യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-4)
അനില്‍കുമാര്‍ വി. അയ്യപ്പന്‍
യിസ്രായേല്‍ ജനം വംശാവലി രേഖ സൂക്ഷിച്ചിരുന്നതിന്‍റെ പ്രധാന കാരണം വാഗ്ദത്തനാട്ടിലെ ഭൂമിയില്‍ ദൈവം അവര്‍ക്ക് നല്‍കിയ സ്ഥലങ്ങളുടെ അവകാശ പത്രമാണതു എന്ന നിലയിലാണ്. യോശുവ 13:15 മുതല്‍ 22:7 വരെയുള്ള ഭാഗങ്ങളില്‍ ദൈവം അവര്‍ക്ക് കൊടുത്ത ഭൂമിയുടെ അതിരുകള്‍ കാണാം. (വാസ്തവത്തില്‍ യിസ്രായേല്‍ ജനത്തിന്‍റെ ഭൂമിയുടെ ആധാരമാണ് (പ്രമാണം) യോശുവയുടെ പുസ്തകം.) മറ്റു നാടുകളില്‍ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി യിസ്രായേലില്‍ നിലം ശാശ്വതമായി വാങ്ങുവാനോ വില്‍ക്കുവാനോ കഴിയുകയില്ലായിരുന്നു. കാരണം ‘ദേശം യഹോവയുേടതും യിസ്രായേല്‍ ജനം പരദേശികളും ആകുന്നു’ എന്നുള്ളതിനാലാണ് (ലേവ്യാ.25:23,24)
“നിന്‍റെ സഹോദരന്‍ ദരിദ്രനായിത്തീര്‍ന്നു തന്‍റെ അവകാശത്തില്‍ ഏതാനും വിറ്റാല്‍ അവന്‍റെ അടുത്ത ചാര്‍ച്ചക്കാരന്‍ വന്നു സഹോദരന്‍ വിറ്റത് വീണ്ടെടുക്കണം. എന്നാല്‍ വീണ്ടെടുപ്പാന്‍ അവനു ആരും ഇല്ലാതിരിക്കയും താന്‍ തന്നെ വകയുള്ളവനായി പ്രാപ്തനാകയും ചെയ്‌താല്‍ അവന്‍ അത് വിറ്റശേഷമുള്ള സംവത്സരം കണക്കുകൂട്ടി മിച്ചമുള്ളത് അത് വാങ്ങിയിരുന്ന ആള്‍ക്ക് മടക്കിക്കൊടുത്തു തന്‍റെ അവകാശത്തിലേക്ക് മടങ്ങി വരണം. എന്നാല്‍ മടക്കിക്കൊടുപ്പന്‍ അവനു പ്രാപ്തിയില്ല എങ്കില്‍ വിറ്റുപോയതു യോബേല്‍ സംവത്സരം വരെ വാങ്ങിയവന്‍റെ കയ്യില്‍ ഇരിക്കണം; യോബേല്‍ സംവത്സരത്തില്‍ അത് ഒഴിഞ്ഞുകൊടുക്കുകയും അവന്‍ തന്‍റെ അവകാശത്തിലേക്ക് മടങ്ങി വരികയും വേണം.” (ലേവ്യാ. 25:25-28)
ഇത് പോലെ തന്നെയാണ് വീടുകളുടെ കാര്യവും. എന്നാല്‍ മതിലുള്ള പട്ടണങ്ങളിലെ വീടുകള്‍ വിറ്റാല്‍, വിറ്റവന്‍ ഒരു വര്‍ഷത്തിനകം അത് വീണ്ടെടുത്തിരിക്കണം. അങ്ങനെ വീണ്ടെടുത്തില്ലെങ്കില്‍ അത് വാങ്ങിയവനു തലമുറതലമുറയായി എന്നും സ്ഥിരമായിരിക്കും; യോബേല്‍ സംവത്സരത്തില്‍ അത് ഒഴിഞ്ഞുകൊടുക്കേണ്ട (ലേവ്യാ.25:29,30). എന്നാല്‍ മതിലില്ലാത്ത ഗ്രാമങ്ങളിലെ വീടുകള്‍ ജന്മം വില്‍ക്കുവാന്‍ കഴിയുകയില്ല. അവയെ എപ്പോള്‍ വേണമെങ്കിലും വീണ്ടെടുക്കാം. വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും യോബേല്‍ സംവത്സരത്തില്‍ അത് വിറ്റവന് തിരികെ ലഭിക്കും (ലേവ്യാ.25:31).
