യേശുക്രിസ്തുവിന്റെ വംശാവലിയില്‍ വൈരുധ്യമോ? (ഭാഗം-5)
അനില്‍കുമാര്‍ വി. അയ്യപ്പന്
മത്തായിയുടെ സുവിശേഷത്തില്‍ രേഖപ്പെടുത്തപ്പെട്ട വംശാവലി അനുസരിച്ച് യേശുക്രിസ്തു മറിയയുടെ ഭര്‍ത്താവായ യോസേഫിന്റെ നിയമപ്രകാരമുള്ളതും എന്നാല്‍ യോഖെന്യാവിനു ലഭിച്ച ദൈവശാപം (യിരെമ്യാ.22:24-29) ഏല്‍ക്കാത്തവനുമായ പിന്തുടര്ച്ചാവകാശിയാണ് എന്ന് നാം കണ്ടു. അതുകൊണ്ട് തന്നെ യേശുക്രിസ്തുവിന് സിദ്ധിച്ച രാജത്വം കോപമോ ദൈവശാപമോ ഏശാത്ത കളങ്കരഹിതമായ രാജത്വമാണ് എന്നും നമുക്ക് മനസ്സിലായി.
എന്നാല്‍ വായനക്കാരനെ ആശയക്കുഴപ്പത്തിലാക്കുന്ന സംഗതി ദൈവം ദാവീദിനോടു ചെയ്ത ഉടമ്പടിയിലെ ഒരു പദപ്രയോഗമാണ്. “നിന്റെ ഉദരത്തില്‍നിന്ന് പുറപ്പെടുവാനിരിക്കുന്ന സന്തതിക്കു’ പിന്തുടര്ച്ചാവകാശം കൊടുത്ത് അവന്റെ രാജത്വം സ്ഥിരപ്പെടുത്തും (2.ശമുവേല്‍ .7:12) എന്നാണു ദൈവം പറഞ്ഞിട്ടുള്ളത്. ഉദരത്തില്‍നിന്ന് പുറപ്പെടുവാനിരിക്കുന്ന സന്തതി എന്നതിലൂടെ ദാവീദില്‍നിന്നും നിയമപരമായ പിന്തുടര്ച്ചാവകാശം മാത്രമല്ല, ശാരീരികമായ പിന്തുടര്ച്ചയും ഈ രാജാവിനുണ്ടായിരിക്കണം എന്ന് വ്യക്തമാകുന്നു. എന്നാല്‍ യേശു യോസേഫിന്റെ പുത്രനല്ല എന്ന് മത്തായി ഖണ്ഡിതമായി പറഞ്ഞിരിക്കെ, ഈ വംശാവലി അനുസരിച്ച് യേശുവിനു ദാവീദിന്റെ ശാരീരിക പിന്തുടര്ച്ച അവകാശപ്പെടാന്‍ കഴിയില്ല. പിന്നെ എങ്ങനെ യേശു ദാവീദിനോടു ദൈവം വാഗ്ദത്തം ചെയ്ത സന്തതിയാകും? ഇതിന്റെ ഉത്തരം ലൂക്കോസ് നല്കുന്ന വംശാവലിയിലാണ് ഉള്ളത്. അത് നമുക്ക് പരിശോധിക്കാം:
ലൂക്കോസ് യെഹൂദനല്ലെങ്കിലും യേശുക്രിസ്തുവിന്റെ ശിഷ്യ വൃന്ദത്തില്‍ ഉള്‍പ്പെട്ടിരുന്ന ഒരാളായിരുന്നു എന്ന് ക്രൈസ്തവ സഭാ പാരമ്പര്യങ്ങളില്‍ കാണാം. റോമിലെ ഹിപ്പോളിറ്റസ് (A.D.170 – 235, യോഹന്നാന്റെ ശിഷ്യനായ പോളിക്കാര്‍പ്പിന്റെ ശിഷ്യനായ ഐറേനിയൂസിന്റെ ശിഷ്യനായിരുന്നു ഹിപ്പോളിറ്റ്സ്) ലൂക്കോസ്.10:1-ലെ എഴുപതു ശിഷ്യന്മാരുടെ ലിസ്റ്റ് പറയുന്നുണ്ട്. അതില്‍ 14-മത്തെ സ്ഥാനത്തുള്ളത് മര്‍ക്കോസും 15-മത്തെ സ്ഥാനത്തുള്ളത് ലൂക്കോസും