About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • November 2024 (6)
  • July 2024 (1)
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    ന്യായപ്രമാണം നീങ്ങിപ്പോയോ? (ഭാഗം-2)

    (ഈ ലേഖനത്തിന്‍റെ സിംഹഭാഗവും ഇന്ന് കര്‍ത്താവിന്‍റെ സന്നിധിയില്‍ വിശ്രമിക്കുന്ന ആദരണീയനായ ശ്രീ.ജി.സുശീലന്‍ സാറിന്‍റെ “ബൈബിള്‍ ജ്ഞാനഭാഷ്യം” എന്ന കൃതിയുടെ സഹായത്താല്‍ തയ്യാറാക്കിയതാണ്.)

     

    ന്യായപ്രമാണം എന്നു കര്‍ത്താവ് മത്തായി 5:18-ല്‍ പറഞ്ഞിരിക്കുന്നത് 613 കല്പനകളടങ്ങിയ, പുറപ്പാട് പുസ്തകം മുതല്‍ ആവര്‍ത്തനപുസ്തകം വരെയുള്ള സംഗതികളെ അല്ല. പഴയ നിയമത്തെ മുഴുവനുമായിട്ടാണ് അവിടെ ന്യായപ്രമാണം എന്നു പറഞ്ഞിരിക്കുന്നത്. കാരണം, തൊട്ടു മുകളില്‍ പ്രവാചകന്മാരോട് ചേര്‍ത്താണ് ന്യായപ്രമാണത്തെ പറഞ്ഞിരിക്കുന്നത്.

     

    ദൈവം മനുഷ്യര്‍ക്ക്‌ വീണ്ടെടുപ്പ് വാഗ്ദത്തം ചെയ്തിരിക്കുന്നത് ഒരിക്കലും അവരുടെ പ്രവൃത്തിയുടെ അടിസ്ഥാനത്തില്‍ അല്ല, മറിച്ചു ദൈവത്തിന്‍റെ സ്നേഹത്തില്‍ നിന്നുത്ഭവിച്ച കൃപയുടെയും കരുണയുടെയും അടിസ്ഥാനത്തില്‍ ആണു. ദൈവം മനുഷ്യരോട് ചെയ്തിട്ടുള്ളത് മുഴുവന്‍ ഉടമ്പടികള്‍ ആണു. ഈ ഉടമ്പടികള്‍ക്കിടയില്‍ കടന്നു വന്ന സാധനമാണ് ന്യായപ്രമാണം.

     

    ഓരോ ഉടമ്പടികളും നമുക്ക് പരിശോധിക്കാം:

     

    1, ഏദനില്‍ വെച്ചുള്ള ഉടമ്പടി.

    ഉടമ്പടി എന്ന വാക്ക് അവിടെ നമുക്ക് കാണാന്‍ കഴിയുന്നില്ല എന്നത് ശരിയാണ്. പക്ഷേ, മറ്റു സ്ഥലങ്ങളിലുള്ള ഉടമ്പടിയുടെ സ്വഭാവം അതിനുണ്ട്. ഉല്‍പ്പത്തി.1:28-30; 2:16,17 എന്നിവിടങ്ങളില്‍ ഈ ഉടമ്പടി നമുക്ക് കാണാന്‍ കഴിയും. ഏഴു കാര്യങ്ങള്‍ ഈ ഉടമ്പടിയില്‍ ഉണ്ടായിരുന്നു:

     

    1. സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറയുക.
    2. ഭൂമിയെ അടക്കി വാഴുക.
    3. ജന്തുലോകത്തിന്മേല്‍ വാഴുക.
    4. സസ്യങ്ങളും ഫലങ്ങളും ഭക്ഷിക്കുക.
    5. ഏദന്‍ തോട്ടത്തില്‍ വേല ചെയ്യുകയും അതിനെ കാക്കുകയും ചെയ്യുക.
    6. നന്മ തിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിന്‍റെ ഫലം തിന്നാതിരിക്കുക.
    7. ഉടമ്പടി ലംഘിച്ചാല്‍ ശിക്ഷ- മരണം.

     

    ഈ ഉടമ്പടി ആദാം ലംഘിച്ചു. ദൈവം പില്‍ക്കാലത്തു ഹോശേയാ പ്രവാചകനിലൂടെ പറയുന്നത് നോക്കുക: “അവിടെ അവര്‍ ആദാം ചെയ്തപോലെ നിയമത്തെ ലംഘിച്ചു” (ഹോശേയാ.6:7). ഈ ഉടമ്പടി ലഘനത്തിനു ശേഷം ദൈവം വീണ്ടും ആദാമിനോട് വേറൊരു ഉടമ്പടി ചെയ്യുന്നുണ്ട്. ഈ ഉടമ്പടി നിരുപാധികമാണ്. ആദ്യത്തെ ഉടമ്പടി അനുഗ്രഹങ്ങള്‍ നിറഞ്ഞതായിരുന്നെങ്കില്‍ ഈ ഉടമ്പടി രക്ഷകനെക്കുറിച്ചുള്ള പ്രഥമ വാഗ്ദത്തവും ശിക്ഷയും നിറഞ്ഞതാണ്. ഇതിലും ഏഴു കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്:

