ഇസ്ലാമിക ഗ്രന്ഥങ്ങളുടെ ആധികാരികത (ഭാഗം-2)
അനില്‍കുമാര്‍ വി. അയ്യപ്പന്‍
ഇനി സീറകളെ കുറിച്ച് ഇവര്‍ പറയുന്നത് നോക്കാം:
1. സത്യവും അസത്യവുമെല്ലാം കൂടിക്കുഴഞ്ഞു കിടക്കുന്ന അവസ്ഥയാണ് സീറകള്‍ക്കുള്ളത്.
2. ഖുര്‍ആനിന്‍റേയും സ്ഥിരപ്പെട്ട ഹദീസുകളുടെയുമടിസ്ഥാനത്തിലുള്ള സത്യസന്ധമായ ചരിത്ര വിവരണം മിക്ക സീറകളിലുമുണ്ട്.
3. കേട്ടു കേള്‍വിയുടേയും അനുമാനങ്ങളുടെയുമടിസ്ഥാനത്തിലുള്ള വിവരണങ്ങളും അതേ സീറകളില്‍ തന്നെയുണ്ട്.
4. നിവേദക പരമ്പര പോലുമില്ലാത്ത ചില സംഭവങ്ങള്‍ സീറകളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
5. ഗ്രന്ഥകാരന്‍ സ്വന്തം വകയായി പറഞ്ഞ കാര്യങ്ങള്‍ പോലും ചരിത്ര സംഭവങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ സീറകളില്‍ ഇടം പിടിച്ചിട്ടുണ്ട്.
6. ഇബ്നു ഇസ്ഹാഖ് മുഹമ്മദിന്‍റെ ജീവചരിത്രം രചിക്കാന്‍ ജൂത-ക്രിസ്ത്യന്‍ പാരമ്പര്യങ്ങളെപ്പോലും ആശ്രയിച്ചിട്ടുണ്ടെന്നു തുറന്നു സമ്മതിച്ച വ്യക്തിയാണ്.
7. ഇബ്നു ഇസ്ഹാഖിന്‍റെ സമകാലീനരായിരുന്ന പ്രഗത്ഭ മുസ്ലീം പണ്ഡിതന്മാരായ ഇമാം മാലിക് ഇബ്നു അനസും ഹിശാം ഇബ്നു ഉര്‍വ്വയും ഇബ്നു ഇസ്ഹാഖിന്‍റെ ചരിത്ര ഗ്രന്ഥം വിശ്വസനീയമല്ല എന്ന് പ്രഖ്യാപിച്ചിട്ടുള്ളവരാണ്.
8.ഇത്തരമൊരു പുസ്തകത്തില്‍നിന്ന് ഉദ്ധരിച്ചത് വഴി അനില്‍ കുമാറിന്‍റെ ആശയപാപ്പരത്തം ആണ് വ്യക്തമാകുന്നത്. .
ഈ കാര്യങ്ങളില്‍ അവസാനത്തെ പോയിന്‍റിനു ഞാന്‍ മറുപടി പറയുന്നില്ല. വ്യക്തിപരമായ വിമര്‍ശനത്തിനു മറുപടി പറഞ്ഞു സമയം നഷ്ടപ്പെടുത്തേണ്ട എന്ന് കരുതിയാണ് ഈ നിലപാട് സ്വീകരിക്കുന്നത്. ബാക്കിയുള്ള ഓരോ പോയിന്‍റുകള്‍ നമുക്ക് പരിശോധിക്കാം. അതിനു മുന്‍പ് സീറകളെക്കുറിച്ചും ആദ്യത്തെ സീറ രചിച്ച ഇബ്നു ഇസ്ഹാഖിനെക്കുറിച്ചും ചില കാര്യങ്ങള്‍ വിശദമായി അറിഞ്ഞിരിക്കണം. കാരണം, ഇബ്നു ഇസ്ഹാഖ് സ്വന്തം നിലക്ക കാര്യങ്ങള്‍ എഴുതി വെച്ച് മുഹമ്മദിന്‍റെ വ്യക്തിത്വത്തിന്മേല്‍ ചെളി തെറിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത് എന്ന അതീവ ഗുരുതരമായ ആരോപണമാണ് ഈ ദാവാക്കാര്‍ ഉന്നയിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഇസ്ലാമിക ലോകം ആദരിക്കുന്ന മുഹമ്മദിന്‍റെ ആദ്യ ജീവചരിത്രകാരനായ, ആദ്യകാല മുസ്ലീം പണ്ഡിതര്‍ക്കിടയിലെ തലയെടുപ്പുള്ള ചരിത്രകാരനായ ഇബ്നു ഇസ്ഹാഖ് ഒരു നബി നിന്ദകന്‍ ആയിരുന്നു എന്നാണു ഇവരുടെ വാദം. ആ വാദത്തിന്‍റെ പൊള്ളത്തരം പരിശോധിക്കാന്‍ ഇബ്നു ഇസ്ഹാഖിന്‍റെ ജീവചരിത്രം അറിഞ്ഞിരിക്കണം.
ഇബ്നു ഇസ്ഹാഖ്, ഒരു ലഘു വിവരണം.
