ആദ്യജാതന്മാരെ സംഹരിച്ചത് ദൈവത്തിന്‍റെ കരുണയ്ക്ക് യോജിച്ചതാണോ?
ചോദ്യം: മിസ്രയീമില്‍ നിന്നും യഹോവയായ ദൈവം ഇസ്രായേല്‍ സന്തതികളെ വിടുവിച്ചു കൊണ്ടുവന്നത് മിസ്രയീമ്യരുടെ ആദ്യജാതന്മാരെ കൊന്നിട്ടായിരുന്നല്ലോ. ഇങ്ങനെ നിഷ്കളങ്കരായ നവജാത ശിശുക്കളെപ്പോലും കൊല്ലുന്ന ദൈവം എങ്ങനെയാണ് കാരുണ്യവാന്‍ ആകുന്നതു?
മറുപടി: ബൈബിള്‍ വിമര്‍ശകന്മാര്‍ സാധാരണ ഉന്നയിക്കാറുള്ള ചോദ്യമാണിത്. ഒറ്റവായനയില്‍ ശരിയാണല്ലോഎന്ന് ആര്‍ക്കും തോന്നിപ്പാകാവുന്ന ചോദ്യം. എന്നാല്‍ ദൈവം കരുണാമയനെന്നതുപോലെ നീതിമാനും കൂടിയാണെന്നും ദൈവം കരുണയോട് കൂടെത്തന്നെയാണ് മിസ്രയീമ്യരോടും ഇടപെട്ടത് എന്നുമുള്ള സത്യം മനസ്സിലാക്കുമ്പോള്‍ ഈ ചോദ്യം ബൈബിള്‍ ചരിത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മയില്‍ നിന്നും ഉടലെടുത്തതാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. നമുക്ക് ആ സംഭവങ്ങള്‍ ബൈബിളില്‍ നിന്നുതന്നെ പരിശോധിക്കാം:
യിസ്രായേല്‍ രാഷ്ട്രത്തിന്‍റെ കുലകൂടസ്ഥനായ യാക്കോബിന്‍റെ സന്തതിയായ യോസേഫിനെ അവന്‍റെ അപ്പന്‍ അധികം സ്നേഹിച്ചതുകൊണ്ട് അവന്‍റെ മറ്റു സഹോദരന്മാര്‍ അവനെ വെറുത്തു കൊല്ലാന്‍ ഭാവിച്ചുവെങ്കിലും കൊല്ലാതെ മിസ്രയീമിലേക്കു പോകുന്ന യിഷ്മായേല്യ കച്ചവടക്കാര്‍ക്ക് വിറ്റുകളഞ്ഞു (ഉല്പത്തി.37). ദൈവം യോസേഫിനോട് കൂടെ ഉണ്ടായിരുന്നത് കൊണ്ട് മിസ്രയീമില്‍ കഷ്ടപ്പാടുകള്‍ കുറെ അനുഭവിക്കേണ്ടി വന്നുവെങ്കിലും ഫറവോ കണ്ട ഒരു സ്വപ്നം യോസേഫ് വ്യാഖ്യാനിച്ചു കൊടുത്തതിന്‍റെ ഫലമായി ഫറവോ അവനെ മിസ്രയീം ദേശത്തിനൊക്കെയും മേലധികാരിയായി നിയമിച്ചു (ഉല്‍പത്തി.41:15-44). സ്വപ്നത്തില്‍ വെളിപ്പെട്ടതനുസരിച്ചു ഏഴു വര്‍ഷം ഭൂമിയില്‍ സുഭിക്ഷതയും പിന്നത്തെ ഏഴുവര്‍ഷം ഒരു മഹാ ക്ഷാമവും ഭൂതലത്തില്‍ ഉണ്ടാകും എന്ന് ഗ്രഹിച്ച യോസേഫ് ആദ്യത്തെ ഏഴുവര്‍ഷത്തെ സുഭിക്ഷാകാലത്ത് മിസ്രയീം ദേശത്തെങ്ങും സഞ്ചരിച്ചു ഓരോ പട്ടണങ്ങളിലും കടക്കല്‍ക്കരയിലെ മണല്‍ പോലെ ധാന്യം സംഭരിച്ചു വെച്ചു (ഉല്‍പത്തി.41:46-49). പിന്നെ യോസേഫ് പറഞ്ഞതുപോലെ ക്ഷാമമുള്ള ഏഴു സംവത്സരം തുടങ്ങി. എന്നാല്‍ മിസ്രയീം ദേശത്തെങ്ങും ആഹാരമുണ്ടായിരുന്നു. യോസേഫ് പാണ്ടികശാലകള്‍ തുറന്നു മിസ്രയീമ്യര്‍ക്ക് ധാന്യം വിറ്റു. ഭൂമിയില്‍ എങ്ങും ക്ഷാമം കഠിനമായയ്തീര്‍ന്നതുകൊണ്ടു സകലദേശക്കാരും ധാന്യം വാങ്ങുവാന്‍ മിസ്രയീമില്‍ യോസേഫിന്‍റെ അടുക്കല്‍ വന്നു (ഉല്‍പത്തി.41:53-57) ഇങ്ങനെ യോസേഫ് തന്‍റെ വിവേകത്താലും ജ്ഞാനത്താലും മിസ്രയീമ്യരെ ക്ഷാമത്തില്‍ നിന്നും രക്ഷിക്കുക മാത്രമല്ല, ഫറവോന് ധാരാളം സമ്പത്തും നേടിക്കൊടുത്തു. ക്ഷാമം അതികഠിനമായിത്തീര്‍ന്നപ്പോള്‍ ജനം തങ്ങളുടെ കന്നുകാലികളെയും നിലങ്ങളെയും അവസാനം തങ്ങളെത്തന്നെയും ഫറവോന്നു വിറ്റുകളഞ്ഞു. യോസേഫ് ജനത്തിനു വിത്ത് സൌജന്യമായി നല്‍കുകയും വിളവിന്‍റെ അഞ്ചിലൊന്ന് ഫറവോന് കൊടുക്കണം എന്നുള്ള നിയമം കൊണ്ടുവരികയും ചെയ്തു. ഈ സംഭവം നടന്നു നാനൂറു വര്‍ഷം കഴിഞ്ഞു മോശെ ഇതേപ്പറ്റി എഴുതുമ്പോള്‍ ഈ നിയമത്തെക്കുറിച്ച് പറയുന്നത് നോക്കുക: “അഞ്ചിലൊന്നു ഫറവൊന്നു ചെല്ലേണം എന്നിങ്ങിനെ യോസേഫ് മിസ്രയീമിലെ നിലങ്ങളെ സംബന്ധിച്ചുവെച്ച ചട്ടം ഇന്നുവരെയും നടപ്പാകുന്നു” (ഉല്‍പത്തി.47:26).
