About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
 • March 2019 (1)
 • February 2019 (1)
 • June 2018 (4)
 • December 2017 (1)
 • October 2017 (5)
 • September 2017 (1)
 • May 2017 (2)
 • March 2017 (4)
 • February 2017 (1)
 • January 2017 (1)
 • December 2016 (1)
 • October 2016 (2)
 • September 2016 (4)
 • August 2016 (2)
 • June 2016 (4)
 • May 2016 (8)
 • April 2016 (7)
 • December 2015 (2)
 • October 2015 (3)
 • July 2015 (1)
 • June 2015 (1)
 • May 2015 (4)
 • April 2015 (8)
 • March 2015 (3)
 • January 2015 (3)
 • December 2014 (2)
 • October 2014 (1)
 • August 2014 (5)
 • June 2014 (1)
 • May 2014 (6)
 • April 2014 (2)
 • March 2014 (3)
 • February 2014 (2)
 • January 2014 (3)
 • December 2013 (7)
 • November 2013 (3)
 • October 2013 (7)
 • September 2013 (2)
 • August 2013 (2)
 • July 2013 (3)
 • May 2013 (4)
 • April 2013 (7)
 • March 2013 (4)
 • February 2013 (5)
 • January 2013 (3)
 • November 2012 (1)
 • October 2012 (3)
 • August 2012 (5)
 • July 2012 (16)
 • June 2012 (5)
 • May 2012 (10)
 • Like us on facebook
  Verse of the Day
  നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
  Visitors Info
  free counters

  എന്തുകൊണ്ടാണ് ത്രിയേകത്വ ദൈവദര്‍ശനം മാത്രം യുക്തിക്ക് നിരക്കുന്നതായിരിക്കുന്നത്?

  അനില്‍കുമാര്‍ വി അയ്യപ്പന്‍

  ബൈബിള്‍ വെളിപ്പെടുത്തുന്ന പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിന്‍റെ  ഏകത്വം ബുദ്ധിക്ക് ഗ്രഹിക്കാന്‍ പറ്റാത്തതും യുക്തിക്ക് നിരക്കാത്തതുമാണെന്ന് വിമര്‍ശകന്മാര്‍ ആരോപണമുന്നയിക്കുന്നത് പുതിയ കാര്യമല്ല. ത്രിയേകത്വം യുക്തിക്ക് നിരക്കുന്നതാണ്, അഥവാ ത്രിയേകത്വം മാത്രമേ യുക്തിക്ക് നിരക്കുന്ന ദൈവദര്‍ശനം ആകുന്നുള്ളൂ എന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ  പല ക്രിസ്ത്യന്‍ ദൈവശാസ്ത്രജ്ഞന്മാരും തെളിയിച്ചിട്ടുള്ളതാണ്. പക്ഷേ, വിമര്‍ശകന്‍മാരുടെ വളരെ താഴ്ന്ന ബൗദ്ധിക നിലവാരം കാരണം പലപ്പോഴും ഇത് മനസ്സിലാക്കി കൊടുക്കാന്‍ കഴിയാറില്ല എന്നത് വാസ്തവമാണ്. ത്രിയേകത്വം വിശദീകരിക്കുന്നതിന് ക്രിസ്ത്യന്‍ അപ്പോളജിസ്റ്റുകള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്  ഉപയോഗിച്ചിരുന്ന അതേ ഉദാഹരണങ്ങളും അതേ വാദങ്ങളും കോപ്പിയടിച്ചാണ് ആധുനിക ശാസ്ത്രജ്ഞന്മാര്‍ ഇന്ന് ഫോര്‍ത്ത്, ഫിഫ്ത്ത്, ഡൈമന്‍ഷനുകളെ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. (ഇതിനെക്കുറിച്ച്‌ പുറകെ പറയാം). ആദ്യം നമുക്ക് ബൈബിള്‍ വെളിപ്പെടുത്തുന്ന ഏകത്വം എപ്രകാരമുള്ളതാണ് എന്ന് നോക്കാം:

  സ്വയംസ്ഥിതനും ആത്മബോധമുള്ളവനും പൌരുഷേയനും എല്ലാറ്റിന്‍റെയും ആദികാരണവും സര്‍വ്വാതിശായിയും സര്‍വ്വസന്നിഹിതനും അപ്രമേയനും നിത്യനുമായ ദൈവം എന്ന ഏകസത്തയില്‍ തുല്യരായ, നിത്യരായ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന മൂന്നു വ്യക്തികള്‍ അടങ്ങിയിരിക്കുന്നു എന്നു ബൈബിള്‍ വെളിപ്പെടുത്തുന്നു. ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം വ്യക്തിത്വമുള്ളവനാണ്, തന്മൂലം അവന്‍ ഒരു വ്യക്തിയാണ്. ദൈവം, ദൂതന്മാര്‍, മനുഷ്യര്‍ എന്നിങ്ങനെ മൂന്നുതരത്തിലുള്ള വ്യക്തിഗത അവസ്ഥയെകുറിച്ച് ബൈബിള്‍ പറഞ്ഞിട്ടുണ്ട്. തന്നെത്തന്നെ വെളിപ്പെടുത്താനും തന്‍റെ ഇച്ഛയും വികാരവും പ്രകടിപ്പിക്കാനും ഉള്ള കഴിവാണ് വ്യക്തിത്വം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വ്യക്തിത്വമില്ല, തന്മൂലം അവ വ്യക്തികളല്ല. ഒരു പൂച്ചക്ക് മറ്റുള്ള പൂച്ചകളുമായി തന്നെത്തന്നെ അപഗ്രഥനം ചെയ്തു ‘പൂച്ച വര്‍ഗ്ഗത്തിന്‍റെ നന്മക്കായി നമുക്ക്‌ പ്രവര്‍ത്തിക്കാം’ എന്ന് പറയാന്‍ സാധിക്കാത്തത് പൂച്ച ഒരു വ്യക്തിയല്ലാത്തതുകൊണ്ടാണ്.

  എന്നാല്‍ നൈസര്‍ഗ്ഗികമായ ചില ചോദനകള്‍ അവയ്ക്കുണ്ട്. ഉദാഹരണത്തിന്, തേനീച്ചകളെ എടുക്കാം. ലോകത്ത് ഇതുവരെയുള്ള ഏതു കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മനുഷ്യരെയും അമ്പരിപ്പിക്കുന്ന വിധത്തിലുള്ള എന്‍ജിനീയറിംഗ് വൈദഗ്ദ്യമുള്ളവയാണ് അവയുടെ കൂടുകള്‍. അത് ഒറ്റയ്ക്കൊരു തേനീച്ച നിര്‍മ്മിക്കുന്നതല്ല, ആയിരക്കണക്കിന് തേനീച്ചകള്‍ കൂടിച്ചേര്‍ന്ന് നിര്‍മ്മിക്കുന്നതാണ്. ഇതുപോലെത്തന്നെയുള്ള എന്‍ജിനീയറിംഗ് വൈദഗ്ദ്യത്തിനുദാഹരണമാണ് ആഫ്രിക്കയില്‍ കാണപ്പെടുന്ന ചിലയിനം ചിതലുകളുടെ പുറ്റുകള്‍. ഈ ചിതല്‍പുറ്റുകള്‍ക്ക് എട്ട്-പത്തടിയോളം ഉയരം വരും. കാറ്റും വെളിച്ചവും ആവശ്യമായ അനുപാതത്തില്‍ ഉള്ളിലേക്ക് എത്തുന്ന വിധത്തിലും മഴ പെയ്താല്‍ വെള്ളം ഒരിക്കലും അകത്ത് കയറാത്ത വിധത്തിലുമാണ്‌ പുറ്റുകളില്‍ പ്രവേശനദ്വാരങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഒരിക്കലും അതിനുള്ളിലെ ചൂട് അധികമാവുകയില്ല. ഉള്ളില്‍  എയര്‍കണ്ടീഷന്‍ സംവിധാനം ഉള്ളതുപോലെയാണ് പുറ്റിന്‍റെ നിര്‍മ്മിതി.

  ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ജീവികള്‍ അത്യത്ഭുതകരമായ എന്‍ജിനീയറിംഗ് വൈദഗ്ദ്യത്തോടെയുള്ള കൂടുകള്‍ നിര്‍മ്മിച്ചു കൊണ്ട്‌ സസുഖം ജീവിക്കുന്ന സമയത്ത്, മനുഷ്യന്‍ താമസിച്ചിരുന്നത് ഗുഹകളിലായിരുന്നു എന്നോര്‍ക്കണം! കാലം കുറേ കടന്നതോടെ മനുഷ്യന്‍ ശൂന്യാകാശത്ത് വരെ താമസിക്കാന്‍ തുടങ്ങി. പക്ഷേ ആ ജീവികള്‍ ഇപ്പോഴും പഴയ കൂടുകളില്‍ തന്നെയാണ് ജീവിക്കുന്നത്, ഒരു മാറ്റവും അവയ്ക്കില്ല. മനുഷ്യന്‍ ഒരു വ്യക്തിയായതുകൊണ്ടാണ് ചിന്തിക്കാനും ഭാവന ചെയ്യുവാനും ഭാവനയിലെ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാനും അവനു കഴിവുണ്ടായത്.

  പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്നു വ്യക്തികള്‍ സമ്പൂര്‍ണ്ണമായും, മുഴുവനായും അടങ്ങിയിരിക്കുന്ന നിത്യമായ ഏക സത്തയാണ് ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം. പിതാവ് പുത്രനാണെന്നോ, പുത്രന്‍ പരിശുദ്ധാത്മാവാണെന്നോ  പരിശുദ്ധാത്മാവ് പിതാവണെന്നോ ബൈബിള്‍ പറയുന്നില്ല. യേശു ദൈവമാണ് എന്ന് പറയുമ്പോള്‍ പലരുടെയും ധാരണ യേശു പിതാവണെന്നു ഞങ്ങള്‍ പറയുന്നു എന്നാണ്. അത് അറിവില്ലായ്മ കൊണ്ട് ധരിക്കുന്നതാണ്.

  ത്രിയേകത്വം സംബന്ധിച്ച് ബൈബിളില്‍ ഉള്ള മൂന്നു ഉപദേശങ്ങള്‍ ഇവയാണ്:

  1. നിത്യനും മാറ്റമില്ലാത്തവനുമായ ഏക ദൈവമേയുള്ളൂ.
  1. തിരുവെഴുത്തുകളില്‍ പറയപ്പെടുന്ന 3 നിത്യമായ വ്യക്തികളുണ്ട്- പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്‌
  1. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും പൂര്‍ണ്ണ ദൈവത്വം ബൈബിള്‍ വെളിവാക്കുന്നുണ്ട്. അതായത്, പിതാവിന്‍റെ ദൈവത്വവും യേശുവിന്‍റെ ദൈവത്വവും, പരിശുദ്ധാത്മാവിന്‍റെ ദൈവത്വവും ബൈബിള്‍ ഉപദേശങ്ങളാണ്.

  മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ഞാന്‍ ഏക അവബോധ കേന്ദ്രമുള്ള ഒരു അസ്തിത്വമാണ്. എന്‍റെ അസ്തിത്വം മനുഷ്യാസ്തിത്വമാണ്. ദൈവം ഒരു അസ്തിത്വമാണ്. ദൈവത്തിന്‍റെ സത്ത അഥവാ അസ്തിത്വം ദൈവാസ്തിത്വമാണ്. ദൈവത്തിന്‍റെ അസ്തിത്വത്തില്‍ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ നിത്യമായ മൂന്നു അവബോധ കേന്ദ്രങ്ങളുണ്ട്. പിതാവും പുത്രനും പരിശുദ്ധാത്മാവും പരസ്പരം സ്നേഹിക്കുകയും മഹത്വം കൊടുക്കുകയും ചെയ്യുന്നു. പഴയനിയമത്തില്‍ നിഴല്‍ രൂപേണ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള  ഈ അറിവ് പുതിയ നിയമത്തില്‍ വ്യക്തമായി വെളിപ്പെട്ടിരിക്കുന്നു.

  ദൈവം തന്‍റെ സാദൃശ്യത്തിലും സ്വരൂപത്തിലും മനുഷ്യരെ സൃഷ്ടിച്ചു എന്ന് ബൈബിള്‍ പറയുമ്പോള്‍ സാദൃശ്യം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ഈ ത്രിയേകത്വമാണ്. ആസ്തിക്യവാദികള്‍ സമ്മതിക്കുന്ന കാര്യമാണ് മനുഷ്യനിലുള്ള ആത്മാവ്, ജീവന്‍, ശരീരം എന്നീ മൂന്നു ഘടകങ്ങള്‍ . ബൈബിള്‍ അതിനെക്കുറിച്ച് വ്യക്തമായി പറയുകയും ചെയ്യുന്നുണ്ട്: “സമാധാനത്തിന്‍റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയില്‍ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ” (1.തെസ്സ.5:23). മനുഷ്യനിലെ ഈ മൂന്നു ഘടകങ്ങള്‍ ഒരിക്കലും പരസ്പര വൈരുദ്ധ്യം പുലര്‍ത്തുന്നില്ല. ശരീരം ആത്മാവിനോ ജീവനോ എതിരായി പ്രവര്‍ത്തിക്കുന്നില്ല. അതുപോലെതന്നെ ആത്മാവോ ജീവനോ ശരീരത്തിനെതിരായി പ്രവര്‍ത്തിക്കുന്നതുമില്ല. ആത്മാവും ജീവനും ശരീരവും എന്ന മൂന്നു ഘടകങ്ങള്‍ ഉണ്ടെങ്കിലും അവനെ മൂന്നു പേരായിട്ടല്ല പരിഗണിക്കുന്നത്, ഒരാളായിട്ടാണ്. ദൈവത്തിന്‍റെ അസ്തിത്വത്തില്‍ പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന മൂന്ന്‍ വ്യക്തികള്‍ ഉണ്ടെങ്കിലും ബൈബിള്‍ ദൈവത്തെ പരിചയപ്പെടുത്തുന്നത് മൂന്നു ദൈവങ്ങളായിട്ടല്ല, ഏക ദൈവമായിട്ടാണ്. ലോകത്ത്‌ ആദ്യമായി ഏകദൈവവിശ്വാസപ്രഖ്യാപനം നടത്തിയതായ പുസ്തകം ബൈബിള്‍ ആണ്.

