About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
 • May 2021 (1)
 • February 2021 (1)
 • October 2020 (2)
 • March 2019 (1)
 • February 2019 (1)
 • June 2018 (4)
 • December 2017 (1)
 • October 2017 (5)
 • September 2017 (1)
 • May 2017 (2)
 • March 2017 (4)
 • February 2017 (1)
 • January 2017 (1)
 • December 2016 (1)
 • October 2016 (2)
 • September 2016 (4)
 • August 2016 (2)
 • June 2016 (4)
 • May 2016 (8)
 • April 2016 (7)
 • December 2015 (2)
 • October 2015 (3)
 • July 2015 (1)
 • June 2015 (1)
 • May 2015 (4)
 • April 2015 (8)
 • March 2015 (3)
 • January 2015 (3)
 • December 2014 (2)
 • October 2014 (1)
 • August 2014 (5)
 • June 2014 (1)
 • May 2014 (5)
 • April 2014 (2)
 • March 2014 (3)
 • February 2014 (2)
 • January 2014 (3)
 • December 2013 (7)
 • November 2013 (3)
 • October 2013 (7)
 • September 2013 (2)
 • August 2013 (2)
 • July 2013 (3)
 • May 2013 (4)
 • April 2013 (7)
 • March 2013 (4)
 • February 2013 (5)
 • January 2013 (3)
 • November 2012 (1)
 • October 2012 (3)
 • August 2012 (5)
 • July 2012 (16)
 • June 2012 (5)
 • May 2012 (10)
 • Like us on facebook
  Verse of the Day
  നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
  Visitors Info
  free counters

  എന്തുകൊണ്ടാണ് “യിസ്രായേല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്ന് യേശുക്രിസ്തു പറഞ്ഞത്?

  ചോദ്യം: എന്തുകൊണ്ടാണ് “യിസ്രായേല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്ന് യേശുക്രിസ്തു പറഞ്ഞത്? മാത്രമല്ല, തന്നോട് സഹായം ചോദിച്ചു വന്ന പുറജാതിക്കാരിയായ സ്ത്രീയെ യേശുക്രിസ്തു നായ്‌ എന്നും വിളിച്ചല്ലോ. ഇതൊരു പ്രവാചകന് ചേര്‍ന്നതാണോ?

   

  മറുപടി: ദാവാക്കാരുടെ പ്രവാചകനായ മുഹമ്മദ്‌ ധാരാളം കൊള്ളയും കൊലയും നടത്തുകയും എതിരാളികളോടും വിമര്‍ശകരോടും ഏറ്റവും ക്രൂരമായ രീതിയില്‍ പെരുമാറുകയും തന്‍റെ സ്വന്തം അനുയായികളെപ്പോലും കാരണമില്ലാതെ ശപിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയായിരുന്നത് കൊണ്ട്, മുഹമ്മദിനെ വെള്ളപൂശാന്‍ വേണ്ടിയാണ് യേശുക്രിസ്തു കനാന്യ സ്ത്രീയെ നായ എന്ന് വിളിച്ചു എന്നുള്ള ആരോപണം ദാവാക്കാര്‍ ഉന്നയിക്കുന്നത്. ഈ ആരോപണം ഉന്നയിക്കുവാന്‍ ദാവാക്കാര്‍ എടുക്കുന്ന വേദഭാഗം അതിന്‍റെ ചരിത്ര പശ്ചാത്തലത്തില്‍ നമുക്കൊന്ന് പരിശോധിക്കാം:

   

  “യേശു അവിടം വിട്ടു, സോര്‍ സീദോന്‍ എന്ന പ്രദേശങ്ങളിലേക്കു വാങ്ങിപ്പോയി. ആ ദേശത്തുനിന്നു ഒരു കനാന്യ സ്ത്രീ വന്നു, അവനോടു: കര്‍ത്താവേ, ദാവീദ് പുത്രാ, എന്നോടു കരുണ തോന്നേണമേ; എന്‍റെ മകള്‍ക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു. അവന്‍ അവളോടു ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്‍റെ ശിഷ്യന്മാര്‍ അടുക്കെ, വന്നു: അവള്‍ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയക്കേണമേ എന്നു അവനോടു അപേക്ഷിച്ചു. അതിന്നു അവന്‍ “യിസ്രായേല്‍ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്നു ഉത്തരം പറഞ്ഞു. എന്നാല്‍ അവള്‍ വന്നു: കര്‍ത്താവേ, എന്നെ സഹായിക്കേണമേ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു. അവനോ“മക്കളുടെ അപ്പം എടുത്തു നായ്ക്കുട്ടികള്‍ക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല” എന്നു ഉത്തരം പറഞ്ഞു. അതിന്നു അവള്‍:  അതേ, കര്‍ത്താവേ, നായ്ക്കുട്ടികളും ഉടയവരുടെ മേശയില്‍ നിന്നു വീഴുന്ന നുറുക്കുകള്‍ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു. യേശു അവളോടു:സ്ത്രീയേ, നിന്‍റെ വിശ്വാസം വലിയതു; നിന്‍റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ എന്നു ഉത്തരം പറഞ്ഞു. ആ നാഴികമുതല്‍ അവളുടെ മകള്‍ക്കു സൌഖ്യം വന്നു.” (മത്തായി 15:21-28)

