ത സിംഹാസനാവകാശമാണ് എന്നും നാം കാണുകയുണ്ടായി. അപ്രകാരം തന്നെ, ലൂക്കോസ് രേഖപ്പെടുത്തിയ വംശാവലിയിലൂടെ യേശുക്രിസ്തുവിന് ദാവീദുമായുള്ള ശാരീരിക പിന്തുടര്‍ച്ചയും നാം പരിശോധിക്കുകയുണ്ടായി.

   

  ലൂക്കോസ് തന്‍റെ സുവിശേഷത്തില്‍ വംശാവലിപ്പട്ടിക കൊടുക്കുന്നതിനു മുന്‍പ്‌ യേശുവിന്‍റെ സ്നാനത്തെപ്പറ്റിയാണ് പറഞ്ഞിരിക്കുന്നത്. സ്നാന സമയത്തുണ്ടായ ഒരു സംഭവം പറഞ്ഞിട്ടാണ് വംശാവലി രേഖപ്പെടുത്തുന്നത്. ഇതാണ് ആ സംഭവം: “ജനം എല്ലാം സ്നാനം ഏലക്കുകയില്‍ യേശുവും സ്നാനം ഏറ്റു പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറന്നു, പരിശുദ്ധാത്മാവു ദേഹരൂപത്തില്‍ പ്രാവു എന്നപോലെ അവന്‍റെമേല്‍ ഇറങ്ങിവന്നു. നീ എന്‍റെ പ്രിയ പുത്രന്‍; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി” (ലൂക്കോ.3:20,21). ഈ സംഭവം കഴിഞ്ഞു അടുത്ത കാര്യം പറയുന്നതിന് ഇടയില്‍ വംശാവലി നല്‍കുന്നത് വളരെ അര്‍ത്ഥവത്താണ്. കാരണം, “നീ എന്‍റെ പ്രിയ പുത്രന്‍” എന്ന പിതാവാം ദൈവത്തിന്‍റെ വാക്കുകള്‍ക്ക് രേഖാമൂലമുള്ള തെളിവ് നല്‍കുകയാണ് ലൂക്കോസ് ഈ വംശാവലിയിലൂടെ. വംശാവലി അവസാനിക്കുന്നത് “കയിനാന്‍ എനോശിന്‍റെ മകന്‍, എനോശ് ശേത്തിന്‍റെ മകന്‍, ശേത്ത് ആദാമിന്‍റെ മകന്‍, ആദാം ദൈവത്തിന്‍റെ മകന്‍” എന്ന് പറഞ്ഞു കൊണ്ടാണ്. ഒന്നാമത്തെ ആദാം ദൈവത്തിന്‍റെ മകന്‍ ആയിരുന്നു. പക്ഷേ, അനുസരണക്കേട്‌ കാണിച്ചു പാപിയായിത്തീര്‍ന്നപ്പോള്‍ അവന്‍ പിശാചിന്‍റെ മകനായി മാറി (1.യോഹ.3:8). ആ പാപാവസ്ഥയില്‍ നിന്ന് ആദാമിന്‍റെ സന്തതികളെ വീണ്ടെടുക്കാനായി വന്ന ഒടുക്കത്തെ ആദാമിനെപ്പറ്റി അഥവാ യേശുക്രിസ്തുവിനെപ്പറ്റി ദൈവം തന്നെ സാക്ഷ്യം പറയുന്നത് അവന്‍ തന്‍റെ പുത്രന്‍ ആണെന്നാണ്‌ .

   

  ലൂക്കോസ് തന്‍റെ സുവിശേഷം രചിക്കുന്നത് യഹൂദന്മാര്‍ക്ക് വേണ്ടിയല്ല, ഗ്രീക്കുകാര്‍ക്ക് വേണ്ടിയാണ്. ലൂക്കോസ് ഒരു ഭിഷഗ്വരന്‍ ആയിരുന്നു (കൊളോ.4:14). അതുകൊണ്ടുതന്നെ യേശുക്രിസ്തുവിന്‍റെ നിയമപരമായതോ രാജകീയമായതോ ആയ പിന്തുടര്‍ച്ചാവകാശമല്ല, ശരീരങ്ങളെ പരിശോധനക്ക്‌ വിധേയമാക്കുന്ന ഒരു വൈദ്യന്‍ എന്ന നിലയില്‍ യേശുക്രിസ്തുവിന്‍റെ ശാരീരികമായ പിന്തുടര്‍ച്ചയാണ് ഈ വംശാവലിയിലൂടെ തന്‍റെ സുവിശേഷത്തില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിരിക്കുന്നത്. യേശുക്രിസ്തുവുമായി ജഡപ്രകാരമുള്ള ഒരു ബന്ധം അവകാശപ്പെടാന്‍ കഴിയുന്നത് മറിയക്കാണ്, യോസേഫിനല്ല. തന്‍റെ വായനക്കാര്‍ യഹൂദന്മാര്‍ അല്ലാത്തതുകൊണ്ട്, അബ്രഹാമിനോടും ദാവീദിനോടും ചെയ്ത ദൈവത്തിന്‍റെ ഉടമ്പടിയെപ്പറ്റി അവര്‍ ബോധവാന്മാരല്ല എന്നു അദ്ദേഹത്തിനറിയാം. അതിനാല്‍ അബ്രഹാമിലല്ല, ആദ്യമനുഷ്യനായ ആദാമിലാണ് ആ വംശാവലി ചെന്നെത്തേണ്ടത്. ദൈവത്തിന്‍റെ മകനായ ആദാം സൃഷ്ടിക്കപ്പെട്ട സകല മനുഷ്യരുടേയും പിതാവായിരിക്കുന്നത് പോലെതന്നെ, ഒടുക്കത്തെ ആദാം ആയ യേശുക്രിസ്തു ദൈവപുത്രന്‍ ആണെന്ന് മാത്രമല്ല, ദൈവത്താല്‍ വിളിക്കപ്പെട്ട മനുഷ്യ വര്‍ഗ്ഗത്തിന്‍റെ പിതാവാണെന്നും ജാതികള്‍ക്കും അവനില്‍ അവകാശമുണ്ടെന്നും ഈ വംശാവലിയിലൂടെ ലൂക്കോസ് സമര്‍ത്ഥിക്കുന്നു.