A.D.704 അഥവാ ഹിജ്റ 85-ലാണ് ഇബ്നു ഇസ്ഹാഖിന്‍റെ ജനനം യാസര്‍ ഇബ്ന്‍ ഖിയാര്‍ എന്നയാളുടെ പേരക്കുട്ടിയായിട്ടാണ് മദീന പട്ടണത്തില്‍ ഇബ്നു ഇസ്ഹാഖ് ജനിക്കുന്നത്. ‘അള്ളാഹുവിന്‍റെ വാള്‍’ എന്ന അപര നാമധേയത്തില്‍ ഇസ്ലാമിക ചരിത്രത്തില്‍ അറിയപ്പെടുന്ന ഇറാഖിലെ മിലിട്ടറി ഗവര്‍ണ്ണറും സിറിയയിലെ ഗവര്‍ണ്ണറും ആയിരുന്ന ഖാലിദ് ഇബ്നു അല്‍-വാലിദ് യുദ്ധത്തടവുകാരനായി മദീനയിലേക്ക് കൊണ്ടുവന്ന വ്യക്തിയായിരുന്നു യാസര്‍. അയസ് ബിന്‍ മഖ്റമ ബിന്‍ അല്‍-മുഅലിബ് ബിന്‍ അബ്ദ് മനാഫിന്‍റെ അടിമയായിത്തീര്‍ന്ന യാസര്‍ പിന്നീട് ഇസ്ലാം മതം സ്വീകരിച്ചു. മുസ്ലീം ആയതോടെ സ്വതന്ത്രനാക്കപ്പെട്ടുവെങ്കിലും യാസര്‍ മദീന വിട്ടു പോയില്ല. മദീനയിലെ ഒരു മസ്ജിദില്‍ ഒരു മൌലവിയായി അദ്ദേഹം ജോലി നോക്കി. മൂസ, അബ്ദ് അല്‍-റഹ്മാന്‍, ഇസ്ഹാഖ് എന്നീ മൂന്നു പുത്രന്മാരാണ് യാസറിനു ഉണ്ടായിരുന്നത്. ഇവര്‍ മൂന്നു പേരും സ്വഹാബിമാരില്‍ നിന്നും ഹദീസുകള്‍ ശേഖരിച്ചിരുന്നവരും അത് അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്തവരാണ്. മുഹമ്മദിനെ സംബന്ധിക്കുന്ന വാമൊഴി പാരമ്പര്യങ്ങള്‍ ശേഖരിക്കുന്ന തൊഴിലില്‍ ഇവര്‍ നിഷ്ണാതരായിരുന്നു. ഇവരില്‍ ഇളയവനായ ഇസ്ഹാഖ് മറ്റൊരു മൌലവിയുടെ മകളെ വിവാഹം കഴിക്കുകയും ആ ബന്ധത്തില്‍നിന്ന് ഇബ്നു ഇസ്ഹാഖ് ജനിക്കുകയും ചെയ്തു. (encyclopaedia of islam, second edition, 2010 Brill online)
ഇബ്നു ഇസ്ഹാഖ് എന്ന് പറഞ്ഞാല്‍ ‘ഇസ്ഹാഖിന്‍റെ പുത്രന്‍’ എന്നാണു അര്‍ത്ഥം. അദ്ദേഹത്തിന്‍റെ ബാല്യകാലത്തെക്കുറിച്ചുള്ള ചരിത്ര വിവരണങ്ങള്‍ നമുക്ക് ലഭ്യമല്ല. എങ്കിലും അദ്ദേഹത്തിന്‍റെ പിതാവും പിതൃവ്യന്മാരും ഹദീസ് ശേഖരണക്കാര്‍ ആയിരുന്നത് കൊണ്ട് ചെറു പ്രായത്തിലേ അദ്ദേഹം അവരില്‍ നിന്ന് നബിയെ സംബന്ധിക്കുന്ന ധാരാളം കാര്യങ്ങള്‍ കേട്ടിട്ടുണ്ടാകണം. നൂറു വയസ്സ് വരെയൊക്കെ ജീവിച്ചിരുന്ന സ്വഹാബിമാരില്‍ നിന്ന് കാര്യങ്ങള്‍ നേരിട്ട് കേള്‍ക്കാനുള്ള അവസരവും ബാല്യകാലത്ത് അദ്ദേഹത്തിനു കിട്ടിയിട്ടുണ്ടാകും. സ്വഹാബിമാരുടെ ഭാര്യമാരില്‍ നിന്നോ മക്കളില്‍ നിന്നോ ശിഷ്യന്മാരില്‍ നിന്നോ ധാരാളം വിവരങ്ങള്‍ അദേഹത്തിന് ലഭിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ യാതൊരു സംശയത്തിനും അവകാശമില്ല.
A.D.737 അഥവാ ഹിജ്റ 119-ല്‍ അദ്ദേഹം അലക്സാണ്ട്രിയയിലെത്തി. യാസിബ് ഇബ്നു ഹബീബ് എന്ന പണ്ഡിതന് കീഴില്‍ പഠനം നടത്തിയതിനു ശേഷം മദീനയില്‍ മടങ്ങിയെത്തി. അതിനുമുന്‍പ് അദ്ദേഹം കിഴക്കോട്ട്, ഇറാഖ് വരെ സന്ദര്‍ശനം നടത്തുകയും പല വിവരങ്ങളും ശേഖരിക്കുകയും ചെയ്തിരുന്നു. മദീനയിലെത്തിയതിനു ശേഷം അദ്ദേഹം വീണ്ടും ഇറാഖിലേക്ക് പോയി. മുആവിയ സ്ഥാപിച്ച ‘ഉമയ്യാദ് രാജവംശത്തെ’ തകര്‍ത്തെറിഞ്ഞു അബ്ബാസിദ് രാജവംശം ഭരണം തുടങ്ങിയ കാലമായിരുന്നു അത്. അബ്ബാസിദ് വംശക്കാര്‍ ഭരണ തലസ്ഥാനം സിറിയയിലെ ദമാസ്കസില്‍ നിന്ന് ഇറാഖിലെ ബാഗ്ദാദിലേക്ക് മാറ്റിയിരുന്നു. ബാഗ്ദാദിലെത്തിയ ഇബ്നു ഇസ്ഹാഖ്, പുതിയ ഭരണാധികാരിയുടെ ശ്രദ്ധയില്‍പ്പെടുകയും അബ്ബാസിദ് സര്‍ക്കാരില്‍ ഉന്നത പദവിയില്‍ എത്തപ്പെടുകയും ചെയ്തു. A.D.767 അഥവാ ഹിജ്റ 150-ല്‍ അദ്ദേഹം ബാഗ്ദാദില്‍ അന്തരിച്ചു.