   

  ദാവാക്കാര്‍ പറയുന്നതനുസരിച്ചാണെങ്കില്‍ കര്‍ത്താവ്‌ അവളുടെ മകളെ സൌഖ്യമാക്കാന്‍ പാടില്ലായിരുന്നു. കാരണം, യേശുക്രിസ്തു വന്നത് യിസ്രായേലിലേക്ക് മാത്രമാണ്, അവളാണെങ്കില്‍ യിസ്രായേലില്‍ ഉള്‍പ്പെട്ടവളുമല്ല! അവളെ മാത്രമല്ല, യിസ്രായേലിനു പുറത്തുള്ള ഒരാളേയും യേശുക്രിസ്തു സൌഖ്യമാക്കാനോ അവര്‍ക്ക്‌ എന്തെങ്കിലും തരത്തിലുള്ള ഉപദേശം കൊടുക്കാനോ പാടുള്ളതല്ല. യിസ്രായേല്‍ ഗൃഹത്തിലുള്ളവര്‍ക്ക്‌ വേണ്ടി മാത്രമുള്ളതാമായിരിക്കണം യേശുക്രിസ്തുവിന്‍റെ ശുശ്രൂഷ. എന്നാല്‍ ബൈബിള്‍ പരിശോധിച്ചാല്‍ നാം അങ്ങനെയല്ല കാണുന്നത്. യേശുക്രിസ്തുവിന്‍റെ കാലത്ത് മൂന്നു വിഭാഗം ജനങ്ങള്‍ ലോകത്ത് ഉണ്ടായിരുന്നു.

   

  1. ദൈവത്തിന്‍റെ ജനമായ യിസ്രായേല്‍

   

  2. ദൈവത്തെ അറിയാത്ത ജാതികള്‍

   

  3. യിസ്രായേലും ജാതികളും തമ്മില്‍ ഇടകലര്‍ന്നുണ്ടായ ശമര്യര്‍

   

  യേശുക്രിസ്തു ഈ മൂന്നു വിഭാഗത്തില്‍ പെട്ട ആളുകള്‍ക്കും വേണ്ടി ശുശ്രൂഷ ചെയ്തിട്ടുണ്ട്. ചില തെളിവുകള്‍ നോക്കാം:

   

  “അവന്‍ മലയില്‍നിന്നു ഇറങ്ങിവന്നപ്പോള്‍ വളരെ പുരുഷാരം അവനെ പിന്‍ തുടര്‍ന്നു. അപ്പോള്‍ ഒരു കുഷ്ഠരോഗി വന്നു അവനെ നമസ്കരിച്ചു കര്‍ത്താവേ, നിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധമാക്കുവാന്‍ കഴിയും എന്നു പറഞ്ഞു. അവന്‍ കൈ നീട്ടി അവനെ തൊട്ടു “എനിക്കു മനസ്സുണ്ടു; നീ ശുദ്ധമാക” എന്നു പറഞ്ഞു; ഉടനെ കുഷ്ഠം മാറി അവന്‍ ശുദ്ധമായി. യേശു അവനോടു “നോക്കൂ, ആരോടും പറയരുതു; അവര്‍ക്കു സാക്ഷ്യത്തിന്നായി നീ ചെന്നു നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, മോശെ കല്പിച്ച വഴിപാടു കഴിക്ക” എന്നു പറഞ്ഞു. അവന്‍ കഫര്‍ന്നഹൂമില്‍ എത്തിയപ്പോള്‍ ഒരു ശതാധിപന്‍ വന്നു അവനോടു: കര്‍ത്താവേ, എന്‍റെ ബാല്യക്കാരന്‍ പക്ഷവാതം പിടിച്ചു കഠിനമായി വേദനപ്പെട്ടു വീട്ടില്‍ കിടക്കുന്നു എന്നു അപേക്ഷിച്ചു പറഞ്ഞു. അവന്‍ അവനോടു “ഞാന്‍ വന്നു അവനെ സൌഖ്യമാക്കും എന്നു പറഞ്ഞു.” അതിന്നു ശതാധിപന്‍: കര്‍ത്താവേ, നീ എന്‍റെ പുരെക്കകത്തു വരുവാന്‍ ഞാന്‍ യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാല്‍ എന്‍റെ ബാല്യക്കാരന്നു സൌഖ്യം വരും. ഞാനും അധികാരത്തിന്‍ കീഴുള്ള മനുഷ്യന്‍ ആകുന്നു. എന്‍റെ കീഴില്‍ പടയാളികള്‍ ഉണ്ടു; ഞാന്‍ ഒരുവനോടു: പോക എന്നു പറഞ്ഞാല്‍ പോകുന്നു; മറ്റൊരുത്തനോടു: വരിക എന്നു പറഞ്ഞാല്‍ വരുന്നു; എന്റെ ദാസനോടു: ഇതു ചെയ്ക എന്നു പറഞ്ഞാല്‍ അവന്‍ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.  അതു കേട്ടിട്ടു യേശു അതിശയിച്ചു, പിന്‍ ചെല്ലുന്നവരോടു പറഞ്ഞതു “യിസ്രായേലില്‍കൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകര്‍ വന്നു അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്‍ഗ്ഗരാജ്യത്തില്‍ പന്തിക്കിരിക്കും. രാജ്യത്തിന്‍റെ പുത്രന്മാരേയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്കു തള്ളിക്കളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.” പിന്നെ യേശു ശതാധിപനോടു: “പോക, നീ വിശ്വസിച്ചതു പോലെ നിനക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. അ നാഴികയില്‍ തന്നേ അവന്‍റെ ബാല്യക്കാരന്നു സൌഖ്യം വന്നു. യേശു പത്രോസിന്‍റെ വീട്ടില്‍ വന്നപ്പോള്‍ അവന്‍റെ അമ്മാവിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു. അവന്‍ അവളുടെ കൈതൊട്ടു പനി അവളെ വിട്ടു; അവള്‍ എഴുന്നേറ്റു അവര്‍ക്കും ശുശ്രൂഷ ചെയ്തു. വൈകുന്നേരം ആയപ്പോള്‍ പല ഭൂതഗ്രസ്തരെയും അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാര്‍ക്കും സൌഖ്യം വരുത്തി. (മത്തായി.8:1-16)

