യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-3)
അനില്‍ കുമാര്‍ വി അയ്യപ്പന്‍
യേശുക്രിസ്‌തുവിന്‍റെ വംശാവലി- മത്തായിയുടെ സുവിശേഷത്തിലൂടെ
ദൈവം ദാവീദിനോട് “സന്തതി’യെ വാഗ്‌ദത്തം ചെയ്‌തപ്പോള്‍ രക്ഷകനെക്കുറിച്ചുള്ള ചിത്രങ്ങള്‍ മനുഷ്യവര്‍ഗ്ഗത്തിന് കൂടുതല്‍ വ്യക്തമായി. ആദാമിനോട് പറഞ്ഞ “പാമ്പിന്‍റെ തല തകര്‍ക്കുന്ന സ്‌ത്രീയുടെ സന്തതി’ അബ്രഹാമിന്‍റെ സന്തതിയായിരിക്കും, യിസ്‌ഹാക്കിന്‍റെയും യാക്കോബിന്‍റെയും സന്തതിയായിരിക്കും, യാക്കോബിന്‍റെ പന്ത്രണ്ട് മക്കളില്‍ ഒരാളായ യെഹൂദയുടെ സന്തതിയായിരിക്കും, യെഹൂദാ ഗോത്രത്തില്‍ ദാവീദിന്‍റെ വംശത്തില്‍ നിന്നായിരിക്കും ആ സന്തതി വരുന്നത് ! ദാവീദിന്‍റെ വംശത്തില്‍ ഏത് കുലം, ഏത് കുടുംബം എന്നൊന്നും ദൈവം പറഞ്ഞില്ല. പകരം പ്രവാചകന്മാരിലൂടെ, വരുവാനിരിക്കുന്ന ആ സന്തതിയെക്കുറിച്ച് ദൈവം അരുളിച്ചെയ്‌തു തുടങ്ങി. ആ പ്രവചനങ്ങളില്‍ ചിലത് നമുക്കൊന്ന് ശ്രദ്ധിക്കാം. (പ്രവാചക കാലഘട്ടം ബ്രാക്കറ്റില്‍ )
1) വാഗ്‌ദത്ത സന്തതി ബേത്‌ലഹേം എഫ്രാത്തയില്‍ ജനിക്കും. മീഖാ.5:2 (ബി.സി.739-687)
2) അവന്‍കന്യകയില്‍നിന്നായിരിക്കും ജനിക്കുന്നത് . യെശ.7:14 (ബി.സി.740-688)
3) മനു ഷ്യ വര്‍ഗ്ഗത്തിന് നല്‌കപ്പെടുന്ന ഈ സന്തതി വീരനാം ദൈവം തന്നെ ആയിരിക്കും. യെശ.9:6
4) ദൈവം തന്‍റെ ജനവുമായി ചെയ്‌ത ഉടമ്പടിയുടെ മധ്യസ്ഥനായ മോശെയെപ്പോലെ ഒരു പ്രവാചകനായിരിക്കും അവന്‍ . ആവ. 18:18 (ബി.സി. 1500). (മോശെക്കു ശേഷം സ്‌നാപക യോഹന്നാന്‍ വരെയുള്ള പ്രവാചകന്മാരെല്ലാവരും യഹോവയായ ദൈവം മോശെ മുഖാന്തിരം തന്‍റെ ജനവുമായി ചെയ്‌ത ഉടമ്പടിയുടെ പ്രചാരകര്‍ മാത്രമായിരുന്നു. ഈ പ്രചാരകന്മാര്‍ ആരിലൂടെയും ദൈവം പുതിയ ഒരു ഉടമ്പടി സ്ഥാപിച്ചിട്ടില്ല. അതുകൊണ്ട് തന്നെ “മോശെയെപ്പോലെയുള്ള പ്രവാചകന്‍’ എന്ന പദവി ലഭിക്കണമെങ്കില്‍, വാഗ്‌ദത്ത സന്തതി പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായിരിക്കണം!)