ഇബ്നു ഇസ്ഹാഖിന്‍റെ കൃതികള്‍ ധാരാളമാണെങ്കിലും ഒന്നൊഴികെ മറ്റുള്ളതെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ‘സീറാ അന്‍-നബവിയ്യ’ അഥവാ ‘സീറാ റസൂല്‍ അള്ളാ’യാണ് നഷ്ടപ്പെട്ടു പോകാതെ ആധുനിക ലോകത്തിനു ലഭിച്ചിട്ടുള്ള ഏക കൃതി. പ്രധാനമായും രണ്ടു വഴികളിലൂടെയാണ് സീറാ റസൂല്‍ അള്ളാ സംരക്ഷിക്കപ്പെട്ടിട്ടുള്ളത്:
1. ‘സീറാ റസൂല്‍ അള്ളാ’യുടെ ഒരു പാഠാന്തര പരിശോധനാ കോപ്പി’ (critical revision of a text) ഇബ്നു ഇസ്ഹാഖിന്‍റെ ശിഷ്യനായിരുന്ന അല്‍-ബക്കാഇയുടെ പക്കല്‍ ഉണ്ടായിരുന്നു. ഇത് പിന്നീട് ഇബ്നു ഹിശാം എഡിറ്റ് ചെയ്തു പുതിയ സീറ എഴുതിയുണ്ടാക്കി. ബക്കാഇയുടെ പക്കല്‍ ഉണ്ടായിരുന്ന കോപ്പി നഷ്ടപ്പെട്ടെങ്കിലും ഇബ്നു ഹിശാമിന്‍റെ കോപ്പി പല കയ്യെഴുത്ത് പ്രതികളായി കാലത്തെ അതിജീവിച്ചു.
2. സലമ ഇബ്ന്‍ ഫദല്‍ അല്‍-അന്‍സാരി എന്ന ഇബ്നു ഇസ്ഹാഖിന്‍റെ മറ്റൊരു ശിഷ്യന്‍റെ കയ്യിലും സീറാ റസൂല്‍ അള്ളായുടെ ഒരു കയ്യെഴുത്ത് പ്രതി ഉണ്ടായിരുന്നു. ഈ കോപ്പി എഡിറ്റ് ചെയ്താണ് പ്രമുഖ ഇസ്ലാമിക ചരിത്രകാരനായ തബരി പുതിയ സീറ എഴുതിയുണ്ടാക്കിയത്.
3. ഇതുകൂടാതെ പല തുണ്ടുകളായിട്ടു, അപൂര്‍ണ്ണമായ വിധത്തില്‍ സീറാ റസൂല്‍ അള്ളായുടെ ഭാഗങ്ങള്‍ നില നിന്നിരുന്നു. സീറാ റസൂല്‍ അള്ളാ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്ത ആല്‍ഫ്രെഡ് ഗ്വില്ലുമി, ഈ പുസ്തകത്തിന്‍റെ ആമുഖത്തില്‍ 30-മത്തെ പേജില്‍ ലോകത്തിന്‍റെ പല ഭാഗത്ത് നിലവിലുള്ള സീറാ റസൂല്‍ അള്ളായുടെ തുണ്ടുകളുടെ ലിസ്റ്റ് കൊടുത്തിട്ടുണ്ട്.
സീറകളെ കുറിച്ചുള്ള ഈ കാര്യങ്ങള്‍ മനസ്സില്‍ വെച്ചിട്ട് വേണം ദാവാക്കാരുടെ വാദമുഖങ്ങള്‍ പരിശോധിക്കാന്‍.
1. സത്യവും അസത്യവുമെല്ലാം കൂടിക്കുഴഞ്ഞു കിടക്കുന്ന അവസ്ഥയാണ് സീറകള്‍ക്ക് ഉള്ളത് എന്ന് വെറുതെ പറഞ്ഞാല്‍ പോരാ, ഏതൊക്കെ ഭാഗമാണ് സത്യങ്ങളെന്നും ഏതൊക്കെ ഭാഗങ്ങളാണ് അസത്യങ്ങളെന്നും ദാവാക്കാര്‍ വ്യക്തമാക്കണം.
2. എന്തെല്ലാം കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു ഗ്രന്ഥകാരന്‍റെ ഒരു ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ സത്യവും മറ്റു ചില ഭാഗങ്ങള്‍ അസത്യവുമാകുന്നതെന്നും വിശദീകരിക്കേണ്ട ബാധ്യതയും ലേഖകനുണ്ട്.
3. അസത്യമായ കാര്യങ്ങള്‍ വരുംതലമുറക്ക് വേണ്ടി എഴുതി വെച്ച ഒരു എഴുത്തുകാരന്‍റെ ഗ്രന്ഥത്തിലെ ചില കാര്യങ്ങള്‍ സത്യമാണ് എന്ന് പറയുന്നത് എന്ത് ന്യായത്തിന്‍റെ അടിസ്ഥാനത്തിലാണ്?
4. ആധുനിക യുഗത്തില്‍, പരിഷ്കൃത മനുഷ്യര്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നത് മാത്രം സത്യസന്ധമായ ചരിത്ര വിവരണമാണെന്ന് പറയുകയും അല്ലാത്തവ കല്പിത കഥകളും അനുമാനങ്ങളും കേട്ടുകേള്‍വികളുമാണെന്നു പറയുന്നതും ഇരട്ടത്താപ്പല്ലേ?