     

    1. സാത്താന്‍റെ ആയുധമായ സര്‍പ്പം ശപിക്കപ്പെട്ടു. (3:14)

    2. രക്ഷകനെക്കുറിച്ചുള്ള പ്രഥമ വാഗ്ദത്തം. (3:15)

    3. സ്ത്രീയുടെ അവസ്ഥാമാറ്റം. (3:16)
    (a) ഗര്‍ഭധാരണം, (b) വേദനയോടെ പ്രസവം, (c) സ്ത്രീയുടെ മേല്‍ പുരുഷന്‍റെ അധീശത്വം.

    4. ഭൂമി ശാപവിധേയമായി. (3:17)

    5. കഷ്ടതയോടെയുള്ള അഹോവൃത്തി. (3:17)

    6. വിയര്‍പ്പോടെ ഉപജീവനം. (3:118,19)

    7. ശാരീരിക മരണം. (3:19)

    മനുഷ്യവര്‍ഗ്ഗം ഭൂമിയില്‍ പെരുകിയപ്പോള്‍ അവരുടെ മേല്‍ പാപം കൂടുതല്‍ കൂടുതല്‍ ആധിപത്യം ചെലുത്തുകയും അവര്‍ ശിക്ഷായോഗ്യരായി മാറുകയും ചെയ്തു. ദൈവം ജലപ്രളയത്താല്‍ ഭൂമിയെ ശുദ്ധീകരിച്ചു. ജലപ്രളയാനന്തരം പെട്ടകത്തിന് പുറത്തു വന്ന നോഹയോടു ദൈവം ചെയ്ത ഉടമ്പടിയാണ് അടുത്തത്‌. ഈ ഉടമ്പടിയുടെ അടയാളം മഴവില്ല് ആണു (9:13). ഈ ഉടമ്പടിക്കും ഏഴു പ്രത്യേകതകള്‍ ഉണ്ടായിരുന്നു:

     

    1. മനുഷ്യന്‍റെ നിമിത്തം ഇനി ഭൂമിയെ ശപിക്കുകയില്ലെന്നു ദൈവം അരുളിച്ചെയ്തു. (8:21)
    2. പ്രകൃതിയുടെ ക്രമം സ്ഥിരമാക്കി. ഭൂമിയുള്ള കാലത്തോളം വിതയും കൊയ്ത്തും, ശീതവും ഉഷ്ണവും, വേനലും വര്‍ഷവും, രാവും പകലും നിന്നു പോകയില്ല. (8:22)
    3. മാനുഷ ഭരണം സ്ഥാപിച്ചു. (9:1-6)
    4. ജലപ്രളയം കൊണ്ട് ഇനി ഭൂമിയെ നശിപ്പിക്കയില്ലെന്നു ഉറപ്പു നല്‍കി. (8:21; 9:11)
    5. ഹാമിനു ഒരു അധമ സന്തതിയുണ്ടാകുമെന്ന് മുന്നറിയിച്ചു. (9:24,25)
    6. ശേമിനും യാഹോവക്കും തമ്മില്‍ ഒരു പ്രത്യേക ബന്ധം വാഗ്ദത്തം ചെയ്തു. ദൈവിക വെളിപ്പാടുകള്‍ ശേമ്യ സന്തതിയിലൂടെയായിരുന്നു മനുഷ്യ വര്‍ഗ്ഗത്തിന് ലഭിച്ചത്. ക്രിസ്തു ജനിച്ചതും ശേമിന്‍റെ വംശത്തില്‍ തന്നെ. (9:26)
    7. യാഫെത്തിന്‍റെ സന്തതിയുടെ വര്‍ദ്ധനവ്‌. (9:27)

     

    ഈ നിയമത്തോടുകൂടിയാണ് മാംസഭക്ഷണം ദൈവം മനുഷ്യന് അനുവദിച്ചത്. രക്തം കൂടാതെ മാംസം ഭക്ഷിക്കാനാണ് ദൈവം മനുഷ്യന് അനുവാദം കൊടുത്തത്. രക്തത്തിന്‍റെ വിശുദ്ധിയെ ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം ക്രിസ്തു കാല്‍വരിയില്‍ ചൊരിയേണ്ടിയിരുന്ന രക്തത്തെ ചൂണ്ടിക്കാണിക്കുക കൂടിയായിരുന്നു ഈ കല്പനയിലൂടെ ചെയ്തത്. വധശിക്ഷയുടെ നിയമം ദൈവം നടപ്പിലാക്കി. ഇതുവരെയും കൊലപാതകിയെ ദൈവമാണ് ശിക്ഷിച്ചിരുന്നത്. ഈ ഉടമ്പടിയോടുകൂടി കൊലപാതകിക്ക് വധശിക്ഷ നല്‍കേണ്ട ഉത്തരവാദിത്തം മാനുഷഭരണത്തിന്‍ കീഴിലായി (ഉല്‍പ്പത്തി.9:6).