മിസ്രയീമില്‍ ധാന്യം ഉണ്ടെന്നറിഞ്ഞ് യാക്കോബ് തന്‍റെ പുത്രന്മാരെ മിസ്രയീമിലേക്കു അയക്കുകയും അവര്‍ യോസേഫിനെ കണ്ടുമുട്ടുകയും ചെയ്തു. രണ്ടാം വട്ടം അവര്‍ ധാന്യം വാങ്ങാന്‍ വന്നപ്പോള്‍ യോസേഫ് അവര്‍ക്ക് തന്നെത്തന്നെ വെളിപ്പെടുത്തി. തന്‍റെ സഹോദരന്മാര്‍ തന്നോട് ചെയ്ത അന്യായത്തിനു പകരം ചോദിക്കാതെ ദൈവമാണ് തന്നെ ഇങ്ങോട്ട് അയച്ചത് എന്ന് പറഞ്ഞു യോസേഫ് സഹോദരന്മാരെ ആശ്വസിപ്പിക്കുകയും ക്ഷാമം ഇനിയും അഞ്ചു വര്‍ഷം കൂടി തുടരും എന്നുള്ളതിനാല്‍ അപ്പനെയും മറ്റു കുടുംബാംഗങ്ങളേയും മിസ്രയീമിലേക്കു വരുത്തുകയും ചെയ്തു (ഉല്‍പത്തി.45:1-46:7). മിസ്രയീമില്‍ വന്നവരായ യാക്കോബിന്‍റെ കുടുംബം ആകെ എഴുപതു പേര്‍. ഫറവോ അവര്‍ക്ക് നൈല്‍ നദിയുടെ ഡെല്‍റ്റയുടെ വടക്ക് കിഴക്കേ ഭൂഭാഗമായ ഗോശെന്‍ എന്ന് പറയുന്ന പ്രദേശം താമസിക്കാനായി അനുവദിച്ചു കൊടുത്തു. ജലസേചന സൌകര്യമുള്ളത് കൊണ്ട് ഗോശെന്‍ മിസ്രയീമിലെ ഏറ്റവും ഫലപുഷ്ടിയുള്ള പ്രദേശമായി മാറി.
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു, “യോസേഫും സഹോദരന്മാരെല്ലാവരും ആതലമുറ ഒക്കെയും മരിച്ചു. യിസ്രായേല്‍മക്കള്‍ സന്താനസമ്പന്നരായി അത്യന്തം വര്‍ദ്ധിച്ചു പെരുകി ബലപ്പെട്ടു; ദേശം അവരെക്കൊണ്ടു നിറഞ്ഞു. അനന്തരം യോസേഫിനെ അറിയാത്ത പുതിയോരു രാജാവു മിസ്രയീമില്‍ ഉണ്ടായി. അവന്‍ തന്‍റെ ജനത്തോടു: യിസ്രായേല്‍ ജനം നമ്മെക്കാള്‍ ബാഹുല്യവും ശക്തിയുമുള്ളവരാകുന്നു. അവര്‍ പെരുകീട്ടു ഒരു യുദ്ധം ഉണ്ടാകുന്ന പക്ഷം നമ്മുടെ ശത്രുക്കളോടു ചേര്‍ന്നു നമ്മോടു പൊരുതു ഈ രാജ്യം വിട്ടു പൊയ്ക്കളവാന്‍ സംഗതി വരാതിരിക്കേണ്ടതിന്നു നാം അവരോടു ബുദ്ധിയായി പെരുമാറുക. അങ്ങനെ കഠിനവേലകളാല്‍ അവരെ പീഡിപ്പിക്കേണ്ടതിന്നു അവരുടെമേല്‍ ഊഴിയവിചാരകന്മാരെ ആക്കി; അവര്‍ പീഥോം, റയംസേസ് എന്ന സംഭാരനഗരങ്ങളെ ഫറവോന്നു പണിതു. എന്നാല്‍ അവര്‍ പീഡിപ്പിക്കുന്തോറും ജനം പെരുകി വര്‍ദ്ധിച്ചു; അതുകൊണ്ടു അവര്‍ യിസ്രായേല്‍ മക്കള്‍നിമിത്തം പേടിച്ചു. മിസ്രയീമ്യര്‍ യിസ്രായേല്‍മക്കളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു. കളിമണ്ണും ഇഷ്ടികയും വയലിലെ സകലവിധവേലയും സംബന്ധിച്ചുള്ള കഠിനപ്രവര്‍ത്തിയാലും അവരെക്കൊണ്ടു കാഠിന്യത്തോടെ ചെയ്യിച്ച സകലപ്രയത്നത്താലും അവര്‍ അവരുടെ ജീവനെ കൈപ്പാക്കി” (പുറ.1:6-14) എന്ന് ബൈബിള്‍ പറയുന്നു.
വാസ്തവത്തില്‍ മിസ്രയീമിലെ ജനങ്ങളും രാജാക്കന്മാരും യിസ്രായേല്യരോട് നന്ദിയുള്ളവര്‍ ആയിരിക്കേണ്ടതാണ്. കാരണം ഭൂതലത്തില്‍ എങ്ങുമുണ്ടായ മഹാ ക്ഷാമത്തില്‍ നിന്ന് അവരെ രക്ഷിച്ചത് യോസേഫിന്‍റെ ബുദ്ധിയാണ്. അവന്‍റെ ജ്ഞാനവും വിവേകവുമാണ് ഫറവോന്നു സമ്പത്തുണ്ടാക്കികൊടുത്തത്. മിസ്രയീമിലെ കൃഷി ഭൂമിയില്‍ വിളയുന്ന ഏതൊരു വിളവിന്‍റേയും അഞ്ചിലൊന്ന് ഫറവോന്നുള്ളതാണ് എന്ന നിയമത്താല്‍ ആ രാജവംശത്തിലെ ആളുകള്‍ അതിസമ്പന്നന്‍മാരായി മാറിയതിന് യോസേഫിന്‍റെ ജനത്തോട് നന്ദിയുള്ളവരായി ഇരിക്കേണ്ടതിന് പകരം അവരെ അടിമകളാക്കി മാറ്റുകയാണ് അവര്‍ ചെയ്തത്. യിസ്രായേല്‍ ജനം ഫറവോന്നു വേണ്ടി രണ്ടു നഗരങ്ങള്‍ പണിതുകൊടുത്തു. ഇന്ന് ലോകാത്ഭുതങ്ങളില്‍ ഒന്നായി നിലകൊള്ളുന്ന പിരമിഡുകള്‍ യിസ്രായേല്‍ മക്കളുടെ വിയര്‍പ്പിന്‍റെ ഫലമാണ്. അവരവിടെ കന്നുകാലികളെപ്പോലെ പണിയെടുത്തു. എന്നിട്ടും ഫറവോന്‍റെയും കൂട്ടരുടേയും മനസ്സലിഞ്ഞില്ല, അവര്‍ യിസ്രായേല്‍ മക്കളോട് കൂടുതല്‍ ക്രൂരമായി പെരുമാറി. ബൈബിളില്‍ നിന്ന് തന്നെ നോക്കാം:
“എന്നാല്‍ മിസ്രയീംരാജാവു ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായസൂതികര്‍മ്മിണികളോടു: എബ്രായസ്ത്രീകളുടെ അടുക്കല്‍ നിങ്ങള്‍ സൂതികര്‍മ്മത്തിന്നു ചെന്നു പ്രസവശയ്യയില്‍ അവരെ കാണുമ്പോള്‍ കുട്ടി ആണാകുന്നു എങ്കില്‍ നിങ്ങള്‍ അതിനെ കൊല്ലേണം; പെണ്ണാകുന്നു എങ്കില്‍ ജീവനോടിരിക്കട്ടെ എന്നു കല്പിച്ചു. സൂതികര്‍മ്മിണികളോ ദൈവത്തെ ഭയപ്പെട്ടു, മിസ്രയീം രാജാവു തങ്ങളോടു കല്പിച്ചതുപോലെ ചെയ്യാതെ ആണ്‍ കുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു. അപ്പോള്‍ മിസ്രയീം രാജാവു സൂതികര്‍മ്മിണികളെ വരുത്തി; ഇതെന്തൊരു പ്രവൃത്തി? നിങ്ങള്‍ ആണ്‍കുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു. സൂതികര്‍മ്മിണികള്‍ ഫറവോനോടു: എബ്രായസ്ത്രീകള്‍ മിസ്രയീമ്യസ്ത്രീകളെപ്പോലെ അല്ല; അവര്‍ നല്ല തിറമുള്ളവര്‍; സൂതികര്‍മ്മിണികള്‍ അവരുടെ അടുക്കല്‍ എത്തുമ്മുമ്പെ അവര്‍ പ്രസവിച്ചു കഴിയും എന്നു പറഞ്ഞു. അതുകൊണ്ടു ദൈവം സൂതികര്‍മ്മിണികള്‍ക്കു നന്മചെയ്തു; ജനം വര്‍ദ്ധിച്ചു ഏറ്റവം ബലപ്പെട്ടു. സൂതികര്‍മ്മിണികള്‍ ദൈവത്തെ ഭയപ്പെടുകകൊണ്ടു അവന്‍ അവര്‍ക്കും കുടുംബവര്‍ദ്ധന നല്കി. പിന്നെ ഫറവോന്‍ തന്‍റെ സകലജനത്തോടും: ജനിക്കുന്ന ഏതു ആണ്‍കുട്ടിയെയും നദിയില്‍ ഇട്ടുകളയേണമെന്നും ഏതു പെണ്‍കുട്ടിയെയും ജീവനോടെ രക്ഷിക്കേണമെന്നും കല്പിച്ചു” (പുറ.1:15-22).