ചോദ്യങ്ങള്‍ ഇനിയുമുണ്ടെങ്കിലും വിസ്തരഭയത്താല്‍ ചോദിക്കുന്നില്ല. എന്നാല്‍ വായനക്കാരെ മന:പൂര്‍വ്വം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന പരാമര്‍ശങ്ങള്‍ സീറകളെക്കുറിച്ച് ഇവിടെ പറഞ്ഞിരിക്കുന്നതിനാല്‍ വായനക്കാരുടെ തെറ്റിദ്ധാരണ മാറ്റാനായി ചില വിശദീകരണങ്ങള്‍ കൂടി തരാം:
മദീനയില്‍ ജനിച്ചു വളര്‍ത്തപ്പെട്ട വ്യക്തിയാണ് ഇബ്നു ഇസ്ഹാഖ്. മുപ്പതാം വയസ്സില്‍ അലക്സാണ്ട്രിയായിലേക്ക് പോകുന്നതു വരെ മദീനയില്‍ തന്നെയാണ് അദ്ദേഹം ജീവിച്ചത്. തന്‍റെ പിതാവും പിതൃവ്യന്മാരും പ്രവാചക ചരിതങ്ങള്‍ ശേഖരിക്കുന്നവരും പിതാമഹന്‍ മദീനയിലെ ഒരു മസ്ജിദില്‍ മൌലവിയുമായിരുന്നു. തന്‍റെ കുട്ടിക്കാലത്ത് താന്‍ കണ്ടുമുട്ടിയിട്ടുള്ളത് സ്വഹാബിമാരെയും അവരുടെ ഭാര്യമാരെയും മക്കളെയും അവരുടെ ശിഷ്യന്മാരെയും ഒക്കെയാണു. മുഹമ്മദ് മരിച്ചു രണ്ടര നൂറ്റാണ്ടു കഴിഞ്ഞു ഹദീസ് ശേഖരിച്ചവരെക്കാള്‍ വ്യക്തമായും ആധികാരികമായും മുഹമ്മദിന്‍റെ ചരിത്രം ഇബ്നു ഇസ്ഹാഖിനു കിട്ടിയിട്ടുണ്ട് എന്നത് നൂറു ശതമാനം സത്യമാണ്.
നിവേദക പരമ്പര പോലുമില്ലാതെ ചില സംഭവങ്ങള്‍ സീറകളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്ന് ലേഖകന്‍ പറയുന്നത് വായനക്കാരെ വഴി തെറ്റിക്കാനാണ്. മുഹമ്മദ് മരിച്ചു രണ്ടര നൂറ്റാണ്ടു കഴിഞ്ഞു ഹദീസുകള്‍ ശേഖരിച്ചവര്‍ക്കാണ് നിവേദക പരമ്പര ആവശ്യമായി വരുന്നത്. സ്വഹാബിമാരില്‍ നിന്ന് നേരിട്ട് കാര്യങ്ങള്‍ ഗ്രഹിച്ചയാള്‍ക്ക് നിവേദക പരമ്പരയുടെ ആവശ്യമില്ലല്ലോ. അതുകൊണ്ടാണ് സീറാ റസൂല്‍ അള്ളായില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചില സംഭവങ്ങള്‍ക്ക് നിവേദക പരമ്പരയില്ലാത്തത്. എന്നാല്‍ സ്വഹാബിമാരുടെ മക്കളില്‍ നിന്നോ ശിഷ്യന്മാരില്‍ നിന്നോ കേട്ട കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അദ്ദേഹം നിവേദക പരമ്പര നല്‍കുന്നുമുണ്ട്.
ഇബ്നു ഇസ്ഹാഖിന്‍റെ ഒന്നാമത്തെ വായനക്കാര്‍ സ്വഹാബിമാരുടെ മക്കളും ഭാര്യമാരും ശിഷ്യന്മാരുമൊക്കെയടങ്ങുന്ന തലമുറയിലുള്ളവരാണ് എന്ന കാര്യം നാം മറക്കരുത്. വാസ്തവ വിരുദ്ധമായതോ സ്വന്തം വകയായി പറഞ്ഞതോ ആയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി അവരുടെ മുമ്പാകെ ഒരാള്‍ ഒരു പുസ്തകമിറക്കിയാല്‍ അവര്‍ വെറുതെയിരിക്കുമോ? കേവലം ഒരു ചോദ്യപേപ്പറില്‍ മുഹമ്മദ് എന്ന് പേരുള്ള ഒരു സാങ്കല്പിക കഥാപാത്രത്തെ പരാമര്‍ശിച്ചു കൊണ്ടുള്ള ചോദ്യം തയ്യാറാക്കിയ അദ്ധ്യാപകന് മതേതരത്വ ജനാധിപത്യ ഭരണകൂടമുള്ള, നിയമവാഴ്ച നിലനില്‍ക്കുന്ന ഭാരതത്തില്‍ സംഭവിച്ചതെന്താണെന്ന് നാം കണ്ടതാണല്ലോ. ഏതോ കുറച്ചു പേര്‍ ഒരു സിനിമയെടുത്തതിനു അമേരിക്കയുടെ അംബാസഡറെ വരെ കൊന്നുകളയാന്‍ ധൈര്യം കാണിച്ച ടീമുകളാണ് ഇവര്‍ എന്നോര്‍ക്കണം. അപ്പോള്‍ ഇസ്ലാമിക ഭരണം നിലനില്‍ക്കുന്ന സമയത്ത്, മുഹമ്മദ് ജീവിക്കുകയും മരിച്ചു അടക്കപ്പെടുകയും ചെയ്ത സ്ഥലത്ത്, മുഹമ്മദിനെപ്പറ്റി വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ കുത്തിനിറച്ച് ഒരു ഗ്രന്ഥം ഇറക്കിയാല്‍ സ്വന്തം തല പോകും എന്നറിയാനുള്ള വിവേകം ഇബ്നു ഇസ്ഹാഖിനു ഇല്ലായിരുന്നു എന്നാണോ ദാവാക്കാര്‍ വായനക്കാരോട് പറയാന്‍ ശ്രമിക്കുന്നത്? ഇത് വിശ്വസിക്കാന്‍ മാത്രം ഞങ്ങള്‍ അത്രയ്ക്കും മന്ദബുദ്ധികളാണ് എന്നാണോ ഈ ദാവാക്കാര്‍ ധരിച്ചു വെച്ചിരിക്കുന്നത്? സീറാ റസൂല്‍ അള്ളാ രചിച്ചതിന്‍റെ പേരില്‍ ഇബ്നു ഇസ്ഹാഖിനു യാതൊരു ദോഷവും ഉണ്ടായില്ലെന്ന് മാത്രമല്ല, അന്നത്തെ ഇസ്ലാമിക ഭരണകൂടം അദ്ദേഹത്തെ ഉന്നത പദവി നല്‍കി ആദരിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ സീറയെ ഖലീഫ അടക്കമുള്ളവര്‍ അംഗീകരിച്ചു എന്നാണു ഇത് വ്യക്തമാക്കുന്നത്.
