യഹോവയുടെ ദൂത പ്രത്യക്ഷതകള്‍ (ഭാഗം-3)
യഹോവയും യഹോവയുടെ ദൂതനും ഭിന്നരാണ്.
നാം ഇതിനു മുന്‍പുള്ള രണ്ടു ഭാഗങ്ങളില്‍ യഹോവയും യഹോവയുടെ ദൂതനും ഒന്നുതന്നെയാണ് എന്നാണല്ലോ ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കിയത്. എന്നാല്‍ യഹോവയും യഹോവയുടെ ദൂതനും ഭിന്ന വ്യക്തികളാണ് എന്ന യാഥാര്‍ത്ഥ്യവും ബൈബിള്‍ വെളിപ്പെടുത്തുന്നുണ്ട്. അതും നമുക്ക് നോക്കാം:
- “ഇതാ, വഴിയില്‍ നിന്നെ കാക്കേണ്ടതിന്നും ഞാന്‍ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാന്‍ ഒരു ദൂതനെ നിന്‍റെ മുമ്പില്‍ അയക്കുന്നു. നീ അവനെ ശ്രദ്ധിച്ചു അവന്‍റെ വാക്കു കേള്‍ക്കേണം; അവനോടു വികടിക്കരുതു; അവന്‍ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്‍റെ നാമം അവനില്‍ ഉണ്ടു. എന്നാല്‍ നീ അവന്‍റെ വാക്കു ശ്രദ്ധയോടെ കേട്ടു ഞാന്‍ കല്പിക്കുന്നതൊക്കെയും ചെയ്താല്‍ നിന്നെ പകെക്കുന്നവരെ ഞാന്‍ പകെക്കും; നിന്നെ ഞെരുക്കുന്നവരെ ഞാന്‍ ഞെരുക്കും. എന്‍റെ ദൂതന്‍ നിനക്കു മുമ്പായി നടന്നു നിന്നെ അമോര്‍യ്യര്‍, ഹിത്യര്‍, പെരിസ്യര്‍, കനാന്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ദേശത്തേക്കു കൊണ്ടുപോകും; അവരെ ഞാന്‍ നിര്‍മ്മൂലമാക്കും” (പുറ.23:20-23)
യഹോവയായ ദൈവം മോശെ മുഖാന്തരം യിസ്രായേല്‍ മക്കളോട് പറഞ്ഞ വചനമാണ് മുകളില്‍ ഉള്ളത്. അവിടെ യഹോവ പറയുന്നത് ‘ഒരു ദൂതനെ നിന്‍റെ മുന്‍പില്‍ അയക്കുന്നു’ എന്നാണ്. ഇത് കേവലം ഒരു സന്ദേശ വാഹകനായ ദൂതനല്ല, കാരണം ഈ ദൂതനില്‍ യഹോവയുടെ നാമം ഉണ്ട്. ദൈവത്തിന്‍റെ നാമം ദൈവത്തില്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ, അവന്‍റെ സൃഷ്ടികളില്‍ ഉണ്ടാകാന്‍ പാടില്ല. യഹോവ എന്ന നാമം യഹോവയ്ക്കു മാത്രമല്ലാതെ വേറെ ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല. അവന്‍റെ നാമം വൃഥാ എടുക്കരുതെന്ന് ന്യായപ്രമാണത്തില്‍ കല്പന ഉള്ളപ്പോള്‍ അവന്‍റെ സൃഷ്ടികളായ ദൂതന്മാര്‍ ആ നാമം തങ്ങള്‍ക്കായി എടുക്കും എന്ന് ചിന്തിക്കുന്നത് ഭോഷത്വമാണ്. അതുകൊണ്ടുതന്നെ ഇത് സാധാരണ ദൂതനല്ല എന്ന് വ്യക്തം. ഇവിടെ യഹോവയും യഹോവയുടെ ദൂതനും എന്ന ഭിന്നരായ രണ്ടു വ്യക്തികളെ നാം കാണുന്നു.