  താത്വികമായി നോക്കിയാല്‍ ദൈവം ത്രിയേകനായിരിക്കണം എന്നതാണ് സത്യം. ത്രിയേകത്വമല്ലാത്ത ഒരു ദൈവദര്‍ശനം യുക്തിക്ക് നിരക്കുന്നതല്ല. അതിനുള്ള കാരണങ്ങള്‍ താഴെ പറയുന്നു:

  ദൈവം ധാര്‍മ്മികമായി പൂര്‍ണ്ണതയുള്ള (Morally Perfect) അസ്തിത്വമുള്ളവനായിരിക്കണം. ധാര്‍മ്മികമായി പൂര്‍ണ്ണതയുള്ള ദൈവം സ്നേഹവാനായിരിക്കണം. സ്നേഹമുള്ളതാണ് സ്നേഹമില്ലാത്തതിനേക്കാള്‍ മെച്ചമായിട്ടുള്ളത്. അങ്ങനെയെങ്കില്‍ ദൈവം പൂര്‍ണ്ണ സ്നേഹവാനായിരിക്കണം. സ്നേഹത്തിന്‍റെ ഉപയോഗത്തിന് രണ്ടു അസ്തിത്വങ്ങള്‍ ആവശ്യമാണ്‌. ഒന്ന്, സ്നേഹിക്കുന്നവനും (കര്‍ത്താവ്‌) രണ്ടു, സ്നേഹിക്കപ്പെടുന്നവനും (കര്‍മ്മം). ധാര്‍മ്മിക സമ്പൂര്‍ണ്ണതയുള്ള ദൈവം അപ്പോള്‍ത്തന്നെ സ്വയം പര്യാപ്തനുമായിരിക്കണം. സ്വയം പര്യാപ്തതയില്ലെങ്കില്‍ അവന്‍ എന്തെങ്കിലും കുറവുള്ളവനാണ് എന്ന് വരും. കുറവുള്ളവനാണെങ്കില്‍ അവന്‍ എന്തെങ്കിലും ആവശ്യമുള്ളവനാണ് എന്നര്‍ത്ഥം! ആവശ്യമുള്ളവന്‍ സ്വയം പര്യാപ്തനല്ല. സ്വയം പര്യാപ്തതയില്ലാത്തവന് ഒരിക്കലും ദൈവസ്ഥാനത്തിരിക്കാനുള്ള അര്‍ഹതയുമില്ല. അതുകൊണ്ട് ദൈവം സ്നേഹവാനും സ്വയം പര്യാപ്തനുമായിരിക്കണം. ഇത് സാധാരണ സ്നേഹത്തിന്‍റെ കാര്യമാണ്. പൂര്‍ണ്ണമായ സ്നേഹത്തിന് രണ്ടല്ല, മൂന്ന് വ്യക്തികള്‍ ആവശ്യമാണ്‌. (ഇത് പുറകെ വിവരിക്കാം.)

  ദൈവം സ്നേഹമാകുന്നെങ്കില്‍, ഈ പ്രപഞ്ചത്തേയും, ജീവജാലങ്ങളേയും സൃഷ്ടിക്കുന്നതിനു മുന്‍പ്‌ ദൈവം ആരെ സ്നേഹിച്ചു? സ്നേഹത്തിന് ഒന്നാമത് ഒരു കര്‍ത്താവും രണ്ടാമത് ഒരു കര്‍മ്മവും ആവശ്യമാണല്ലോ. തന്‍റെ സ്നേഹം പ്രകടിപ്പിക്കാന്‍ വേണ്ടി എന്തിനെയെങ്കിലും സൃഷ്ടിക്കേണ്ടി വരുന്നെങ്കില്‍ ദൈവം സ്വയം പര്യാപ്തനല്ല എന്നാണര്‍ത്ഥം! അങ്ങനെ സ്നേഹം എന്ന തന്‍റെ സ്വഭാവം വെളിപ്പെടുത്തണമെങ്കില്‍ അതിനു സൃഷ്ടികള്‍ ആവശ്യമാണ്‌ എന്ന് വന്നാല്‍ ദൈവം സൃഷ്ടികളെ ആശ്രയിക്കുന്നു എന്ന് വരുന്നു. അതുകൊണ്ടുതന്നെ അവന്‍ ദൈവമല്ലാതായി മാറുന്നു.

  ഒരാള്‍ക്ക് തന്നെത്താന്‍ സ്നേഹിക്കാന്‍ കഴിയില്ലേ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. ശരിയാണ്, ഒരാള്‍ക്ക് തന്നെത്തന്നെ സ്നേഹിക്കാന്‍ കഴിയും. പക്ഷേ അത് സ്വാര്‍ത്ഥതയില്‍ അടിസ്ഥാനപ്പെടുത്തിയ സ്നേഹമാണ്. അതിനെ ആരും നിര്‍വ്യാജ സ്നേഹം എന്ന് വിളിക്കുകയില്ല. രണ്ടുപേര്‍ തമ്മിലുള്ള സ്നേഹത്തിലും സ്വാര്‍ഥത കടന്നു വരാം. എന്നാല്‍ രണ്ട് പേര്‍ ഒരുമിച്ച് ചേര്‍ന്ന് മൂന്നാമതൊരാളെ സ്നേഹിക്കുന്നത് പങ്ക് വെക്കുന്ന സ്നേഹമാണ്. പങ്ക് വെക്കുന്ന സ്നേഹമാണ് യഥാര്‍ത്ഥ സ്നേഹം അഥവാ സ്നേഹത്തിന്‍റെ ഉദാത്തമായ തലം. മാതാവും പിതാവും ചേര്‍ന്ന് മക്കളെ സ്നേഹിക്കുന്നതും ചില വ്യക്തികള്‍ ചേര്‍ന്ന് സമൂഹത്തിലെ അവശരും ആലംബഹീനരുമായ ആളുകളെ സഹായിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നതുമെല്ലാം പങ്ക് വെക്കുന്ന സ്നേഹത്തിനുദാഹരണമാണ്. സ്നേഹത്തിന്‍റെ ഉദാത്തമായ തലം പങ്ക് വെക്കുന്ന സ്നേഹത്തിലാണ് ഉള്ളത്. ഈ സ്നേഹത്തിന്‍റെ തലത്തിലേക്ക് എത്തണമെങ്കില്‍ കുറഞ്ഞത്‌ മൂന്ന് പേര്‍ ആവശ്യമാണ്‌.

  ഇതുപോലെതന്നെയാണ് ആരാധനയുടെ കാര്യത്തിലും. ദൈവത്തിന്‍റെ ഒരു വിശേഷണം ആരാധ്യന്‍ എന്നാണ്. ആരാധനക്കും രണ്ടു അസ്തിത്വങ്ങള്‍ ആവശ്യമാണ്‌, ആരാധിക്കുന്നവനും (കര്‍ത്താവ്) ആരാധിക്കപ്പെടുന്നവനും (കര്‍മ്മം). ദൈവം ആരാധ്യനാകുന്നുവെങ്കില്‍, ഈ പ്രപഞ്ചത്തേയും, ജീവജാലങ്ങളേയും സൃഷ്ടിക്കുന്നതിനു മുന്‍പ്‌ ദൈവം എങ്ങനെ ആരാധിക്കപ്പെട്ടു? ദൈവം ആരാധിക്കപ്പെടാതിരുന്ന ഒരു സമയം ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ അതിന്‍റെ അര്‍ത്ഥം അവന്‍ ആ സമയങ്ങളില്‍ ആരാധ്യന്‍ അല്ലായിരുന്നു എന്നാണ്. ആരാധ്യന്‍ അല്ലാത്ത ഒരാളെ ദൈവമായി പരിഗണിക്കുന്നത് എങ്ങനെയാണ്? താന്‍ ആരാധിക്കപ്പെടുന്നില്ല എന്ന് തിരിച്ചറിഞ്ഞു തന്നെ ആരാധിക്കേണ്ടതിനു വേണ്ടിയാണ് ദൈവം സൃഷ്ടി നടത്തിയതെങ്കില്‍ അപ്പോഴും ദൈവം തന്‍റെ സൃഷ്ടിയെ ആശ്രയിക്കുകയാണ്, അങ്ങനെയെങ്കില്‍ അവന്‍ സ്വയം പര്യാപ്തനല്ല എന്ന് വരുന്നു. അതോടെ ദൈവം എന്ന സ്ഥാനത്തിരിക്കാനുള്ള യോഗ്യതയും അവനില്ലാതാകുന്നു. പൂര്‍ണ്ണമായ ആരാധനക്ക് ഏറ്റവും കുറഞ്ഞത്‌ മൂന്ന് വ്യക്തികള്‍ ആവശ്യമാണ്‌.