   

  ലൂക്കോസ് നല്‍കുന്ന വംശാവലി മറിയയുടെ വംശാവലിയാണെന്നു എങ്ങനെയാണ് നാം മനസ്സിലാക്കുന്നത്? ഒന്ന്, “നിന്‍റെ ഉദരത്തില്‍ നിന്ന് പുറപ്പെടുവാനിരിക്കുന്ന സന്തതി” എന്ന ദാവീദിനോടുള്ള ദൈവത്തിന്‍റെ വാഗ്ദത്തം നിറവേറണമെങ്കില്‍ മറിയ ദാവീദിന്‍റെ സന്തതിയായിരിക്കണം.

   

  മറ്റൊന്ന് സങ്കീര്‍ത്തനത്തില്‍ നിന്നുള്ള തെളിവാണ്. ദൈവം ഇപ്രകാരം പറയുന്നു: “ഞാന്‍ ഒരിക്കല്‍ എന്‍റെ വിശുദ്ധിയെക്കൊണ്ടു സത്യം ചെയ്തിരിക്കുന്നു; ദാവീദിനോടു ഞാന്‍ ഭോഷ്ക്കു പറകയില്ല. അവന്‍റെ സന്തതി ശാശ്വതമായും അവന്‍റെ സിംഹാസനം എന്‍റെ മുമ്പില്‍ സൂര്യനെപ്പോലെയും ഇരിക്കും” (സങ്കീ.89:35,36).

   

  ഇവിടെയും രണ്ടു കാര്യങ്ങള്‍ നാം കാണുന്നു.

   

  1) ദാവീദിന്‍റെ സന്തതി.

  2) ദാവീദിന്‍റെ സിംഹാസനം.

  ദൈവം ദാവീദിനോട് ചെയ്ത വാഗ്ദത്തം നിറവേറണമെങ്കില്‍ ഏതെങ്കിലും ഒന്ന് ശരിയായാല്‍ പോരാ, രണ്ടും ശരിയായി വരണം. മത്തായി നല്‍കുന്ന വംശാവലി വിവരണ പ്രകാരം യേശുവിനു ദാവീദിന്‍റെ സിംഹാസനത്തിന്മേല്‍ അവകാശമുണ്ടെങ്കിലും ‘ദാവീദിന്‍റെ സന്തതി’ എന്ന് അക്ഷരാര്‍ത്ഥത്തില്‍ യേശുവിനെ വിളിക്കാന്‍ കഴിയുകയില്ല. മറിയ ദാവീദിന്‍റെ സന്തതിപരമ്പരയില്‍ വന്നെങ്കില്‍ മാത്രമേ ഈ വാഗ്ദത്ത പ്രകാരം യേശു ദാവീദിന്‍റെ സന്തതി ആകുകയുള്ളൂ.

   

  യേശുവിനു രാജാവകാശം ഉണ്ടായിരുന്നു എന്നത് തല്‍മൂദുകളിലും കാണാന്‍ കഴിയുന്ന കാര്യമാണ്. മൂന്നാം നൂറ്റാണ്ടില്‍ രേഖപ്പെടുത്തപ്പെട്ട ബാബിലോണിയന്‍ തല്‍മൂദില്‍ റബ്ബി ഉള്ളാ പറയുന്നത് യേശുവിന് രാജകുടുംബാംഗം എന്ന നിലയില്‍ നല്ല വിചാരണയാണ് ലഭിച്ചതെന്നാണ്. 

   

  “it was taught: On the eve of the Passover Yeshu was hanged. For forty days before the execution took place, a herald went forth and cried, ‘He is going forth to be stoned because he has practised sorcery and enticed Israel to apostacy. Any one who can say anything in his favour, let him come forward and plead on his behalf.’ But since nothing was brought forward in his favour he was hanged on the eve of the Passover! 

   

  Ulla retorted: ‘Do you suppose that he was one for whom a defence could be made? Was he not a Mesith [enticer], concerning whom Scripture says, Neither shalt thou spare, neither shalt thou conceal him? With Yeshu however it was different, for he was connected with the government [or royalty, i.e., influential].’ (Babylonian Talmud, Sanhedrin 43a). 