വിറ്റുപോയ വസ്തു തന്‍റെ പിതാവിന്‍റെയോ അടുത്ത ചാര്‍ച്ചക്കരന്‍റെയോ ആണെന്ന് വീണ്ടെടുക്കാന്‍ വരുന്നയാള്‍ക്ക് തെളിയിക്കാനുള്ള ഏക വഴി വംശാവലി രേഖയാണ്. വംശാവലി രേഖ കയ്യിലില്ലെങ്കില്‍ അവനു ഒരിക്കലും അത് തിരിച്ചെടുക്കാന്‍ കഴിയുകയില്ല. മറ്റു ജനവിഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി യഹൂദന്മാര്‍ പുരാതനകാലം മുതലേ വംശാവലി രേഖകള്‍ സംരക്ഷിച്ചു വന്നതിനു കാരണമിതാണ്.
ഇങ്ങനെയൊരു ക്രമീകരണം ദൈവം ചെയ്തതിനു പുറകില്‍ വ്യക്തമായ ഒരു ഉദ്ദേശ്യമുണ്ടായിരുന്നു എന്ന് കാണാം. മിശിഹ ഭൂമിയില്‍ അവതരിക്കുമ്പോള്‍, ‘താന്‍ വാഗ്ദത്തം ചെയ്തിരുന്ന ആദാമിന്‍റെയും അബ്രഹാമിന്‍റെയും ദാവീദിന്‍റെയും സന്തതിയാണ് അവന്‍’ എന്ന് തെളിയിക്കണമെങ്കില്‍ വംശാവലി രേഖ അത്യന്താപേക്ഷിതമാണ് . യിസ്രായേല്‍ ജനം തങ്ങളുടെ വംശാവലി രേഖകള്‍ സംരക്ഷിച്ചു പോന്നെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ. തങ്ങളുടെ വസ്തു വകകളുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ട പ്രമാണമാണ് വംശാവലിരേഖ എന്നതിനാല്‍, യിസ്രായേല്യന്‍ അത് സ്വന്ത ജീവനെപ്പോലെ സംരക്ഷിക്കുകയും ചെയ്യും!! മിശിഹാ വരികയും തന്‍റെ രക്ഷാ വേല നിവര്‍ത്തിക്കുകയും അവന്‍റെ ജീവചരിത്രത്തില്‍ അവന്‍റെ രണ്ടു (മാതാവിന്‍റെയും പിതാവിന്‍റെയും) വംശാവലികള്‍ രേഖപ്പെടുത്തപ്പെടുകയും ചെയ്തു കഴിഞ്ഞപ്പോള്‍ ദൈവം അതുവരെ സംരക്ഷിച്ചിരുന്ന ദൈവാലയത്തിലെ വംശാവലി രേഖകള്‍ നശിക്കുവാന്‍ അനുവദിച്ചു, A.D.70-ലെ യെരുശലേം നാശത്തില്‍ !!
യെഹൂദന്മാര്‍ യേശുക്രിസ്തുവിനെ മിശിഹയായി അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, മിശിഹ ഇനി വരാന്‍ പോകുന്നതേയുള്ളൂ എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ അവരുടെ പ്രമാണമനുസരിച്ചു പരിശോധിക്കുമ്പോള്‍ ഇനി ഒരാള്‍, ‘താനാണ് മിശിഹ’ എന്ന് പറഞ്ഞു വന്നാല്‍ (ധാരാളം പേര്‍ അങ്ങനെ വന്നിട്ടുണ്ട്!) പോലും യഹൂദന്മാര്‍ക്കവനെ മിശിഹയായി അംഗീകരിക്കാന്‍ കഴിയുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം! കാരണം, A.D.70-ലെ യെരുശലേം ദൈവാലയ നാശത്തില്‍ അതിനകത്തുണ്ടായിരുന്ന സകല വംശാവലിരേഖകളും നശിപ്പിക്കപ്പെട്ടു. അതോടുകൂടി മനുഷ്യ വര്‍ഗ്ഗത്തില്‍ നിന്ന് ഇനിയൊരാള്‍ക്കും ‘താനാണ് മിശിഹ’ എന്ന് രേഖാമൂലമുള്ള പിന്‍ബലത്തോടെ അവകാശപ്പെടാന്‍ കഴിയാതായി. യെരുശലേം നാശത്തിന്‍റെ സമയത്ത് ഇസ്രായേലിനു പുറത്തു താമസിച്ചിരുന്ന പ്രവാസി യെഹൂദന്മാരില്‍ ഒരുത്തന് വേണമെങ്കില്‍ തന്‍റെ കുടുംബത്തിലെ വംശാവലിരേഖയുടെ സഹായത്താല്‍ ഈ അവകാശവാദം ഉന്നയിക്കാം. പക്ഷെ, അവന്‍റെ കുടുംബത്തിലെ വംശാവലി രേഖയുമായി ഒത്തു നോക്കുവാന്‍ ദൈവാലയത്തില്‍ വംശാവലിരേഖകള്‍ ഇല്ലാത്തതുകൊണ്ട് അവന്‍റെ അവകാശവാദം അര്‍ത്ഥരഹിതമായിത്തീരുന്നു. ഫലത്തില്‍, യേശുക്രിസ്തു ഒഴികെ വേറെ ഒരാള്‍ക്കും വംശാവലി രേഖയുടെ പിന്‍ബലത്തോടെ മിശിഹാ സ്ഥാനം അവകാശപ്പെടാന്‍ കഴിയുകയില്ല!!!