  ആരാധന എന്ന് പറയുന്നത് മഹത്വം കൊടുക്കലാണ്, പുകഴ്ത്തുന്നതാണ്. രണ്ട് പേര്‍ മാത്രമുള്ളപ്പോള്‍ ഒരാള്‍ മറ്റൊരാളെ പുകഴ്ത്തുന്നതും മൂന്നാമാതൊരുവന്‍റെ സാന്നിദ്ധ്യത്തില്‍ ഒരാള്‍ മറ്റൊരാളെ പുകഴ്ത്തുന്നതും തമ്മില്‍ അതിഭയങ്കരമായ വ്യത്യാസമുണ്ട്. “ഞാന്‍ നിന്‍റെ നാമത്തെ എന്‍റെ സഹോദരന്മാരോടു കീര്‍ത്തിക്കും; സഭാമദ്ധ്യേ ഞാന്‍ നിന്നെ സ്തുതിക്കും” എന്ന് പഴയ നിയമത്തിലും പുതിയ നിയമത്തിലും പറയുന്നതിന് കാരണം ഈ വ്യത്യാസമാണ്. പഴയ,പുതിയ നിയമങ്ങളില്‍ ഈ വാചകം എഴുതിയ ആളുകള്‍ വ്യക്തിപരമായി, ഏകാന്തതയില്‍ ദൈവത്തെ ആരാധിച്ചിരുന്നവര്‍ തന്നെയാണ്. എന്നാല്‍ ആ ആരാധനയില്‍ ഒരപൂര്‍ണ്ണത അവര്‍ക്ക് ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നതിനാലാണ് സഹോദരന്മാരുടെ മുന്‍പാകെ, സഭാമദ്ധ്യേ ദൈവത്തെ സ്തുതിച്ചുകൊണ്ട് പൂര്‍ണ്ണമായ ആരാധന തങ്ങള്‍ നടത്തും എന്ന് പറയാനിടയായത്. അതുകൊണ്ട് പൂര്‍ണ്ണമായ ആരാധനക്ക് ഏറ്റവും കുറഞ്ഞത്‌ മൂന്ന് പേര്‍ ആവശ്യമാണ്‌.

  ഇപ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന ഒരു ചോദ്യം, എന്തുകൊണ്ട് മൂന്ന് എന്നുള്ളതായിരിക്കും. അത് നാലോ അഞ്ചോ പത്തോ നൂറോ ആയിരമോ മുപ്പത്തിമുക്കോടിയോ ആയിക്കൂടേ? ആകുന്നതിന് വിരോധമൊന്നുമില്ല. പക്ഷേ വെറും മുപ്പത്തിമുക്കോടിയല്ല, മുന്നൂറ്റിമുപ്പത്തിമുക്കോടിയായാലും ഈ പറഞ്ഞ മൂന്ന്‍ പേര്‍ ചെയ്തപ്പോള്‍ ഉണ്ടാകുന്നതില്‍ കൂടുതല്‍ ഫലം ഒന്നും ഉണ്ടാകാനില്ല എന്നോര്‍ക്കണം. പങ്ക് വെക്കുന്ന സ്നേഹത്തിന് ഏറ്റവും കുറഞ്ഞത്‌ മൂന്ന് പേര്‍ വേണം. രണ്ട് പേര്‍ ഒരുമിച്ച് ചേര്‍ന്ന് മൂന്നാമതൊരാള്‍ക്ക് ഷെയര്‍ ചെയ്യുന്നു. ഇതില്‍ ഏതു വശത്ത്‌ ഇനിയും ആള്‍ക്കാര്‍ കൂടിയാലും ശരി, പങ്ക് വെക്കുന്ന സ്നേഹം എന്ന മൂന്നാമത്തെ തലത്തില്‍ നിന്ന് അത് സ്നേഹത്തിന്‍റെ നാലാമതൊരു തലത്തിലേക്ക് എത്തുന്നില്ല. ആരാധനയുടെ കാര്യത്തിലായാലും ഇത് തന്നെയാണ് സംഭവിക്കുന്നത്‌. ആയതിനാല്‍ പൂര്‍ണ്ണതയില്‍ എത്തുന്നതിനു വേണ്ട ഏറ്റവും കുറഞ്ഞ എണ്ണം മൂന്നാണ് എന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നു.

  സൃഷ്ടി സ്രഷ്ടാവിനെ പ്രതിഫലിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, ഈ സൃഷ്ടിയിലുള്ള ബഹുത്വം സ്രഷ്ടാവിലുള്ള ബഹുത്വത്തെ ചൂണ്ടിക്കാണിക്കുന്നു. തികച്ചും ഒറ്റയായ ഒന്നും ഈ പ്രപഞ്ചത്തിലില്ല. നാം എന്തൊരു കാര്യം എടുത്താലും അതില്‍ ബഹുത്വം ഉണ്ട്.

  ഉദാഹരണത്തിന് നാം കാണുന്നത് ത്രിമാനരൂപത്തില്‍ ആണ്. എന്തുകൊണ്ട് ത്രിമാനരൂപം? ചതുര്‍മാനരൂപത്തില്‍ നമുക്ക് കാണാന്‍ കഴിയാത്തത് എന്തുകൊണ്ട്?

  സമയം അഥവാ കാലം നാം കണക്കാക്കുന്നതും ത്രിയേകത്വത്തിന്‍റെ അടിസ്ഥാനത്തില്‍ തന്നെയാണ്. ഭൂതം, വര്‍ത്തമാനം, ഭാവി എന്നിങ്ങനെ മൂന്നു വിധത്തില്‍ മാത്രമേ നമുക്ക്‌ സമയം അഥവാ കാലം കണക്കാക്കാന്‍ കഴിയൂ. എന്തുകൊണ്ട് നാലാമതൊരു കാലം ഇല്ലേ?

  ഗണിതത്തിലും ഈ പ്രത്യേകത നാം കാണുന്നു. പോസിറ്റീവ് സംഖ്യ, നെഗറ്റീവ് സംഖ്യ, പൂജ്യം എന്നിങ്ങനെ മൂന്നു വിധത്തില്‍ മാത്രമേ നമുക്ക്‌ സംഖ്യകളെ മനസ്സിലാക്കാന്‍ പറ്റൂ. എന്തുകൊണ്ട് നാലാമതൊരു ഗണം ഇല്ല?

  ഇങ്ങനെ ബൈബിള്‍ പറയുന്ന ത്രിയേകത്വത്തിനു പ്രകൃതിയില്‍ ധാരാളം ഉദാഹരണങ്ങളെ കാണിച്ചു തരാന്‍ ഒരു ബൈബിള്‍ വിശ്വാസിക്ക് കഴിയും. പക്ഷേ മുസ്ലീങ്ങള്‍ പറയുന്നത് പോലെയുള്ള തികച്ചും ഒറ്റയായ ഒന്നിനെ പ്രകൃതിയില്‍ നിന്നും ഉദാഹരണമായി എടുത്തു കാണിച്ചു തരാന്‍ ആര്‍ക്ക് കഴിയും? അങ്ങനെയുള്ള ഏകത്വം യുക്തിക്ക് നിരക്കുന്നതല്ല, അങ്ങനെയൊരു ഏകത്വം ഇല്ല താനും.

  നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ തന്നെ ക്രിസ്ത്യന്‍ അപ്പോളജിസ്റ്റുകള്‍ ത്രിത്വം വിശദീകരിക്കാന്‍ ഉപയോഗിച്ചിരുന്ന ഉദാഹരണമാണ് ക്യൂബ്. ഏകദേശം A.D.1500-കള്‍ മുതലേ ക്യൂബിന്‍റെ ഉദാഹരണം ഇക്കാര്യത്തിന് വേണ്ടി ഉപയോഗിക്കുന്നുണ്ടെങ്കിലും ഏറ്റവും മനോഹരമായ വിധത്തില്‍ അതിനെ വിശദീകരിച്ചിട്ടുള്ളത് നിരീശ്വരവാദത്തില്‍ നിന്നും ക്രിസ്തുവിലേക്ക് വന്ന പ്രസിദ്ധ ഇംഗ്ലീഷ് എഴുത്തുകാരനായ സി.എസ്.ലൂയിസ് ആണ്. അദ്ദേഹത്തിന്‍റെ വാദമുഖത്തിന്‍റെ സംഗ്രഹ രൂപം താഴെ കൊടുക്കുന്നു:

  “നമുക്ക് ഈ ഭൂമിയില്‍ മൂന്ന് വിധത്തില്‍ മാത്രമേ ചലനം സാധ്യമാകൂ. ഇടത്തോട്ടോ വലത്തോട്ടോ, മുന്‍പോട്ടോ പുറകിലോട്ടോ, മുകളിലോട്ടോ താഴോട്ടോ. ഇതിനെയാണ് നാം മൂന്ന് ഡൈമന്‍ഷനുകള്‍ അഥവാ മൂന്ന് മാനങ്ങള്‍ എന്ന് പറയുന്നത്. ഇതില്‍ നിങ്ങള്‍ ഒരു ഡൈമന്‍ഷന്‍ മാത്രമാണ് ഉപയോഗിക്കുന്നതെങ്കില്‍ അഥവാ സിംഗിള്‍ ഡൈമന്‍ഷനിലാണ് (1D) നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് മുന്‍പോട്ടോ പുറകിലോട്ടോ മാത്രമേ ചലനം സാധ്യമാകൂ. ഈ അവസ്ഥയില്‍ നിങ്ങള്‍ക്ക് വരയ്ക്കാന്‍ കഴിയുന്നത്‌ ഒരു നേര്‍ രേഖ മാത്രമാണ്. എന്നാല്‍ നിങ്ങള്‍ ടൂ ഡൈമന്‍ഷനിലാണ് (2D) ഉള്ളതെങ്കില്‍ നിങ്ങള്‍ക്ക് ഇടത്തോട്ടും വലത്തോട്ടും കൂടി ചലനം സാധ്യമാകും. ഈ സ്ഥിതിയില്‍ നിങ്ങള്‍ക്ക് മുന്‍പോട്ടും പുറകോട്ടുമുള്ള നേര്‍ രേഖകളും ഇടത്തോട്ടും വലത്തോട്ടുമുള്ള നേര്‍ രേഖകളും വരയ്ക്കാം. ഇത്തരം ഈരണ്ട് രേഖകളുപയോഗിച്ചു ഒരു ചതുരം നിങ്ങള്‍ക്ക് വരയ്ക്കാം. ഒരു രേഖയില്‍ നിങ്ങള്‍ക്കൊരു ചിത്രം വരയ്ക്കാന്‍ സാധ്യമല്ല. എന്നാല്‍ ഒരു ചതുരത്തിനകത്ത് നിങ്ങള്‍ക്കൊരു ചിത്രം വരയ്ക്കാം. രണ്ടാമത്തെ ഡൈമന്‍ഷനിലേക്ക് നിങ്ങള്‍ വന്നപ്പോള്‍ നിങ്ങളുടെ കപ്പാസിറ്റി കൂടിയിരിക്കുന്നു എന്നര്‍ത്ഥം. ഇനി, അടുത്ത ഡൈമന്‍ഷനിലേക്ക് വന്നാലോ, നിങ്ങള്‍ക്ക് മുകളിലോട്ടും താഴോട്ടുമുള്ള ചലനം കൂടി സാധ്യമാണ്. ആ ഡൈമന്‍ഷനില്‍ ആറു ചതുരങ്ങള്‍ ചേര്‍ത്ത് വെച്ചുകൊണ്ട് നിങ്ങള്‍ക്കൊരു ക്യൂബ് ഉണ്ടാക്കാം. ഒരു ചതുരത്തിനകത്ത് നിങ്ങള്‍ക്ക് ഒന്നും ഇട്ടു വെക്കാന്‍ കഴിയുകയില്ല, എന്നാല്‍ ഒരു ക്യൂബിനകത്ത് നിങ്ങള്‍ക്ക് എന്തെങ്കിലും ഇട്ടു വെക്കാന്‍ കഴിയും. വീണ്ടും, ഡൈമന്‍ഷന്‍ കൂടിയപ്പോള്‍ സങ്കീര്‍ണ്ണതയും കപ്പാസിറ്റിയും കൂടിയിരിക്കുന്നു.

  ഒരു സിംഗിള്‍ ഡൈമന്‍ഷന്‍ ലോകത്താണ് നിങ്ങള്‍ ജീവിന്നതെങ്കില്‍, നിങ്ങള്‍ക്ക് ആകെ മുന്‍പോട്ടും പുറകോട്ടുമുള്ള ഒരു നേര്‍ രേഖ വരയ്ക്കാന്‍ മാത്രമേ സാധിക്കൂ. ടൂ ഡൈമന്‍ഷന്‍ ലോകത്താണ് നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍ അതേ നേര്‍ രേഖ ഇടത്തോട്ടും വലത്തോട്ടും വരയ്ക്കാനും ഒരു ചതുരം ഉണ്ടാക്കാനും നിങ്ങള്‍ക്ക് സാധിക്കുന്നു. ത്രീ ഡൈമന്‍ഷന്‍ ലോകത്തിലാണ് നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍ ഇതേ ചതുരങ്ങള്‍ ഉപയോഗിച്ച് കൊണ്ട് ഒരു ക്യൂബ് ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, കൂടുതല്‍ സങ്കീര്‍ണ്ണമായ ഡൈമന്‍ഷനിലേക്ക് നിങ്ങള്‍ പുരോഗമിക്കുമ്പോള്‍, നിങ്ങളുടെ കൈവശമുള്ളത് ഉപേക്ഷിച്ചിട്ട് പുതിയതും അപരിചിതവുമായ ഒന്നിനെ അവിടെ കണ്ടെത്തുകയല്ല, മറിച്ച് നിങ്ങളുടെ കൈവശമുള്ള സംഗതിയുടെ പുതിയ ഉപയോഗം നിങ്ങളവിടെ കണ്ടെത്തുകയാണ്. ഒന്നാമത്തെയും രണ്ടാമത്തെയും ഡൈമന്‍ഷനുകളില്‍ നിങ്ങള്‍ക്ക് ഒരിക്കലും, ഒരിക്കലും സങ്കല്‍പിക്കാന്‍ കഴിയാത്ത വിധത്തില്‍, നിങ്ങളുടെ കൈവശമുള്ള സംഗതി അവിടെ ഉപയോഗിക്കാന്‍ സാധിക്കുന്നു.”