5) ഈ വാഗ്‌ദത്ത സന്തതി യിസ്രയേലിന്‍റെ രാജാവായിരിക്കും. സെഖ.6:12,13; 9:9 (ബി.സി.516)
6) വരുവാനിരിക്കുന്ന സന്തതി “രാജാവും പ്രവാചകനും’ മാത്രമല്ല, പുരോഹിതനു മായിരിക്കും. സെഖ.6:13 (ബി.സി.516), സങ്കീ. 110:4 (ബി.സി.1000)
7) അവന്‍ യഹോവയുടെ ദാസന്‍ കൂടിയായിരിക്കും. യെശ.42:1-4
8) ഈ ദാസന്‍റെ രൂപം കണ്ടാല്‍ ആളല്ല എന്നും അവന്‍റെ ആകൃതി കണ്ടാല്‍ മനു ഷ്യനല്ല എന്നും തോന്നുമാറ് വിരൂപമാക്കപ്പെടും. യെശ.52:14
9) നമ്മുടെ അകൃത്യത്തിനും അതിക്രമത്തിനും പകരമായിട്ടായിരിക്കും അവന്‍ ശിക്ഷിക്കപ്പെടുന്നത് . യെശ.53:5
10) അനേകരുടെ പാപം വഹിച്ചുകൊണ്ട് അവന്‍ തന്‍റെ പ്രാണനെ മരണത്തിന് ഒഴുക്കിക്കളയും. യെശ.52:12
11) തന്നെത്താന്‍ താഴ്‌ത്തി വായ് തുറക്കാതിരുന്നിട്ടും അവന്‍ പീഡിപ്പിക്കപ്പെടും. യെശ.53:7
12) അവന്‍ എളിയവരോട് സദ്‌വര്‍ത്തമാനം ഘോഷിക്കും. യെശ. 61:1
13) യഹോവയുടെ ആത്മാവ്‌അവന്‍റെ മേല്‍ ഉണ്ടായിരിക്കും. യെശ.61:1
14) അവന്‍ തന്‍റെ ശുശ്രൂഷ ആരംഭിക്കുന്നതിനു മുമ്പ് അവന് വഴിയൊരുക്കുവാന്‍ മറ്റൊരാള്‍ വരും. യെശ.40:3; മലാ.3:1
15) അവന്‍ ഉപമയിലൂടെ ജനത്തോട് സംസാരിക്കും. സങ്കീ.78:2 (ബി.സി.1000)
16) അവന്‍ കഴുതപ്പുറത്തും കഴുതക്കുട്ടിയുടെ പുറത്തും കയറി സിയോന്‍ നഗരത്തിലേക്ക് പ്രവേശിക്കും. സെഖ. 9:9
17) അവന്‍ മരിക്കുന്നത് കൈകാലുകള്‍ തുളയ്‌ക്കപ്പെട്ടായിരിക്കും. സങ്കീ.22:16 (ബി.സി.1000)
18) അവന്‍റെ മരണത്തില്‍ അവന്‍റെ വസ്‌ത്രം പങ്കിടപ്പെടും, അവന്‍റെ അങ്കിക്കായി അവര്‍ചീട്ടിടും. സങ്കീ.22:8
19) അവന്‍റെ കൂടെയുള്ളയാള്‍ അവനെ വഞ്ചിക്കും. സങ്കീ.41:9 (ബി.സി.1000)
20) അവന്‍ മരിച്ചാലും ഉയിര്‍ത്തെഴുന്നേല്‍ക്കും. സങ്കീ.16:10 (ബി.സി.1000)
ദൈവം ഈ വിശുദ്ധ പ്രജയെപ്പറ്റി ഇനിയും ധാരാളം കാര്യങ്ങള്‍പ്രവചിച്ചിട്ടുണ്ട് . വിസ്‌തരഭയത്താല്‍ അവയൊന്നും ഇവിടെ രേഖപ്പെടുത്തുന്നില്ല. ഏതായാലും ഓരോ പ്രവാചകനും ഈ വാഗ്‌ദത്ത സന്തതിയെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ ജനത്തോട് വെളിപ്പെടുത്താന്‍ തുടങ്ങി. യിസ്രായേല്‍ജനം ദൈവത്തില്‍ നിന്നും ദൈവവചനത്തില്‍ നിന്നും കൂടുതലായി അകന്നുകൊണ്ടിരുന്ന സന്ദര്‍ഭം കൂടിയായിരുന്നു ഈ പ്രവാചകകാലഘട്ടം.