മത്തായി തന്‍റെ സുവിശേഷത്തിന്‍റെ ആരംഭത്തില്‍ തന്നെ വംശാവലി രേഖപ്പെടുത്തിയിരിക്കുന്നത് യെഹൂദന്മാരെ ഉദ്ദേശിച്ചാണ് എന്ന് മുന്‍പേ സൂചിപ്പിച്ചല്ലോ. യെഹൂദന്മാരുടെ വാഗ്ദത്ത പ്രതീക്ഷയായ, ദാവീദിന്‍റെ സന്തതിയായ മിശിഹ മറിയയുടെ മകനായ യേശു ആണെന്ന് സ്ഥാപിക്കുവാന്‍ ആണ് വംശാവലിയോടു കൂടെ തന്‍റെ സുവിശേഷം ആരംഭിക്കുന്നത്. മത്തായിയിലെ വംശാവലിയെ പതിനാലു തലമുറകള്‍ ഉള്‍ക്കൊള്ളുന്ന മൂന്നു നിരകളായി തിരിച്ചിരിക്കുന്നു.
1) അബ്രഹാം മുതല്‍ ദാവീദ് വരെ. (യിസ്രായേല്‍ ഒരു രാഷ്ട്രമായി രൂപപ്പെടുന്ന കാലഘട്ടം)
2) ദാവീദ് മുതല്‍ ബാബേല്‍ പ്രവാസം വരെ. (ജാതികളുടെ ഇടയില്‍ യിസ്രായേല്‍ എന്ന രാഷ്ട്രത്തിന്‍റെ നിലനില്‍പ്പ്)
3) ബാബേല്‍ പ്രവാസം മുതല്‍ യേശു ക്രിസ്തു വരെ. (യിസ്രായേല്‍ രാഷ്ട്രം ജാതികളാല്‍ ഭരിക്കപ്പെടുന്നു)
ദാവീദ് ഒന്നാമത്തെയും രണ്ടാമത്തെയും നിരകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബാബേല്‍ പ്രവാസം രണ്ടാമത്തെയും മൂന്നാമത്തെയും നിരകളില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ദാവീദ് എന്ന എബ്രായ പേരിന്‍റെ സംഖ്യാ മൂല്യമാണ് പതിനാല് (d=4+w=6+d=4). എബ്രായ ഭാഷയില്‍ അക്ഷരങ്ങള്‍ തന്നെയാണ് അക്കങ്ങളും. I=1, V=5, X=10, L=50, C=100 എന്നിങ്ങനെ റോമന്‍ ഭാഷയിലും അക്ഷരങ്ങള്‍ തന്നെ അക്കങ്ങളായിരിക്കുന്നത് നമുക്ക് സുപരിചിതമാണല്ലോ. തലമുറകളുടെ എണ്ണം പതിനാലില്‍ ഒതുക്കി നിര്‍ത്തേണ്ടതിനു മത്തായി ചിലയിടങ്ങളില്‍ ചിലരെ ഒഴിവാക്കിയിട്ടുണ്ട്. യെഹൂദന്മാരുടെ സമ്പ്രദായമനുസരിച്ച് ഈ ഒഴിവാക്കല്‍ സാധൂകരിക്കാവുന്നതാണ്. വംശാവലി പറയുമ്പോള്‍ അപ്രശസ്തരെ ഒഴിവാക്കുന്നത് യെഹൂദന്മാര്‍ക്കിടയില്‍ സാധാരണ സംഭവമാണ്. അതിന്‍റെ ഒരുത്തമോദാഹരണമാണ് മത്താ.1:1. “അബ്രഹാമിന്‍റെ പുത്രനായ ദാവീദിന്‍റെ പുത്രനായ യേശുക്രിസ്തുവിന്‍റെ വംശാവലി” എന്ന് പറയുമ്പോള്‍ അബ്രഹാമിനും ദാവീദിനും ഇടയിലുള്ളവരേയും ദാവീദിനും യേശുക്രിസ്തുവിനും ഇടയിലുള്ളവരെയും മത്തായി ഒഴിവാക്കിയിരിക്കുന്നു. മൊത്തം തലമുറകള്‍ നാല്പത്തിരണ്ട് (14×3) ഉണ്ടെന്നു മത്തായി പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധിക്കുക.