   

  യെഹൂദന്മാരെ വെള്ള പൂശാന്‍ വേണ്ടി റബ്ബി ഉള്ളാ പറയുന്നത് യേശുവിന് ന്യായമായ വിചാരണ ലഭിച്ചു എന്നാണു. യേശുവിനെ ശിക്ഷിക്കുന്നതിനു നാല്പതു ദിവസം മുന്‍പേ ‘ആഭിചാരത്തിനും മതപരിത്യാഗത്തിനും ഉള്ള ശിക്ഷയായി യേശുവിനെ കല്ലെറിഞ്ഞു കൊല്ലാന്‍ പോകുന്നു എന്ന കാര്യം പ്രസിദ്ധപ്പെടുത്തുകയും കുറ്റവാളിക്ക് അനുകൂലമായി മൊഴികൊടുക്കാന്‍ ആര്‍ക്കു വേണമെങ്കിലും മുന്നോട്ടു വരാം’ എന്ന് പ്രസിദ്ധമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആരും യേശുവിന് അനുകൂലമായി മൊഴികൊടുക്കാന്‍ വരാതിരുന്നതിനാല്‍ അവനെ പെസഹയുടെ അന്ന് തൂക്കിക്കൊന്നു. ‘അവനോടു കനിവു തോന്നുകയോ അവനോടു ക്ഷമിച്ചു അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം’ (ആവ.13:9) എന്ന തിരുവെഴുത്തനുസരിച്ചു അവനെ കല്ലെറിഞ്ഞു കൊല്ലേണ്ടതാണെങ്കിലും (ആവ.13:11) അവനു രാജകീയ ബന്ധം ഉണ്ടായിരുന്നതിനാല്‍ അവനെ കല്ലെറിഞ്ഞല്ല കൊന്നത് എന്നു റബ്ബി ഉള്ള പറയുന്നു. ഈ വിവരണത്തില്‍ ചരിത്രപരമായ പല പിശകുകളും ഉണ്ട് എന്ന് നമുക്ക് അറിയാം. വിചാരണയ്ക്കും ക്രൂശീകരണത്തിനും ദൃക്സാക്ഷികളായ യേശുക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ രചിച്ച യേശുവിന്‍റെ ജീവചരിത്രങ്ങളായ സുവിശേഷങ്ങളുടെ ആധികാരികത രണ്ടു നൂറ്റാണ്ടിനു ശേഷം രേഖപ്പെടുത്തപ്പെട്ട ഈ തല്മൂദിനില്ല. എങ്കിലും വംശാവലിയോടുള്ള ബന്ധത്തില്‍ ചിലത് മനസിലാക്കാന്‍ ഈ തല്മൂദ്‌ നമുക്ക് ഉപകാരപ്പെടും.

   

  ഇവിടെ റബ്ബി ഉള്ള പറയുന്ന യേശുക്രിസ്തുവിന് ഉണ്ടായിരുന്ന ‘രാജകീയബന്ധം’ വംശാവലി പ്രകാരം ഉള്ളത് മാത്രമാണ്. കാരണം, അക്കാലത്ത് ആ പ്രദേശത്തു ഉണ്ടായിരുന്ന ഏക രാജാവ് ഹെരോദാവു മാത്രമയിരുന്നു. പിലാത്തോസ് രാജാവായിരുന്നില്ല, റോമന്‍ കൈസറുടെ പ്രതിനിധിയായി യെഹൂദ്യയില്‍ ഭരണം നടത്തിയിരുന്ന ഗവര്‍ണ്ണര്‍ ആയിരുന്നു. ഈ രണ്ടു പ്രബലന്മാരുമായി യേശുക്രിസ്തുവിന് വ്യക്തിപരമായ ബന്ധം ഒരിക്കലും ഉണ്ടായിരുന്നില്ല. ഹെരോദാവിന്‍റെ അടുക്കല്‍ വിചാരണക്കായി കൊണ്ടുചെല്ലപ്പെട്ട യേശുവില്‍ കുറ്റം ഒന്നും കണ്ടില്ലെങ്കിലും (ലൂക്കോ.23:14) അവന്‍ യേശുവിനെ നിരപരാധി എന്ന് പറഞ്ഞു വിട്ടയക്കാതെ “അവനെ പരിഹസിച്ചു നിസ്സാരനാക്കി” പീലാത്തോസിനരികിലേക്ക് പറഞ്ഞയക്കുകയാണ് ചെയ്തത്. പിലാത്തോസും അപ്രകാരം തന്നെ യേശു നീതിമാന്‍ എന്ന് അറിഞ്ഞിരുന്നുവെങ്കിലും അവനെ ക്രൂശിക്കാന്‍ ഏല്പിച്ചു കൊടുക്കുകയാണുണ്ടായത് (മത്താ.27:24). യേശുക്രിസ്തുവിന് അവരുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും അവന് ഇപ്രകാരം ഒരു “അന്യായമായ ശിക്ഷ” ഏല്‍ക്കേണ്ടി വരില്ലായിരുന്നു. 