അങ്ങനെയിരിക്കെ, ദാവീദിന്‍റെ സന്തതിപരമ്പരയില്‍പ്പെട്ട യൊഖെന്യാവ്‌എന്ന യെഹൂദാ രാജാവ് യഹോവയെ അത്യധികം കോപിപ്പിച്ചതുകൊണ്ട് യഹോവയുടെ ശാപത്തിന് പാത്രിഭൂതനായിത്തീര്‍ന്നു. പ്രവാചകനായ യിരെമ്യാവ് മുഖാന്തരം യഹോവ അവനെ ശപിച്ചു: “ദേശമേ, ദേശമേ, ദേശമേ, യഹോവയുടെ വചനം കേള്‍ക്ക! ഈ ആളെ മക്കളില്ലാത്തവന്‍ എന്നും ആയുഷ്‌കാലത്ത് ഒരിക്കലും ശുഭം വരാത്തവന്‍ എന്നും എഴുതുവിന്‍ . ഇനി ദാവീദിന്‍റെ സിംഹാസനത്തില്‍ ഇരുന്നു യെഹൂദ്യയില്‍ വാഴുവാന്‍ അവന്‍റെ സന്തതിയില്‍ ഒരുവനും ഇടവരികയില്ല’ (യിരെമ്യാ.22:29). യൊഖന്യാവിനെ ബാബേല്‍ രാജാവായ നെബുഖദ്‌നേസര്‍ ആക്രമിച്ചു കീഴടക്കി ബാബേലിലേക്ക് തടവുകാരനായി പിടിച്ചുകൊണ്ടുപോയി. അവന്‍റെ മക്കളാരും പിന്നീട് യെഹൂദ്യയില്‍ ഭരണം നടത്തിയിട്ടുമില്ല.
നിഷ്‌പക്ഷമതിയായ ഒരു സത്യാന്വേഷകനെ സംബന്ധിച്ചിടത്തോളം അവന്‍ ആശയക്കുഴപ്പത്തിലാകുന്നത് ഇവിടെയാണ് . കാരണം വംശാവലിയിലെ ‘വൈരുദ്ധ്യ’ത്തേക്കാള്‍ വലിയ പ്രശ്‌നമാണ് ഇപ്പോള്‍ അവന്‍റെ മുമ്പാകെയുള്ളത് . വാഗ്‌ദത്ത സന്തതി ദാവീദിന്‍റെ വംശത്തില്‍നിന്ന് വരും എന്നരുളിച്ചെയ്‌ത ദൈവം പ്രവാചകന്മാര്‍ മുഖാന്തരം ആ സന്തതിയെക്കുറിച്ചുള്ള വര്‍ണ്ണനകള്‍എല്ലാം തന്നതിനു ശേഷം ഇപ്പോഴിതാ അതേ ദാവീദിന്‍റെ വംശപരമ്പരയിലെ ഒരു രാജാവിനെ ശപിക്കുകയും അവന്‍റെ സന്തതി പരമ്പരയില്‍ ആരും ഇനിമേല്‍ ദാവീദിന്‍റെ സിംഹാസനത്തിലിരുന്ന് ഭരണം നടത്തുകയില്ലെന്നും പറയുന്നു!! ഇതെങ്ങനെ ശരിയാകും?! ആദാം മുതലിങ്ങോട്ട് ഓരോ തലമുറയില്‍ ദൈവം ഈ സന്തതിയെക്കുറിച്ച് പറഞ്ഞിരുന്നതെല്ലാം വെറുതെയായിരുന്നുവോ?? മനു ഷ്യവംശത്തിന് വിമോചനത്തിന്‍റെ പ്രത്യാശ കൊടുത്തതിനു ശേഷം തന്‍റെ ഉഗ്രകോപത്തിന്‍റെ ഫലമായി ആ വാഗ്‌ദത്തങ്ങളില്‍ നിന്നെല്ലാം പിന്മാറുന്നവനാണോ സത്യദൈവം??? ഒരിക്കലുമല്ല!!! യൊഖന്യാവിനും അവന്‍റെ സന്തതി പരമ്പരകള്‍ക്കും ലഭിച്ച ശാപം ഏശാത്തവിധം എങ്ങനെയാണ് ദൈവം വാഗ്‌ദത്ത സന്തതിയെ സ്‌ത്രീയുടെ സന്തതിയായി ദാവീദിന്‍റെ പരമ്പരയില്‍ നിന്ന് തന്നെ ജനിപ്പിച്ചത് എന്ന് നമുക്ക് തുടര്‍ന്ന് പരിശോധിക്കാം.