മത്തായിയുടെ സുവിശേഷത്തില്‍ യേശുക്രിസ്തുവിന്‍റെ ജനനവും അനുബന്ധ സംഭവങ്ങളും രേഖപ്പെടുത്തിയിരിക്കുന്നത് മറിയയുടെ ഭര്‍ത്താവായ യോസേഫിന്‍റെ വീക്ഷണത്തിലൂടെയാണ്. ‘യോസേഫ് മറിയയെ രഹസ്യമായി ഉപേക്ഷിപ്പാന്‍ വിചാരിച്ചു’ (മത്താ.1:19), കര്‍ത്താവിന്‍റെ ദൂതന്‍ അവനു സ്വപ്നത്തില്‍ പ്രത്യക്ഷനായി (മത്താ.1:20; 2:13, 19; 22) എന്നീ വേദ ഭാഗങ്ങള്‍ ശ്രദ്ധിക്കുക. മറിയയെ രഹസ്യമായി ഉപേക്ഷിക്കുവാന്‍ തീരുമാനിച്ച കാര്യം യോസേഫിനു മാത്രമേ അറിയുകയുള്ളൂ, അതുപോലെ തന്നെയാണ് സ്വപ്നത്തില്‍ അരുളപ്പാടുണ്ടായ കാര്യവും. യോസേഫ് സ്വപ്നം കണ്ടത് പുറത്തു ഒരാള്‍ക്കും അറിയുകയില്ലല്ലോ. മാത്രമല്ല, ‘മകനെ പ്രസവിക്കും വരെ അവന്‍ അവളെ അറിഞ്ഞില്ല’ എന്ന തികച്ചും സ്വകാര്യമായ ഒരു കാര്യവും രേഖപ്പെടുത്തിയിട്ടുണ്ട്, മത്താ.1:25 -ല്‍ . മറിയയെ ഉപേക്ഷിപ്പാന്‍ തീരുമാനിച്ചതും കര്‍ത്താവിന്‍റെ ദൂതന്‍ പ്രത്യക്ഷപ്പെട്ടതും എല്ലാം യോസേഫ് മറിയയോടു പറയുകയും മറിയ അത് സുവിശേഷ രചയിതാക്കളോട് പറയുകയും ചെയ്തിരിക്കണം. ലൂക്കോസ് മറിയയുടെ വീക്ഷണകോണിലൂടെ യേശുവിന്‍റെ ജനനം രേഖപ്പെടുത്തിയതിനാല്‍ ഈ കാര്യങ്ങള്‍ വിട്ടുകളയുകയും മത്തായി യോസേഫിന്‍റെ വീക്ഷണകോണിലൂടെ യേശുവിന്‍റെ ജനനം രേഖപ്പെടുത്തിയതിനാല്‍ ലൂക്കോസ് രേഖപ്പെടുത്തിയ കാര്യങ്ങള്‍ വിട്ടുകളയുകയും ചെയ്തിരിക്കുന്നു. എന്നാല്‍ നമ്മെ സംബന്ധിച്ചിടത്തോളം രണ്ടു സുവിശേഷങ്ങളും ചേര്‍ത്തു വെച്ച് വായിക്കുമ്പോള്‍ യേശുവിന്‍റെ ജനനത്തെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുന്നു.