  തല്ക്കാലം നമുക്ക് സി.എസ്.ലൂയിസിനെ ഇവിടെ നിര്‍ത്തിയിട്ട് കേരളത്തിലെ ഒരു യുക്തിവാദിയുടെ വാക്കുകള്‍ നോക്കാം. ഡൈമന്‍ഷനുകളെക്കുറിച്ച് മലയാളത്തില്‍ എഴുതിയിട്ടുള്ള മനോഹരമായ ഒരു ലേഖനം യുക്തിവാദിയായ വൈശാഖന്‍ തമ്പിയുടെ ആണ്. അദ്ദേഹം അഞ്ചാം ഡൈമന്‍ഷനെക്കുറിച്ചാണ് ആ ലേഖനത്തില്‍ വിവരിക്കുന്നത്. സമയത്തിനെയും ഒരു ഡൈമന്‍ഷനായി പരിഗണിച്ചു കൊണ്ട് നാം ഇപ്പോള്‍ ജീവിക്കുന്നത് 4 ഡൈമന്‍ഷന്‍ ലോകത്താണ് എന്നദ്ദേഹം അതില്‍ വാദിക്കുന്നുണ്ട്. സൈദ്ധാന്തികപരമായി ആ വാദം ശരിയാണ്. എന്നാല്‍ സമയത്തിലൂടെ നമുക്ക് മുന്‍പോട്ടു മാത്രമേ യാത്ര ചെയ്യാന്‍ പറ്റൂ (മറ്റു ഡൈമന്‍ഷനുകളിലെല്ലാം രണ്ട് വിധത്തിലും അതായത്, മുന്നോട്ടും പുറകോട്ടും ഇടത്തോട്ടും വലത്തോട്ടും മുകളിലോട്ടും താഴോട്ടും ചലനം സാധ്യമാണ് എന്നോര്‍ക്കണം) എന്നുള്ളത് കൊണ്ട് പ്രായോഗിക തലത്തില്‍ സമയത്തിനെ ഒരു ഡൈമന്‍ഷനായി നമ്മള്‍ പരിഗണിക്കാറില്ല. ആ ലേഖനത്തില്‍ അദ്ദേഹം സീറോ ഡൈമന്‍ഷനെക്കുറിച്ചും പറയുന്നുണ്ട്. (ക്രിസ്ത്യന്‍ അപ്പോളജിസ്റ്റുകള്‍ സീറോ ഡൈമന്‍ഷനെക്കുറിച്ച് ഒന്നും തന്നെ പറഞ്ഞിട്ടില്ല) അദ്ദേഹത്തിന്‍റെ ലേഖനത്തില്‍ നിന്ന്:

  “സ്പെയ്സിലെ ഒരു കുത്തിന് (പോയിന്‍റ്) സീറോ ഡയമെൻഷൻ ആണെന്ന് പറയാം. അതായത് അതിന് നീളം, വീതി, ഉയരം എന്നിങ്ങനെയുള്ള പ്രത്യേകതകളൊന്നും ഇല്ല. സ്വാഭാവികമായും ഇങ്ങനെ ഒരു സംഗതി തിയറിയിൽ മാത്രം സാധ്യമാകുന്ന ഒന്നാണ്. കാരണം എത്ര കൂർത്ത പെൻസിൽ കൊണ്ട് ഒരു കുത്തിട്ടാലും, അതിന് ചെറുതെങ്കിൽ പോലും പൂജ്യമല്ലാത്തൊരു നീളവും വീതിയും ഒരു തന്മാത്രയുടെ അത്രയെങ്കിലും ഉയരവും ഉണ്ടാകും. അതുകൊണ്ട്, ഫൈവ് ഡയമെൻഷനെന്നല്ല, സീറോ ഡയമെൻഷൻ പോലും നമ്മുടെ മസ്തിഷ്കത്തിന് സങ്കല്പിക്കാൻ കഴിയുന്ന കാര്യമല്ല എന്ന യാഥാർത്ഥ്യം ആദ്യമേ തന്നെ ഉൾക്കൊള്ളേണ്ടതുണ്ട്.”

  സീറോ ഡൈമന്‍ഷനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വാദം ഞാന്‍ കടമെടുക്കുന്നു. സീറോ ഡൈമന്‍ഷനില്‍ നമുക്ക് ആകെ ചെയ്യാന്‍ പറ്റുന്നത് ഒരു കുത്തിടുക എന്നത് മാത്രമാണ്. സിംഗിള്‍ ഡൈമന്‍ഷനിലേക്ക് കടക്കുമ്പോള്‍ മുന്‍പോട്ടോ പുറകിലോട്ടോ ഈ കുത്തുകള്‍ തുടര്‍മാനമായി ഇടുന്നതിലൂടെ നമുക്കൊരു നേര്‍ രേഖ ഉണ്ടാക്കാന്‍ സാധിക്കുന്നു. ടൂ ഡൈമന്‍ഷനില്‍ ഇത്തരം നാല് നേര്‍ രേഖകള്‍ വെച്ചുകൊണ്ട് ഒരു ചതുരവും ത്രീ ഡൈമന്‍ഷനില്‍ ആറു ചതുരങ്ങള്‍ വെച്ചുകൊണ്ട് ഒരു ക്യൂബും നമുക്ക് ഉണ്ടാക്കാന്‍ കഴിയുന്നു.

  സീറോ ഡൈമന്‍ഷനില്‍ ജീവിക്കുന്ന ഒരാളോട് ഒന്നിലധികം കുത്തുകള്‍ ഇട്ടുകൊണ്ട്‌ ഒരു നേര്‍ രേഖ ഉണ്ടാക്കാന്‍ കഴിയും എന്ന് പറഞ്ഞാല്‍ അയാളത് ഒരിക്കലും സമ്മതിച്ചു തരില്ല. കാരണം അയാള്‍ക്ക് മുകളിലോട്ടോ താഴോട്ടോ, മുന്നോട്ടോ പുറകോട്ടോ, ഇടത്തോട്ടോ വലത്തോട്ടോ ചലനം സാധ്യമല്ല. അതുകൊണ്ടുതന്നെ ഒരു കുത്തിന്‍റെ അപ്പുറത്തോ ഇപ്പുറത്തോ ആയി മറ്റൊരു കുത്തിടുക എന്നുള്ള വാദം തന്നെ അയാളെ സംബന്ധിച്ച് അസംബന്ധമാണ്. ഇനി, “എങ്ങാനും വേറെ കുത്തുകള്‍ ഇടാന്‍ കഴിഞ്ഞാല്‍ തന്നെ അത് ‘കുറേ’ കുത്തുകള്‍ മാത്രമല്ലേ? ‘കുറേ’ കുത്തുകള്‍ ചേര്‍ന്നാല്‍ എങ്ങനെയാണ് ‘ഒരു’ നേര്‍ രേഖയുണ്ടാകുന്നത്? എന്താണീ നേര്‍ രേഖ എന്ന് പറഞ്ഞ സാധനം?” എന്നായിരിക്കും അയാള്‍ നമ്മളോട് ചോദിക്കുക.

  സിംഗിള്‍ ഡൈമന്‍ഷനില്‍ ജീവിക്കുന്ന ഒരാളോട് മുന്നോട്ടും പിന്നോട്ടും ഇടത്തോട്ടും വലത്തോട്ടുമായി നാല് നേര്‍ രേഖകള്‍ ഉപയോഗിച്ച് ഒരു ചതുരം ഉണ്ടാക്കാം എന്ന് പറഞ്ഞാല്‍, അയാള്‍ ഒരിക്കലും അത് സമ്മതിച്ചു തരില്ല. കാരണം ഇടത്തോട്ടും വലത്തോട്ടുമുള്ള ചലനം തന്നെ അയാളെ സംബന്ധിച്ച് അസാധ്യമാണ്. “ഇടത്തോട്ടും വലത്തോട്ടുമുള്ള രേഖ വരയ്ക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്നത് തന്നെ മണ്ടത്തരമാണ്. ഇനി എങ്ങാനും വരച്ചാല്‍ തന്നെ, അത് ‘നാല്’ നേര്‍ രേഖകള്‍ ആയിരിക്കും എന്നല്ലാതെ എങ്ങനെയാണ് അത് ‘ഒരു’ ചതുരമാകുന്നത്? എന്താണീ ചതുരം എന്ന് പറഞ്ഞ സംഗതി” എന്നല്ലാതെ വേറെ എന്തായിരിക്കും അയാള്‍ നമ്മളോട് ചോദിക്കുന്നത്?