ആണ്. അതുപോലെ A.D.263 മുതല്‍ 339 വരെ ജീവിച്ചിരുന്ന ആദിമ സഭാപിതാക്കന്മാരിലൊരാളായിരുന്ന ‘യൂസേബിയൂസ്’ തന്റെ പ്രശസ്തമായ ‘ഹിസ്റ്റോറിയ എക്ലേസ്സിയ’ (സഭാ ചരിത്രം) എന്ന A.D.314-ല്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തില്‍, ലൂക്കോസ്.10:1-ലെ എഴുപതു ശിഷ്യന്മാരുടെ ലിസ്റ്റ് കൊടുക്കുന്നുണ്ട്. അതില്‍ രണ്ടാം സ്ഥാനത്തുള്ളത് ‘മര്‍ക്കോസ് എന്നു മറുപേരുള്ള യോഹന്നാനും’ മൂന്നാം സ്ഥാനത്തുള്ളത് ‘വൈദ്യനായ ലൂക്കോസു’മാണ്. അതുപോലെ തന്നെ വളരെ പുരാതനമായ ഒരു കാനോനിലും ഈ എഴുപതു പേരുടെ ലിസ്റ്റ് കാണാന്‍ കഴിയും. അതില്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലാണ് മര്‍ക്കോസും ലൂക്കോസും ഉള്ളത്.
ഒരു സമ്പൂര്‍ണ്ണ മനുഷ്യനായി യേശുക്രിസ്തുവിനെ അവതരിപ്പിക്കുന്ന ലൂക്കോസ് ആദ്യമനുഷ്യനായ ആദാമിലാണ് അവന്റെ വംശാവലി എത്തിക്കുന്നത്, അബ്രഹാമിലല്ല. ആദാമിനോട് വാഗ്ദത്തം ചെയ്ത സ്ത്രീയുടെ സന്തതിയാണ് അവന് എന്ന് ഈ വംശാവലിയിലൂടെ ലൂക്കോസ് സമര്‍ത്ഥിക്കുന്നു. അതുകൊണ്ട് തന്നെ അത് സ്ത്രീയുടെ അഥവാ വാഗ്ദത്ത സന്തതിയുടെ മാതാവായ മറിയയുടെ വംശാവലിയാണ്, യോസഫിന്റേതല്ല!!
മത്തായിയില്‍ നിന്ന് വ്യത്യസ്തമായി, മറിയയില്‍നിന്ന് ലഭിച്ച വിവരങ്ങളാണ് യേശുവിന്റെ ജനനത്തെപ്പറ്റി പറയാന്‍ ലൂക്കോസ് ഉപയോഗിച്ചിരിക്കുന്നത്. മറിയക്ക് ദൂതന് പ്രത്യക്ഷനാകുന്നത്, എലീശബത്തിനെ കാണാന്‍ മറിയ ചെല്ലുന്നത്, ശിമോന് ശിശുവായ യേശുവിനെ കയ്യിലേന്തി മറിയയോടു: ‘നിന്റെ ഹൃദയത്തില്‍കൂടി ഒരു വാള് കടക്കും’ എന്ന് പറഞ്ഞത്, ബാലനായ യേശു യെരുശലേം ദേവാലയത്തിലെ തിരക്കില്‍ തങ്ങളുടെ അശ്രദ്ധ മൂലം ഉപേക്ഷിക്കപ്പെട്ടത് ഇങ്ങനെ ഒരു മാതൃഹൃദയത്തിന്റെ വീക്ഷണത്തിലൂടെയാണ് ഈ ഭാഗങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, ‘ഈ കാര്യങ്ങള്‍ എല്ലാം അവന്റെ അമ്മ ഹൃദയത്തില്‍ സംഗ്രഹിച്ചു’ എന്ന് രണ്ടു പ്രാവശ്യം (ലൂക്കോ.2:19, 51) രേഖപ്പെടുത്തിയിരിക്കുന്നതും ലൂക്കോസിന് ഈ വിവരങ്ങള്‍ ലഭിച്ചത് മറിയയില്‍ നിന്നാണെന്ന് തെളിയിക്കുന്നു.