   

  ഇതില്‍ ആദ്യം സൌഖ്യമാക്കപ്പെട്ട കുഷ്ഠരോഗിയും മൂന്നാമത്‌ സൌഖ്യമാക്കപ്പെട്ട പത്രോസിന്‍റെ അമ്മാവിയമ്മയും യിസ്രായേല്‍ക്കാരാണ്. എന്നാല്‍ രണ്ടാമത് പറയപ്പെട്ടിരിക്കുന്ന ശതാധിപന്‍ ജാതീയനാണ്. അതുകൊണ്ടാണ് “യിസ്രായേലില്‍കൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല” എന്ന് യേശുക്രിസ്തു പറഞ്ഞത്. അവസാന ഭാഗത്ത് പറഞ്ഞിരിക്കുന്ന “പല ഭൂതഗ്രസ്തരും” എന്നുള്ളതില്‍ യിസ്രായേല്‍ സന്തതികളും ജാതികളും ഉള്‍പ്പെടുന്നു.

   

  ഇനി ശമര്യാക്കാരുമായി ഇടപെട്ട സംഭവങ്ങള്‍ നോക്കാം:

   

  “അവന്‍ യെരൂശലേമിലേക്കു യാത്രചെയ്കയില്‍ ശമര്യക്കും ഗലീലെക്കും നടുവില്‍കൂടി കടക്കുമ്പോള്‍ ഒരു ഗ്രാമത്തില്‍ ചെല്ലുന്നേരം കുഷ്ഠരോഗികളായ പത്തു പുരുഷന്മാര്‍ അവന്നു എതിര്‍പെട്ടു അകലെ നിന്നുകൊണ്ടു: യേശൂ, നായക, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്നു ഉറക്കെ പറഞ്ഞു. അവന്‍ അവരെ കണ്ടിട്ടു: നിങ്ങള്‍ പോയി പുരോഹിതന്മാര്‍ക്കും നിങ്ങളെ തന്നേ കാണിപ്പിന്‍ എന്നു പറഞ്ഞു; പോകയില്‍ തന്നേ അവര്‍ ശുദ്ധരായ്തീര്‍ന്നു. അവരില്‍ ഒരുത്തന്‍ തനിക്കു സൌഖ്യം വന്നതു കണ്ടു ഉച്ചത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്നു അവന്‍റെ കാല്‍ക്കല്‍ കവിണ്ണു വീണു അവന്നു നന്ദി പറഞ്ഞു; അവനോ ശമര്യക്കാരന്‍ ആയിരുന്നു. പത്തുപേര്‍ ശുദ്ധരായ്തീര്‍ന്നില്ലയോ? ഒമ്പതുപേര്‍ എവിടെ? ഈ അന്യജാതിക്കാരനല്ലാതെ ദൈവത്തിന്നു മഹത്വം കൊടുപ്പാന്‍ മടങ്ങിവന്നവരായി ആരെയും കാണുന്നില്ലല്ലോ എന്നു യേശു പറഞ്ഞിട്ടു അവനോടു എഴുന്നേറ്റു പൊയ്ക്കൊള്‍ക; നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു. (ലൂക്കോ.17:11-19)

   