   

  അപ്പോള്‍ റബ്ബി ഉള്ള പറയുന്ന യേശുവിനുണ്ടായിരുന്ന ‘രാജകീയ ബന്ധം’ ഏതായിരുന്നു? അത് വംശാവലി രേഖ പ്രകാരം യേശുവിന് ദാവീദിന്‍റെ സിംഹാസനത്തില്‍ ഉണ്ടായിരുന്ന അവകാശം ആണ്, അതല്ലാതെ മറ്റൊന്നുമല്ല!! യേശുവിനുള്ള ഈ അവകാശത്തെപ്പറ്റി യഹൂദന്മാര്‍ക്കും നല്ല അറിവുണ്ടായിരുന്നു. ജോസീഫസ് പറയുന്നതനുസരിച്ച്, യിസ്രായേലിലെ സാധാരണ ജനങ്ങളുടെ പൊതു വംശാവലി സിനഗോഗുകളില്‍ സൂക്ഷിച്ചിരുന്നപ്പോള്‍ പുരോഹിതന്മാരുടെ വംശാവലി യെരുശലേം ദൈവാലയത്തില്‍ ആണ് സൂക്ഷിച്ചിരുന്നത്. പുരോഹിതന്മാരുടേതല്ലാത്ത വംശാവലി ദൈവാലയത്തില്‍ വേറെ ഉണ്ടായിരുന്നത് ദാവീദിന്‍റെ കുടുംബക്കാരുടെ മാത്രമായിരുന്നു. അതിനു കാരണം, ദൈവം ദാവീദിന് നല്‍കിയ വാഗ്ദത്ത പ്രകാരം അവരുടെ രാജാവായി മിശിഹാ വരും എന്ന പ്രത്യാശയാണ്. ഇക്കാരണത്താല്‍, ‘ദാവീദിന്‍റെ സന്തതി’ എന്ന് വെറുതെ ഒരാള്‍ക്കും അവകാശവാദം ഉന്നയിക്കാന്‍ കഴിയുകയില്ല. മാത്രമല്ല, ജനം വെറുതെ ഒരാളെ ദാവീദിന്‍റെ സന്തതി എന്ന് വിളിക്കുകയുമില്ല. ദൈവാലയത്തിലുള്ള വംശാവലി രേഖയുമായി ഒത്തുനോക്കി ഒരുവന്‍റെ അവകാശവാദം സത്യമെന്നു ബോധ്യമായതിനു ശേഷം മാത്രമേ അവനെ ദാവീദിന്‍റെ സന്തതി എന്ന് വിളിക്കുകയുള്ളൂ. യേശുക്രിസ്തുവിനെ “ദാവീദിന്‍റെ സന്തതി” എന്ന് അനേകര്‍ വിളിച്ചിട്ടുണ്ട്. “ദാവീദ്‌ പുത്രന്നു ഹോശന്നാ” എന്ന് ദൈവാലയത്തില്‍ ആരക്കുന്ന ബാലന്മാരെ കണ്ടപ്പോള്‍ പുരോഹിതവര്‍ഗ്ഗം നീരസപ്പെട്ടു (മത്താ.21:15), പക്ഷേ അവര്‍ക്ക് അത് നിര്‍ത്തിക്കുവാന്‍ കഴിഞ്ഞില്ല. കാരണം, അവന്‍ ദാവീദ്‌ പുത്രന്‍ തന്നെ ആയിരുന്നു എന്ന് അവര്‍ക്കും അറിയാമായിരുന്നു!!! 

   

  സുവിശേഷങ്ങളിലെ രണ്ടു വംശാവലിയിലും നാം ദാവീദിനെ കാണുന്നുണ്ട്. എന്നാല്‍ ദാവീദില്‍ നിന്ന് ശലോമോന്‍ ജനിച്ചു എന്ന് മത്തായി പറയുമ്പോള്‍ ദാവീദിനു ബേര്‍ശബയില്‍ നിന്ന് ജനിച്ച മറ്റൊരു മകനായ നാഥാനിലൂടെയുള്ള വംശപരമ്പരയെ പറ്റിയാണ് ലൂക്കോസ് പറയുന്നത്. ആ പരമ്പരയുടെ അവസാനം യോസേഫ് ഹേലിയുടെ മകന്‍ എന്ന പ്രസ്താവനയാണ് ഉള്ളത് (ലൂക്കോ.3:24). മത്തായിയില്‍ പറയുന്നത് യോസേഫിന്‍റെ പിതാവ് യാക്കോബ് ആണെന്നാണ്‌ (മത്താ.1:16). തീര്‍ച്ചയായും ഈ രണ്ടു പ്രസ്താവനകളും ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. കാരണം, യോസേഫിനു രണ്ടു പിതാക്കന്മാര്‍ ഉണ്ടാകാന്‍ സാധ്യതയില്ലല്ലോ. 