യെഹൂദന്മാരുടെ രാജാവിന്‍റെ ജനനവും രാജകീയ വംശാവലിയും പരിചയപ്പെടുത്തുമ്പോള്‍ യെഹൂദ സംസ്കാരമനുസരിച്ചു സ്ത്രീയെ (മറിയയെ) ഒഴിവാക്കി പുരുഷന്‍റെ (യോസേഫിന്‍റെ) വീക്ഷണത്തിലൂടെ മത്തായി അത് വായനക്കാര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നു. എങ്കിലും, ലൂക്കൊസില്‍ നിന്ന് വ്യത്യസ്തമായി, മത്തായി നല്‍കുന്ന വംശാവലിയില്‍ സ്ത്രീകളുടെ പേരും കാണപ്പെടുന്നു. മിശിഹായുടെ വംശാവലിയില്‍ സ്ത്രീകളും ഉള്‍പ്പെട്ടിരിക്കുന്നു എന്ന സത്യം പുരുഷമേധാവിത്വ ചിന്താഗതി വെച്ച് പുലര്‍ത്തുന്ന യെഹൂദന്മാര്‍ക്ക് അസഹനീയമായിരിക്കും എന്ന് തീര്‍ച്ച! അഞ്ചു സ്ത്രീകളുടെ പേരുകളാണ് യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ കാണപ്പെടുന്നത്:
1) തമാര്‍ (തന്‍റെ ഭര്‍തൃപിതാവില്‍ നിന്ന് ഗര്‍ഭിണിയായവള്‍ )
2) രാഹാബ് (വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ചിരുന്ന ഒരു കനാന്യ സ്ത്രീ)
3) രൂത്ത് (മോവാബ്യ സ്ത്രീ)
4) ഊരിയാവിന്‍റെ ഭാര്യ (ബെത്ശേബ, താന്‍ ചെയ്ത തെറ്റ് മറച്ചു വെക്കേണ്ടതിനു ദാവീദിനോടൊപ്പം ചേരുകയും പരോക്ഷമായി തന്‍റെ ഭര്‍ത്താവിന്‍റെ മരണത്തിനു കാരണക്കാരിയാകുകയും ചെയ്തവള്‍ . ഇവളുടെ പേര് പറയാതെ ഊരിയാവിന്‍റെ ഭാര്യ എന്ന് മാത്രം ദൈവാത്മാവ് രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധാര്‍ഹമാണ്. യിസ്രായെലിനും ദൈവത്തിന്‍റെ പെട്ടകത്തിനും വേണ്ടി (1.ശമു.11:11) ആത്മാര്‍ത്ഥമായി പോരാടാന്‍ തയ്യാറായ പുറജാതിക്കാരനായ ഊരിയാവിനെ ദൈവം മറന്നു കളഞ്ഞില്ല. താന്‍ മനുഷ്യനായി ഭൂമിയില്‍ അവതരിച്ചപ്പോള്‍ തന്‍റെ വംശാവലിയില്‍ ഹിത്യനായ ഊരിയാവിന്‍റെ പേരും ദൈവം ഉള്‍പ്പെടുത്തിയിരിക്കുന്നു!)
5) മറിയ (കൃപ ലഭിച്ച സ്ത്രീരത്നം. ദൈവം മനുഷ്യനായി ഭൂമിയില്‍ വരാന്‍ തയ്യാറായപ്പോള്‍ വിനയവും താഴ്മയുമുള്ള ഈ സ്ത്രീയുടെ ഉദരത്തില്‍ നിന്ന് ജനിക്കാനാണ് ദൈവത്തിനു പ്രസാദമായത്.)
(ഇവിടെ സാന്ദര്‍ഭികമായി മറിയയുടെയും യോസേഫിന്‍റെയും പ്രായത്തെക്കുറിച്ച് പറയേണ്ടിയിരിക്കുന്നു. ഇസ്ലാം മതപ്രവാചകനായ മുഹമ്മദ് 52 വയസ്സുള്ളപ്പോള്‍ തന്‍റെ സ്നേഹിതന്‍ അബൂബക്കറിന്‍റെ 6 വയസ്സുകാരിയായ മകള്‍ ആയിഷയെ വിവാഹം കഴിച്ച കാര്യം നാം ചോദിച്ചാല്‍ മുസ്ലിം ദാവാ പ്രവര്‍ത്തകര്‍ തിരിച്ചു നമ്മോട് ചോദിക്കുന്ന കാര്യമാണ് യോസേഫിന്‍റെയും മറിയയുടെയും വിവാഹ സമയത്തെ പ്രായം. ‘വിവാഹ സമയത്ത് യോസേഫിനു 90 വയസ്സ് പ്രായമുണ്ടായിരുന്നു എന്ന് കത്തോലിക്കാ എന്‍സൈക്ലോപീഡിയ പറയുന്നു’ എന്നാണു അവരുടെ വാദം. നമ്മള്‍ കത്തോലിക്കാ എന്‍സൈക്ലോപീഡിയ പരിശോധിച്ചു നോക്കുകയില്ലെന്നു വിചാരിച്ചാണ് അവര്‍ ഈ തട്ടിപ്പ് പരിപാടി പുറത്തെടുക്കുന്നത്.