യേശുക്രിസ്തുവിന്റെ സ്നാനത്തിനും പിശാചിനാലുള്ള പരീക്ഷക്കും ഇടയിലാണ് ലൂക്കോസ് വംശാവലിപ്പട്ടിക നല്‍കുന്നത്. ഇതും അര്‍ത്ഥവത്തായ കാര്യമാണ്, അത് നമുക്ക് പുറകെ പരിശോധിക്കാം. അതിനു മുന്‍പ് യേശുക്രിസ്തു ഏറ്റ സ്നാനത്തെക്കുറിച്ചു നോക്കാം.
സ്നാപക യോഹന്നാന് കഴിപ്പിച്ചത് മാനസാന്തര സ്നാനം ആണ്. യിസ്രായേലിന്റെ ദൈവത്തെ വിട്ടു തെറ്റിപ്പോയ ജനത്തെ തിരികെ ദൈവത്തിങ്കലേക്ക് കൊണ്ടുവന്നു, മനസ്സൊരുക്കമുള്ള ഒരു ജനത്തെ കര്‍ത്താവിനു വേണ്ടി തയ്യാറാക്കേണ്ടതിനു വേണ്ടിയും അതിനേക്കാള്‍ ഉപരിയായി മിശിഹയെ യിസ്രായേലിന് വെളിപ്പെടുത്തിക്കൊടുക്കേണ്ടതിനു വേണ്ടിയും ഉള്ളതായിരുന്നു യോഹന്നാന് കഴിപ്പിച്ച സ്നാനം.
യേശുക്രിസ്തു യോഹന്നാന്റെ കൈക്കീഴിലാണ് സ്നാനമേറ്റതെങ്കിലും അത് മാനസാന്തര സ്നാനമായിരുന്നില്ല, കാരണം അവന് മാനസാന്തരപ്പെടേണ്ട ആവശ്യമില്ലാത്ത വിധം “പാപം ചെയ്യാത്തവനും പാപം ഇല്ലാത്തവനും പാപം എന്തെന്ന് അറിയാത്തവനുമായിരുന്നു ”. യേശുക്രിസ്തു സ്നാനമേറ്റതിന്റെ ഉദ്ദേശ്യം “യിസ്രായേലിന് തന്നെത്തന്നെ വെളിപ്പെടുത്തുക” എന്നതായിരുന്നു. കാരണം, സ്നാനം കഴിപ്പിക്കാന്‍ വന്ന സ്നാപക യോഹന്നാനും അറിയില്ലായിരുന്നു യേശു ആണ് മിശിഹ എന്ന്. അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് തന്നെ അത് വ്യക്തമാകുന്നുണ്ട്: “പിറ്റേദിവസം യേശു തന്റെ അടുക്കല്‍ വരുന്നത് അവന് കണ്ടിട്ട്: ഇതാ ലോകത്തിന്റെ പാപം ചുമന്നു നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. എന്റെ പിന്നാലെ ഒരു പുരുഷന് വരുന്നു; അവന് എനിക്ക് മുന്‍പനായിത്തീര്‍ന്നു എന്ന് ഞാന്‍ പറഞ്ഞവന് ഇവന് തന്നെ. ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവന് യിസ്രായേലിന് വെളിപ്പെടേണ്ടതിനു ഞാന്‍ വെള്ളത്തില്‍ സ്നാനം കഴിപ്പിക്കാന്‍ വന്നിരിക്കുന്നു എന്ന് പറഞ്ഞു. യോഹന്നാന് പിന്നെയും സാക്ഷ്യം പറഞ്ഞത്: ആത്മാവ് ഒരു പ്രാവ് പോലെ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവരുന്നത് ഞാന്‍ കണ്ടു; അത് അവന്റെ മേല്‍ വസിച്ചു. ഞാനോ അവനെ അറിഞ്ഞില്ല. എങ്കിലും വെള്ളത്തില്‍ സ്നാനം കഴിപ്പിക്കുവാന്‍ എന്നെ അയച്ചവന് എന്നോട്: ആരുടെ മേല്‍ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവന് പരിശുദ്ധാത്മാവില്‍ സ്നാനം കഴിപ്പിക്കുന്നവന്‍ ആകുന്നു എന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ കാണുകയും ഇവന് ദൈവപുത്രന് തന്നെ എന്ന് സാക്ഷ്യം പറയുകയും ചെയ്തിരിക്കുന്നു” (യോഹ.1:29-34).