- “ആകയാല്‍ നീ പോയി ഞാന്‍ നിന്നോടു അരുളിച്ചെയ്ത ദേശത്തേക്കു ജനത്തെ കൂട്ടിക്കൊണ്ടു പോക; എന്‍റെ ദൂതന്‍ നിന്‍റെ മുമ്പില്‍ നടക്കും. എന്നാല്‍ എന്‍റെ സന്ദര്‍ശനദിവസത്തില്‍ ഞാന്‍ അവരുടെ പാപം അവരുടെമേല്‍ സന്ദര്‍ശിക്കും എന്നു അരുളിച്ചെയ്തു” (പുറ.32:34)
“അനന്തരം യഹോവ മോശെയോടു കല്പിച്ചതു എന്തെന്നാല്‍: നീയും മിസ്രയീം ദേശത്തുനിന്നു നീ കൊണ്ടുവന്ന ജനവും ഇവിടെ നിന്നു പുറപ്പെട്ടു, നിന്‍റെ സന്തതിക്കു കൊടുക്കുമെന്നു ഞാന്‍ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു, തന്നേ, പോകുവിന്‍. ഞാന്‍ ഒരു ദൂതനെ നിനക്കു മുമ്പായി അയക്കും; കനാന്യന്‍, അമോര്‍യ്യന്‍, ഹിത്യന്‍, പെരിസ്യന്‍, ഹിവ്യന്‍, യെബൂസ്യന്‍ എന്നിവരെ ഞാന്‍ ഓടിച്ചുകളയും. വഴിയില്‍വെച്ചു ഞാന്‍ നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന്നു ഞാന്‍ നിന്‍റെ നടുവില്‍ നടക്കയില്ല; നീ ദുശ്ശാഠ്യമുള്ള ജനം ആകുന്നു” (പുറ.33:1-3)
മോശെ നാല്പതു രാവും നാല്പതു പകലും ദൈവത്തോടുകൂടെ ഹോരെബ് പര്‍വ്വതത്തില്‍ ആയിരുന്ന സമയത്ത് യിസ്രായേല്‍ ജനം മോശെയെ കാണാതിരുന്നപ്പോള്‍ അഹരോനോടു പറഞ്ഞു കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കി അതാണ് തങ്ങളെ മിസ്രയീം ദേശത്ത് നിന്നും വിടുവിച്ചു കൊണ്ടുവന്ന ദൈവം എന്ന് പറഞ്ഞു. ഈ സംഭവത്തിനുശേഷം ദൈവം മോശെയോടു പറയുന്ന കാര്യമാണ് ഈ രണ്ടു വചനങ്ങളും. യഹോവ പറയുന്നത് ‘നീ ദുശ്ശാഠ്യമുള്ള ജനമായതിനാല്‍ ഞാന്‍ നിന്‍റെ നടുവില്‍ നടക്കുകയില്ല, എന്‍റെ ദൂതനെ ഞാന്‍ നിനക്ക് മുമ്പായി അയക്കും’ എന്നാണ്. ഇവിടേയും യഹോവയും യഹോവയുടെ ദൂതനും ഭിന്നരാണ് എന്ന് നമുക്ക് കാണാം.
- “ദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന്നു ഒരു ദൂതനെ അവിടെ അയച്ചു; അവന്‍ നശിപ്പിപ്പാന്‍ ഭാവിക്കുമ്പോള്‍ യഹോവ കണ്ടു ആ അനര്‍ത്ഥത്തെക്കുറിച്ചു അനുതപിച്ചു നാശകദൂതനോടു: ‘മതി, നിന്‍റെ കൈ പിന്‍ വലിക്ക എന്നു കല്പിച്ചു, യഹോവയുടെ ദൂതന്‍ യെബൂസ്യനായ ഒര്‍ന്നാന്‍റെ കളത്തിന്നരികെ നില്‍ക്കയായിരുന്നു” (1.ദിന.21:15)
ഈ ഭാഗം നാം മുന്‍പ് വിചിന്തനം ചെയ്തിട്ടുള്ളതാണ് എന്നതിനാല്‍ സന്ദര്‍ഭം വിശദീകരിക്കുന്നില്ല. ഇവിടെ പരാമര്‍ശിക്കുന്ന ദൂതന്‍ യഹോവയാണെന്നു നാം നേരത്തെ മനസ്സിലാക്കിയതാണ്. എന്നാല്‍ ആ ദൂതനെ യഹോവ അയച്ചതാണെന്ന് ദൈവവചനം പറയുന്നു. അര്‍ത്ഥാല്‍ യഹോവയുടെ ദൂതനും യഹോവയും ഭിന്നരാണ്.