‘വിവാഹ സമയത്ത് യോസേഫിനു 90 വയസ്സ് പ്രായമുണ്ടായിരുന്നു’ എന്ന് കത്തോലിക്കാ എന്‍സൈക്ലോപീഡിയ പറയുന്നുണ്ട് എന്നത് സത്യമാണ്. പക്ഷെ ഇവര്‍ പറയുന്ന വിധത്തില്‍ അല്ല എന്ന് മാത്രം. ഇസ്ലാമിക പക്ഷത്തു നിന്ന് ഈ ആരോപണം ഉന്നയിക്കുന്നവര്‍ കത്തോലിക് എന്സൈക്ലോപീഡിയ വായിച്ചിട്ടുള്ളവരായിരിക്കില്ല. എം.എം. അക്ബറിനെപ്പോലെയുള്ളവര്‍ പറയുന്നത് കേട്ട് വെറുതെ അങ്ങ് പറയുകയാണ് . യഥാര്‍ത്ഥത്തില്‍ കത്തോലിക് എന്‍സൈക്ലോപീഡിയ പറയുന്നതിന്‍റെ ചുരുക്കരൂപം ഇങ്ങനെയാണ്:
‘മറിയയുമായുള്ള വിവാഹം നടക്കുമ്പോള്‍ യോസേഫിനു 90 വയസ്സുണ്ടായിരുന്നു എന്ന് ചില അപ്പോക്രിഫ കഥകള്‍ ഉണ്ട്. ധാരാളം ചിത്രങ്ങള്‍ ഈ വിധത്തില്‍ വരക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ ഇത് വെറും കെട്ടുകഥ മാത്രമാകാനാണ് സാധ്യത. കാരണം, യെഹൂദാ പാരമ്പര്യമനുസരിച്ച് 20 വയസ്സ് ആകുമ്പോഴേക്കും ആണ്‍കുട്ടികള്‍ വിവാഹിതരാകുമായിരുന്നു. യോസേഫും അങ്ങനെതന്നെ വിവാഹിതനായിട്ടുണ്ടാകണം. ഗര്‍ഭിണിയായ ഭാര്യയേയും കൊണ്ട് ഒരു 90 വയസ്സുകാരന് ഗലീലയില്‍ നിന്ന് ബേത്ത് ലഹേം വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. അതിലും അവിശ്വസനീയമാണ് യേശു ക്രിസ്തുവിനു 12 വയസ്സുള്ളപ്പോള്‍ അവര്‍ യെരുശലെമിലേക്ക് യാത്ര ചെയ്തത്. ഈ കഥ പ്രകാരം അപ്പോള്‍ യോസേഫിനു 102 വയസ്സുണ്ടാകും. മാത്രമല്ല, ഹെരോദാവു ശിശുക്കളെ കൊല്ലാന്‍ ഉത്തരവിട്ടപ്പോള്‍ യോസേഫ് അമ്മയായ മറിയയെയും ശിശുവായ യേശുവിനെയും കൂട്ടിക്കൊണ്ടു ഈജിപ്തിലെത്തി എന്ന് ബൈബിള്‍ പറയുന്നു. 90 വയസ്സുള്ള ഒരാള്‍ക്ക് ഇത്ര ദൂരം യാത്ര ചെയ്യാനും അവിടെ അമ്മയെയും കുഞ്ഞിനേയും (തൊഴില്‍ ചെയ്തു) സംരക്ഷിക്കാനും സാധിക്കുമെന്ന് തോന്നുന്നില്ല.’
ഈ അഭിപ്രായത്തില്‍ നിന്ന് ഒരുവാക്യത്തിന്‍റെ ഒരു ഭാഗം മാത്രമെടുത്താണ് ഇവര്‍ ഇങ്ങനെ പറയുന്നത്. അതാകട്ടെ, യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്തതാണ് താനും.)