ഇപ്പോള്‍ യിസ്രായേല്‍ മക്കളുടെ അവസ്ഥ കൂടുതല്‍ ദുരിതമയമായി. തങ്ങള്‍ക്കു ജനിക്കുന്ന ആണ്‍കുഞ്ഞുങ്ങള്‍ നൈല്‍ നദിയിലെ മുതലകള്‍ക്ക് ആഹാരമായി മാറുന്നത് കാണേണ്ടി വരുന്ന ദുരവസ്ഥ! ഫറവോന്‍ ഈ കല്പന നല്‍കിയിരുന്നത് “തന്‍റെ സകലജനത്തോടും” ആയിരുന്നതിനാല്‍ ഏതൊരു മിസ്രയീമ്യനും തന്‍റെ അയല്‍വീട്ടിലെ യിസ്രായെല്യനു ജനിച്ച ആണ്‍കുട്ടിയെ എടുത്തു നൈല്‍ നദിയില്‍ എറിയാനുള്ള അധികാരമുണ്ട്. കരച്ചിലും നിലവിളിയും ഒഴിയാത്ത ഒരൊറ്റ യിസ്രായേല്‍ ഭവനവും ഇല്ല എന്ന നിലയില്‍ കാര്യങ്ങളെത്തി.
ഈ സമയത്താണ് മോശെ ജനിക്കുന്നത്. അദ്ദേഹത്തിന്‍റെ അമ്മയപ്പന്മാര്‍ ശിശുവിനെ നദിയില്‍ എറിയാന്‍ വിട്ടുകൊടുക്കാതെ മൂന്ന് മാസം രഹസ്യമായി വളര്‍ത്തി. പിന്നെ കുഞ്ഞിനെ ഒളിപ്പിക്കാന്‍ കഴിയാതായപ്പോള്‍ അവര്‍ ഞാങ്ങണപ്പെട്ടകത്തിന്‍റെ അകത്തും പുറത്തും കീല് തേച്ചു ശിശുവിനെ അതിനുള്ളിലാക്കി നൈല്‍ നദിയില്‍ ഒഴുക്കിവിട്ടു. നദിയില്‍ കുളിക്കാന്‍ വന്നിരുന്ന ഫറവോന്‍റെ മകള്‍ ആ ശിശുവിനെ കണ്ടു അതിനെ തന്‍റെ കുഞ്ഞായി ദത്തെടുത്തു വളര്‍ത്തി. മിസ്രയീമിലെ എല്ലാ വിദ്യയും അഭ്യസിച്ച മോശെക്കു ഏകദേശം നാല്പത് വയസ്സായപ്പോള്‍ ഒരു മിസ്രയീമ്യന്‍ തന്‍റെ സഹോദരന്മാരെ ഉപദ്രവിക്കുന്നത് കണ്ടപ്പോള്‍ അവന്‍ ആ മിസ്രയീമ്യനെ അടിച്ചു കൊന്നു ശവം രഹസ്യമായി മറവു ചെയ്തു. എങ്കിലും കാര്യം പരസ്യമായി എന്ന് അറിഞ്ഞപ്പോള്‍ അവന്‍ മിദ്യാന്‍ ദേശത്തേക്ക് ഓടിപ്പോയി നാല്പതു വര്‍ഷം അവിടെ പാര്‍ത്തു. ഒരുദിവസം തന്‍റെ അമ്മായിയപ്പന്‍റെ ആടുകളെ മേയ്ക്കാന്‍ വേണ്ടി ഹോരെബ് പര്‍വ്വതത്തില്‍ എത്തിയ മോശെക്കു അവിടെവച്ചു ദൈവം പ്രത്യക്ഷനാകുകയും അടിമത്തത്തില്‍ കഷ്ടതയനുഭവിക്കുന്ന യിസ്രായേല്‍ ജനത്തെ വിടുവിക്കേണ്ടതിനു നായകനായി മോശെയെ അവരോധിക്കുകയും ചെയ്തു.
മോശെയും തന്‍റെ മൂത്ത സഹോദരനായ അഹരോനും കൂടി ഫറവോയുടെ അടുത്തു ചെന്ന് യഹോവയ്ക്കു യാഗം അര്‍പ്പിക്കേണ്ടതിനു യിസ്രായേല്‍ മക്കളെ വിട്ടയക്കണം എന്ന് ഫറവോനോടു ആവശ്യപ്പെട്ടു. “യിസ്രായേലിനെ വിട്ടയപ്പാന്‍ തക്കവണ്ണം ഞാന്‍ യഹോവയുടെ വാക്കു കേള്‍ക്കേണ്ടതിന്നു അവന്‍ ആര്‍? ഞാന്‍ യഹോവയെ അറികയില്ല; ഞാന്‍ യിസ്രായേലിനെ വിട്ടയക്കയുമില്ല” എന്നതായിരുന്നു ഫറവോ നല്‍കിയ മറുപടി. മോശെയും അഹരോനും പിന്നെയും ഫറവോനോടു തങ്ങളുടെ ജനത്തെ വിട്ടയക്കണം എന്ന് അപേക്ഷിച്ചെങ്കിലും അവന്‍ അത് കേട്ടില്ല. അതിനു ശേഷം സംഭവിച്ചത് ഇപ്രകാരമായിരുന്നു:
“അന്നു ഫറവോന്‍ ജനത്തിന്‍റെ ഊഴിയ വിചാരകന്മാരോടും പ്രമാണികളോടും കല്പിച്ചതു എന്തെന്നാല്‍ : “ഇഷ്ടിക ഉണ്ടാക്കുവാന്‍ ജനത്തിന്നു മുമ്പിലത്തെപ്പോലെ ഇനി വൈക്കോല്‍ കൊടുക്കരുതു; അവര്‍ തന്നേ പോയി വൈക്കോല്‍ ശേഖരിക്കട്ടെ. എങ്കിലും ഇഷ്ടികയുടെ കണകൂ മുമ്പിലത്തെപ്പോലെ തന്നേ അവരുടെ മേല്‍ ചുമത്തേണം; ഒട്ടും കുറെക്കരുതു. അവര്‍ മടിയന്മാര്‍; അതുകൊണ്ടാകുന്നുഞങ്ങള്‍ പോയി ഞങ്ങളുടെ ദൈവത്തിന്നു യാഗം കഴിക്കട്ടെ എന്നു നിലവിളിക്കുന്നതു. അവരുടെ വേല അതിഭാരമായിരിക്കട്ടെ; അവര്‍ അതില്‍ കഷ്ടപ്പെടട്ടെ; അവരുടെ വ്യാജവാക്കുകള്‍ കേള്‍ക്കരുതു.” അങ്ങനെ ജനത്തിന്‍റെ ഊഴിയവിചാരകന്മാരും പ്രമാണികളും ചെന്നു ജനത്തോടു: “നിങ്ങള്‍ക്കു വൈക്കോല്‍ തരികയില്ല, നിങ്ങള്‍ തന്നേ പോയി കിട്ടുന്നേടത്തുനിന്നു വൈക്കോല്‍ ശേഖരിപ്പിന്‍ ; എങ്കിലും നിങ്ങളുടെ വേലയില്‍ ഒട്ടും കുറെക്കയില്ല എന്നു ഫറവോന്‍ കല്പിക്കുന്നു” എന്നു പറഞ്ഞു. അങ്ങനെ ജനം വൈക്കോലിന്നു പകരം താളടി ശേഖരിപ്പാന്‍ മിസ്രയീം ദേശത്തു എല്ലാടവും ചിതറി നടന്നു. ഊഴിയ വിചാരകന്മാര്‍ അവരെ ഹേമിച്ചു: “വൈക്കോല്‍ കിട്ടിവന്നപ്പോള്‍ ഉള്ളതിന്നു ശരിയായി നിങ്ങളുടെ നിത്യവേല ദിവസവും തികെക്കേണം” എന്നു പറഞ്ഞു. ഫറവോന്‍റെ ഊഴിയവിചാരകന്മാര്‍ യിസ്രായേല്‍ മക്കളുടെ മേല്‍ ആക്കിയിരുന്ന പ്രമാണികളെ അടിച്ചു: “നിങ്ങള്‍ ഇന്നലെയും ഇന്നും മുമ്പിലത്തെപ്പോലെ ഇഷ്ടിക തികെക്കാഞ്ഞതു എന്തു?” എന്നു ചോദിച്ചു. അതുകൊണ്ടു യിസ്രായേല്‍മക്കളുടെ പ്രാമണികള്‍ ചെന്നു ഫറവോനോടു നിലവിളിച്ചു; “അടിയങ്ങളോടു ഇങ്ങനെ ചെയ്യുന്നതു എന്തു? അടിയങ്ങള്‍ക്കു വൈക്കോല്‍ തരാതെ ഇഷ്ടിക ഉണ്ടാക്കുവിന്‍ എന്നു അവര്‍ പറയുന്നു; അടിയങ്ങളെ തല്ലുന്നു; അതു നിന്‍റെ ജനത്തിന്നു പാപമാകുന്നു” എന്നു പറഞ്ഞു. അതിന്നു അവന്‍ “മടിയന്മാരാകുന്നു നിങ്ങള്‍, മടിയന്മാര്‍; അതുകൊണ്ടുഞങ്ങള്‍ പോയി യഹോവേക്കു യാഗം കഴിക്കട്ടെ എന്നു നിങ്ങള്‍ പറയുന്നു. പോയി വേല ചെയ്‍വിന്‍ ; വൈക്കോല്‍ തരികയില്ല, ഇഷ്ടിക കണകൂപോലെ ഏല്പിക്കേണം താനും” എന്നു കല്പിച്ചു. ദിവസംതോറുമുള്ള ഇഷ്ടികക്കണക്കില്‍ ഒന്നും കുറെക്കരുതു എന്നു കല്പിച്ചപ്പോള്‍ തങ്ങള്‍ വിഷമത്തിലായി എന്നു യിസ്രായേല്‍മക്കളുടെ പ്രാമണികള്‍ കണ്ടു” (പുറ.5:6-19)
അങ്ങനെ കാര്യങ്ങള്‍ ആദ്യത്തേതിനേക്കാള്‍ കൂടുതല്‍ വഷളായി എന്ന് കണ്ടപ്പോള്‍ മോശെ യഹോവയുടെ അടുക്കല്‍ ചെന്നു: “കര്‍ത്താവേ, നീ ഈ ജനത്തിന്നു ദോഷം വരുത്തിയതു എന്തു? നീ എന്നെ അയച്ചതു എന്തിന്നു? ഞാന്‍ നിന്‍റെ നാമത്തില്‍ സംസാരിപ്പാന്‍ ഫറവോന്‍റെ അടുക്കല്‍ ചെന്നതുമുതല്‍ അവന്‍ ഈ ജനത്തോടു ദോഷം ചെയ്തിരിക്കുന്നു; നിന്‍റെ ജനത്തെ നീ വിടുവിച്ചതുമില്ല” എന്നു പരാതി പറഞ്ഞു. യഹോവ മോശെയോടു: “ഞാന്‍ ഫറവോനോടു ചെയ്യുന്നതു നീ ഇപ്പോള്‍ കാണും. ശക്തിയുള്ള കൈ കണ്ടിട്ടു അവന്‍ അവരെ വിട്ടയക്കും; ശക്തിയുള്ള കൈ കണ്ടിട്ടു അവരെ തന്‍റെ ദേശത്തുനിന്നു ഓടിച്ചുകളയും” എന്നു അരുളിച്ചെയ്തു. പിന്നെ യഹോവയുടെ കല്പന പ്രകാരം മോശെ ഫറവോന്‍റെ മുന്നില്‍ ചെന്ന് യിസ്രായേല്‍ ജനത്തെ വിട്ടയക്കണം എന്ന് പറഞ്ഞു ഒന്‍പതു ബാധകള്‍ വരുത്തി. ഇതില്‍ ചില ബാധകള്‍ ഉണ്ടായപ്പോള്‍ മോശെയെയും അഹരോനെയും വിളിച്ചു വരുത്തിയ ഫറവോ ആവശ്യപ്പെട്ടത് ഇപ്രകാരമായിരുന്നു: “ഈ പ്രാവശ്യം ഞാന്‍ പാപംചെയ്തു; യഹോവ നീതിയുള്ളവന്‍ ; ഞാനും എന്‍റെ ജനവും ദുഷ്ടന്മാര്‍. യഹോവയോടു പ്രാര്‍ത്ഥിപ്പിന്‍ ; ഈ ഭയങ്കരമായ ഇടിയും കല്മഴയും മതി. ഞാന്‍ നിങ്ങളെ വിട്ടയക്കാം; ഇനി താമസിപ്പിക്കയില്ല” (പുറ.9:27,28). എന്നാല്‍ ബാധ മാറിക്കഴിയുമ്പോള്‍ ഫറവോന്‍റെ നിലപാട് ഇപ്രകാരമായിരിക്കും: “മഴയും കല്മഴയും ഇടിമുഴക്കവും നിന്നുപോയി എന്നു ഫറവോന്‍ കണ്ടപ്പോള്‍ അവന്‍ പിന്നെയും പാപം ചെയ്തു; അവനും ഭൃത്യന്മാരും ഹൃദയം കഠിനമാക്കി. യഹോവ മോശെ മുഖാന്തരം അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടു, അവന്‍ യിസ്രായേല്‍മക്കളെ വിട്ടയച്ചതുമില്ല” (പുറ.9:34,35).