  “ഞാന്‍ ചെയ്തതു ഒക്കെയും അവന്‍ എന്നോടു പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞ വാക്കു നിമിത്തം ആ പട്ടണത്തിലെ പല ശമര്യരും അവനില്‍ വിശ്വസിച്ചു.  അങ്ങനെ ശമര്യര്‍ അവന്‍റെ അടുക്കല്‍ വന്നു തങ്ങളോടു കൂടെ പാര്‍ക്കേണം എന്നു അവനോടു അപേക്ഷിച്ചു; അവന്‍ രണ്ടുനാള്‍ അവിടെ പാര്‍ത്തു. ഏറ്റവും അധികംപേര്‍ അവന്‍റെ വചനം കേട്ടു വിശ്വസിച്ചു ‘ഇനി നിന്‍റെ വാക്കുകൊണ്ടല്ല ഞങ്ങള്‍ വിശ്വസിക്കുന്നതു; ഞങ്ങള്‍ തന്നേ കേള്‍ക്കയും അവന്‍ സാക്ഷാല്‍ ലോകരക്ഷിതാവു എന്നു അറികയും ചെയ്തിരിക്കുന്നു’ എന്നു സ്ത്രീയോടു പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞിട്ടു അവന്‍ അവിടം വിട്ടു ഗലീലെക്കു പോയി” (യോഹ.4:37-41).

   

  ദാവാക്കാര്‍ക്ക് ഇക്കാര്യങ്ങളൊന്നും അറിയാത്തതല്ല, മന:പൂര്‍വ്വം പറയാത്തതാണ്! ഇതൊക്കെ പറഞ്ഞാല്‍ പിന്നെ എങ്ങനെയാണ് ബൈബിളിനെ ദുര്‍വ്യാഖ്യാനം ചെയ്തു മുഹമ്മദ്‌ യേശുവിനെക്കാള്‍ ഉന്നതനാണെന്ന് കള്ളപ്രചരണം നടത്താന്‍ കഴിയുന്നത്?

   

  യേശുക്രിസ്തു ഇസ്രായേലിലുള്ളവരോടും ജാതികളോടും ശമര്യരോടും ഇടപെടുന്നതില്‍ യാതൊരു വൈമനസ്യവും കാണിക്കാത്തവന്‍ ആണെങ്കിലും എന്തുകൊണ്ടാണ് ആ കനാന്യ സ്ത്രീയുടെ അപേക്ഷ കേട്ടപ്പോള്‍ “യിസ്രായേല്‍ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്നു നിഷേധാത്മകമായി മറുപടി പറഞ്ഞത്? ഇതിന്‍റെ  ഉത്തരം കിട്ടണമെങ്കില്‍ നാം പഴയ നിയമത്തിലേക്ക് പോയി ഇതിന്‍റെ ചരിത്ര പശ്ചാത്തലം കൂടി പഠിക്കേണ്ടിയിരിക്കുന്നു.

   

  യേശുക്രിസ്തു അബ്രഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും വംശാവലിയില്‍ ഉള്ളവനാണ്. ഏകദേശം രണ്ട് സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ്‌ യഹോവയായ ദൈവം അബ്രഹാമിന് നല്‍കിയ വാഗ്ദാനത്തിന്‍റെ നിറവേറലായാണ് യേശുക്രിസ്തു അബ്രഹാമിന്‍റെ വംശപരമ്പരയില്‍ ഭൂജാതനാകുന്നത്. ദൈവം അബ്രഹാമിന് നല്‍കിയ വാഗ്ദാനം രണ്ട് വിധത്തിലുള്ളതായിരുന്നു.

   

  “യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാല്‍: നീ നിന്‍റെ ദേശത്തെയും ചാര്‍ച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാന്‍ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക. ഞാന്‍ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്‍റെ പേര്‍ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും; നിന്നില്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” (ഉല്‍പത്തി.12:1-3)

   

  രണ്ട് വാഗ്ദാനങ്ങള്‍ നമുക്കിവിടെ കാണാം:

   

  1. അബ്രാഹാമും അബ്രഹാമിന്‍റെ വംശവും അനുഗ്രഹിക്കപ്പെടും

   

  2. അബ്രഹാം മുഖാന്തിരം ഭൂമിയിലെ സകല ജനങ്ങളും അനുഗ്രഹിക്കപ്പെടും.