മുഹമ്മദിനെ അപഹസിക്കാന്‍ മറ്റുള്ളവര്‍ക്ക് അവസരമുണ്ടാക്കുന്ന വിധത്തില്‍ ഇബ്നു ഇസ്ഹാഖ് സ്വന്തം വകയായി പറഞ്ഞ കാര്യങ്ങള്‍ പോലും ചരിത്ര സംഭവങ്ങള്‍ എന്ന വ്യാജേന ഉള്‍പ്പെടുത്തി രചിച്ചതാണ് സീറാ റസൂല്‍ അള്ളാ എന്ന ദാവാക്കാരുടെ വാദം പ്രാധാന്യമേറിയ ചില ചോദ്യങ്ങള്‍ക്ക് വഴി മരുന്നിടുന്നു. ഇവയാണ് ആ ചോദ്യങ്ങള്‍:
പൊതുജന മദ്ധ്യത്തില്‍ മുഹമ്മദിനെ അപഹാസ്യനാക്കാന്‍ തക്കവണ്ണമുള്ള വിദ്വേഷം ഇബ്നു ഇസ്ഹാഖിനു മുഹമ്മദിനോടുണ്ടായിരുന്നുവോ? ‘ശഹദത്ത് കലിമ’ ചൊല്ലി മുസ്ലീമായി ജീവിക്കുമ്പോഴും വരും തലമുറകളില്‍ പെട്ടവര്‍ മുഹമ്മദിനെ കുറിച്ച് തെറ്റായി മനസ്സിലാക്കണം എന്ന ഉദ്ദേശ്യത്തോടെ ഒരു ഗ്രന്ഥം രചിക്കുവാന്‍ മാത്രം ഇബ്നു ഇസ്ഹാഖ് മുഹമ്മദിനെ വെറുക്കുവാന്‍ കാരണമെന്ത്? മുഹമ്മദിന്‍റെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കിയത് കൊണ്ടാണെന്ന് വരുമോ? അതല്ല, ഇബ്നു ഇസ്ഹാഖിനു മുഹമ്മദിനോട് വിദ്വേഷമൊന്നും ഉണ്ടായിരുന്നില്ല എന്നാണെങ്കില്‍ അദ്ദേഹം എഴുതിയ കാര്യങ്ങള്‍ സത്യസന്ധവും വിശ്വസനീയവുമാണെന്നു അംഗീകരിക്കുന്നതല്ലേ കരണീയം?
മുഹമ്മദിന്‍റെ ജീവചരിത്ര രചനക്ക് ജൂത-ക്രിസ്ത്യന്‍ പാരമ്പര്യങ്ങളെപ്പോലും ഇബ്നു ഇസ്ഹാഖ് ആശ്രയിച്ചിരുന്നു എന്ന ദാവാക്കാരുടെ വാദവും ഇതേ വിധം പരിശോധിക്കേണ്ടതാണ്. ഇബ്നു ഇസ്ഹാഖ് തന്നെ അക്കാര്യം തുറന്നു സമ്മതിച്ചിട്ടുണ്ട് എന്ന് പറയുന്ന ദാവാക്കാര്‍, പക്ഷേ അതിനുള്ള തെളിവ് കൊണ്ടുവരുന്നത് ഇബ്നു ഇസ്ഹാഖിന്‍റെ പുസ്തകത്തില്‍ നിന്നല്ല, ഹദീസുകളില്‍ നിന്നുള്ള തെളിവുകളുമല്ല, ഇബ്നു ഇസ്ഹാഖിന്‍റെ കാലത്ത് ജീവിച്ചിരുന്ന ഏതെങ്കിലും മുസ്ലീം എഴുത്തുകാരുടെ രചനകളുമല്ല, ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പണ്ഡിതന്മാരുടെ പുസ്തകങ്ങളില്‍ നിന്നാണ്.
ഇബ്നു ഇസ്ഹാഖ് ഇങ്ങനെ പറഞ്ഞതായി ആധുനിക കാലത്തുള്ളവര്‍ അഭിപ്രായപ്പെട്ടതല്ലാതെ ഇബ്നു ഇസ്ഹാഖിന്‍റെ രചനകളിലോ അക്കാലഘട്ടത്തിലെ മറ്റു മുസ്ലീം എഴുത്തുകാരുടെ രചനകളിലോ ഇല്ല. സ്വഹാബിമാരുടെ കാലശേഷം അവര്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്ന് പറയുന്ന കള്ളക്കഥകള്‍ രചിക്കുന്നവര്‍ മുസ്ലീങ്ങളുടെ ഇടയില്‍ ഉണ്ടായി എന്ന് ദാവാക്കാര്‍ തന്നെ സമ്മതിച്ചിട്ടുള്ള സ്ഥിതിക്ക് ഇബ്നു ഇസ്ഹാഖിന്‍റെ പേരിലും പില്‍ക്കാലത്ത് മുസ്ലീങ്ങള്‍ വ്യാജമായി ഉണ്ടാക്കിയെടുത്തതാണ് ഈ ‘ജൂത-ക്രിസ്ത്യന്‍ സിദ്ധാന്തം’ എന്ന് വിശ്വസിക്കുന്നതല്ലേ കൂടുതല്‍ യുക്തിഭദ്രം? മുഹമ്മദിനോട് കഠിന വിരോധമുണ്ടായിരുന്നവരില്‍ നിന്ന് അദ്ദേഹത്തിന്‍റെ ചരിത്രം ശേഖരിക്കാന്‍ പോയാല്‍ അത് തീരെ വസ്തുനിഷ്ഠമായിരിക്കുകയില്ലെന്നു ഇന്നത്തെ ദാവാക്കാര്‍ക്ക് അറിയാമെന്നും എന്നാല്‍ ഇബ്നു ഇസ്ഹാഖിനെപ്പോലെയുള്ള ഒരു ചരിത്രകാരന് അതറിയില്ലെന്നും പറഞ്ഞാല്‍, അത് വെള്ളം തൊടാതെ വിഴുങ്ങാന്‍ കുറച്ചു പ്രയാസമാണ് സുഹൃത്തുക്കളേ.