- “എന്നാറെ യഹോവയുടെ ദൂതന്‍: സൈന്യങ്ങളുടെ യഹോവേ, ഈ എഴുപതു സംവത്സരം നീ ക്രൂദ്ധിച്ചിരിക്കുന്ന യെരൂശലേമിനോടും യെഹൂദാപട്ടണങ്ങളോടും നീ എത്രത്തോളം കരുണ കാണിക്കാതിരിക്കും എന്നു ചോദിച്ചു” (സെഖര്യാ.1”12)
ഇവിടെ യഹോവയുടെ ദൂതന്‍ യഹോവയുടെ മുന്‍പാകെ യെരുശലേമിനും യഹൂദ്യ രാജ്യത്തിനും വേണ്ടി മധ്യസ്ഥ പ്രാര്‍ത്ഥന നടത്തുകയാണ്. ഇവിടേയും തെളിയുന്നത് യഹോവയുടെ ദൂതനും യഹോവയും ഭിന്നരാണ് എന്ന സത്യമത്രേ.
യഹോവയുടെ ദൂതന്‍ എന്ന പേരില്‍ മാത്രമല്ലാതെ വേറെ ചില പേരുകളിലും ഈ ദൂതന്‍റെ പ്രത്യക്ഷതകള്‍ പഴയ നിയമത്തില്‍ ഉണ്ടായിട്ടുണ്ട് എന്ന് കാണാവുന്നതാണ്. നമുക്ക് അതും പരിശോധിക്കാം:
- യഹോവയുടെ സൈന്യത്തിന്‍റെ അധിപതി എന്ന നിലയിലുള്ള പ്രത്യക്ഷത:
“യോശുവ യെരീഹോവിന്നു സമീപത്തു ഇരിക്കുമ്പോള്‍ തല ഉയര്‍ത്തി നോക്കി; ഒരു ആള്‍ കയ്യില്‍ വാള്‍ ഊരിപ്പിടിച്ചുകൊണ്ടു അവന്‍റെ നേരെ നിലക്കുന്നതു കണ്ടു; യോശുവ അവന്‍റെ അടുക്കല്‍ ചെന്നു അവനോടു: നീ ഞങ്ങളുടെ പക്ഷക്കാരനോ ശത്രുപക്ഷക്കാരനോ എന്നു ചോദിച്ചു. അതിന്നു അവന്‍: അല്ല, ഞാന്‍ യഹോവയുടെ സൈന്യത്തിന്‍റെ അധിപതിയായി ഇപ്പോള്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു. അപ്പോള്‍ യോശുവ സാഷ്ടാംഗം വീണു നമസ്കരിച്ചു അവനോടു: കര്‍ത്താവിന്നു അടിയനോടുള്ള കല്പന എന്തു എന്നു ചോദിച്ചു. യഹോവയുടെ സൈന്യത്തിന്‍റെ അധിപതി യോശുവയോടു: നിന്‍റെ കാലില്‍നിന്നു ചെരിപ്പു അഴിച്ചുകളക; നീ നിലക്കുന്ന സ്ഥലം വിശുദ്ധമാകുന്നു എന്നു പറഞ്ഞു; യോശുവ അങ്ങനെ ചെയ്തു” (യോശുവ.5:13-15)