     

    (ചരിത്രപരമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഉടമ്പടിയാണ് ഇത്. നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവരുടെ സന്തതികളാണ് പ്രളയാനന്തരം ഭൂമിയില്‍ നിറഞ്ഞത്. യാഫേത്യസന്തതികളെ കുറിക്കുവാനാണ് നാം ആര്യന്മാര്‍ അഥവാ ഇന്‍ഡോ-യൂറോപ്യന്മാര്‍ എന്ന പേരുപയോഗിക്കുന്നത്. ഹാമിന്‍റെ സന്തതികളായിരുന്നു പശ്ചിമേഷ്യയിലും ഉത്തര ആഫ്രിക്കയിലും കുടി പാര്‍ത്തത്. പലസ്തീനിലും ചുറ്റുപാടുമുള്ള പ്രദേശങ്ങളിലും വസിച്ചവരാന് ശേമിന്‍റെ സന്തതികള്‍.

     

    സഭയുടെ പ്രാരംഭ ചരിത്രത്തില്‍ മൂന്നു വ്യക്തികളുടെ മാനസാന്തരം അപ്പോ.പ്രവൃ.8,9,10 അധ്യായങ്ങളില്‍ കാണാം. ഇവര്‍ മൂന്നുപേരും മുകളില്‍ പറഞ്ഞ മൂന്നു ജാതികളില്‍ നിന്നുള്ളവരായിരുന്നു എന്നത് പ്രത്യേക ശ്രദ്ധേയമാണ്. എത്യോപ്യ രാജ്ഞിയുടെ ഷണ്ഡന്‍ ഹാമ്യനും പൗലോസ്‌ ശേമ്യനും കൊര്‍ന്നാലിയോസ്‌ യാഫെത്യനും ആണു.)

     

    വീണ്ടും മനുഷ്യവര്‍ഗ്ഗം പാപത്തിലേക്ക് നിപതിച്ചു. അവര്‍ ദൈവത്തോട് മത്സരിച്ചുകൊണ്ട് ബാബേല്‍ ദേശത്തു ഒരു ഗോപുരം പണിയാന്‍ ശ്രമിച്ചു എങ്കിലും ദൈവം അതിനനുവദിച്ചില്ല. ദൈവം ഭാഷ കലക്കിക്കളഞ്ഞതുകൊണ്ട് മനുഷ്യവര്‍ഗ്ഗം ഭൂമിയില്‍ എല്ലായിടവും പരക്കാന്‍ തുടങ്ങി. അപ്പോള്‍ ദൈവം ഒരു മനുഷ്യനെ വിളിച്ചു വേര്‍തിരിച്ചു. ആ മനുഷ്യനുമായി ദൈവം ഒരു ഉടമ്പടി ചെയ്തു. നിരുപാധികമായ ആ ഉടമ്പടിയിലൂടെ ആ മനുഷ്യനും അവന്‍റെ സന്തതിക്കും ഭൂമിയിലെ സകല വംശങ്ങള്‍ക്കും എല്ലാക്കാലത്തെക്കുമുള്ള അനുഗ്രഹം ദൈവം ഉറപ്പിച്ചു. ആ മനുഷ്യന്‍റെ പേര് അബ്രഹാം എന്നായിരുന്നു. ഈ ഉടമ്പടിയുടെ അടയാളം പരിഛേദന ആണ്. ഈ ഉടമ്പടിയില്‍ ഏഴു വാഗ്ദത്തങ്ങളുണ്ട്:

     

    1. ഞാന്‍ നിന്നെ വലിയൊരു ജാതിയാക്കും (ഉല്‍പ്പത്തി.12:1)
    2. ഞാന്‍ നിന്നെ അനുഗ്രഹിക്കും (12:2)
    3. ഞാന്‍ നിന്‍റെ പേര് വലുതാക്കും (12:2)
    4. നീ ഒരു അനുഗ്രഹമായിരിക്കും (12:2)
    5. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും (12:3)
    6. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും (12:3)
    7. നിന്നില്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും (12:3)

    ഈ ഉടമ്പടി ശാശ്വത ഉടമ്പടിയാണ്. രക്തം ചൊരിഞ്ഞു യാഗത്തിലൂടെ ഉറപ്പിക്കപ്പെട്ട ഉടമ്പടിയാണ് ഇത് (15:7-21; യിരെമ്യാ.34:18). അബ്രഹാമിന്‍റെ സന്തതികളായ യിസഹാക്കിനോടും യാക്കോബിനോടും ദൈവം ഈ ഉടമ്പടി ഉറപ്പിച്ചു. ഈ മൂന്നു പേരോടുമായി എട്ടു പ്രാവശ്യം ദൈവം ഈ ഉടമ്പടി ഉറപ്പിക്കുന്നുണ്ട് (ഉല്‍പ്പത്തി. 12:1-3; 13:14-17; 15:1-21; 17:1-21; 22:15-18; 26:3-5; 28:13-17; 35:10-12).