മറ്റൊന്ന്, ജൂത-ക്രിസ്ത്യന്‍ പാരമ്പര്യങ്ങളെ ആശ്രയിച്ചുകൊണ്ട് മുഹമ്മദിന്‍റെ ജീവചരിത്രം- അതും ലോകത്തെ ആദ്യത്തെ നബി ചരിത്രം- രചിച്ചാല്‍ അതു മുസ്ലീങ്ങള്‍ അംഗീകരിക്കുകയില്ല എന്ന് ഏതൊരു കൊച്ചു കുട്ടിക്കും അറിയാം. വര്‍ഷങ്ങളോളം താന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച മുഹമ്മദിനെപ്പറ്റിയുള്ള അറിവുകളും മറ്റു ചരിത്ര വിവരണങ്ങളും വെച്ച് തയ്യാറാക്കിയ ലോകത്തിലെ ആദ്യത്തെ മുഹമ്മദിന്‍റെ ജീവചരിത്ര ഗ്രന്ഥം, മുസ്ലീം ലോകത്തിന്‍റെ അംഗീകാരമില്ലാത്തതായിരിക്കണം എന്ന് ചിന്തിക്കാന്‍ മാത്രം പമ്പര വിഡ്ഢിയായിരുന്നു ഇബ്നു ഇസ്ഹാഖ് എന്ന് പറഞ്ഞാല്‍, പറയുന്നവന് ഭ്രാന്തുണ്ട് എന്നേ കേള്‍ക്കുന്നവന്‍ ധരിക്കൂ.
ഇബ്നു ഇസ്ഹാഖിന്‍റെ സമകാലീനരും പ്രഗത്ഭ മുസ്ലീം പണ്ഡിതരുമായ ഇമാം മാലിക്കും ഹിശാം ഇബ്നു ഉര്‍വ്വയും ഇമാം ഇബ്നു തൈമിയ്യയും ‘ഇബ്നു ഇസ്ഹാഖിന്‍റെ ചരിത്ര ഗ്രന്ഥം വിശ്വസനീയമല്ല’ എന്ന് പ്രഖ്യാപിച്ചിട്ടുള്ളവരാണ് എന്ന ദാവാക്കാരന്‍റെ അഭിപ്രായവും പൊള്ളയാണ് എന്ന് തെളിയുന്നു, താന്‍ നിരത്തിയ തെളിവുകളാല്‍. മാലിക് ഇബ്നു അനസിന്‍റേയൊ ഹിശാം ഇബ്നു ഉര്‍വ്വയുടെയോ ഇമാം തൈമിയ്യയുടെയോ അക്കാലഘട്ടങ്ങളിലെ മറ്റേതെങ്കിലും മുസ്ലീം പണ്ഡിതരുടെയൊ എഴുത്തുകളല്ല, സ്വഹീഹായതോ അഹ്സനായതോ ആയ ഏതെങ്കിലും ഹദീസുകളുമല്ല, നൂറ്റാണ്ടുകള്‍ക്കു ശേഷമുള്ള പണ്ഡിതരുടെ എഴുത്തുകളാണ് ഇവിടേയും ദാവക്കാര്‍ക്ക് വേദവാക്യം!! ഇതും കള്ളങ്ങള്‍ ചമച്ചുണ്ടാക്കാന്‍ വിദഗ്ദരായ മുസ്ലീങ്ങള്‍ ഇമാം മാലിക്കിന്‍റേയും തൈമിയ്യയുടെയും ഉര്‍വ്വയുടെയും പേരില്‍ വ്യാജമായി ചേര്‍ത്തു പറഞ്ഞതല്ലാതെ മറ്റൊന്നുമല്ല.
ഇബ്നു ഇസ്ഹാഖിന്‍റെ ആധികാരികത
ഇബ്ന്‍ ഹജാര്‍ അസ്കലാന്‍ എന്ന ഇസ്ലാമിക പണ്ഡിതനാണ് ഇബ്നു ഇസ്ഹാഖിനെ തള്ളിപ്പറയാന്‍ ഗൗരവമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് ആദ്യം രംഗത്ത് വരുന്നത്.അദ്ദേഹത്തിന്‍റെ തഹ്ധിബ്-അല്‍-തഹ്ധിബ് (ഇവിടെ നാസര്‍ കൊടുത്തിട്ടുള്ള ഉദ്ധരണികള്‍ ഈ പുസ്തകത്തില്‍ നിന്നാണ് എന്ന് വായനക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ) എന്ന ഗ്രന്ഥത്തില്‍ പറയുന്നത് ഇബ്നു ഇസ്ഹാഖിനെ, മാലിക് ഇബ്നു അനസ് ‘സാത്താന്‍ എന്ന് വിളിച്ചിട്ടുണ്ട്’ എന്നാണു. ഒരു പ്രമുഖ ഇസ്ലാം പണ്ഡിതന്‍ ശൈത്താന്‍ എന്ന് വിളിച്ചിട്ടുള്ള ഒരാളുടെ ഗ്രന്ഥം വിശ്വസനീയമല്ലെന്നും അസ്കലാന്‍ പറയുന്നു. ഇദ്ദേഹത്തിന്‍റെ ചുവടു പിടിച്ചിട്ടാണ് ഇന്നത്തെ ദാവാക്കാരും ഇബ്നു ഇസ്ഹാഖിനെ അംഗീകരിക്കാത്തത്. എന്നാല്‍ ഇവിടെ ഒരു ചെറിയ പ്രശനമുണ്ട്.