ഈ വേദഭാഗത്തു നിന്ന് നമുക്ക് മനസ്സിലാകുന്ന കാര്യങ്ങള്‍ ഇവയാണ്:
1) യേശു ക്രിസ്തു ലോകത്തിന്റെ പാപം ചുമന്നു നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് ആണ്.
2) എങ്കിലും സ്നാപക യോഹന്നാന് അത് അറിയില്ലായിരുന്നു.
3) അവന് ആരാണെന്ന് യിസ്രായേലിന് വെളിപ്പെടേണ്ടതിനാണ് സ്നാപക യോഹന്നാനെ മരുഭൂമിയില്‍ നിന്ന് ദൈവം യെഹൂദ്യയിലേക്ക് സ്നാനം കഴിപ്പിക്കുവാന്‍ അയച്ചത്.
4) യോഹന്നാന് അവനെ തിരിച്ചറിയുവാനുണ്ടായിരുന്ന ഏക അടയാളം ഒരാളെ സ്നാനപ്പെടുത്തുമ്പോള്‍ മാത്രം ഒരു അത്ഭുതം ഉണ്ടാകും എന്നുള്ളതാണ്. ആ സ്നാനാര്‍ഥിയുടെ മേല്‍ സ്നാനശേഷം പരിശുദ്ധാത്മാവ് ഇറങ്ങുകയും വസിക്കുകയും ചെയ്യും എന്നുള്ളതാണ് ആ അടയാളം.
5) യേശുക്രിസ്തുവിന്റെ സ്നാനശേഷം ആ അടയാളം യേശുവില്‍ നിറവേറുകയും യോഹന്നാന് അത് കാണുകയും ചെയ്തത് കൊണ്ട് യേശുവാണ് മിശിഹ എന്ന് യോഹന്നാന് ലോകത്തോട് വിളംബരം ചെയ്യുന്നു.
ഇതിനെതിരെ നമ്മുടെ ഉള്ളില്‍ പെട്ടെന്ന് കടന്നു വരുന്ന വാക്യം മത്തായി.3:14 ആയിരിക്കും. അവിടെ സ്നാപക യോഹന്നാന് യേശുവിനോട് പറയുന്നത് ഇങ്ങനെയാണ്: “നിന്നാല്‍ സ്നാനം ഏല്ക്കുവാന് എനിക്ക് ആവശ്യം; പിന്നെ നീ എന്റെ അടുക്കല്‍ വരുന്നുവോ?” എന്ന്. സത്യത്തില്‍ യേശു ആണ് മിശിഹ എന്ന് തിരിച്ചറിഞ്ഞിട്ടല്ല യോഹന്നാന് യേശുവിനെ വിലക്കുന്നത്, വേറെ കാരണം കൊണ്ടാണ്.
ലൂക്കോസിന്റെ സുവിശേഷത്തില്‍ നിന്ന് നമുക്ക് മനസ്സിലാകുന്ന ഒരു കാര്യം ഉണ്ട്. യേശുവിന്റെ മാതാവായ മറിയയും സ്നാപക യോഹന്നാന്റെ മാതാവായ എലീശബത്തും ബന്ധുക്കള്‍ ആണെന്നുള്ളത്. യേശുവിനെക്കാള്‍ ആറു മാസം മൂത്തവനാണ് സ്നാപക യോഹന്നാന് . ഇവര്‍ ബന്ധുക്കളായതു കൊണ്ട് യേശുക്രിസ്തുവിന്റെ പാപമില്ലാത്ത ജീവിതത്തെ പറ്റി യോഹന്നാനു അറിവുള്ളതാണ്. യോര്‍ദ്ദാനില്‍ യോഹന്നാന്റെ മുന്‍പാകെ സ്നാനം ഏല്ക്കാന് വരുന്നവരെല്ലാം ചുങ്കക്കാരും പാപികളും വ്യഭിചാരികളും ആയ ആളുകളാണ്. അവരുമായി താരതമ്യം ചെയ്യുമ്പോള്‍ യോഹന്നാന് വളരെ വിശുദ്ധനാണ്. അതുകൊണ്ട് തന്നെ അവരെ സ്നാനം കഴിപ്പിക്കാനുള്ള യോഗ്യത യോഹന്നാനുണ്ട്. എന്നാല്‍ യേശുക്രിസ്തുവിന്റെ വിശുദ്ധ ജീവിതത്തെപ്പറ്റി അറിവുള്ള യോഹന്നാനു അവന്റെ മുന്നില്‍ താന്‍ പാപിയാണ് എന്നുള്ള ബോധ്യം ഉണ്ടായി. അതുകൊണ്ടാണ് നിന്നാല്‍ സ്നാനം ഏല്ക്കുവാന് എനിക്ക് ആവശ്യം എന്ന് അവന് പറയുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, “ഇവിടെ വരുന്ന മറ്റുള്ളവരെ സ്നാനം കഴിപ്പിക്കാനുള്ള യോഗ്യത എനിക്കുണ്ട്. പക്ഷെ നിന്നെ സ്നാനം കഴിപ്പിക്കാനുള്ള യോഗ്യത എനിക്കില്ല” എന്നത്രേ യോഹന്നാന് പറഞ്ഞതിന്റെ സാരം. അല്ലാതെ യേശു ആണ് യഹൂദന്മാര് കാത്തിരുന്ന മിശിഹ എന്ന് തിരിച്ചറിഞ്ഞിട്ടല്ല യോഹന്നാന് അവനെ തടഞ്ഞത്. അങ്ങനെയെങ്കില്‍ “ഞാനോ അവനെ അറിഞ്ഞില്ല” എന്ന് പിന്നീട് യോഹന്നാന് ജനത്തോട് പറഞ്ഞത് കളവാണെന്ന് വരും!
അന്ന് യിസ്രായേലില്‍ ജീവിച്ചിരുന്ന മഹാ പ്രവാചകനായിരുന്നു യോഹന്നാന് സ്നാപകന് . “സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവന്‍ ആരുമില്ല” എന്ന് യേശുക്രിസ്തു തന്നെ സാക്ഷ്യം പറഞ്ഞത് ഇവനെപ്പറ്റിയാണ്. യോഹന്നാന് നീതിയും വിശുദ്ധിയുമുള്ള പുരുഷന് എന്ന് ഹെരോദാ രാജാവ് അറിഞ്ഞു അവനെ ഭയപ്പെട്ടിരുന്നതായി ദൈവവചനം അവനെപ്പറ്റി സാക്ഷ്യം പറയുന്നു (മാര്‍ക്കോസ്.6:20). അപ്രിയമായ സത്യം വിളിച്ചു പറഞ്ഞതിന് സ്വന്തം തല തന്നെ വിലയായി കൊടുക്കേണ്ടി വന്ന ധീരവ്യക്തിത്വമാണ് അവന്റേത്. മര്‍ക്കോ.6:14-29 വരെയുള്ള ഭാഗത്ത് നാം ആ ചരിത്രം വായിക്കുന്നു.
സ്വന്തം ജീവനേക്കാള്‍ സത്യത്തിന് വില കല്പിച്ചിരുന്ന ആ പ്രവാചകന്റെ വാക്കുകള്‍ക്കു യിസ്രായേലിലെ സാധാരണ ജനം ചെവി കൊടുത്തിരുന്നു. അവന് കള്ളം പറയില്ലെന്ന് അവര്‍ക്കറിയാം. ആദാം മുതലുള്ള മനുഷ്യവര്‍ഗ്ഗത്തിന് ദൈവം വാഗ്ദത്തം ചെയ്തിരുന്ന വീണ്ടെടുപ്പുകാരനായ “സ്ത്രീയുടെ സന്തതിയായ മശിഹ”യെ ലോകത്തിനു മുന്പില് അവതരിപ്പിക്കുവാന്‍ ഈ യോഹന്നാനെക്കാള്‍ യോഗ്യനായ വേറൊരാള് അന്ന് യിസ്രായേലില്‍ ഉണ്ടായിരുന്നില്ല. മശിഹ ആരാണെന്നു യോഹന്നാനു മനസ്സിലാക്കിക്കൊടുക്കുവാന്‍ ദൈവം ഒരുക്കിയ ക്രമീകരണം ആയിരുന്നു യേശുക്രിസ്തുവിന്റെ സ്നാനം. യേശുവാണ് വാഗ്ദത്ത സന്തതി എന്ന് മനസ്സിലായപ്പോള്‍ യോഹന്നാന് അവനെ ലോകത്തിനു മുന്പില് ഇപ്രകാരം അവതരിപ്പിച്ചു: “ഇതാ, ലോകത്തിന്റെ പാപം ചുമന്നു നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” (യോഹ.1:29).