ഈ അവസ്ഥയിലാണ് യഹോവയായ ദൈവം യിസ്രായേല്‍ മക്കളെ മിസ്രയീം എന്ന ഇരുമ്പുലയില്‍ നിന്നും വിടുവിപ്പാന്‍ വേണ്ടി പത്താമത്തെ ബാധ -ആദ്യജാതന്മാരുടെ സംഹാരം- അവിടെ വരുത്തുന്നത്. ഒരു വയസ്സ് പ്രായമുള്ള ഒരു ആട്ടിന്‍കുട്ടിയെ കൊന്നു അതിന്‍റെ രക്തം കുറെ എടുത്തു വീടുകളുടെ വാതിലിന്‍റെ കട്ടിളക്കാല്‍ രണ്ടിന്മേലും കുറുമ്പടി മേലും പുരട്ടണം എന്ന് യഹോവ മോശെ മുഖാന്തരം കല്പന കൊടുത്തു. “ഈ രാത്രിയില്‍ ഞാന്‍ മിസ്രയീംദേശത്തുകൂടി കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്‍റെയും മൃഗത്തിന്‍റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; മിസ്രയീമിലെ സകല ദേവന്മാരിലും ഞാന്‍ ന്യായവിധി നടത്തും; ഞാന്‍ യഹോവ ആകുന്നു. നിങ്ങള്‍ പാര്‍ക്കുന്ന വീടുകളിന്മേല്‍ രക്തം അടയാളമായിരിക്കും; ഞാന്‍ രക്തം കാണുമ്പോള്‍ നിങ്ങളെ ഒഴിഞ്ഞു കടന്നു പോകും; ഞാന്‍ മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങള്‍ക്കു നാശഹേതുവായ്തീരുകയില്ല” (പുറ.12:12,13) എന്നാണ് യഹോവ മോശയോടു കല്പിച്ചത്. യഹോവ കല്പിച്ചതുപോലെ യിസ്രായേല്‍ മക്കള്‍ ചെയ്തു, യഹോവയുടെ കടിഞ്ഞൂല്‍ സംഹാരത്തില്‍ മിസ്രയീമ്യരുടെ ആദ്യജാതന്മാര്‍ ഒക്കെയും കൊല്ലപ്പെട്ടപ്പോള്‍ പെസഹാ കുഞ്ഞാടിന്‍റെ രക്തം തളിക്കപ്പെട്ടിരുന്ന വീടുകളില്‍ പാര്‍ത്ത യിസ്രായേല്യരുടെ ആദ്യജാതന്മാര്‍ എല്ലാവരും രക്ഷപ്പെട്ടു.
“അര്‍ദ്ധരാത്രിയിലോ, സിംഹാസനത്തിലിരുന്ന ഫറവോന്‍റെ ആദ്യജാതന്‍ മുതല്‍ കുണ്ടറയില്‍ കിടന്ന തടവുകാരന്‍റെ ആദ്യജാതന്‍ വരെയും മിസ്രയീംദേശത്തിലെ ആദ്യജാതന്മാരെയും മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും എല്ലാം യഹോവ സംഹരിച്ചു. ഫറവോനും അവന്‍റെ സകലഭൃത്യന്മാരും സകല മിസ്രയീമ്യരും രാത്രിയില്‍ എഴുന്നേറ്റു; മിസ്രയീമില്‍ വലിയോരു നിലവിളി ഉണ്ടായി; ഒന്നു മരിക്കാതെ ഒരു വീടും ഉണ്ടായിരുന്നില്ല. അപ്പോള്‍ അവന്‍ മോശെയെയും അഹരോനെയും രാത്രിയില്‍ വിളിപ്പിച്ചു: “നിങ്ങള്‍ യിസ്രായേല്‍മക്കളുമായി എഴുന്നേറ്റു എന്‍റെ ജനത്തിന്‍റെ നടുവില്‍നിന്നു പുറപ്പെട്ടു, നിങ്ങള്‍ പറഞ്ഞതുപോലെ പോയി യഹോവയെ ആരാധിപ്പിന്‍ . നിങ്ങള്‍ പറഞ്ഞതുപോലെ നിങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോയ്ക്കൊള്‍വിന്‍ ; എന്നെയും അനുഗ്രഹിപ്പിന്‍ ” എന്നു പറഞ്ഞു. മിസ്രയീമ്യര്‍ ജനത്തെ നിര്‍ബന്ധിച്ചു വേഗത്തില്‍ ദേശത്തുനിന്നു അയച്ചു: ഞങ്ങള്‍ എല്ലാവരും മരിച്ചു പോകുന്നു എന്നു അവര്‍ പറഞ്ഞു. അതുകൊണ്ടു ജനം കുഴെച്ച മാവു പുളിക്കുന്നതിന്നു മുമ്പെ തൊട്ടികളോടുകൂടെ ശീലകളില്‍ കെട്ടി ചുമലില്‍ എടുത്തു കൊണ്ടുപോയി. യിസ്രായേല്‍മക്കള്‍ മോശെയുടെ വചനം അനുസരിച്ചു മിസ്രയീമ്യരോടു വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു. യഹോവ മിസ്രയീമ്യര്‍ക്കും ജനത്തോടു കൃപ തോന്നിച്ചതുകൊണ്ടു അവര്‍ ചോദിച്ചതൊക്കെയും അവര്‍ അവര്‍ക്കും കൊടുത്തു; അങ്ങനെ അവര്‍ മിസ്രയീമ്യരെ കൊള്ളയിട്ടു” (പുറ.12:29-36). അങ്ങനെ ജനമെല്ലാം മിസ്രയീം ദേശത്തു നിന്ന് പുറപ്പെട്ടു. അതില്‍ പുരുഷന്മാരുടെ അംഗസംഖ്യയെത്രയായിരുന്നു എന്ന് മോശെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്: “എന്നാല്‍ യിസ്രായേല്‍മക്കള്‍, കുട്ടികള്‍ ഒഴികെ ഏകദേശം ആറുലക്ഷം പുരുഷന്മാര്‍ കാല്‍നടയായി റമസേസില്‍നിന്നു സുക്കോത്തിലേക്കു യാത്ര പുറപ്പെട്ടു. വലിയോരു സമ്മിശ്രപുരുഷാരവും ആടുകളും കന്നുകാലികളുമായി അനവധി മൃഗങ്ങളും അവരോടു കൂടെ പോന്നു” (പുറ.12:36,37).
എന്നാല്‍ യിസ്രായേല്‍ ജനം മിസ്രയീമില്‍ നിന്നും പോന്നു കഴിഞ്ഞതിനു ശേഷം ഫറവോന് അവരെ വിട്ടയച്ചത് അബദ്ധമായിപ്പോയി എന്ന് തോന്നുകയാല്‍ അവന്‍ തന്‍റെ വമ്പിച്ച സൈന്യവുമായി അവരെ പിന്തുടര്‍ന്നു. പക്ഷേ ചെങ്കടലിന്‍റെ പടിഞ്ഞാറേ ശാഖയായ സൂയസ് ഉള്‍ക്കടലിനെ രണ്ടായി ഭാഗിച്ചുകൊണ്ട് യഹോവ യിസ്രായേല്‍ മക്കളുടെ പാദം പോലും നനയാതെ ഉണങ്ങിയ നിലത്തുകൂടെ അവരെ അക്കരെ കടത്തി. അതുകണ്ട ഫറവോയും സൈന്യവും തൊട്ടുപുറകെ ചെങ്കടല്‍ കടക്കാന്‍ നോക്കിയെങ്കിലും അവര്‍ പാതിവഴിയില്‍ എത്തിയപ്പോള്‍ ദൈവകല്പനയാല്‍ മോശെ ചെങ്കടലിനു നേര്‍ക്ക് തന്‍റെ കയ്യിലിരുന്ന വടി നീട്ടിയപ്പോള്‍ ഇരു വശത്തും മതില്‍ പോലെ നിന്ന വെള്ളം പൂവ്വസ്ഥിതിയില്‍ ആകുകയും ഫറവോയും കൂട്ടരും മുങ്ങി മരിക്കുകയും ചെയ്തു. ഇങ്ങനെ യിസ്രായേല്‍ മക്കള്‍ നീണ്ട 430 വര്‍ഷത്തെ മിസ്രയീമ്യ അടിമത്തത്തില്‍ നിന്നും വിമോചിതരായി. ഇതാണ് വിമര്‍ശന വിധേയമായ സംഭവത്തിന്‍റെ ചരിത്ര പശ്ചാത്തലം. ഇനി നമുക്ക് ഇതൊന്നു അപഗ്രഥിച്ചു നോക്കാം:
1. ഫറവോയും മിസ്രയീമ്യരും യിസ്രായേല്‍ മക്കളോട് കാണിച്ചത് തികച്ചും നന്ദികേടാണ്.