യിസ്രായേല്‍ മക്കള്‍ മിസ്രയീമില്‍ നിന്നും പുറപ്പെട്ടു നാല്പതു വര്‍ഷത്തെ മരുഭൂമി വാസവും കഴിഞ്ഞു യോശുവയുടെ നേതൃത്വത്തില്‍ യോര്‍ദ്ദാന്‍ നദിയെ വിഭജിച്ചു വാഗ്ദത്ത കനാന്‍ നാട്ടില്‍ കടന്നു ഗില്‍ഗാലില്‍ പാളയമിറങ്ങിയിരിക്കുകയാണ്. ഗില്‍ഗാലില്‍ വെച്ച് യോശുവ ജനത്തെ പരിഛേദന കഴിപ്പിച്ചു. അത് വരെ ലഭിച്ചു കൊണ്ടിരുന്ന മന്ന നിന്നുപോയി. കനാന്‍ നാട്ടിലെ ജനങ്ങള്‍ അതിശക്തരാണ്. അനാക്യമല്ലന്മാര്‍ ഉള്ള രാജ്യം. പരിഛേദന കഴിഞ്ഞ പുരുഷപ്രജകള്‍ എല്ലാം വിശ്രമത്തിലാണ്. അപ്രതീക്ഷിതമായി കനാന്‍ നാട്ടിലുള്ളവര്‍ യിസ്രായേലിനെ ആക്രമിച്ചാല്‍ പ്രതിരോധിക്കാന്‍ വളരെ ബുദ്ധിമുട്ടേണ്ടി വരും. ഇങ്ങനെയുള്ള അവസ്ഥയില്‍ യിസ്രായേല്‍ സൈന്യാധിപനും നായകനുമായ യോശുവ ചിന്താകുലനായി യെരീഹോവിനു സമീപത്തുള്ള വെളിമ്പ്രദേശത്തു ഇരിക്കുമ്പോള്‍ അപരിചിതനായ ഒരു വ്യക്തി കയ്യില്‍ വാള്‍ ഊരിപ്പിടിച്ചു കൊണ്ട് നില്‍ക്കുന്നത് കാണുന്നു. അവര്‍ തമ്മിലുള്ള സംഭാഷണമാണ് മുകളില്‍ വായിച്ചത്. “യഹോവയുടെ സൈന്യത്തിന്‍റെ അധിപതി” എന്നാണു വന്നയാള്‍ തന്നെത്തന്നെ പരിചയപ്പെടുത്തിയത്. ‘സൈന്യങ്ങളുടെ യഹോവ’ തന്നെയാണ് ‘യഹോവയുടെ സൈന്യത്തിന്‍റെ അധിപതി’ എന്ന് തിരിച്ചറിഞ്ഞ യോശുവ സാഷ്ടാംഗം നമസ്കരിക്കുകയാണ്. വന്നിരിക്കുന്നത് യഹോവ തന്നെയാണ് എന്ന് തിരിച്ചറിയാന്‍ യോശുവയ്ക്ക് കഴിഞ്ഞു. യോശുവ ഈ വ്യക്തിയെ വിളിക്കുന്നത് ‘കര്‍ത്താവ്’ എന്നാണ്. മാത്രമല്ല, മോശെക്കു മുള്‍പ്പടര്‍പ്പില്‍ പ്രത്യക്ഷനായ യഹോവയുടെ ദൂതന്‍ പറഞ്ഞ “നിന്‍റെ കാലില്‍നിന്നു ചെരിപ്പു അഴിച്ചുകളക; നീ നിലക്കുന്ന സ്ഥലം വിശുദ്ധമാകുന്നു” എന്ന അതേ വാചകങ്ങള്‍ തന്നെയാണ് യഹോവയുടെ സൈന്യത്തിന്‍റെ അധിപതിയും പറഞ്ഞത്. ഇതില്‍നിന്നും യഹോവയുടെ ദൂതനും യഹോവയുടെ സൈന്യത്തിന്‍റെ അധിപതിയും ഒരേ ആള്‍ തന്നെയാണ് എന്ന് തെളിയുന്നു.