   

  ഇക്കാര്യം അപ്പോസ്തലന്മാരായ പത്രോസിലൂടെയും പൗലോസിലൂടെയും ദൈവാത്മാവ് പുതിയ നിയമത്തിലും പറയുന്നുണ്ട്:

   

  “ഭൂമിയിലെ സകലവംശങ്ങളും നിന്‍റെ സന്തതിയില്‍ അനുഗ്രഹിക്കപ്പെടും” എന്നു ദൈവം അബ്രാഹാമിനോടു അരുളി. നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്‍റെയും പ്രവാചകന്മാരുടെയും മക്കള്‍ നിങ്ങള്‍ തന്നേ. നിങ്ങള്‍ക്കു ആദ്യമേ ദൈവം തന്‍റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്‍റെ അകൃത്യങ്ങളില്‍ നിന്നു തിരിക്കുന്നതിനാല്‍ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു” (അപ്പോ.പ്രവൃ.3:25,26)

   

  “എന്നാല്‍ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുന്‍ കണ്ടിട്ടു “നിന്നാല്‍ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു” (ഗലാ.3:8)

   

  “അബ്രാഹാമിന്‍റെ അനുഗ്രഹം ക്രിസ്തുയേശുവില്‍ ജാതികള്‍ക്കു വരേണ്ടതിന്നു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താല്‍ പ്രാപിപ്പാന്‍ തന്നേ” (ഗലാ.3:14)

   

  യേശുക്രിസ്തു ശമര്യാക്കാരി സ്ത്രീയോട് സംസാരിക്കുമ്പോള്‍ ഇക്കാര്യം പരാമര്‍ശിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു:

   

  “രക്ഷ യെഹൂദന്മാരുടെ ഇടയില്‍ നിന്നല്ലോ വരുന്നതു” (യോഹ.4:20b)

   

  യഹോവയായ ദൈവം അബ്രഹാമിന് നല്‍കിയ വാഗ്ദാനത്തില്‍ ദൈവം തിരഞ്ഞെടുത്ത അബ്രഹാമിന്‍റെ സന്തതികളായ യിസ്രായേലും ദൈവത്തെ അറിയാത്ത ജാതികളും ഒരു പോലെ അനുഗ്രഹിക്കപ്പെടും എന്നാണ് പറഞ്ഞിരിക്കുന്നത്. യിസ്രായേലിലെ ഭക്തന്മാരായ ആളുകള്‍ക്ക് ഈ കാര്യം അറിയാമായിരുന്നു. പല സങ്കീര്‍ത്തനങ്ങളും പരിശോധിച്ചാല്‍ ജാതികള്‍ അനുഗ്രഹിക്കപ്പെടുന്നതും രക്ഷിക്കപ്പെടുന്നതുമായ വചനങ്ങള്‍ നമുക്ക്‌ കാണാന്‍ കഴിയും. മാത്രമല്ല, പുതിയ നിയമത്തില്‍ ശിശുവായ യേശുവിനെ ദൈവാലയത്തില്‍ കൊണ്ടുവന്നപ്പോള്‍ അവിടെയുണ്ടായിരുന്ന ശിമെയോന്‍ എന്ന ഭക്തനായ മനുഷ്യന്‍ യേശുവിനെ കൈകളില്‍ ഏന്തി പരിശുദ്ധാത്മ നിറവില്‍ പ്രവചിച്ചു പറഞ്ഞത് ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്:

   

  “ഇപ്പോള്‍ നാഥാ തിരുവചനം പോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയക്കുന്നു. ജാതികള്‍ക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്‍റെ ജനമായ യിസ്രായേലിന്‍റെ മഹത്വവുമായി നീ സകല ജാതികളുടെയും മുമ്പില്‍ ഒരുക്കിയിരിക്കുന്ന നിന്‍റെ രക്ഷയെ എന്‍റെ കണ്ണു കണ്ടുവല്ലോ” എന്നു പറഞ്ഞു” (ലൂക്കോ.2:29-32)

   

  യേശുക്രിസ്തുവിന്‍റെ ഐഹിക ശുശ്രൂഷ അബ്രഹാമിലൂടെ നല്‍കിയ ഈ രണ്ട് വാഗ്ദത്തങ്ങളും നിറവേറ്റാന്‍ വേണ്ടിയുള്ളതായിരുന്നു എന്ന സത്യമാണ് ഈ വചനങ്ങളില്‍ നിന്ന് നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്ന കാര്യം. ആദ്യം അബ്രഹാമിന്‍റെ സന്തതികളായ യിസ്രായേല്‍ഗൃഹത്തിനും പിന്നെ യിസ്രായേല്‍ ജനം മുഖാന്തിരം ജാതികള്‍ക്കും അനുഗ്രഹം വരേണ്ടതിനാണ് എന്ന് ബൈബിള്‍ വ്യക്തമാക്കുന്നുണ്ട്:

   

  പിതാക്കന്മാര്‍ക്കു ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന്നു ക്രിസ്തു ദൈവത്തിന്‍റെ സത്യം നിമിത്തം പരിച്ഛേദനെക്കു ശുശ്രൂഷക്കാരനായിത്തീര്‍ന്നു എന്നും ജാതികള്‍ ദൈവത്തെ അവന്‍റെ കരുണ നിമിത്തം മഹത്വീകരിക്കേണം എന്നും ഞാന്‍ പറയുന്നു” (റോമര്‍ . 15:8)

   

  ദൈവത്തിന്‍റെ പക്കല്‍നിന്നുള്ള രക്ഷയായാലും ശിക്ഷയായാലും ആദ്യം യെഹൂദനും പിന്നെ യവനനും (ജാതികള്‍ക്കും) വരും എന്നുള്ളതാണ് ദൈവിക നീതി. ബൈബിള്‍ പറയുന്നത് നോക്കുക:

   

  “തിന്മ പ്രവര്‍ത്തിക്കുന്ന ഏതു മനുഷ്യാത്മാവിന്നും കഷ്ടവും സങ്കടവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും വരും. നന്മ പ്രവര്‍ത്തിക്കുന്ന ഏവന്നും മഹത്വവും മാനവും സമാധാനവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും ലഭിക്കും. ദൈവത്തിന്‍റെ പക്കല്‍ മുഖപക്ഷം ഇല്ലല്ലോ” (റോമ.2:9-11)

   

  ഈ ദൈവിക നീതിയനുസരിച്ചു യേശുക്രിസ്തു യിസ്രായേലിലേക്ക് വന്നു. യിസ്രായേല്‍ യേശുക്രിസ്തുവിലൂടെയുള്ള രക്ഷയെ അംഗീകരിക്കുകയും പിന്നെ യിസ്രായേല്‍ മുഖാന്തരം ആ രക്ഷ ലോകത്തുള്ള സകല ജനതകളിലേക്കും വിളംബരം ചെയ്യപ്പെടുകയും ചെയ്യുക എന്നുള്ളതായിരുന്നു ദൈവിക പദ്ധതി. എന്നാല്‍ യിസ്രായേല്‍ യേശുക്രിസ്തുവിനെ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. തന്നെ അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന യിസ്രായേല്‍ പട്ടണങ്ങളെ യേശുക്രിസ്തു ശാസിക്കുന്നുമുണ്ട്:

   

  “പിന്നെ അവന്‍ തന്‍റെ വീര്യപ്രവൃത്തികള്‍ മിക്കതും നടന്ന പട്ടണങ്ങള്‍ മാനസാന്തരപ്പെടായ്കയാല്‍ അവയെ ശാസിച്ചുതുടങ്ങി: “കോരസീനേ, നിനക്കു ഹാ കഷ്ടം; ബേത്ത് സയിദേ, നിനക്കു ഹാ കഷ്ടം; നിങ്ങളില്‍ നടന്ന വീര്യപ്രവൃത്തികള്‍ സോരിലും സീദോനിലും നടന്നിരുന്നു എങ്കില്‍ അവര്‍ പണ്ടുതന്നേ രട്ടിലും വെണ്ണീറിലും മാനസാന്തരപ്പെടുമായിരുന്നു. എന്നാല്‍ ന്യായവിധിദിവസത്തില്‍ നിങ്ങളെക്കാള്‍ സോരിന്നും സീദോന്നും സഹിക്കാവതാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. നീയോ കഫര്‍ന്നഹൂമേ, സ്വര്‍ഗ്ഗത്തോളം ഉയര്‍ന്നിരിക്കുമോ? നീ പാതാളംവരെ താണുപോകും; നിന്നില്‍ നടന്ന വീര്യപ്രവൃത്തികള്‍ സൊദോമില്‍ നടന്നിരുന്നു എങ്കില്‍ അതു ഇന്നുവരെ നിലക്കുമായിരുന്നു. എന്നാല്‍ ന്യായവിധിദിവസത്തില്‍ നിന്നെക്കാള്‍ സൊദോമ്യരുടെ നാട്ടിന്നു സഹിക്കാവതാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു” (മത്താ.11:20-24).

   

  മാത്രമല്ല, ദൈവിക വാഗ്ദത്തത്തിന്‍റെ നിറവേറലനുസരിച്ചു ആദ്യം യെഹൂദന്‍ എന്ന ക്രമത്തില്‍ അതുവരെ യിസ്രായേല്‍ മക്കളോട് മാത്രം പ്രസംഗിച്ചിരുന്ന യേശുക്രിസ്തു പിന്നീട് എല്ലാവരോടും തന്‍റെ അടുക്കല്‍ വരാന്‍ ആവശ്യപ്പെടുകയാണ്:

   

  “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍ ; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും. ഞാന്‍ സൌമ്യതയും താഴ്മയും ഉള്ളവന്‍ ആകയാല്‍ എന്‍റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിന്‍ ; എന്നാല്‍ നിങ്ങളുടെ ആത്മാക്കള്‍ക്കു ആശ്വാസം കണ്ടത്തും. എന്‍റെ നുകം മൃദുവും എന്‍റെ ചുമടു ലഘുവും ആകുന്നു” (മത്താ.11:28-30)

   

  യോഹന്നാന്‍ അപ്പോസ്തലന്‍ തന്‍റെ സുവിശേഷത്തിന്‍റെ ആമുഖത്തില്‍ ഇക്കാര്യം വളരെ മനോഹരമായി രേഖപ്പെടുത്തിയിട്ടുണ്ട്:

   

  “അവന്‍ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല. അവനെ കൈക്കൊണ്ടു അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു” (യോഹ.1:11,12)