   

  മത്തായി 1:15-ല്‍ “യാക്കോബ് മറിയയുടെ ഭര്‍ത്താവായ യോസേഫിനെ ജനിപ്പിച്ചു” എന്നെഴുതിയിരിക്കുന്നിടത്തു “ജനിപ്പിച്ചു” എന്നതിന് ഉപയോഗിച്ചിരിക്കുന്നത് “ഗെന്നാവോ” (gennao) എന്ന ഗ്രീക്ക് പദമാണ്. ആ പദത്തിന് “പിതാവായിത്തീരുക”, “വഹിക്കുക”, ജന്മം നല്‍കുക” എന്നൊക്കെയാണ് അര്‍ത്ഥം. ഇതില്‍നിന്നു അക്ഷരാര്‍ത്ഥത്തില്‍ യോസേഫിന്‍റെ പിതാവ് യാക്കോബ് ആണെന്ന് തെളിയുന്നു. എന്നാല്‍ ലൂക്കോസിന്‍റെ സുവിശേഷത്തില്‍ “യോസേഫ് ഹേലിയുടെ മകന്‍” എന്ന് പറഞ്ഞിരിക്കുന്നതിലെ “മകന്‍” എന്ന പദം മൂലഭാഷയില്‍ ഇല്ലാത്തതാണ്. “യേശുവിന്നു താന്‍ പ്രവൃത്തി ആരംഭിക്കുമ്പോള്‍ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവന്‍ യോസേഫിന്‍റെ മകന്‍ എന്നു ജനം വിചാരിച്ചു; യോസേഫ് ഹേലിയുടെ, ഹേലി മത്ഥാത്തിന്‍റെ, മത്ഥാത്ത് ലേവിയുടെ, ലേവി മെല്‍ക്കിയുടെ, മെല്‍ക്കി യന്നായിയുടെ, യന്നായി യോസേഫിന്‍റെ, യോസേഫ് മത്തഥ്യൊസിന്‍റെ, മത്തഥ്യൊസ് ആമോസിന്‍റെ, ആമോസ് നാഹൂമിന്‍റെ….” എന്ന രീതിയിലാണ് ലൂക്കോസ് എഴുതിയിരിക്കുന്നത്. ഇവിടെ മകന്‍ എന്ന പ്രയോഗം ഒരിക്കല്‍ മാത്രമേ നടത്തിയിട്ടുള്ളൂ, അത് യേശുക്രിസ്തുവിനോട് ബന്ധപ്പെടുത്തിയാണ് പറഞ്ഞിരിക്കുന്നത്. “യേശു യോസേഫിന്‍റെ മകന്‍” എന്നല്ല, “യോസേഫിന്‍റെ മകന്‍ എന്നു ജനം വിചാരിച്ചു” എന്നാണു എഴുതിയിരിക്കുന്നത്. ‘മകന്‍’ എന്ന പ്രയോഗം യോസേഫിനും ഹേലിക്കും ഇടയിലുള്ള ബന്ധത്തെ കുറിക്കുവാന്‍ ദൈവാത്മാവ് ഉപയോഗിച്ചിട്ടില്ലാത്തതിനാല്‍ ഹേലിയില്‍ നിന്നല്ല യോസേഫ് ജനിച്ചിരിക്കുന്നത്, മറിച്ചു മത്തായി സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം യാക്കോബ് ആണ് യോസേഫിനെ ജനിപ്പിച്ചത് എന്ന് തെളിയുന്നു. ഇതില്‍നിന്നു മറിയയുടെ ഭര്‍ത്താവ് ആയതിനാല്‍ യോസേഫ് ഹേലിയുടെ മരുമകന്‍ എന്ന അര്‍ത്ഥത്തിലാണ് “യോസേഫ് ഹേലിയുടെ (മകന്‍ )” എന്ന് ലൂക്കോസ് പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. 

   

  മറിയയുടെ വംശാവലിയില്‍ എങ്ങനെ യോസേഫ് വന്നു എന്നതാണ് അടുത്ത ചോദ്യം. യഹോവയായ ദൈവം വളരെ വ്യക്തമായി കല്‍പിച്ചിരിക്കുന്ന കാര്യമാണ് വംശാവലി പുരുഷന്മാരുടെ പേരിലാണ് എണ്ണപ്പെടേണ്ടതെന്ന്. സംഖ്യാ.1:1-4 വരെയുള്ള ഭാഗത്ത് ഇങ്ങനെ കാണുന്നു: “അവര്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്‍റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തിയ്യതി യഹോവ സീനായിമരുഭൂമിയില്‍ സമാഗമന കൂടാരത്തില്‍വെച്ചു മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍ നിങ്ങള്‍ യിസ്രായേല്‍മക്കളില്‍ ഗോത്രംഗോത്രമായും കുടുംബം കുടുംബമായും സകലപുരുഷന്മാരെയും ആളാംപ്രതി പേര്‍വഴി ചാര്‍ത്തി സംഘത്തിന്റെ ആകത്തുക എടുക്കേണം. നീയും അഹരോനും യിസ്രായേലില്‍ ഇരുപതു വയസ്സുമുതല്‍ മേലോട്ടു, യുദ്ധത്തിന്നു പുറപ്പെടുവാന്‍ പ്രാപ്തിയുള്ള എല്ലാവരെയും ഗണംഗണമായി എണ്ണേണം. ഓരോ ഗോത്രത്തില്‍നിന്നു തന്‍റെ കുടുംബത്തില്‍ തലവനായ ഒരുത്തന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കേണം.” 