- ദൈവപുത്രന്‍ എന്ന നിലയിലുള്ള പ്രത്യക്ഷത:
“അപ്പോള്‍ നെബൂഖദ്നേസരിന്നു കോപം മുഴുത്തു ശദ്രക്കിന്‍റെയും മേശക്കിന്‍റെയും അബേദ്നെഗോവിന്‍റെയും നേരെ മുഖഭാവം മാറി; ചൂള പതിവായി ചൂടുപിടിപ്പിച്ചതില്‍ ഏഴുമടങ്ങു ചൂടുപിടിപ്പിപ്പാന്‍ അവന്‍ കല്പിച്ചു. അവന്‍ തന്‍റെ സൈന്യത്തിലെ മഹാബലവാന്മാരായ ചില പുരുഷന്മാരോടു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും ബന്ധിച്ചു എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളവാന്‍ കല്പിച്ചു. അങ്ങനെ അവര്‍ ആ പുരുഷന്മാരെ, അവരുടെ കാല്‍ചട്ട, കുപ്പായം, മേലാട മുതലായ വസ്ത്രങ്ങളോടുകൂടെ ബന്ധിച്ചു എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളഞ്ഞു. രാജകല്പന കര്‍ശനമായിരിക്കകൊണ്ടും ചൂള അത്യന്തം ചൂടായിരിക്കകൊണ്ടും ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും എടുത്തു കൊണ്ടുപോയ പുരുഷന്മാരെ അഗ്നിജ്വാല ദഹിപ്പിച്ചുകളഞ്ഞു. ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു പുരുഷന്മാരോ ബന്ധിക്കപ്പെട്ടവരായി എരിയുന്ന തീച്ചൂളയില്‍ വീണു. നെബൂഖദ്നേസര്‍രാജാവു ഭ്രമിച്ചു വേഗത്തില്‍ എഴുന്നേറ്റു മന്ത്രിമാരോടു: നാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ചു തീയില്‍ ഇട്ടതു ഇന്നു ചോദിച്ചതിന്നു അവര്‍: സത്യം തന്നേ രാജാവേ എന്നു രാജാവിനോടു ഉണര്‍ത്തിച്ചു. അതിന്നു അവന്‍: നാലു പുരുഷന്മാര്‍ കെട്ടഴിഞ്ഞു തീയില്‍ നടക്കുന്നതു ഞാന്‍ കാണുന്നു; അവര്‍ക്കു ഒരു കേടും തട്ടീട്ടില്ല; നാലാമത്തവന്‍റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു എന്നു കല്പിച്ചു. നെബൂഖദ്നേസര്‍ എരിയുന്ന തീച്ചൂളയുടെ വാതില്‍ക്കല്‍ അടുത്തു ചെന്നു; അത്യുന്നതദൈവത്തിന്‍റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ് നെഗോവേ, പുറത്തുവരുവിന്‍ എന്നു കല്പിച്ചു; അങ്ങനെ ശദ്രക്കും മേശക്കും അബേദ്നെഗോവും തീയില്‍നിന്നു പുറത്തുവന്നു” (ദാനി.3:19-26)