ഒരു മഹാക്ഷമത്തില്‍ നിന്ന് തങ്ങളുടെ രാജ്യത്തെ രക്ഷിക്കുകയും ആ ക്ഷാമത്തെ ബുദ്ധിപൂര്‍വ്വം നേരിട്ട് തങ്ങള്‍ക്കു വമ്പിച്ച ധനം ഉണ്ടാക്കിത്തരികയും ചെയ്ത യോസേഫിന്‍റെ ജനത്തെ ആദരിച്ചില്ലെങ്കിലും അടിമകളാക്കാന്‍ പാടില്ലായിരുന്നു. ഫറവോനെ സംബന്ധിച്ച് ആ ക്ഷാമത്തിന് ശേഷം മിസ്രയീമില്‍ ഉണ്ടായിട്ടുള്ള എല്ലാ വിളവിന്‍റേയും അഞ്ചിലൊന്ന് ഫറവോക്ക് ലഭിച്ചു കൊണ്ടിരുന്നത് യോസേഫ് കൊണ്ടുവന്ന നിയമം മൂലമാണ്. രാജ്യത്തെ മറ്റു റവന്യൂ വരുമാനത്തിന് പുറമെയുള്ളതാണ് ഈ വരുമാനം. അതുകൊണ്ട് ഫറവോനും കുടുംബത്തിനും യോസേഫിന്‍റെ ജനത്തിനോട് കൂടുതല്‍ ബാധ്യത ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ തികച്ചും നന്ദികെട്ടവരായി മാറി യിസ്രായേല്‍ ജനത്തെ അടിമകളാക്കുക മാത്രമല്ല, അവരുടെ ആണ്‍പൈതങ്ങളെ മുഴുവന്‍ നൈല്‍ നദിയില്‍ എറിഞ്ഞു കൊന്നു കളയുക എന്ന ഹീനവും നികൃഷ്ടവുമായ നിലപാടാണ് യിസ്രായേല്‍ ജനത്തിനു നേര്‍ക്ക് കൈക്കൊണ്ടത്.
2. മിസ്രയീമ്യരുടെ നേരെയുള്ള ദൈവത്തിന്‍റെ ന്യായവിധി തികച്ചും നീതിയുള്ളതായിരുന്നു.
‘പല്ലിനു പല്ല്, കണ്ണിനു കണ്ണ്, രക്തത്തിന് രക്തം, ജീവന് ജീവന്‍’ എന്നുള്ളത് ന്യായപ്രമാണത്തില്‍ ഉള്ള ദൈവിക നിയമമായിരുന്നു. ആ നിയമത്തിന്‍റെ നിറവേറലാണ് യിസ്രായേല്‍ ജനത്തെ വിടുവിക്കുന്നതിനോടുള്ള ബന്ധത്തില്‍ നടന്ന ആദ്യജാത സംഹാരം അടക്കമുള്ള പത്തു ബാധകളും. തന്‍റെ ദാസന്മാരായ അബ്രാഹാമിനോടും യിസഹാക്കിനോടും യാക്കോബിനോടും ചെയ്ത ഉടമ്പടികള്‍ അനുസരിച്ച് യിസ്രായേല്‍ ജനത്തെ വിടുവിച്ചു കൊണ്ടുവരേണ്ടത് യഹോവയായ ദൈവത്തിന്‍റെ ബാധ്യതയായിരുന്നു. അതവന്‍ ജീവനു പകരം ജീവന്‍ എന്നുള്ള തന്‍റെ നീതിയോടുകൂടെ തന്നെ നിര്‍വഹിച്ചു. അത്രയും ചെയ്തിട്ടും ഫറവോയും കൂട്ടരും യിസ്രായേലിനെ വീണ്ടും അടിമകളാക്കി പിടിക്കാന്‍ പുറകെ വന്നു എന്നുള്ളത് കാണുമ്പോഴാണ് അവരുടെ ഹൃദയ കാഠിന്യവും യഹോവ അവരില്‍ നടത്തിയ ന്യായവിധിയുടെ നീതിയും മനസ്സിലാകുന്നത്. ഫറവോന്‍റെ മുന്നില്‍ നില്‍ക്കുമ്പോള്‍ മോശെയുടെ പ്രായം എണ്‍പതു വയസ്സായിരുന്നു എന്ന് പുറ.7:7- ല്‍ പറയുന്നുണ്ട്. ആണ്‍പൈതങ്ങളെ മുഴുവന്‍ നദിയില്‍ എറിയുക എന്ന നിയമം മോശെ ജനിക്കുന്നതിനും എത്ര വര്‍ഷം മുന്‍പേയാണ് കൊണ്ടുവന്നത് എന്ന കാര്യം ബൈബിളില്‍ നിന്നും വ്യക്തമല്ലെങ്കിലും കുറഞ്ഞത് എണ്‍പതു വര്‍ഷമെങ്കിലും ആ കിരാത നിയമം നടപ്പിലുണ്ടായിരുന്നു എന്ന് മോശെയുടെ വയസ്സിന്‍റെ അടിസ്ഥാനത്തില്‍ നമുക്ക് മനസ്സിലാക്കാം. മോശെയുടെ മാതാപിതാക്കളെപ്പോലെ രഹസ്യമായി ആണ്‍മക്കളെ വളര്‍ത്താന്‍ ധൈര്യം കാണിച്ച ചിലരുടെ സന്താനങ്ങള്‍ ഒഴികെ ബാക്കിയുള്ള ആണ്‍കുഞ്ഞുങ്ങള്‍ നൈല്‍ നദിയിലെ മുതലകള്‍ക്ക് ആഹാരമായി മാറുകയാണുണ്ടായത്. സമാനതകളില്ലാത്ത ഈ ക്രൂരതക്ക് നേരെ ദൈവത്തിന്‍റെ ക്രോധം സ്വര്‍ഗ്ഗത്തില്‍ നിന്ന് വെളിപ്പെടില്ല എന്നാണോ വിമര്‍ശകന്മാര്‍ ധരിച്ചു വെച്ചിരിക്കുന്നത്? അതോ ഈ ക്രൂരതക്ക് നേരെ ദൈവം പ്രതികരിക്കരുത് എന്നോ? ന്യായവിധി സ്വന്തം ഗൃഹത്തില്‍ നിന്ന് തന്നെ ആരംഭിക്കുന്ന, മുഖപക്ഷം കൂടാതെ ന്യായം വിധിക്കുന്ന ദൈവമാണ് ബൈബിളില്‍ വെളിപ്പെടുന്ന ദൈവം. അവന്‍ ദഹിപ്പിക്കുന്ന അഗ്നിയാണ്.
3. മിസ്രയീമ്യര്‍ക്കു നേരെ ദൈവം നടത്തിയ ന്യായവിധി അവന്‍റെ കരുണയ്ക്ക് ഒരു വിധത്തിലും എതിരല്ല.