     

    താന്‍ വിളിച്ചു വേര്‍തിരിച്ച അബ്രഹാമിന്‍റെ സന്തതികളായ യിസ്രായേല്‍ ജനത്തെ അടിമവീടായ മിസ്രയീമില്‍ നിന്നും വാഗ്ദത്തദേശമായ കനാന്‍ നാട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ സീനായ്‌ പര്‍വ്വതത്തില്‍ വെച്ച് മോശെ മുഖാന്തരം യിസ്രായേല്‍ ജനത്തോട് ചെയ്ത ഉടമ്പടിയാണ് അടുത്തത്‌. ഇത് ന്യായപ്രമാണം എന്നും മോശൈക ഉടമ്പടിയെന്നും അറിയപ്പെടുന്നു. ഈ ഉടമ്പടിയുടെ അടയാളമാണ് ശബ്ബത്ത് (പുറ.31:16,17). ന്യായപ്രമാണം പ്രവൃത്തികളുടെതാണ്. അനുഗ്രഹം മനുഷ്യന്‍റെ വിശ്വസ്തതയില്‍ അധിഷ്ഠിതവുമായിരുന്നു. മോശൈക ഉടമ്പടിയെ നിത്യനിയമം എന്നു ഒരിടത്തും വിളിച്ചിട്ടില്ല.

     

    അടുത്തത്‌ പൌരോഹിത്യ നിയമമാണ്. പുറ.19:5-ല്‍ ദൈവം മോശെ മുഖാന്തരം യിസ്രായേല്‍ ജനത്തോടു പറയുന്നത് ഇപ്രകാരമാണ്: ആകയാല്‍ നിങ്ങള്‍ എന്‍റെ വാക്ക് കേട്ട് അനുസരിക്കുകയും എന്‍റെ നിയമം പ്രമാണിക്കുകയും ചെയ്താല്‍ നിങ്ങള്‍ എനിക്ക് സകല ജാതികളിലും വെച്ച് പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ. നിങ്ങള്‍ എനിക്ക് ഒരു പുരോഹിത രാജ്യവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേല്‍ മക്കളോട് പറയേണ്ടുന്ന വചനങ്ങള്‍ ആകുന്നു.”

     

    “നിങ്ങള്‍ എനിക്ക് ഒരു പുരോഹിത രാജ്യവും വിശുദ്ധജനവും ആകും” എന്നു പറഞ്ഞിരിക്കുന്നത് യിസ്രായേല്‍ ജനത്തോട് മുഴുവനും ആണ്. ഏതെങ്കിലും ചില വ്യക്തികള്‍ക്കല്ല ഇവിടെ ദൈവം പൌരോഹിത്യം നല്കാം എന്ന് പറയുന്നത്. ഈ ഉടമ്പടി സോപാധികമാണ്. ദൈവം വെച്ച ഉപാധി ഇതായിരുന്നു: “നിങ്ങള്‍ എന്‍റെ വാക്ക് കേട്ട് അനുസരിക്കുകയും എന്‍റെ നിയമം പ്രമാണിക്കുകയും ചെയ്യുക.” ഈ ഉപാധി അവര്‍ ലംഘിച്ചു, മോശെ പര്‍വ്വതത്തിന്‍റെ മുകളിലേക്ക് കയറിപ്പോയപ്പോള്‍. അവര്‍ കാളക്കുട്ടിയെ ഉണ്ടാക്കി, അതിനെ ദൈവമെന്നു വിളിച്ചു. ഈ വിധം നഗ്നമായി ദൈവത്തിന്‍റെ വചനം ലംഘിക്കപ്പെട്ടപ്പോള്‍ പര്‍വ്വതത്തില്‍ നിന്നും ഇറങ്ങി വന്ന മോശെ പാളയത്തിന്‍റെ വാതില്‍ക്കല്‍ നിന്നുകൊണ്ട്: യഹോവയുടെ പക്ഷത്തില്‍ ഉള്ളവന്‍ എന്‍റെ അടുക്കല്‍ വരട്ടെ എന്നു പറഞ്ഞു. അപ്പോള്‍ ലേവ്യര്‍ എല്ലാവരും അവന്‍റെ അടുക്കല്‍ വന്നുകൂടി (പുറ.32:26). അവര്‍ മോശെയുടെ കല്പന പ്രകാരം “താന്താന്‍റെ വാള്‍ അരയ്ക്കു കെട്ടി പാളയത്തില്‍ കൂടി വാതില്‍ തോറും കടന്നു താന്താന്‍റെ സഹോദരനെയും താന്താന്‍റെ സ്നേഹിതനെയും താന്താന്‍റെ കൂട്ടുകാരനേയും” കൊന്നു കളഞ്ഞു. യഹോവയ്ക്കു വേണ്ടി ലേവ്യര്‍ തീക്ഷ്ണത കാണിച്ചതിനാല്‍ യഹോവ എല്ലാ യിസ്രയേലില്‍ നിന്നും ലേവ്യാ ഗോത്രത്തെ തനിക്ക് ശുശ്രൂഷ ചെയ്യുവാനായി തിരഞ്ഞെടുത്തു.