   

  ഈ ചരിത്ര പശ്ചാത്തലത്തിന്‍റെയും വചനങ്ങളുടെയും അടിസ്ഥാനത്തില്‍ വേണം നാം കനാന്യ സ്ത്രീയോട് യേശുക്രിസ്തു ഇടപെട്ട വിധം മനസ്സിലാക്കേണ്ടത്. മൂന്നു കാര്യങ്ങളാണ് യേശുക്രിസ്തു അവിടെ ജനങ്ങളെ പഠിപ്പിക്കാന്‍ ശ്രമിച്ചത്:

   

  1. ദൈവിക വാഗ്ദാനത്തിന്‍റെ നിറവേറല്‍

   

  2. ദൈവത്തിലുള്ള യിസ്രായേലിന്‍റെ അവിശ്വാസം

   

  3. ദൈവത്തിലുള്ള ജാതികളുടെ വിശ്വാസം.

   

  “യിസ്രായേല്‍ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്നുള്ള യേശുക്രിസ്തുവിന്‍റെ വാക്കുകള്‍ യെഹസ്കേല്‍ 34:16-ലെ ദൈവിക വാഗ്ദാനത്തിന്‍റെ നിറവേറലാണ്. ദൈവം യിസ്രായേലിനോടുള്ള തന്‍റെ വാഗ്ദത്തങ്ങള്‍ നിറവേറ്റുന്നതില്‍ അവിശ്വസ്തത കാണിച്ചിട്ടുള്ളവനല്ല. പക്ഷേ, യിസ്രായേല്‍ ജനം ദൈവത്തോട് നന്ദിയുള്ളവര്‍ ആയിരിക്കേണ്ടതിനു പകരം എപ്പോഴും അവിശ്വസ്തതയുള്ളവരായിരുന്നു. യേശുക്രിസ്തുവിന്‍റെ വീര്യപ്രവൃത്തികള്‍ കാണുകയും അവന്‍റെ പ്രസംഗങ്ങള്‍ കേള്‍ക്കുകയും ചെയ്തിട്ടും അവര്‍ മാനസാന്തരപ്പെട്ടു യേശുക്രിസ്തുവില്‍ വിശ്വസിച്ചില്ല. എന്നാല്‍ പുറജാതിക്കാരിയായ ആ കനാന്യ സ്ത്രീയാകട്ടെ, യേശുക്രിസ്തുവില്‍ അടിയുറച്ച വിശ്വാസമുള്ളവളായിരുന്നു. അവളുടെ ആ വിശ്വാസം മറ്റുള്ളവരുടെ മുമ്പാകെ വെളിപ്പെടുത്തേണ്ടതിനാണ് യേശുക്രിസ്തു യിസ്രായേലിനെ മക്കളോടും അവരെ നായ്ക്കുട്ടികളോടും ഉപമിച്ചത്. അവളാകട്ടെ, തങ്ങളുടെ അവസ്ഥ ദൈവമുമ്പാകെ എന്തെങ്കിലും ലഭിക്കാന്‍ തക്കവിധം യോഗ്യതയുള്ളതല്ല എന്ന് തുറന്നു സമ്മതിക്കുകയും ചെയ്യുന്നു. അവളുടെ താഴ്മയേയും വലിയ വിശ്വാസത്തേയും യേശുക്രിസ്തു പ്രകീര്‍ത്തിക്കുകയും അവള്‍ ആവശ്യപ്പെട്ട കാര്യം ചെയ്തു കൊടുക്കുകയും ചെയ്യുന്നു. ഒരു മനുഷ്യന്‍റെ താഴ്ചയെ കുറിക്കുവാന്‍ നായ്‌ എന്ന് പ്രയോഗിക്കുന്നത് ബൈബിള്‍ നാടുകളില്‍ പരക്കെ പ്രചാരത്തിലിരുന്ന ശൈലിയാണ്. ചില ഉദാഹരണങ്ങള്‍ പഴയ നിയമത്തില്‍ നിന്നും പരിശോധിക്കാം:

   

  ഈ മഹാകാര്യം ചെയ്‍വാന്‍ നായായിരിക്കുന്ന അടിയന്‍ എന്തു മാത്രമുള്ളു എന്നു ഹസായേല്‍ പറഞ്ഞതിന്നു എലീശാ: ‘നീ അരാമില്‍ രാജാവാകും എന്നു യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു’ എന്നു പറഞ്ഞു” (2.രാജാ.8:13)

   

  അരാം രാജാവായ ബെന്‍ ഹദദിന്‍റെ സേനാപതിയായ ഹാസയേല്‍ എലീശാ പ്രവാചകന്‍റെ മുമ്പാകെ തന്നെത്തന്നെ വിശേഷിപ്പിക്കുന്നത് “നായ്‌” എന്നാണ്.