ദൈവം മിസ്രയീമ്യരോട് ഇടപെട്ടത് കരുണയോട് കൂടി തന്നെയാണ്. ക്ഷാമം വരുന്നതിനു മുന്‍പേ അതിനെക്കുറിച്ച് മുന്നറിയിപ്പ് കൊടുത്തത്, ക്ഷാമത്തെ നേരിടാന്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ യോസേഫ് മുഖാന്തരം കൊടുത്തത് തുടങ്ങി ആരംഭം മുതലേ ദൈവം കരുണയോടുകൂടി മിസ്രയീമിനോട് ഇടപെട്ടു. ന്യായവിധിയുടെ കാര്യത്തിലായാലും ദൈവത്തിന്‍റെ കരുണ നമുക്ക് കാണാന്‍ കഴിയും. ആദ്യജാത സംഹാരം അടക്കമുള്ള പത്തു ബാധകള്‍ വരുത്തന്നതിനു മുന്‍പേ ദൈവം മോശയേയും അഹരോനേയും ഫറവോയുടെ സന്നിധിയിലേക്ക് അയക്കുന്നുണ്ട്. അന്ന് മോശെയുടെ വാക്ക് കേട്ട് യിസ്രായേല്‍ മക്കളെ വിട്ടയിച്ചിരുന്നെങ്കില്‍ മറ്റു ബാധകള്‍ ഒന്നും അവര്‍ക്ക് വരില്ലായിരുന്നു. എന്നാല്‍ മോശെ മുഖാന്തരം അരുളിച്ചെയ്ത ദൈവവചനങ്ങളെ കേള്‍ക്കാന്‍ കൂട്ടാക്കാതെ ഫറവോ പറഞ്ഞത് “ഞാന്‍ യഹോവയുടെ വാക്കു കേള്‍ക്കേണ്ടതിന്നു അവന്‍ ആര്‍? ഞാന്‍ യഹോവയെ അറികയില്ല; ഞാന്‍ യിസ്രായേലിനെ വിട്ടയക്കയുമില്ല” എന്നാണ്. ഇത് സ്വയംകൃതാനര്‍ത്ഥമാണ്, ദൈവത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പിന്നീട് ഉണ്ടായ ഓരോ ബാധയുടെ സമയത്തും ഫറവോന് മനംതിരിയാന്‍ അവസരം ഉണ്ടായിരുന്നു. അവന്‍ യിസ്രായേല്‍ മക്കളെ വിട്ടയച്ചാല്‍ അപ്പോള്‍ തീരുമായിരുന്നു ദൈവത്തിന്‍റെ ന്യായവിധി. എന്നാല്‍ ഓരോ പ്രാവശ്യവും അവന്‍ അവരെ വിട്ടയക്കാമെന്നു പറഞ്ഞതല്ലാതെ വിട്ടയച്ചില്ല.
ഇനി ആദ്യജാത സംഹാരത്തിലും ന്യായവിധിയുടെ മധ്യേയുള്ള ദൈവിക കരുണ കാണാന്‍ കഴിയും. ജീവന് പകരം ജീവന്‍ എന്ന പ്രമാണപ്രകാരം ആണെങ്കില്‍ കഴിഞ്ഞ എണ്‍പതു വര്‍ഷം കൊണ്ട് കൊല ചെയ്യപ്പെട്ട യിസ്രായേല്യ പൈതങ്ങളുടെ ജീവന് പകരമായി മിസ്രയീമിലുള്ള മുഴുവന്‍ ആണുങ്ങളുടെയും ജീവന്‍ യഹോവയായ ദൈവം എടുക്കേണ്ടതാണ്. എന്നാല്‍ യഹോവ അത് ചെയ്യുന്നില്ല, ആദ്യജാതന്മാരുടെ ജീവനെടുക്കുവാന്‍ മാത്രമേ അവിടുന്ന് ഉദ്ദേശിക്കുന്നുള്ളു. ഇവിടെ ആദ്യജാതന്‍ എന്നതിന് ഉപയോഗിച്ചിരിക്കുന്ന എബ്രായ വാക്ക് “ബെഖോര്‍” എന്നതാണ്. ഇത് പുല്ലിംഗ രൂപമാണ്. (സ്ത്രീലിംഗം “ബെഖിറാ”) ഇതില്‍നിന്നു മനസ്സിലാകുന്നത് ഒരു കുടുംബത്തില്‍ മൂത്തത് ആണ്‍കുട്ടിയാണെങ്കില്‍ മാത്രമേ ആ കുടുംബത്തില്‍ മരണം നടക്കൂ എന്നുള്ളതാണ്. പെണ്‍കുട്ടിയാണ് ആ കുടുംബത്തിലെ മൂത്തയാള്‍ എങ്കില്‍ അവിടെ ആരും കൊല്ലപ്പെടുകയില്ല. ഇതും ദൈവത്തിന്‍റെ ന്യായവിധിയില്‍ ഉള്ള കരുണയെ കാണിക്കുന്നു. വിമര്‍ശകന്മാര്‍ ഉന്നയിക്കുന്നത് “ആദ്യജാതന്മാര്‍ നവജാത ശിശുക്കളായിരുന്നു” എന്നാണ്. അറിവില്ലായ്മ കൊണ്ടാണ് അങ്ങനെയുള്ള ആരോപണം ഉന്നയിക്കുന്നത്. ഒരു കുടുംബത്തിലെ ആദ്യജാതന്‍ എന്നുള്ളത് ഏതു പ്രായക്കാരനും ആകാം എന്നുള്ളത് ആര്‍ക്കും അറിയാവുന്ന കാര്യമാണ്. മൂത്ത മകന്‍ ചിലപ്പോള്‍ നവജാതശിശു ആകാം, ചിലപ്പോള്‍ 90 വയസ്സുള്ളയാളും ആകാം. അതുകൊണ്ട് നവജാതശിശുക്കളെ മാത്രമാണ് കൊന്നത് എന്നുള്ള വിമര്‍ശകന്മാരുടെ വാദത്തില്‍ കഴമ്പില്ല. ഇനി, ഇതിനേക്കാള്‍ എല്ലാം വലിയൊരു കരുണ ഈ ന്യായവിധിയില്‍ നിന്നും ഒഴിയാന്‍ യഹോവയായ ദൈവം അവര്‍ക്ക് നല്‍കിയിരുന്നു, പെസഹാ കുഞ്ഞാടിന്‍റെ രക്തം!! എല്ലാവര്‍ക്കും പൊതുവെയുള്ള ധാരണ പെസഹ കുഞ്ഞാടിന്‍റെ രക്തത്തിലൂടെ ആദ്യജാത സംഹാരത്തില്‍ നിന്നുള്ള രക്ഷ യിസ്രായേല്‍ മക്കള്‍ക്ക് മാത്രമായിരുന്നു എന്നാണ്. എന്നാല്‍ അത് അവര്‍ക്ക് മാത്രമായിരുന്നില്ല, ദൈവം നല്‍കിയ കല്പന അനുസരിച്ച് പെസഹ കുഞ്ഞാടിനെ കൊന്നു അതിന്‍റെ രക്തം കട്ടിളക്കാല്‍ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടിയിട്ടുള്ള ഏതൊരു വീട് കണ്ടാലും യഹോവ ആ ഭവനത്തെ ഒഴിഞ്ഞു കടന്നു പോകും എന്നായിരുന്നു മോശയോടുള്ള ദൈവിക വാഗ്ദത്തം. ഇതിനു മുന്‍പ് യഹോവ വരുത്തിയ ബാധകളുടെ സമയത്ത് യഹോവയുടെ കല്പന അനുസരിക്കാന്‍ തയ്യാറായ മിസ്രയീമ്യര്‍ക്ക് യഹോവയുടെ ശിക്ഷ ബാധിച്ചിരുന്നില്ല. ഒരു ഉദാഹരണം നോക്കാം:
“ഫറവോന്‍റെ ഭൃത്യന്മാരില്‍ യഹോവയുടെ വചനത്തെ ഭയപ്പെട്ടവര്‍ ദാസന്മാരെയും മൃഗങ്ങളെയും വീടുകളില്‍ വരുത്തി രക്ഷിച്ചു. എന്നാല്‍ യഹോവയുടെ വചനത്തെ പ്രമാണിക്കാതിരുന്നവര്‍ ദാസന്മാരെയും മൃഗങ്ങളെയും വയലില്‍ തന്നേ വിട്ടു. പിന്നെ യഹോവ മോശെയോടു: മിസ്രയീംദേശത്തു എല്ലാടവും മനുഷ്യരുടെയും മൃഗങ്ങളുടെയും മേലും മിസ്രയീം ദേശത്തുള്ള സകല സസ്യത്തിന്മേലും കല്മഴ വരുവാന്‍ നിന്‍റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു. മോശെ തന്‍റെ വടി ആകാശത്തേക്കു നീട്ടി; അപ്പോള്‍ യഹോവ ഇടിയും കല്മഴയും അയച്ചു; തീ ഭൂമിയിലേക്കു പാഞ്ഞിറങ്ങി; യഹോവ മിസ്രയീംദേശത്തിന്മേല്‍ കല്മഴ പെയ്യിച്ചു. ഇങ്ങനെ കല്മഴയും കല്മഴയോടു കൂടെ വിടാതെ ഇറങ്ങുന്ന തീയും അതികഠിനമായിരുന്നു; മിസ്രയീംദേശത്തു ജനവാസം തുടങ്ങിയതുമുതല്‍ അതിലെങ്ങും ഇതുപോലെ ഉണ്ടായിട്ടില്ല. മിസ്രയീംദേശത്തു എല്ലാടവും മനുഷ്യരെയും മൃഗങ്ങളെയും വയലില്‍ ഇരുന്ന സകലത്തെയും കല്മഴ സംഹരിച്ചു; കല്മഴ വയലിലുള്ള സകലസസ്യത്തെയും നശിപ്പിച്ചു; പറമ്പിലെ വൃക്ഷത്തെ ഒക്കെയും തകര്‍ത്തുകളഞ്ഞു. യിസ്രായേല്‍മക്കള്‍ പാര്‍ത്ത ഗോശെന്‍ ദേശത്തു മാത്രം കല്മഴ ഉണ്ടായില്ല” (പുറ.9:20-26). ഇവിടെ 9:20-ല്‍ പറയുന്നത് “ഫറവോന്‍റെ ഭൃത്യന്മാരില്‍ യഹോവയുടെ വചനത്തെ ഭയപ്പെട്ടവര്‍ ദാസന്മാരെയും മൃഗങ്ങളെയും വീടുകളില്‍ വരുത്തി രക്ഷിച്ചു” എന്നാണ്. അതായത് യഹോവ പറഞ്ഞത് അനുസരിക്കുവാന്‍ തയ്യാറായവര്‍ക്ക് ന്യായവിധി ബാധിച്ചില്ല എന്നര്‍ത്ഥം! ആദ്യജാത സംഹാരത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ യഹോവയായ ദൈവം പറഞ്ഞതനുസരിച്ചാല്‍ മിസ്രയീമ്യര്‍ക്കും സാധിക്കുമായിരുന്നു എന്നാണ് അതിന്‍റെ മറ്റൊരര്‍ത്ഥം!!
അങ്ങനെ യഹോവയെ അനുസരിച്ച് തങ്ങളുടെ ആദ്യജാതന്മാരെ രക്ഷിച്ച ധാരാളം പേര്‍ അന്ന് മിസ്രയീമിലുണ്ടായിരുന്നു എന്നതിനു വ്യക്തമായ ഒരു സൂചന നമുക്ക് കിട്ടുന്നുമുണ്ട്. പുറ.12:38-ല്‍ യിസ്രായേല്‍ മക്കളുടെ പുറപ്പാടിനോടുള്ള ബന്ധത്തില്‍ പറയുന്നത് “വലിയൊരു സമ്മിശ്ര ജാതി പുരുഷാരവും ആടുകളും കന്നുകാലികളുമായി അനവധി മൃഗങ്ങളും അവരോടു കൂടെ പോന്നു” എന്നാണ്. “സമ്മിശ്ര ജാതി പുരുഷാരം” എന്ന് പറഞ്ഞാല്‍ യിസ്രായേല്‍ മക്കളല്ലാത്ത ആളുകള്‍. ഇതില്‍ മിസ്രയീമ്യര്‍ മാത്രമല്ല, മറ്റു ജനവിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുന്നു. അന്നത്തെ പ്രബല സാമ്രാജ്യമായിരുന്നു മിസ്രയീം മറ്റു രാജ്യങ്ങള്‍ കീഴടക്കി അവിടെ നിന്നും അടിമകളായി കൊണ്ടുവന്നിരുന്ന വിവിധ ദേശക്കാരും ഉള്‍ക്കൊള്ളുന്ന ഒരു വലിയ സംഘം ആളുകളെയാണ് ഇവിടെ സമ്മിശ്രജാതി പുരുഷാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. യിസ്രായേല്‍ മക്കള്‍ റമസേസില്‍ നിന്നും പുറപ്പെടുമ്പോള്‍ “മിസ്രയീമ്യരോ, യഹോവ തങ്ങളുടെ ഇടയില്‍ സംഹരിച്ച കടിഞ്ഞൂലുകളെ എല്ലാം കുഴിച്ചിടുകയായിരുന്നു” എന്ന് സംഖ്യാ.33:4-ല്‍ പറയുന്നുണ്ട്. എന്നാല്‍ ഈ സമ്മിശ്രജാതി പുരുഷാരത്തിനെ സംബന്ധിച്ചിടത്തോളം അവര്‍ യഹോവയുടെ കല്പന അനുസരിച്ചതിനാല്‍ അവരുടെ കടിഞ്ഞൂലുകള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലാത്തതുകൊണ്ട് അവര്‍ക്ക് യിസ്രായേല്‍ മക്കളുടെ കൂടെ പുറപ്പെടുവാന്‍ സാധിച്ചു. ഇതില്‍ നിന്നും ദൈവകല്പന അനുസരിക്കാന്‍ തയ്യാറായവരുടെ ആദ്യജാതന്മാര്‍ കൊല്ലപ്പെട്ടില്ല എന്ന് നമുക്ക് മനസ്സിലാക്കാം. ഇങ്ങനെ ന്യായവിധിയുടെ സമയത്തും ദൈവം അവര്‍ക്ക് ഒരു രക്ഷാമാര്‍ഗ്ഗം തുറന്നിട്ട് കൊണ്ടാണ് ന്യായവിധി നടത്തിയത് എന്ന് ബൈബിളില്‍ നിന്ന് തന്നെ തെളിയുമ്പോള്‍ ആദ്യജാത സംഹാരം ദൈവത്തിന്‍റെ കാരുണ്യത്തിന് എതിരാണ് എന്ന് വിമര്‍ശിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല എന്ന് മാത്രമേ വിമര്‍ശകന്മാരോട് ഞങ്ങള്‍ക്ക് പറയാനുള്ളൂ.
One Comment on “ആദ്യജാതന്മാരെ സംഹരിച്ചത് ദൈവത്തിന്‍റെ കരുണയ്ക്ക് യോജിച്ചതാണോ?”
Thanks brother