ഈ അഞ്ചു സ്ത്രീകളില്‍ മറിയ ഒഴികെയുള്ളവര്‍ എല്ലാം ഏതെങ്കിലും തരത്തില്‍ കളങ്കിതരാണ്. ദൈവസന്നിധിയില്‍ പത്താം തലമുറയ്ക്ക് പോലും കയറാന്‍ അനുവാദമില്ലാത്ത മോവാബ്യ ജാതിയില്‍ [ആവ.32:3] നിന്നാണ് റൂത്തിന്‍റെ വരവ്. അവളുടെ പേരക്കുട്ടിയുടെ മകനാണ് ദാവീദ് [രൂത്ത്.4:17]. രാഹബ് ആകട്ടെ ദൈവം വെറുക്കുന്ന ഒരു കാര്യം തന്‍റെ തൊഴിലായി സ്വീകരിച്ചിരുന്നവളാണ്. താമാറും ദൈവം വിലക്കിയ പാപം ചെയ്തവളാണ്. ബെത്ശേബയും അങ്ങനെ തന്നെ. ഈ സ്ത്രീകളുടെ ജീവിതം നമ്മെ പഠിപ്പിക്കുന്ന ഒരു വലിയ പാഠമുണ്ട്. വലിയവനായ ദൈവം പാപികളെ സ്നേഹിക്കുന്നു എന്നതാണ് അത്. ലോകത്തിന്‍റെ നിലവാരം വെച്ച് നോക്കിയാല്‍ യാതൊരു വിധത്തിലും ഈ ലിസ്റ്റില്‍ വരുവാനുള്ള അര്‍ഹത ഇവര്‍ക്കില്ലെന്നു കാണാം. എങ്കിലും കരുണാമയനായ ദൈവം മനുഷ്യന്‍റെ പ്രവൃത്തികള്‍ക്കൊത്ത വിധമല്ല, തന്‍റെ കൃപക്കൊത്തവിധമാണ് മനുഷ്യരോട് ഇടപെടുന്നത് എന്ന് ഈ വേദഭാഗങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
യേശുവിന്‍റെ ജനനം പ്രകൃത്യാതീതമായിരുന്നു എന്ന് മത്തായി രേഖപ്പെടുത്തുന്നതിന്‍റെ ഉദ്ദേശ്യം ഈ മഹാരാജാവ് അബ്രഹാമിന്‍റെയും ദാവീദിന്‍റെയും വംശപരമ്പരയില്‍ വരുന്നു എങ്കിലും അവരുടെ ശാരീരിക പിന്തുടര്‍ച്ചാവകാശി(Biological descendant)യല്ല അവന്‍ എന്ന് കാണിക്കാനാണ്. ദൂതന്‍റെ വാക്ക് കേട്ട് യോസേഫ് സ്വീകരിച്ചത് മറിയയെ മാത്രമല്ല, അവളിലുണ്ടായിരുന്ന യേശുവിനെയും കൂടിയാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ യേശു മറിയയുടെ ഉള്ളില്‍ കിടക്കുമ്പോള്‍ തന്നെ യോസേഫ് യേശുവിനെ ദത്തെടുക്കുകയായിരുന്നു.
യിസ്രായേല്യ ഗോത്രങ്ങളുടെ കുലകൂടസ്ഥനായിരുന്ന യാക്കോബ് തന്‍റെ മകന്‍ യോസേഫിന്‍റെ രണ്ടു മക്കളായിരുന്ന മനശ്ശെ, എഫ്രയീം എന്നിവരെ ദത്തെടുത്ത വിധം ഉല്‍പ. 48:5,6 എന്നീ വേദഭാഗത്തു രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ത്തന്നെ ഇളയവനായിരുന്ന എഫ്രയീമിനെ ആദ്യജാതനുള്ള അവകാശം (ആവ.21:17) നല്‍കിയിട്ടാണ് ദത്തെടുത്തത്. എഫ്രയീം യാക്കോബിന്‍റെ ആദ്യജാതനായി പരിഗണിക്കപ്പെട്ടു. എഫ്രയീമിനെ ആദ്യജാതനായി യാക്കോബ് ദത്തെടുത്തത് ദൈവവും അംഗീകരിച്ചു. “ഞാന്‍ യിസ്രായെലിനു പിതാവും എഫ്രയീം എന്‍റെ ആദ്യജാതനുമല്ലോ” (യിരെ.31:9) എന്ന് ദൈവം തന്നെ സാക്ഷ്യം പറഞ്ഞതിലൂടെ അത് തെളിവാകുന്നുണ്ട്. ഒരു കുടുംബത്തിലെ സ്ഥാനക്രമത്തില്‍ പിതാവിന്‍റെ അടുത്ത പടിയില്‍ ആദ്യജാതന്‍ നില്‍ക്കുന്നു. രാജകുടുംബത്തെ സംബന്ധിച്ചിടത്തോളം ആദ്യജാതന്‍ കിരീടാവകാശിയാണ് (1.ദിന.21:1-3).