   

  ആരെ തേടിയാകുന്നു യിസ്രായേല്‍രാജാവു പുറപ്പെട്ടിരിക്കുന്നതു? ആരെയാകുന്നു പിന്തുടരുന്നതു? ഒരു ചത്തനായയെ, ഒരു ചെള്ളിനെ അല്ലയോ?” (1.ശമുവേല്‍.24:14)

   

  യിസ്രായേല്‍ രാജാവായ ശൌലിന്‍റെ മുമ്പില്‍ ദാവീദ്‌ തന്നെത്തന്നെ വിശേഷിപ്പിക്കുന്നത് “ചത്ത നായ്‌” എന്നാണ്.

   

  “അവന്‍ നമസ്കരിച്ചുംകൊണ്ടു: ‘ചത്ത നായെപ്പോലെ ഇരിക്കുന്ന അടിയനെ നീ കടാക്ഷിപ്പാന്‍ അടിയന്‍ എന്തുള്ളു’ എന്നു പറഞ്ഞു”  (2.ശമുവേല്‍.9:8)

   

  ശൌലിന്‍റെ മകന്‍ യോനാഥാന്‍റെ മകന്‍ മേഫീബോശേത്ത് ദാവീദ്‌ രാജാവിന്‍റെ മുന്‍പില്‍ തന്നെത്തന്നെ വിശേഷിപ്പിക്കുന്നത് “ചത്ത നായ്‌” എന്നാണ്. ഇതേ ആശയത്തില്‍ തന്നെയാണ് “നായ്‌ത്തല” എന്ന പ്രയോഗവും:

   

  അബ്നേര്‍ ഈശ്-ബോശെത്തിന്‍റെ വാക്കുനിമിത്തം ഏറ്റവും കോപിച്ചു പറഞ്ഞതു: ഞാന്‍ യെഹൂദാ പക്ഷത്തിലുള്ള ഒരു നായ്ത്തലയോ? ഇന്നു ഞാന്‍ നിന്‍റെ അപ്പനായ ശൌലിന്‍റെ ഗൃഹത്തോടും അവന്‍റെ സഹോദരന്മാരോടും സ്നേഹിതന്മാരോടും ദയ കാണിക്കയും നിന്നെ ദാവീദിന്‍റെ കയ്യില്‍ ഏല്പിക്കാതിരിക്കയും ചെയ്തിരിക്കെ ഇന്നു ഈ സ്ത്രീ നിമിത്തം നീ എന്നെ കുറ്റം ചുമത്തുന്നുവോ?” (2.ശമു.3:8)

   

  യിസ്രായേലില്‍ ഉള്ളവരും യിസ്രായേലിന് പുറത്തുള്ളവരും ഒരുപോലെ തങ്ങളുടെ താഴ്ചയെ കുറിക്കുവാന്‍ നായ്‌ എന്ന് വിളിച്ചിരുന്നു എന്ന് ഇതില്‍നിന്ന് വളരെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. ദൈവിക വാഗ്ദത്തം ലഭിച്ച, തന്മൂലം അഹങ്കാരികളായിത്തീര്‍ന്ന യിസ്രായേല്‍ ജനം തങ്ങളെ രക്ഷിക്കാന്‍ വന്ന മശിഹയെ തള്ളിക്കളഞ്ഞപ്പോള്‍ വാഗ്ദത്ത നിയമങ്ങള്‍ക്ക് അന്യരായിരുന്ന പുറജാതികാരിയായിരുന്ന ആ സ്ത്രീ തന്നെത്തന്നെ ദൈവമുമ്പാകെ  താഴ്ത്താന്‍ തയ്യാറായപ്പോള്‍ അവര്‍ക്ക്‌ ദൈവത്തില്‍ നിന്ന് രക്ഷയും ആശ്വാസവും ലഭിച്ചു. അവര്‍ക്ക്‌ മാത്രമല്ല, ദൈവമുമ്പാകെ തങ്ങളെത്തന്നെ താഴ്ത്താനും സ്വന്തപാപങ്ങള്‍ ഏറ്റുപറഞ്ഞ്, തങ്ങളെ പാപത്തില്‍ നിന്നും വീണ്ടെടുക്കാന്‍ വന്ന ദൈവപുത്രനായ യേശുക്രിസ്തുവിനെ തങ്ങളുടെ കര്‍ത്താവായി സ്വീകരിക്കുന്ന ആര്‍ക്കും ജാതിമതഭേദമന്യേ ഈ രക്ഷ കരസ്ഥമാക്കാന്‍ കഴിയുന്നതാണ്. ദാവാക്കാരുടെ കുപ്രചരണങ്ങളില്‍ വീണു കിടക്കുന്ന മുസ്ലീം സ്നേഹിതര്‍ക്കും യേശുക്രിസ്തുവിനെ കര്‍ത്താവും ദൈവവുമായി അംഗീകരിക്കുന്നത് വഴി ഈ രക്ഷയ്ക്ക്‌ അവകാശികളായി തീരാം, നസ്രായനായ യേശു അതിന് നിങ്ങളെ സഹായിക്കട്ടെ… 

  Leave a Comment