  ടൂ ഡൈമന്‍ഷനില്‍ ജീവിക്കുന്ന ഒരാളോട് ആറു ചതുരങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഒരു ക്യൂബ് ഉണ്ടാക്കാം എന്ന് പറഞ്ഞാലും പ്രതികരണം ഇതുപോലെത്തന്നെയായിരിക്കും. അയാളെ സംബന്ധിച്ച് മുകളിലോട്ടുള്ള ചലനം അസാധ്യമാണ്. ഇനിയെങ്ങാനും അത് സാധിച്ചാല്‍ തന്നെ തീര്‍ച്ചയായും അവ ‘ആറു’ ചതുരങ്ങളായിരിക്കും, ഒരിക്കലും ‘ഒരു’ ക്യൂബ് ആയിരിക്കില്ല, എന്താണ് ഈ ക്യൂബ് എന്ന് പറഞ്ഞ വസ്തു? എന്നായിരിക്കും അയാള്‍ക്ക് നമ്മളോട് പറയാനുണ്ടാകുക.

  ത്രീ ഡൈമന്‍ഷനില്‍ ജീവിക്കുന്ന നമുക്ക് ക്യൂബ് എന്താണെന്ന് മനസ്സിലാകും. എന്നാല്‍ ടെസ്സറാക്റ്റ് (Tesseract) എന്താണെന്ന് വല്ല പിടിയുമുണ്ടോ? ടെസ്സറാക്ടിനു എട്ട് വശങ്ങളുണ്ട്. ക്യൂബിന് ആറു വശങ്ങളാണ് ഉള്ളതെങ്കില്‍ ടെസ്സറാക്ടിനു എട്ട് വശങ്ങളുണ്ട്. ഒരു നേര്‍ രേഖയുടെ രണ്ടറ്റത്തും ഉള്ളത് ഓരോ കുത്തുകളാണെങ്കില്‍, ഒരു ചതുരത്തിന്‍റെ നാല് വശത്തും ഉള്ളത് ഓരോ നേര്‍ രേഖയാണെങ്കില്‍, ഒരു ക്യൂബിന്‍റെ ആറു വശത്തും ഉള്ളത് ഓരോ ചതുരങ്ങളാണെങ്കില്‍, ഒരു ടെസ്സറാക്ടിന്‍റെ എട്ട് വശത്തും ഉള്ളത് ഓരോ ക്യൂബുകളാണ്!! ത്രീ ഡൈമന്‍ഷനില്‍ ജീവിച്ചുപോരുന്ന നമുക്കിത് വിഭാവനം ചെയ്യാന്‍ എളുപ്പമല്ല. “എട്ട് ക്യൂബുകള്‍ ചേര്‍ന്നാല്‍ എട്ട് ക്യൂബുകളല്ലേ ഉണ്ടാവുക, അതെങ്ങനെ ‘ഒരു’ ടെസറാക്റ്റ് ആകും? എന്താണീ ടെസറാക്റ്റ്?” എന്നായിരിക്കും നമ്മള്‍ ചോദിക്കാന്‍ പോകുന്നത്. ആ ചോദ്യത്തില്‍ ഒരു തെറ്റുമില്ല. ത്രീ ഡൈമന്‍ഷന്‍ ലോകത്തുള്ള നമ്മുടെ സാമാന്യ ബുദ്ധിയനുസരിച്ച് നമുക്ക് വിഭാവനം ചെയ്യാന്‍ പറ്റുന്ന ഒന്നല്ല ടെസറാക്റ്റ്. ഇതാണ് ഡൈമന്‍ഷനുകളെ കുറിച്ചും ടെസറാക്റ്റിനെ കുറിച്ചും കാള്‍ സാഗന്‍ വിശദീകരിക്കുന്ന വീഡിയോ. 

  സിംഗിള്‍ ഡൈമന്‍ഷനിലുള്ളവര്‍ക്ക് ചതുരം എന്ന വാക്ക് അപരിചിതമായിരിക്കും. അങ്ങനെയൊന്നിനെ ഭാവന ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. ടൂ ഡൈമന്‍ഷനിലുള്ളവര്‍ക്ക് ക്യൂബ് എന്ന വാക്ക് അപരിചിതമായിരിക്കും, ക്യൂബിനെ സങ്കല്‍പ്പിക്കാന്‍ അവര്‍ക്ക് കഴിയില്ല. ത്രീ ഡൈമന്‍ഷനിലുള്ളവര്‍ക്ക് ടെസറാക്റ്റ് എന്ന വാക്ക് അപരിചിതമായിരിക്കും, അവര്‍ക്ക് അങ്ങനെയൊന്നിനെ വിഭാവനം ചെയ്യല്‍ അസാധ്യമാണ്. വിഭാവനം ചെയ്യാന്‍ കഴിയുന്നില്ല എന്നതുകൊണ്ട്‌ ഇതൊന്നും ഇല്ല എന്ന് പറയുന്നത് ഏറ്റവും വലിയ മണ്ടത്തരവുമാണ്. നിരീശ്വരവാദികളും മുസ്ലീങ്ങളും ചെയ്യുന്നത് അതാണ്‌. ഒരു കൂട്ടര്‍ ദൈവത്തെയാണ് നിഷേധിക്കുന്നതെങ്കില്‍ മറ്റെക്കൂട്ടര്‍ ത്രിയേകത്വത്തെയാണ്‌ നിഷേധിക്കുന്നത്.

  സത്യം പറഞ്ഞാല്‍, നമ്മള്‍ ജീവിക്കുന്ന ഡൈമന്‍ഷനിന്‍റെ തൊട്ടടുത്ത ഡൈമന്‍ഷനില്‍ ഉള്ള ഒരു വസ്തുവിനെപ്പോലും കാണാനോ വിഭാവനം ചെയ്യാനോ നമുക്ക് കഴിയുന്നില്ല എന്നിരിക്കെ, എതു ഡൈമന്‍ഷനിലാണ് ഉള്ളത് എന്ന് പോലും അറിയാത്ത ദൈവത്തെ കാണണമെന്നും പൂര്‍ണ്ണമായി അറിയണമെന്നും വാശി പിടിക്കുന്നത്‌ വെറും അറിവില്ലായ്മയാണ്. അതറിവില്ലായ്മയാണ് എന്ന് മനസ്സിലാക്കാനുള്ള അറിവ് പോലും ഇല്ല എന്നിടത്താണ് ഒരു മുസ്ലീമിന്‍റെ, നിരീശ്വരവാദിയുടെ, യുക്തിവാദിയുടെയൊക്കെ ജീവിതം ദുരന്തമായി മാറുന്നത്. ജോണ്‍ വെസ്ലിയുടെ പ്രസിദ്ധമായ ഒരു വാചകം ഓര്‍ത്തുപോകുന്നു:

  “മനുഷ്യനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു പുഴുവിനെ നിങ്ങള്‍ എന്‍റെ മുന്‍പാകെ കൊണ്ടുവരിക, എങ്കില്‍, ത്രിയേകത്വം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു മനുഷ്യനെ ഞാനും കൊണ്ടുവരാം.”

  സി.എസ്.ലൂയിസിന്‍റെ വാക്കുകളിലേക്ക് തിരിച്ചു വരാം. ക്യൂബിന്‍റെ ഉദാഹരണം വിശദീകരിച്ചതിനു ശേഷം അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്:

  “ദൈവത്തെ സംബന്ധിച്ചുള്ള ക്രിസ്തീയ വിവരണത്തില്‍  അതെ പ്രമാണം തന്നെ ഉള്ളടങ്ങിയിരിക്കുന്നു. മാനുഷിക തലം ലളിതവും ഏറെക്കുറെ ശൂന്യവുമാണ്. ടൂ ഡൈമന്‍ഷനില്‍ (ഉദാഹരണത്തിന് ഒരു പരന്ന കടലാസില്‍)  ഒരു സമചതുരം ഒരു ചിത്രമാണന്നതുപോലെ, രണ്ടു സമചതുരങ്ങള്‍ രണ്ടു വ്യത്യസ്ത ചിത്രങ്ങളാണന്നതുപോലെ തന്നെ മാനുഷിക തലത്തില്‍ ഒരു വ്യക്തി ഒരു ആളാണ്. രണ്ടു വ്യക്തികള്‍ രണ്ടു വ്യത്യസ്ത ആളുകള്‍  ആണ്. ദൈവിക തലത്തിലും നിങ്ങള്‍ക്ക് വ്യക്തികളെ കാണാം. എന്നാല്‍ അവിടെ നിങ്ങള്‍ക്കവ പുതിയ രീതികളില്‍ സമന്വയിക്കുന്നതായി കാണാം. ആ തലത്തില്‍ ജീവിക്കാത്ത നമുക്ക് അത് സങ്കല്‍പ്പിക്കാന്‍ സാധ്യമല്ല. ദൈവത്തിന്‍റെ ഡൈമന്‍ഷനില്‍, അങ്ങനെ പറയാമെങ്കില്‍, ഒരു ആളത്തമായി  ആയി നിലനില്‍ക്കുമ്പോള്‍ തന്നെ, മൂന്ന് വ്യക്തികളായ ഒരു ആളത്തത്തെ  നിങ്ങള്‍ക്ക് കാണാം. ഒരു ക്യുബായി നിലനില്‍ക്കുമ്പോള്‍ തന്നെ ഒരു ക്യുബ് ആറു സമചതുരമായി എങ്ങനെ ആയിരിക്കുന്നോ അങ്ങനെ. കേവലം രണ്ട് മാനങ്ങള്‍ മാത്രം അറിയാന്‍ ഉള്ള സംവേദന ക്ഷമത ഉള്ളവരായി  നാം സൃഷ്ടിക്കപ്പെട്ടാല്‍ നമുക്ക് ഒരിക്കലും  ഒരു ക്യൂബിനെ ശരിയായി സങ്കല്‍പ്പിക്കാന്‍ കഴിയാത്തതുപോലെ, അങ്ങനെ ഒരു ആളത്തത്തെ  നമുക്ക് പൂര്‍ണമായി സങ്കല്‍പ്പിക്കുക സാധ്യമല്ല. എന്നാല്‍ നമുക്ക് അതിന്‍റെ ഒരു  മങ്ങിയ ധാരണ കിട്ടുക സാധ്യമാണ്. അങ്ങനെ നമുക്ക് കിട്ടുമ്പോള്‍, നമ്മുടെ ജീവിതങ്ങളില്‍ ആദ്യമായി നമുക്ക് വ്യക്ത്യാതീതമായ അല്ലെങ്കില്‍ ഒരു വ്യക്തിക്കും ഉപരിയായ ഒന്നിനെക്കുറിച്ചുള്ള സകാരാത്മകമായ ആശയം, അത് എത്ര തന്നെ മങ്ങിയതായാലും, ലഭിക്കുകയാണ്. ഒരിക്കലും നമുക്ക് അനുമാനിക്കാവുന്ന ഒന്നായിരുന്നില്ല അത്. എന്നിട്ടും, നമ്മോടു അത് പറഞ്ഞു കഴിഞ്ഞപ്പോള്‍, നമ്മള്‍ അത് ഊഹിക്കേണ്ടാതായിരുന്നുവെന്ന് നമുക്ക് ഏറെക്കുറെ തോന്നുകയാണ്. എന്തുകൊണ്ടെന്നാല്‍ നമുക്ക് നിലവില്‍ അറിയാവുന്ന എല്ലാ കാര്യങ്ങളുമായി അത് വളരെയധികം യോജിക്കുന്നു.”

  ഈ ആളത്തത്തെയാണ്‌ ക്രൈസ്തവര്‍ ത്രിയേക ദൈവം എന്ന് വിളിക്കുന്നത്‌. ബൈബിള്‍ ഒരു ഒറ്റയാനായ ദൈവത്തെയല്ല പരിചയപ്പെടുത്തുന്നത്. ദൈവം ഒറ്റയാനാകുന്നുവെങ്കില്‍ തന്‍റെ സൃഷ്ടികളെ ആശ്രയിക്കാതെ അവന് നിലനില്‍പ്പില്ല. അങ്ങനെയെങ്കില്‍ അവന്‍ ദൈവമല്ല. എന്നാല്‍ ബൈബിളിലെ ദൈവം ആരെയും ആശ്രയിക്കാത്തവനും തന്നില്‍ത്തന്നെ പൂര്‍ണ്ണനുമാണ്. അവനില്‍ ഉള്ള ബഹുത്വമാണ് അവനെ പരാശ്രയവിമുക്തനും പൂര്‍ണ്ണതയുള്ളവനുമാക്കി മാറ്റുന്നത് എന്ന കാര്യം കൂടെ നാം ഓര്‍ത്തിരിക്കണം.

  അല്ലാഹു ദൈവമല്ല എന്ന് സ്ഥാപിക്കാന്‍ ഉതകുന്ന അനേകം തെളിവുകള്‍ ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും നമുക്ക് ലഭ്യമാണ്. എന്നാല്‍ ആ തെളിവുകളെയെല്ലാം മാറ്റിവെച്ചാല്‍പ്പോലും അല്ലാഹുവിനെ ദൈവമായി അംഗീകരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുള്ള കാര്യം ഈ ആളത്തവുമായി ബന്ധപ്പെട്ടതാണ്. നാം മുന്‍പേ കണ്ടത് പോലെ, നമ്മുടെ ഡൈമന്‍ഷനിലോ നമ്മളെക്കാള്‍ താഴ്ന്ന ഡൈമന്‍ഷനിലോ ഉള്ള ഒന്നിനെ മാത്രമേ നമുക്ക് മനസ്സിലാക്കാന്‍ കഴിയൂ. നമ്മളേക്കാള്‍ ഉയര്‍ന്ന ഡൈമന്‍ഷനിലുള്ളതിനെ മനസ്സിലാക്കുന്നത് പോയിട്ട് അങ്ങനെയൊന്നിനെ സങ്കല്‍പിക്കാന്‍ പോലും സാധ്യമല്ല.  ബൈബിളിലെ ദൈവം മനുഷ്യന്‍റെ ബുദ്ധിയില്‍ ഉദിച്ച ഒരു ദൈവമല്ല. കാരണം ഇങ്ങനെയൊരു ദൈവത്തെ വിഭാവനം ചെയ്തെടുക്കാന്‍ മനുഷ്യന് കഴിയില്ല. എന്നാല്‍ അല്ലാഹു എങ്ങനെയുള്ളവനാണെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നു. എന്‍റെ ബുദ്ധിക്കുള്ളില്‍ ഒതുങ്ങുന്നവനാണ് അല്ലാഹു. അല്ലാഹു എന്‍റെ ഡൈമന്‍ഷനിലോ എന്നെക്കാള്‍ താഴ്ന്ന ഡൈമന്‍ഷനിലോ ഉള്ളവനാണെങ്കില്‍ അവനെ ദൈവമായി കാണേണ്ട കാര്യം എനിക്കില്ല. എനിക്കെന്ന് മാത്രമല്ല, ചിന്താശേഷി കൈമോശം വന്നിട്ടില്ലാത്ത, ഒറ്റ ആസ്തിക്യവാദിക്കും ഇല്ല!!

  ഷെയര്‍ ചെയ്യൂ...Share on Facebook
  Facebook
  0Share on Google+
  Google+
  0Email this to someone
  email
  Tweet about this on Twitter
  Twitter
  Print this page
  Print

  2 Comments on “എന്തുകൊണ്ടാണ് ത്രിയേകത്വ ദൈവദര്‍ശനം മാത്രം യുക്തിക്ക് നിരക്കുന്നതായിരിക്കുന്നത്?”

  • civi varghese
   20 May, 2016, 17:20

   വളരെ നല്ല ലേഖനങ്ങൾ തയ്യാറാക്കുന്ന ഈ വെബ്സൈറ്റ് എല്ലാവരും വായിക്കണം

  • Sachin
   7 July, 2016, 17:23

   Nice.

  Leave a Comment