     

    അതിനെക്കുറിച്ച് മോശെ തന്‍റെ മരണത്തിനു തൊട്ടു മുന്‍പ്‌ പറയുന്നത് നോക്കുക: “അവന്‍ തന്‍റെ അപ്പനെയും അമ്മയേയും കുറിച്ച്: ഞാന്‍ അവരെ കണ്ടില്ല എന്നു പറഞ്ഞു; സഹോദരന്മാരെ അവന്‍ ആദരിച്ചില്ല; സ്വന്തമക്കളെന്നോര്‍ത്തതുമില്ല. നിന്‍റെ വചനം അവര്‍ പ്രമാണിച്ചു, നിന്‍റെ നിയമം കാത്തു കൊള്‍കയും ചെയ്തു. അവര്‍ യാക്കോബിന് നിന്‍റെ വിധികളും യിസ്രായേലിന് ന്യായപ്രമാണവും ഉപദേശിക്കും; അവര്‍ നിന്‍റെ സന്നിധിയില്‍ സുഗന്ധധൂപവും യാഗപീഠത്തിന്മേല്‍ സര്‍വ്വാംഗഹോമവും അര്‍പ്പിക്കും” (ആവ.33:9,10). ഇങ്ങനെ ലേവ്യാഗോത്രത്തിനു പ്രത്യേക അവകാശവും ലേവ്യാ ഗോത്രത്തിലുള്‍പ്പെട്ട അഹരോനു മഹാപുരോഹിത സ്ഥാനവും ലഭിച്ചു.

     

    എന്നാല്‍ ഇതിനിടയില്‍ ഒരു സംഭവമുണ്ടായി. യിസ്രായേല്‍ ശിത്തീമില്‍ പാര്‍ക്കുമ്പോള്‍ ജനം മോവാബ്യ സ്ത്രീകളുമായി പരസംഗം തുടങ്ങി. അവര്‍ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികള്‍ക്ക് വിളിക്കയും ജനം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു പോന്നു. യിസ്രായേല്‍ ബാല്‍പെയോരിനോട്‌ ചേര്‍ന്നു. യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരെ ജ്വലിച്ചു (സംഖ്യാ.25:1-3). യിസ്രായേല്‍ മക്കളില്‍ ഇരുപത്തിനാലായിരം പേര്‍ ബാധ കൊണ്ട് മരിച്ചു പോയി (25:9). ജനം ഒക്കെയും ശവശരീരങ്ങള്‍ കണ്ടു സമാഗമാനകൂടാരത്തിന്‍റെ വാതില്‍ക്കല്‍ കരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ശിമെയോന്‍ ഗോത്രത്തിലെ ഒരു പ്രഭുവായ സാലൂവിന്‍റെ മകന്‍ സിമ്രി എന്നു പേരായ ഒരു നീചന്‍ മിദ്യാന്യ ഗോത്രത്തില്‍ ജനാധിപനായിരുന്ന സൂരിന്‍റെ മകള്‍ കൊസ്ബി എന്ന മിദ്യാന്യ സ്ത്രീയേയും കൊണ്ട് തന്‍റെ പാളയത്തിലേക്ക് വന്നു. അഹരോന്‍റെ മകനായ ഏലെയസരിന്‍റെ മകനായ ഫീനെഹാസ്‌ അതുകണ്ടപ്പോള്‍ സഭയുടെ മദ്ധ്യേ നിന്ന് എഴുന്നേറ്റു കയ്യില്‍ ഒരു കുന്തം എടുത്തു അവരുടെ പിന്നാലെ ചെന്ന് ഇരുവരെയും കുത്തി കൊന്നുകളഞ്ഞു. അപ്പോള്‍ ബാധ യിസ്രായേല്‍ ജനത്തെ വിട്ടുമാറി. അതിനു ശേഷം യഹോവ മോശെയോടു അരുളിച്ചെയ്തു: ഞാന്‍ എന്‍റെ തീക്ഷ്ണതയില്‍ യിസ്രായേല്‍ മക്കളെ സംഹരിക്കാതിരിക്കേണ്ടതിനു അഹരോന്‍ പുരോഹിതന്‍റെ മകനായ എലെയാസാരിന്‍റെ മകന്‍ ഫീനെഹാസ്‌ അവരുടെ മദ്ധ്യേ എനിക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി എന്‍റെ ക്രോധം യിസ്രായേല്‍ മക്കളെ വിട്ടുപോകാനിടയാക്കിയിരിക്കുന്നു. ആകയാല്‍ ഇതാ, ഞാന്‍ അവനു എന്‍റെ സമാധാന നിയമം കൊടുക്കുന്നു. അവന്‍ തന്‍റെ ദൈവത്തിനു വേണ്ടി തീക്ഷ്ണതയുള്ളവനായി യിസ്രായേല്‍ മക്കള്‍ക്ക് വേണ്ടി പ്രായശ്ചിത്തം കഴിച്ചതുകൊണ്ട്, അത് അവനും അവന്‍റെ സന്തതിക്കും നിത്യപൌരോഹിത്യത്തിന്‍റെ നിയമമാകുന്നു എന്നു നീ പറയണം (25:6-15). ഈ സംഭവത്തോടെ പൌരോഹിത്യസ്ഥാനം യിസ്രായേലിലെ ഒരു കുടുംബത്തിന് മാത്രമായി ലഭിച്ചു, ഫീനെഹാസിനും അവന്‍റെ സന്തതിപരമ്പരകള്‍ക്കും മാത്രം!