ഇങ്ങനെ യേശുവിനെ യോസേഫ് ആദ്യജാതന്‍ എന്ന നിലയില്‍ ദാത്തെടുത്തതിലൂടെ (‘അവന്‍ യോസേഫിന്‍റെ മകന്‍ എന്ന് ജനം വിചാരിച്ചു’ (ലൂക്കോ.3:23) എന്ന ലൂക്കോസിന്‍റെ പ്രസ്താവന ശ്രദ്ധിക്കുക) നിയമപരമായി ദാവീദിന്‍റെ സിംഹാസനത്തിനു യേശു അവകാശിയാണ്. എന്നാല്‍, ശാരീരികമായി യോസേഫിന്‍റെ പിന്തുടര്‍ച്ചാവകാശിയല്ലാത്തതിനാല്‍ യൊഖന്യാവിനു ലഭിച്ച ദൈവശാപത്തിനു (യിരെ.22:24-29) യേശു അര്‍ഹനുമല്ല! ഇങ്ങനെ ശാപമോ ദൈവകോപമോ ഏശാത്ത കളങ്കരഹിതമായ രാജത്വമാണ് യേശുവിനു സിദ്ധിച്ചിരിക്കുന്നത് എന്ന് യേശുവിന്‍റെ വംശാവലിയിലൂടെയും യേശുവിന്‍റെ ജനനത്തിന്‍റെ വിവരണത്തിലൂടെയും മത്തായി വായനക്കാരുടെ മുന്നില്‍ സമര്‍ത്ഥിക്കുന്നു.
എന്നാല്‍ വായനക്കാരനെ ആശയക്കുഴപ്പത്തിലാക്കുന്ന സംഗതി ദൈവം ദാവീദിനോടു ചെയ്ത ഉടമ്പടിയിലെ ഒരു പദപ്രയോഗമാണ്. ‘നിന്‍റെ ഉദരത്തില്‍ നിന്ന് പുറപ്പെടുവാനിരിക്കുന്ന സന്തതിക്കു’ പിന്തുടര്‍ച്ചാവകാശം കൊടുത്ത് അവന്‍റെ രാജത്വം സ്ഥിരപ്പെടുത്തും (2.ശമുവേല്‍ 7:12) എന്നാണു ദൈവം പറഞ്ഞിട്ടുള്ളത്. ഉദരത്തില്‍ നിന്ന് പുറപ്പെടുവാനിരിക്കുന്ന സന്തതി എന്നതിലൂടെ നിയമപരമായ പിന്തുടര്‍ച്ചാവകാശം മാത്രമല്ല, ശാരീരികമായ പിന്തുടര്‍ച്ചയും ദാവീദില്‍ നിന്ന് ഈ രാജാവിനുണ്ടായിരിക്കണം എന്ന് വ്യക്തമാകുന്നു. എന്നാല്‍ യേശു യോസേഫിന്‍റെ പുത്രനല്ല എന്ന് മത്തായി ഖണ്ഡിതമായി പറഞ്ഞിരിക്കെ യേശുവിനു ദാവീദിന്‍റെ ശാരീരിക പിന്തുടര്‍ച്ച അവകാശപ്പെടാന്‍ കഴിയില്ല. പിന്നെ എങ്ങനെ യേശു ദൈവം ദാവീദിനോടു വാഗ്ദത്തം ചെയ്ത സന്തതിയാകും? ഇതിന്‍റെ ഉത്തരം ലൂക്കോസ് നല്‍കുന്ന വംശാവലിയിലാണ് ഉള്ളത്. ദൈവം അനുവദിച്ചാല്‍ അടുത്ത ഭാഗത്തില്‍ നമുക്കത് പരിശോധിക്കാം. (തുടരും…)