   

  “കുടുംബത്തിന്‍റെ തലവന്‍” എന്ന പ്രയോഗം ശ്രദ്ധിക്കുക. പിന്നേയും ദൈവം പറയുന്നത്: “ഇവര്‍ സംഘത്തില്‍നിന്നു വിളിക്കപ്പെട്ടവരും തങ്ങളുടെ പിതൃഗോത്രങ്ങളില്‍ പ്രഭുക്കന്മാരും യിസ്രായേലില്‍ സഹസ്രാധിപന്മാരും ആയിരുന്നു. കുറിക്കപ്പെട്ട ഈ പുരുഷന്മാരെ മോശെയും അഹരോനും കൂട്ടിക്കൊണ്ടുപോയി. രണ്ടാം മാസം ഒന്നാം തിയ്യതി അവര്‍ സര്‍വ്വസഭയെയും വിളിച്ചുകൂട്ടി; അവര്‍ ഗോത്രം ഗോത്രമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതല്‍ മോലോട്ടു പേരു പേരായി താന്താങ്ങളുടെ വംശവിവരം അറിയിച്ചു. യഹോവ മോശെയോടു കല്പിച്ചതു പോലെ അവന്‍ സീനായിമരുഭൂമിയില്‍വെച്ചു അവരുടെ എണ്ണമെടുത്തു. (സംഖ്യാ.1:16-19). ഇവിടെയും പുരുഷന്മാരെ മാത്രമേ കാണുന്നുള്ളൂ. ഇങ്ങനെ ഗോത്രം ഗോത്രമായും കുടുംബം കുടുംബമായും എണ്ണമെടുക്കുകയും പിന്നീട് ആ കുടുംബങ്ങളില്‍ നിന്ന് പുതിയ കുടുംബങ്ങള്‍ രൂപം കൊള്ളുകയും ചെയ്യുമ്പോഴൊക്കെ പുരുഷന്മാരുടെ പേരിലാണ് വംശാവലി രേഖയില്‍ കുടുംബത്തെ ഉള്‍പ്പെടുത്തിയിരുന്നത്. ഇത് ദൈവം കൊടുത്ത ന്യായപ്രമാണത്തിലുള്ള നിയമമാണ്. 

   

  എന്നാല്‍ ഈ നിയമത്തെ ദുര്‍ബ്ബലപ്പെടുത്താനുള്ള വകുപ്പും അതേ ന്യായപ്രമാണത്തില്‍ ഉണ്ടായിരുന്നു. സംഖ്യാ.1:1-11 വരെ നോക്കുക: “അനന്തരം യോസേഫിന്‍റെ മകനായ മനശ്ശെയുടെ കുടുംബങ്ങളില്‍ മനശ്ശെയുടെ മകനായ മാഖീരിന്‍റെ മകനായ ഗിലെയാദിന്‍റെ മകനായ ഹേഫെരിന്‍റെ മകനായ സെലോഫഹാദിന്‍റെ പുത്രിമാര്‍ അടുത്തുവന്നു. അവന്‍റെ പുത്രിമാര്‍ മഹ്ളാ, നോവ, ഹോഗ്ള, മില്‍ക്കാ, തിര്‍സാ, എന്നിവരായിരുന്നു. അവര്‍ സമാഗമന കൂടാരത്തിന്‍റെ വാതില്‍ക്കല്‍ മോശെയുടെയും എലെയാസാര്‍പുരോഹിതന്‍റെയും പ്രഭുക്കന്മാരുടെയും സര്‍വ്വ സഭയുടെയും മുമ്പാകെ നിന്നു പറഞ്ഞതു എന്തെന്നാല്‍ ഞങ്ങളുടെ അപ്പന്‍ മരുഭൂമിയില വെച്ചു മരിച്ചുപോയി; എന്നാല്‍ അവന്‍ യഹോവേക്കു വിരോധമായി കോരഹിനോടു കൂടിയവരുടെ കൂട്ടത്തില്‍ ചേര്‍ന്നിരുന്നില്ല; അവന്‍ സ്വന്തപാപത്താല്‍ അത്രേ മരിച്ചതു; അവന്നു പുത്രന്മാര്‍ ഉണ്ടായിരുന്നതുമില്ല. ഞങ്ങളുടെ അപ്പന്നു മകന്‍ ഇല്ലായ്കകൊണ്ടു അവന്‍റെ പേര്‍ കുടുംബത്തില്‍നിന്നു ഇല്ലാതെയാകുന്നതു എന്തു? അപ്പന്‍റെ സഹോദരന്മാരുടെ ഇടയില്‍ ഞങ്ങള്‍ക്കു ഒരു അവകാശം തരേണം. മോശെ അവരുടെ കാര്യം യഹോവയുടെ മുമ്പാകെ വെച്ചു. യഹോവ മോശെയോടു അരുളിച്ചെയ്തതു: സെലോഫഹാദിന്‍റെ പുത്രിമാര്‍ പറയുന്നതു ശരിതന്നേ; അവരുടെ അപ്പന്‍റെ സഹോദരന്മാരുടെ ഇടയില്‍ അവര്‍ക്കും ഒരു അവകാശം കൊടുക്കേണം; അവരുടെ അപ്പന്‍റെ അവകാശം അവര്‍ക്കും കൊടുക്കേണം. നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ ഒരുത്തന്‍ മകനില്ലാതെ മരിച്ചാല്‍ അവന്‍റെ അവകാശം അവന്‍റെ മകള്‍ക്കു കൊടുക്കേണം. അവന്നു മകള്‍ ഇല്ലാതിരുന്നാല്‍ അവന്‍റെ അവകാശം അവന്‍റെ സഹോദരന്മാര്‍ക്കും കൊടുക്കേണം. അവന്നു സഹോദരന്മാര്‍ ഇല്ലാതിരുന്നാല്‍ അവന്‍റെ അവകാശം അവന്‍റെ അപ്പന്‍റെ സഹോദരന്മാര്‍ക്കും കൊടുക്കേണം. അവന്‍റെ അപ്പന്നു സഹോദരന്മാര്‍ ഇല്ലാതിരുന്നാല്‍ നിങ്ങള്‍ അവന്‍റെ കുടുംബത്തില്‍ അവന്‍റെ അടുത്ത ചാര്‍ച്ചക്കാരന്നു അവന്‍റെ അവകാശം കൊടുക്കേണം അവന്‍ അതു കൈവശമാക്കേണം; ഇതു യഹോവ മോശെയോടു കല്പിച്ചതു പോലെ യിസ്രായേല്‍മക്കള്‍ക്കു ന്യായപ്രമാണം ആയിരിക്കേണം.” 