     

    ഈ പൌരോഹിത്യനിയമം നിത്യവും നിരുപാധികവും ആണ് (സങ്കീ. 106:30,31). ഈ നിയമവും പില്‍ക്കാലത്ത് ദാവീദിനോടു ചെയ്ത നിയമവും ദുര്‍ബ്ബലപ്പെടുത്താവുന്നതല്ല: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: തക്കസമയത്ത് രാവും പകലും ഇല്ലാതിരിക്കത്തക്കവണ്ണം പകലിനോടുള്ള എന്‍റെ നിയമവും രാത്രിയോടുള്ള എന്‍റെ നിയമവും ദുര്‍ബ്ബലമാക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍, എന്‍റെ ദാസനായ ദാവീദിന് അവന്‍റെ സിംഹാസനത്തില്‍ ഇരുന്നു വാഴുവാന്‍ ഒരു മകന്‍ ഇല്ലാതെ വരത്തക്കവണ്ണം അവനോടും എന്‍റെ ശുശ്രൂഷകന്മാരായ ലേവ്യാപുരോഹിതന്മാരോടും ഉള്ള എന്‍റെ നിയമം ദുര്‍ബ്ബലമായ്‌ വരാം” (യിരെമ്യാ.33:20,21). ഫീനെഹാസിനോടുള്ള വാഗ്ദത്തം സാദോക്കിന്‍റെ സന്തതിയിലൂടെ സഹസ്രാബ്ദ വാഴ്ചയിലും തുടരുന്നതായിരിക്കും (യെഹസ്കേല്‍ 40:46; 43:19;44:15;48:11). ദാവീദിനോടും ശലോമോനോടും വിശ്വസ്തത കാണിച്ച മഹാപുരോഹിഹനായിരുന്നു സാദോക്ക് (1.രാജാ.1:32-40).

     

    അടുത്ത ഉടമ്പടി ചെയ്യുന്നത് യിസ്രായേല്‍ മക്കള്‍ വാഗ്ദത്ത ദേശത്തു പ്രവേശിക്കുന്നതിനു തൊട്ടു മുന്‍പാണ്. വാഗ്ദത്ത നാടായ കനാന്‍ ശത്രുക്കളുടെ കയ്യിലാണ്. കനാനില്‍ പ്രവേശിക്കുവാനുള്ള യിസ്രായേലിന്‍റെ ഏതൊരു ശ്രമത്തെയും കനാന്യര്‍ ചെറുക്കും. ഈ എതിര്‍പ്പിന്‍റെ മുന്‍പില്‍ യിസ്രായേല്‍ മക്കളുടെ ഹൃദയത്തിലുണ്ടാകാനിടയുള്ള സംശയം ദുരീകരിക്കുന്നതിന് വേണ്ടി ദൈവം ദേശത്തിന്‍റെ കൈവശാവകാശം സംബന്ധിച്ച് ഈ ഉടമ്പടി ചെയ്തു (ആവ.30:1-10). അബ്രാഹാമിനോടു ചെയ്ത ഉടമ്പടിയുടെ സ്ഥിരീകരണവും വിപുലനവും ആണ് ഈ നിയമം. ന്യായപ്രമാണകാലത്താണ് നല്കപ്പെട്ടതെങ്കിലും ഇതിന്‍റെ പൂര്‍ണ്ണമായ നിവൃത്തി സഹസ്രാബ്ദ വാഴ്ചയിലായിരിക്കും. ഈ നിയമത്തിനും ഏഴു കാര്യങ്ങള്‍ ഉണ്ട്:

     

    1. അനുസരണക്കേടിന് ചിതറിക്കല്‍ (ആവ.30:3)
    2. ചിതറിക്കപ്പെട്ടിരിക്കുമ്പോള്‍ മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്ക് തിരിയല്‍ (30:2)
    3. മശിഹയുടെ മടങ്ങി വരവ് (30:3-6)
    4. ദേശത്തിന്‍റെ പുന:പ്രാപ്തി (30:5)
    5. യിസ്രായേലിന്‍റെ ജാതീയ പുനരുത്ഥാനം (30:4-8; റോമ.11:26,27-ഉമായി ഒത്തു നോക്കുക)
    6. ശത്രുക്കളുടെ ന്യായവിധി (30:7)
    7. ദേശീയമായ അഭിവൃദ്ധി (30:9)

     

    ഈ ഉടമ്പടിയുടെ ചില ഭാഗങ്ങള്‍ ആക്ഷരികമായി നിറവേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോഴും. യിസ്രായേലിന്‍റെ അവിശ്വസ്തതയുടെ ശിക്ഷയായി ചിതറലുകളും യഥാസ്ഥാപനങ്ങളും നടന്നു. അന്തിമമായ യഥാസ്ഥാപനം ഇനി നടക്കേണ്ടതുണ്ട്. യിസ്രായേലിന്‍റെ അനവധി ശത്രുക്കള്‍ ശിക്ഷിക്കപ്പെട്ടു.

     

    അടുത്ത ഉടമ്പടി ദാവീദിനോടു ചെയ്യുന്നതാണ്. നാഥാന്‍ പ്രവാചകന്‍ മുഖാന്തരം യഹോവ ദാവീദിനോടു ചെയ്ത ഈ ഉടമ്പടിയെ (2.ശമുവേല്‍.7:8-17) പില്‍ക്കാലത്ത് സങ്കീ.89:27-37 ല്‍ ദൈവീക ആണ കൊണ്ട് സ്ഥിരീകരിച്ചു. ദാവീദിനോടുള്ള ഈ ഉടമ്പടി ദൈവം ഏകപക്ഷീയമായി ചെയ്തതാണ്. ഈ ഉടമ്പടി റദ്ദാക്കപ്പെടാവുന്നതല്ല (1.ദിന.17:13), നിത്യവുമാണ് (2.ദിന.13:5; 21:7). ഈ ഉടമ്പടി പൂര്‍ണ്ണമായി നിറവേറിയത്‌ ക്രിസ്തുവിലാണ്.

     

    അടുത്ത ഉടമ്പടി യേശുക്രിസ്തു മുഖാന്തരം ദൈവം മനുഷ്യരോട് ചെയ്ത പുതിയ ഉടമ്പടിയാണ്. കര്‍ത്താവായ യേശുക്രിസ്തു കാല്‍വരിയില്‍ പൂര്‍ത്തിയാക്കിയ വീണ്ടെടുപ്പിലധിഷ്ഠിതമായ, നിരുപാധികമായ അനുഗ്രഹത്തിന്‍റെ ഉടമ്പടിയാണ് പുതിയ നിയമം. നിരുപാധികമായ ഈ നിയമം ഏകപക്ഷീയവും നിത്യവും നീങ്ങിപ്പോകാത്തതും ആണ്. മോശേയിലൂടെ നല്‍കിയ സോപാധികമായ പഴയനിയമത്തെ ഈ നിയമം നീക്കിക്കളയുന്നു. കാരണം, മോശൈക ന്യായപ്രമാണം താല്‍കാലികമായ ഒരു ഏര്‍പ്പാടായിരുന്നു. അപ്പൊസ്തലന്‍ ഗലാത്യര്‍ക്ക് ലേഖനം എഴുതുമ്പോള്‍ പറയുന്നത് നോക്കുക: “എന്നാല്‍ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങള്‍ നിമിത്തം കൂട്ടിച്ചേര്‍ത്തതും ദൂതന്മാര്‍ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യില്‍ ഏല്പിച്ചതുമത്രേ.” വാഗ്ദത്തം ലഭിച്ച സന്തതി വരുവോളം എന്നു പറയഞ്ഞത് യേശുക്രിസ്തുവിന്‍റെ വരവിനെയാണ്. വാഗ്ദത്തസന്തതി വരുന്നത് വരെയേ ന്യായപ്രമാണത്തിനു നിലനില്‍പ്പുള്ളൂ എന്നു ഇതിനാല്‍ തെളിയുന്നു. മുന്‍പുണ്ടായിരുന്ന എല്ലാ ഉടമ്പടികളുടെയും പൂര്‍ത്തീകരണമാണ് വാഗ്ദത്ത സന്തതിയിലൂടെയുള്ള ഈ പുതിയ ഉടമ്പടി.