ഇബ്ന്‍ ഹജാര്‍ അസ്കലാന്‍ ജീവിച്ചിരുന്നത് A.D. 1395-1474 വരെയാണ്. (എ.ഡി.1372-1449 വരെ എന്ന മറ്റൊരു രേഖയുമുണ്ട്). പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇബ്ന്‍ ഹജാര്‍ അസ്കലാന് എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇബ്നു ഇസ്ഹാഖിനെ മാലിക് ഇബ്നു അനസ് ശൈത്താന്‍ എന്ന് വിളിച്ച കാര്യം എവിടെ നിന്ന് കിട്ടി? അസ്കലാന് മുന്‍പുള്ള ഒരാളും ഇങ്ങനെയുള്ള ഇങ്ങനെയൊരു കാര്യം രേഖപ്പെടുത്തി വെച്ചിട്ടില്ലെന്നുള്ളത് പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. സീറാ റസൂല്‍ അള്ളാ രചിച്ചതിന് അന്നത്തെ ഖലീഫയുടെ പ്രത്യേക പരിഗണനയ്ക്ക് പാത്രീഭൂതനായിത്തീര്‍ന്ന ഇബ്നു ഇസ്ഹാഖിനെപ്പോലുള്ള ഒരു മഹാ ചരിത്രകാരനെ തള്ളിപ്പറയാന്‍ ദാവാക്കാര്‍ കാണിക്കുന്ന വ്യഗ്രത കാണുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ പറ്റുന്നത്, നവോത്ഥാനത്തിന്‍റെ കൊടുങ്കാറ്റു വീശാന്‍ തുടങ്ങിയ പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇബ്ന്‍ ഹജാര്‍ അസ്കലാന്‍ എന്ന പണ്ഡിതന്‍ എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇബ്നു ഇസ്ഹാഖിനെ മാലിക് ഇബ്നു അനസിന്‍റെ ചിലവില്‍ ശൈത്താന്‍ എന്ന് വിളിക്കുകായിരുന്നു എന്നാണു. നവോത്ഥാന കാലത്തോടെ മനുഷ്യന്‍റെ സംസ്കാരത്തിലും ധാര്‍മ്മിക ചിന്താഗതികളിലും വന്ന മാറ്റമായിരിക്കണം (മുഹമ്മദിനെ വെള്ള പൂശാന്‍ വേണ്ടി) ഇബ്നു ഇസ്ഹാഖിനെ തള്ളിപ്പറഞ്ഞു കൊണ്ട് ഇങ്ങനെയൊരു വ്യാജ പരാമര്‍ശവുമായി രംഗത്തുവരാന്‍ ഇബ്ന്‍ ഹജാര്‍ അസ്കലാനെ പ്രേരിപ്പിച്ചത്. കള്ളക്കഥകള്‍ രചിക്കാന്‍ മുസ്ലീങ്ങള്‍ ബഹു മിടുക്കരായിരുന്നു എന്ന് ദാവാക്കാര്‍ തന്നെ മുന്‍പേ സമ്മതിച്ചിട്ടുള്ള കാര്യമാണല്ലോ.
എന്തുകൊണ്ടാണ് മുഹമ്മദിന് അപമാനം ഉണ്ടാകുന്ന തരത്തിലുള്ള കാര്യങ്ങള്‍ ആദ്യകാല ഇസ്ലാമിക ചരിത്രകാരന്മാര്‍ രേഖപ്പെടുത്തി വെച്ചത് എന്നറിയണമെങ്കില്‍ ആദ്യം അറബികളുടെ ചരിത്രം അറിയണം. മണലാരണ്യത്തില്‍ കൂടാരവാസികളായി കഴിഞ്ഞിരുന്ന അറബികള്‍ക്ക് ഗോത്രവൈരത്താല്‍ അന്യോന്യം ആക്രമിക്കുന്നതോ കൊലപ്പെടുത്തുന്നതോ സ്ത്രീകളേയും കുട്ടികളേയും പിടിച്ചു അടിമകളാക്കുന്നതോ ഒക്കെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായിരുന്നു. അന്യഗോത്രത്തിലെ കൂടുതല്‍ ആളുകളെ കൊല ചെയ്യുന്നതും കൂടുതല്‍ സ്ത്രീകളെ പിടിച്ചെടുത്തു ഭാര്യമാരോ വെപ്പാട്ടിമാരോ ആക്കി വെക്കുന്നതും ധീരതയുടേയും പുരുഷത്വത്തിന്‍റേയും അടയാളമായിട്ടാണ് അപരിഷ്കൃതരായ അറബികള്‍ ഗണിച്ചു വന്നിരുന്നത്. തങ്ങളുടെ പ്രവാചകന്‍ ധീരനും ഉത്തമ പുരുഷ മാതൃകയുമാണെന്ന് ലോകം അറിയണമെന്നുള്ള ഉദ്ദേശ്യത്തോട് കൂടിയാണ് ആദ്യകാല ഇസ്ലാമിക ചരിത്രകാരന്മാര്‍ ഇതെല്ലാം രേഖയാക്കി വെച്ചത്. എന്നാല്‍, മനുഷ്യന്‍ സംസ്കാര സമ്പന്നനാകുന്ന കാലത്ത് ഈ രേഖകളെല്ലാം ആക്ഷേപാര്‍ഹങ്ങളായി കരുതപ്പെടുമെന്നോ ഇതെല്ലാം വിശദമായ വിമര്‍ശനത്തിന് വിധേയമാകുമെന്നോ മണലാരണ്യത്തില്‍ കഴിഞ്ഞിരുന്ന ആ അപരിഷ്കൃത ചരിത്രകാരന്മാര്‍ക്ക് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇന്നത്തെ ഇസ്ലാമിസ്റ്റുകള്‍ക്ക് ഇതെല്ലാം ആക്ഷേപാര്‍ഹങ്ങളാണ്. അതുകൊണ്ടാണ് ഏഴായിരത്തിലധികം ഹദീസുകള്‍ ഉള്‍ക്കൊള്ളുന്ന സ്വഹീഹ് ബുഖാരി അവര്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിക്കുമ്പോള്‍ അതിലെ ഹദീസുകളുടെ എണ്ണം രണ്ടായിരമായി കുറയുന്നത്. എഡിറ്റ് ചെയ്യാതെ ഇവയൊന്നും പരിഷ്കൃത ലോകത്തിനു മുന്‍പാകെ അവതരിപ്പിക്കാന്‍ കൊള്ളാവുന്നതല്ല എന്ന് ഇവര്‍ക്ക് തന്നെ നല്ലവണ്ണം അറിയാം എന്നര്‍ത്ഥം!!!