സ്നാനത്തെക്കുറിച്ചുള്ള വിവരണത്തിന് ശേഷം മത്തായിയും മര്‍ക്കോസും യേശുവിനെ പിശാചു പരീക്ഷിക്കുന്ന കാര്യമാണ് രേഖ പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ലൂക്കോസ് യേശുക്രിസ്തുവിന്റെ വംശാവലി രേഖപ്പെടുത്തിയിരിക്കുന്നു, അതിനുശേഷമാണ് മരുഭൂമിയിലെ പിശാചിന്റെ പരീക്ഷയെപ്പറ്റി പറയുന്നത്. പിശാച് പരീക്ഷിക്കുന്ന സംഭവം രേഖപ്പെടുത്തുന്നതിന് തൊട്ടുമുന്‍പ് തന്നെ യേശുവിന്റെ വംശാവലി രേഖപ്പെടുത്തിയിരിക്കുന്നത് വളരെ അര്‍ത്ഥവത്താണ് എന്ന് മുന്‍പേ പറഞ്ഞിരുന്നല്ലോ. ആദ്യമനുഷ്യനായ ആദാം പിശാചിന്റെ പരീക്ഷയില്‍ പരാജയപ്പെട്ടപ്പോള്‍ അതേ മനുഷ്യന്റെ വംശപരമ്പരയില്‍ വരുന്ന, ദൈവം വാഗ്ദത്തം ചെയ്തിരുന്ന സ്ത്രീയുടെ സന്തതിയായ ഒടുക്കത്തെ ആദാം പിശാചിന്റെ പരീക്ഷകളെ എപ്രകാരം വിജയിച്ചു എന്ന് വായനക്കാരോട് പറയുന്നതിന് മുന്‍പ്, “ദൈവം ആദാമിനോട് വാഗ്ദത്തം ചെയ്തിരുന്ന സ്ത്രീയുടെ സന്തതിയാണ് അവന്” എന്ന് വംശാവലി രേഖയുടെ പിന്‍ബലത്തിലൂടെ ലൂക്കോസ് സമര്‍ത്ഥിക്കുന്നു. ഈ ആവശ്യത്തിന് വേണ്ടിയാണ് ലൂക്കോസ് മത്തായിയില്‍ നിന്ന് വ്യത്യസ്തമായി ആദാമിനോളം ചെല്ലുന്ന ദീര്‍ഘമായ വംശാവലി ഉപയോഗിച്ചിരിക്കുന്നത്!!
‘യേശു യോസേഫിന്റെ മകനാണെന്ന് പൊതുജനം വിചാരിച്ചു’ (ലൂക്കോ.3:23) എന്നാണു ലൂക്കോസ് പറയുന്നത്. മത്തായിയും ലൂക്കോസും ‘യോസേഫ് യേശുവിന്റെ പിതാവല്ല’ എന്ന കാര്യത്തിനു ഊന്നല്‍ കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക. ഗബ്രിയേല്‍ ദൂതന്റെ വാക്കുകളില്‍നിന്ന് (ലൂക്കോ.1:32) മറിയ ദാവീദിന്റെ വംശപരമ്പരയില്‍ ഉള്‍പ്പെട്ടവളാണെന്ന് മനസ്സിലാക്കാന്‍ പറ്റും. യേശുക്രിസ്തുവിന് ജഡപ്രകാരമുള്ള ബന്ധം യോസേഫുമായിട്ടല്ല, മറിയയുമായിട്ടാണ് എന്നതിനാല്‍ ദാവീദിന്റെ ഉദരത്തില്‍നിന്നും പുറപ്പെട്ട സന്തതിയാണ് യേശു എന്ന് തെളിയുന്നു.
(തുടരും….)
3 Comments on “യേശുക്രിസ്തുവിന്റെ വംശാവലിയില്‍ വൈരുധ്യമോ? (ഭാഗം-5)”
loved the way the facts are presented, especially the reason behind Jesus’ baptism by John the baptist…..God Bless…
The apparent incompatibility between Mathew (3:14) and John regarding the presentation of baptism of Jesus had bothered me long.But the reason you gave was a new insight.Thanks brother.
Lord may bless you in your labor for the almighty.