     

    ഈ കാര്യങ്ങള്‍ മനസ്സില്‍ വെച്ചിട്ട് വേണം നമ്മള്‍ മത്തായി.5:18 വ്യാഖ്യാനിക്കാന്‍. ദൈവം ഓരോ കാലഘട്ടത്തിലും മനുഷ്യരോട് ചെയ്ത ഓരോ ഉടമ്പടിയും ന്യായപ്രമാണാനന്തരകാലഘട്ടത്തിലെ വാഗ്ദത്ത സന്തതിയെക്കുറിച്ചുള്ള പ്രവചനങ്ങളും എല്ലാം നിറവേറാന്‍ പോകുന്നത് യേശുക്രിസ്തുവിലാണ്. അതുകൊണ്ടാണ് യേശുക്രിസ്തു പറഞ്ഞത് ഞാന്‍ ന്യായപ്രമാണത്തെയും പ്രവാചകന്മാരേയും നീക്കുവാനല്ല, നിവര്‍ത്തിപ്പാനത്രേ വന്നത് എന്നു. നിറവേറാന്‍ പോകുന്ന ഈ കാര്യങ്ങളെല്ലാം രേഖപ്പെടുത്തിയിരിക്കുന്ന ന്യായപ്രമാണം കെട്ടുകഥകളോ ഭാവനാസൃഷ്ടിയോ അല്ല, മറിച്ചു ആകാശവും ഭൂമിയും നീങ്ങിപ്പോയാലും മാറ്റമില്ലാത്ത ദൈവത്തിന്‍റെ വചനമാണത് എന്നാണ് യേശുക്രിസ്തു പറഞ്ഞതിന്‍റെ താത്പര്യം. അപ്പൊസ്തലന്‍ പറയുന്നത് ശ്രദ്ധിക്കുക: “ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി തിരുവെഴുത്തുകളിന്‍ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിന്‍ പ്രകാരം മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റു” (1.കൊരി.15:3,4). “തിരുവെഴുത്തുകളിന്‍ പ്രകാരം” എന്നു രണ്ടുവട്ടമാണ് ആ വാക്യത്തില്‍ പറഞ്ഞിരിക്കുന്നത്. യേശുക്രിസ്തുവിന്‍റെ മരണവും അടക്കവും പുനരുത്ഥാനവും എല്ലാം ന്യായപ്രമാണത്തില്‍ എഴുതിയിരുന്നതിന്‍റെ നിറവേറലായിരുന്നു എന്നാണ് ദൈവവചനം പറയുന്നത്. ഇതുമാത്രമല്ല, ന്യായപ്രമാണത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം തന്നെ നിറവേറാനുള്ളതാണ്. യിസ്രായേലിന്‍റെ യഥാസ്ഥാപനവും ലോകത്തിന്‍റെ അവസാനവുമെല്ലാം ന്യായപ്രമാണത്തില്‍ പറഞ്ഞിട്ടുള്ളതാണ്. പുതിയ ഉടമ്പടി യാഥാര്‍ത്ഥ്യമാകുന്നതോടുകൂടിയാണ് ഈ സംഭവങ്ങളുടെയെല്ലാം ആരംഭത്തിലേക്ക് മനുഷ്യവര്‍ഗ്ഗം പ്രവേശിക്കുന്നത്. അതെല്ലാം സംഭവിക്കുന്നതുവരെയ്ക്കും ന്യായപ്രമാണത്തില്‍നിന്നും ഒരു കുത്തോ കോമയോ നീങ്ങിപ്പോകയില്ല എന്നാണ് കര്‍ത്താവ്‌ പറയുന്നത്.

    3 Comments on “ന്യായപ്രമാണം നീങ്ങിപ്പോയോ? (ഭാഗം-2)”

    • Sabu John
      8 August, 2012, 4:49

      ഇതില്‍ പറഞ്ഞിരിക്കുന്ന ജി സുശീലന്‍ സാറിന്റെ പുസ്തകങ്ങള്‍ എവിടെ വാങ്ങാന്‍ കിട്ടും എന്ന് അറിഞ്ഞാല്‍ നന്നായിരുന്നു. കഴിയുമെങ്കില്‍ ഡീറ്റൈത്സ് ഒന്ന് ഇമെയില്‍ ചെയ്യുമോ

    • 5 February, 2013, 5:07

      Lovely website! I am loving it!! Will be back later to read some more. I am bookmarking your feeds also.

    • 19 June, 2013, 4:09

      Daniel’s prophecy says the time given to Israel is 70 weeks- 490 years which ended in AD 34. Many think Israel will build one more temple but this will not be. God had a plan for the fisrt temple and also for the second. But God has no plan for the third temple. Israel will not build another temple in the selected spot! God’s promises will be fulfilled through the believers who is God’s Israel now. Individuals from Isarel can find salvation in Christ but they lost the special status as the chosen nation. God’s promises are conditional to obeying Him.

    Leave a Comment