ബാബിലോണ്‍ സാമ്രാജ്യസ്ഥാപകനായ നെബുഖദ്‌നേസ്സര്‍ ചക്രവര്‍ത്തി ദൂരാ സമഭൂമിയില്‍ സ്ഥാപിച്ച കൂറ്റന്‍ സ്വര്‍ണ്ണ ബിംബത്തെ നമസ്കരിക്കാതിരുന്ന ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു യെഹൂദാ പുരുഷന്മാരെ എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളഞ്ഞപ്പോള്‍ അഗ്നിജ്വാലയില്‍നിന്നു അവരെ വിടുവിച്ചു അവരോടൊപ്പം എരിയുന്ന തീച്ചൂളയില്‍ നടക്കുന്ന ദൈവപുത്രനെ ഇവിടെ നാം കാണുന്നു. ദൈവത്തിനു ഒരു പുത്രനുണ്ട് എന്ന് പഴയ നിയമകാലത്തുള്ളവര്‍ മനസ്സിലാക്കിയിരുന്നു. തെളിവിനായി ഒരു വാക്യം ഉദ്ധരിക്കാം:
“സ്വര്‍ഗ്ഗത്തില്‍ കയറുകയും ഇറങ്ങിവരികയും ചെയ്തവന്‍ ആര്‍? കാറ്റിനെ തന്‍റെ മുഷ്ടിയില്‍ പിടിച്ചടക്കിയവന്‍ ആര്‍? വെള്ളങ്ങളെ വസ്ത്രത്തില്‍ കെട്ടിയവന്‍ ആര്‍? ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവന്‍ ആര്‍? അവന്‍റെ പേരെന്ത്? അവന്‍റെ മകന്‍റെ പേര്‍ എന്ത്? നിനക്കറിയാമോ?” (സദൃ.30:4)
മനുഷ്യപുത്രന്‍ എന്ന് പറഞ്ഞാല്‍ അത് മനുഷ്യനാണ്, അല്ലാതെ പട്ടിയോ പൂച്ചയോ ആടോ കടുവയോ ഒന്നുമല്ല എന്ന് നാം അര്‍ത്ഥം കൊടുക്കുന്നതുപോലെ ദൈവപുത്രന്‍ എന്ന് പറഞ്ഞാല്‍ അത് ദൈവമാണ് എന്ന് മനസ്സിലാക്കാനുള്ള വിവേകം അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ദൈവപുത്രന്‍ എന്നൊക്കെ പറയുമ്പോള്‍ ഇന്ന് ചിലര്‍ ചോദിക്കുന്നത് ദൈവത്തിനു ഭാര്യയില്ലാതിരിക്കെ എങ്ങനെ ഒരു പുത്രനുണ്ടാകും എന്നാണ്. എന്തും ഏതും ജഡികേച്ഛയോടെ മാത്രം നോക്കിക്കാണുന്ന ആളുകളില്‍ നിന്ന് ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ഉണ്ടായില്ലെങ്കിലാണ് അത്ഭുതം. ‘ഉണ്ടാകട്ടെ’ എന്നുള്ള ഒരൊറ്റ വചനത്താല്‍ ഒന്നുമില്ലായ്മയില്‍ നിന്നും സകലതും ഉളവാക്കാന്‍ കഴിയുന്ന ദൈവത്തിനു ഒരു പുത്രന്‍ ഉണ്ടാകണമെങ്കില്‍ ഒരു ഭാര്യയുടെ സഹായം കൂടിയേ തീരൂ എന്ന് വിചാരിച്ച് ദൈവത്തിന്‍റെ ശക്തിയെക്കുറിച്ച് അറിവില്ലാതിരിക്കുന്ന മന്ദബുദ്ധികള്‍ ഇക്കാലത്തും ഉണ്ടല്ലോ എന്നോര്‍ത്ത് സഹതപിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുവാന്‍ നമുക്ക് കഴിയുകയില്ല. എന്തായാലും ദൈവപുത്രന്‍ എന്ന നിലയിലും പഴയനിയമത്തില്‍ ദൈവത്തിന്‍റെ പ്രത്യക്ഷത നമുക്ക് കാണാന്‍ കഴിയുന്നു.
- സംഹാരകന്‍ എന്ന നിലയിലുള്ള പ്രത്യക്ഷത:
“യഹോവ മിസ്രയീമ്യരെ ദണ്ഡിപ്പിക്കേണ്ടതിന്നു കടന്നുവരും; എന്നാല്‍ കുറുമ്പടിമേലും കട്ടളക്കാല്‍ രണ്ടിന്മേലും രക്തം കാണുമ്പോള്‍ യഹോവ വാതില്‍ ഒഴിഞ്ഞു കടന്നു പോകും; നിങ്ങളുടെ വീടുകളില്‍ നിങ്ങളെ ദണ്ഡിപ്പിക്കേണ്ടതിന്നു സംഹാരകന്‍ വരുവാന്‍ സമ്മതിക്കയുമില്ല” (പുറ.12:23)