   

  ഈ കല്പനയില്‍ അടങ്ങിയിരിക്കുന്ന ഒരു പ്രശ്നം എന്താണെന്ന് വെച്ചാല്‍, ആണ്മക്കള്‍ ഇല്ലാത്ത പിതാവിന്‍റെ മരണത്തോടെ സ്വത്തിനവകാശിയായി മാറുന്ന ഒരു സ്ത്രീ വേറെ ഒരു ഗോത്രത്തില്‍നിന്നു വിവാഹം കഴിച്ചാല്‍ അവന്‍റെ സ്വത്ത്‌ അന്യഗോത്രത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുപോകും എന്നുള്ളതാണ്. ഇത് സംഭവിക്കാതിരിക്കാനും ദൈവം ഒരു വഴി പറഞ്ഞിരുന്നു: 

   

  “യോസേഫിന്‍റെ മക്കളുടെ കുടുംബങ്ങളില്‍ മനശ്ശെയുടെ മകനായ മാഖീരിന്‍റെ മകനായ ഗിലെയാദിന്‍റെ മക്കളുടെ കുടുംബത്തലവന്മാര്‍ അടുത്തുവന്നു മോശെയുടെയും യിസ്രായേല്‍മക്കളുടെ ഗോത്രപ്രധാനികളായ പ്രഭുക്കന്മാരുടെയും മുമ്പാകെ പറഞ്ഞതു: യിസ്രായേല്‍മക്കള്‍ക്കു ദേശം ചീട്ടിട്ടു അവകാശമായി കൊടുപ്പാന്‍ യഹോവ യജമാനനോടു കല്പിച്ചു; ഞങ്ങളുടെ സഹോദരനായ ശെലോഫഹാദിന്‍റെ അവകാശം അവന്‍റെ പുത്രിമാര്‍ക്കും കൊടുപ്പാന്‍ യജമാനന്നു യഹോവയുടെ കല്പന ഉണ്ടായി. എന്നാല്‍ അവര്‍ യിസ്രായേല്‍മക്കളുടെ മറ്റു ഗോത്രങ്ങളിലെ പുരുഷന്മാരില്‍ വല്ലവര്‍ക്കും ഭാര്യമാരായാല്‍ അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തില്‍നിന്നു വിട്ടുപോകയും അവര്‍ ചേരുന്ന ഗോത്രത്തിന്‍റെ അവകാശത്തോടു കൂടുകയും ചെയ്യും; ഇങ്ങനെ അതു ഞങ്ങളുടെ അവകാശത്തിന്‍റെ ഓഹരിയില്‍നിന്നു പൊയ്പോകും. യിസ്രായേല്‍മക്കളുടെ യോബേല്‍ സംവത്സരം വരുമ്പോള്‍ അവരുടെ അവകാശം അവര്‍ ചേരുന്ന ഗോത്രത്തിന്‍റെ അവകാശത്തോടു കൂടുകയും അങ്ങനെ അവരുടെ അവകാശം ഞങ്ങളുടെ പിതൃഗോത്രത്തിന്‍റെ അവകാശത്തില്‍നിന്നു വിട്ടുപോകയും ചെയ്യും. അപ്പോള്‍ മോശെ യഹോവയുടെ വചനപ്രകാരം യിസ്രായേല്‍മക്കളോടു കല്പിച്ചതു: യോസേഫിന്‍റെ പുത്രന്മാരുടെ ഗോത്രം പറഞ്ഞതു ശരി തന്നേ. യഹോവ ശെലോഫഹാദിന്‍റെ പുത്രിമാരെക്കുറിച്ചു കല്പിക്കുന്നകാര്യം എന്തെന്നാല്‍: അവര്‍ തങ്ങള്‍ക്കു ബോധിച്ചവര്‍ക്കും ഭാര്യമാരായിരിക്കട്ടെ; എങ്കിലും തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബത്തിലുള്ളവര്‍ക്കും മാത്രമേ ആകാവു. യിസ്രായേല്‍മക്കളുടെ അവകാശം ഒരു ഗോത്രത്തില്‍ നിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറരുതു; യിസ്രായേല്‍മക്കളില്‍ ഓരോരുത്തന്‍ താന്താന്‍റെ പിതൃഗോത്രത്തിന്‍റെ അവകാശത്തോടു ചേര്‍ന്നിരിക്കേണം; യിസ്രായേല്‍മക്കള്‍ ഓരോരുത്തന്‍ താന്താന്‍റെ പിതാക്കന്മാരുടെ അവകാശം കൈവശമാക്കേണ്ടതിന്നു യിസ്രായേല്‍മക്കളുടെ യാതൊരു ഗോത്രത്തിലും അവകാശം ലഭിക്കുന്ന ഏതു കന്യകയും തന്‍റെ പിതൃഗോത്രത്തിലെ ഒരു കുടുംബത്തില്‍ ഒരുത്തന്നു ഭാര്യയാകേണം. അങ്ങനെ അവകാശം ഒരു ഗോത്രത്തില്‍നിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറാതെ യിസ്രായേല്‍മക്കളുടെ ഗോത്രങ്ങളില്‍ ഓരോരുത്തന്‍ താന്താന്‍റെ അവകാശത്തോടു ചേര്‍ന്നിരിക്കേണം. യഹോവ മോശെയോടു കല്പിച്ചതുപോലെ ശെലോഫഹാദിന്‍റെ പുത്രിമാര്‍ ചെയ്തു” (സംഖ്യാ.36:1-10). 