എന്തായാലും ബുഖാരിയടക്കമുള്ള പ്രമുഖ ഹദീസ് സമാഹര്‍ത്താക്കളെല്ലാം തന്നെ സീറകളെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളവരാണ്. പല ഹദീസും സീറകളില്‍ നിന്നെടുത്തിട്ടുള്ളതാണ്.
മുഹമ്മദും മുഹമ്മദ് സ്ഥാപിച്ച മതവും ആ മതത്തിന്‍റെ ആദര്‍ശങ്ങളുമെല്ലാം കാലത്തിന്‍റെ ചവറ്റു കുട്ടയിലേക്ക് തള്ളപ്പെടേണ്ടതാണ് എന്ന് ഉറച്ചു വിശ്വസിക്കുന്ന എന്നെപ്പോലോരാള്‍ക്ക് ഖുര്‍ആനും സീറകളും ഹദീസുകളുമെല്ലാം ഒരു പോലെയാണ്. ഒരു പരിഷ്കൃത മനുഷ്യന്‍റെ ജീവിതത്തില്‍ അവയ്ക്കെന്തെങ്കിലും തരത്തിലുള്ള പ്രാധാന്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇവയില്‍ വിശ്വസിക്കേണ്ട ബാധ്യതയും എനിക്കില്ല. എന്നാല്‍ ഒരു ആശയ സംവാദത്തില്‍ ഏര്‍പ്പെടുമ്പോള്‍, മുഹമ്മദിന്‍റെ ജീവിതത്തെക്കുറിച്ചറിയാന്‍ ലോകത്തിന്‍റെ മുമ്പാകെയുള്ള തെളിവുകളില്‍ പ്രഥമ സ്ഥാനത്ത് നില്‍ക്കുന്നത് ഇബ്നു ഇസ്ഹാഖിന്‍റെ സീറാ റസൂല്‍ അള്ളായാണ് എന്നത്രേ എന്‍റെ പക്ഷം. ദൃക്സാക്ഷികളില്‍ നിന്നും അവരുടെ ഭാര്യമാരില്‍ നിന്നും മക്കളില്‍ നിന്നും ശിഷ്യന്മാരില്‍ നിന്നും കേട്ട കാര്യങ്ങള്‍ രേഖപ്പെടുത്തി ഇവരുടെയൊക്കെ ജീവിത കാലത്ത് തന്നെ പ്രസിദ്ധീകരിച്ചത് പരിഷ്കൃത മനുഷ്യന്‍റെ മുമ്പില്‍ പറയാന്‍ കൊള്ളാത്തതായതിനാല്‍ സത്യമല്ലെന്ന് പറഞ്ഞു നിഷേധിക്കുകയും സംഭവം നടന്നു രണ്ടര മൂന്നു നൂറ്റാണ്ടുകള്‍ക്ക് ശേഷമുള്ളവര്‍ വാമൊഴി പാരമ്പര്യങ്ങളില്‍ നിന്ന് തങ്ങളുടെ മനസ്സിന്‍റെ തോന്നലിന്‍റെ അടിസ്ഥാനത്തില്‍ മാത്രം തിരഞ്ഞെടുത്ത് രേഖപ്പെടുത്തിയത് സത്യസന്ധമാണെന്ന് പറയുകയും ചെയ്യുമ്പോള്‍, തലച്ചോറും ചിന്താശേഷിയും പണയപ്പെടുത്തി ‘അടിമ’യായിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത് കണ്ണുമടച്ചു വിശ്വസിച്ചേക്കാം. എന്നാല്‍ ചിന്താശക്തിയും വിവേചനശേഷിയുമുള്ള മനുഷ്യര്‍ അത് ചോദ്യം ചെയ്യും. ‘കൈപ്പത്തിയല്ല, കഴുത്തു തന്നെ വെട്ടിമാറ്റും’എന്ന് പറഞ്ഞാലും സത്യം പുറത്തു വരണമെന്നാഗ്രഹിക്കുന്ന സ്വാതന്ത്ര്യ ബോധമുള്ള ധിഷണാശാലിയായ മനുഷ്യര്‍ ഈ അപഹാസ്യ നിലപാടിന്‍റെ പൊള്ളത്തരം തുറന്നു കാണിക്കും.
One Comment on “ഇസ്ലാമിക ഗ്രന്ഥങ്ങളുടെ ആധികാരികത (ഭാഗം-2)”
God bless you