മിസ്രയീമ്യരെ ദണ്ഡിപ്പിക്കേണ്ടതിന്നു കടന്നുവരുന്നത് യഹോവയാണ് എന്ന് ആദ്യം പറഞ്ഞിട്ട് പിന്നെ പറയുന്നത് ദണ്ഡിപ്പിക്കേണ്ടതിന്നു കടന്നുവരുന്നത് സംഹാരകന്‍ ആണെന്നാണ്. സംഹാരദൂതന്‍ പലപ്പോഴും യിസ്രായേലിന്‍റെ ചരിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. യിസ്രായേലിനെതിരെ ശത്രുക്കള്‍ പ്രബലപ്പെട്ടപ്പോള്‍ അവരെ സംഹരിക്കാന്‍ ഈ ദൂതന്‍ വന്നിട്ടുണ്ട്. അശ്ശൂര്‍ പാളയത്തില്‍ കയറി ഒരുലക്ഷത്തിയെണ്‍പത്തയ്യായിരം അശ്ശൂര്‍ സൈനികരെ കൊന്നുകളഞ്ഞ സമയത്തു ഈ ദൂതന്‍ സംഹാരകനായിരുന്നു. ദൈവത്തിന്‍റെ കല്പന നിരസിച്ച സമയങ്ങളില്‍ യിസ്രായേലിനെ ശിക്ഷിക്കാനും ഈ സംഹാര ദൂതന്‍ വന്നിട്ടുണ്ട്. ദാന്‍ മുതല്‍ ബേര്‍ശേബ വരെ എഴുപതിനായിരം പേരെ കൊന്നുകളഞ്ഞ സമയത്ത് അവന്‍ സംഹാരകനായിരുന്നു. ഈ സംഹാര ദൂതന്‍റെ വാളിനെ പേടിച്ചിട്ടു യഹോവയോടു അരുളപ്പാട് ചോദിക്കാന്‍ വേണ്ടി യഹോവയുടെ സന്നിധിയിലേക്ക് പോകുവാന്‍ പോലും യഹോവയുടെ ഹൃദയപ്രകാരമുള്ള മനുഷ്യനായ ദാവീദ് ഭയപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇങ്ങനെ യഹോവയുടെ ദൂതന്‍, യഹോവയുടെ സൈന്യത്തിന്‍റെ അധിപതി, ദൈവപുത്രന്‍, സംഹാരകന്‍ എന്നീ നിലകളില്‍ യഹോവയുടെ പ്രത്യക്ഷതകള്‍ പഴയ നിയമത്തില്‍ ഉണ്ടെങ്കിലും നമ്മള്‍ വിചിന്തനം ചെയ്യുന്നത് യഹോവയുടെ ദൂതപ്രത്യക്ഷത മാത്രമാണ്. ഈ യഹോവയുടെ ദൂതനെ നാം പുതിയ നിയമത്തില്‍ എവിടെയും കാണുന്നില്ല. കര്‍ത്താവിന്‍റെ ദൂതന്‍ എന്ന പേരില്‍ പുതിയ നിയമത്തില്‍ പ്രത്യക്ഷപ്പെടുന്ന ദൂതന്‍ ഉണ്ട്. എന്നാല്‍ ആ ദൂതന്‍ കേവലം സന്ദേശ വാഹകനോ അല്ലെങ്കില്‍ ഏതെങ്കിലും ദൌത്യനിര്‍വ്വഹണത്തിനു അയക്കപ്പെട്ടവനോ മാത്രമാണ്. യഹോവയുടെ ദൂതന്‍ പഴയനിയമത്തില്‍ നടത്തിയതുപോലുള്ള യാതൊരുവിധ അവകാശപ്രസ്താവനയും പുതിയനിയമത്തില്‍ കര്‍ത്താവിന്‍റെ ദൂതന്‍ നടത്തുന്നില്ല. മാത്രമല്ല, പുതിയ നിയമത്തില്‍ കര്‍ത്താവിന്‍റെ ദൂതനെ കണ്ട ആരുംതന്നെ ആ ദൂതന്‍റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുന്നുമില്ല. ഇതില്‍നിന്നും പഴയ നിയമത്തില്‍ പ്രത്യക്ഷപ്പെട്ട യഹോവയുടെ ദൂതന്‍ അല്ല പുതിയനിയമത്തില്‍ കാണുന്ന കര്‍ത്താവിന്‍റെ ദൂതന്‍ എന്ന് മനസ്സിലാക്കാം. (തുടരും…)