   

  ഈ വിവരണത്തില്‍ നിന്നും നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യം സഹോദരന്മാര്‍ ഒന്നും ഇല്ലാത്ത ഒരു സ്ത്രീ വിവാഹം കഴിക്കേണ്ടത് സ്വന്തം ഗോത്രത്തില്‍പ്പെട്ട ഒരാളെ ആയിരിക്കണം എന്നതാണ്. മറിയക്കു സഹോദരന്മാര്‍ ഉണ്ടായിരുന്നതായി ബൈബിളിലോ പുറമെയുള്ള രേഖകളിലോ ഒരു സൂചനയുമില്ല. മറിയയെ വിവാഹം കഴിച്ചത് സ്വന്ത ഗോത്രത്തില്‍പ്പെട്ട യോസേഫിനെയാണ്. എന്നാല്‍ മറിയയുടെ ചാര്‍ച്ചക്കാരിയായിരുന്ന എലീശബ്ബത്ത് വിവാഹം കഴിച്ചിരുന്നത് യെഹൂദാ ഗോത്രത്തില്‍ നിന്നല്ല, ലേവിഗോത്രത്തില്‍ ഉള്ള പുരോഹിതനായ സഖര്യാവിനെ ആയിരുന്നു. ഇത് നാം പരിശോധിക്കുന്ന സാധ്യതയെ കൂടുതല്‍ ഉറപ്പുള്ളതാക്കുന്ന തെളിവാണ്. ആണ്‍മക്കള്‍ ഇല്ലാതിരുന്ന ഹേലിയുടെ വംശാവലി തന്‍റെ മകളായ മറിയയിലൂടെ തുടരുകയാണ്. മറിയയെ വിവാഹം കഴിച്ച യോസേഫ് സ്വാഭാവികമായും ആ വംശാവലിയില്‍ ചേര്‍ക്കപ്പെടുകയാണ്. കാരണം, യെഹൂദന്മാരുടെ സമ്പ്രദായമനുസരിച്ചു വംശാവലി സ്ത്രീകളുടെ പേരില്‍ അല്ല മുന്നോട്ടു പോകേണ്ടത്, പുരുഷന്മാരുടെ പേരില്‍ ആയിരിക്കണം. അതിനു അവര്‍ മരുമകനെ മകന്‍ എന്ന നിലയില്‍ ആ വംശാവലിയില്‍ ഉള്‍പ്പെടുത്തുന്നു. ആണ്‍മക്കള്‍ ഇല്ലാത്ത ഒരാളുടെ മരുമകന്‍ വാസ്തവത്തില്‍ അയാളുടെ മകന് തുല്യമായി പരിഗണിക്കപ്പെടുന്നതില്‍ അതിശയോക്തിയൊന്നും ഇല്ല. അയാളുടെ സ്വത്തില്‍ ഒരു മകനുള്ളതു പോലെയുള്ള അവകാശം തന്‍റെ ഭാര്യ മുഖാന്തരം ആ മരുമകന് ലഭിക്കുന്നു എന്നതു തന്നെ കാരണം!! (തുടരും..)

  Leave a Comment