വംശാവലിയിലെ ‘വൈരുദ്ധ്യങ്ങള്‍’ ഇതിന് നമ്മെ സഹായിക്കുന്നു.
നാല് സുവിശേഷ രചയിതാക്കളും നാല് വ്യത്യസ്‌ത വിധത്തിലാണ് യേശുക്രിസ്‌തുവിനെ വരച്ച് കാണിക്കുന്നത്‌എന്ന് മുന്നമേ സൂചിപ്പിച്ചല്ലോ. മര്‍ക്കോസും യോഹന്നാനും യേശുക്രിസ്‌തുവിന്‍റെ വംശാവലി രേഖപ്പെടുത്താതിരുന്നതിന്‍റെ കാരണവും പറഞ്ഞു. രേഖപ്പെടുത്തപ്പെട്ട രണ്ട് വംശാവലികളില്‍ ആദ്യത്തേത് മത്തായിയില്‍ ആണല്ലോ. മത്തായി യേശുക്രിസ്‌തുവിനെ അവതരിപ്പിക്കുന്നത് സ്വര്‍ഗ്ഗരാജ്യം ഭൂമിയിലേക്ക് കൊണ്ടു വന്ന യെഹൂദന്മാരുടെ രാജാവായിട്ടാണ്. യിസ്രായേലിന്‍റെ സ്വര്‍ഗ്ഗീയ രാജാവും ആ രാജാവിന്‍റെ പ്രവര്‍ത്തനങ്ങളും ഏത് വിധത്തിലുള്ളതായിരുന്നു എന്ന് മത്തായി 1-11 വരെയുള്ള അധ്യായങ്ങള്‍ വിഭജിച്ചു പഠിച്ചാല്‍ വ്യക്തമാകും.
A) അധ്യായം-1
1) രാജാവിന്‍റെ വംശാവലി (1:1-16)
2) രാജാവിന്‍റെ ജനനം
B) അധ്യായം-2
1) വിദ്വാന്മാര്‍രാജാവിനെ ആരാധിക്കുന്നു (2:1-12)
2) രാജാവിനെ വകവരുത്താനു ള്ള ശത്രുവിന്‍റെ പരിശ്രമം (2:16-18)
3) ശത്രുവിന്‍റെ കയ്യില്‍പെടാതെയുള്ള രാജാവിന്‍റെ ഒഴിഞ്ഞുപോക്ക് (2:13-15)
C) അധ്യായം-3
1) രാജാവിന്‍റെ മുന്നോടിയുടെ പ്രവര്‍ത്തനം (3:1-12)
2) രാജാവിന്‍റെ സ്‌നാനവും അഭിഷേകവും (3:13-16)
3) രാജാവിനെക്കുറിച്ചുള്ള സ്വര്‍ഗ്ഗത്തിന്‍റെ സാക്ഷ്യം (3:17)
D) അധ്യായം-4
1) പരീക്ഷയില്‍ രാജാവ്‌പിശാചിനെ പരാജയപ്പെടുത്തുന്നു (4:1-11)
2) രാജാവ് തന്‍റെ രാജ്യവ്യാപനത്തിനായി പ്രവര്‍ത്തനം ആരംഭിക്കുന്നു (4:17)
E) അധ്യായം-5,6,7
1) തന്‍റെ രാജ്യത്തിലെ പൗരന്മാര്‍ അനു സരിക്കേണ്ട ‘സ്വര്‍ഗ്ഗീയ ഭരണഘടന’ രാജാവ് അധികാരത്തോടെ വിളംബരം ചെയ്യുന്നു
F) അധ്യായം-8,9
1) താന്‍മേലില്‍ നിന്നുള്ള രാജാവാണെന്ന് തെളിയിക്കുന്ന തന്‍റെ അത്യത്ഭുതകരമായ അധികാരശക്തി രാജാവ് വെളിപ്പെടുത്തുന്നു
a) രോഗത്തിന്‍റെ മേലുള്ള അധികാരം (8:1-3, 5-15; 9:27-29)
b) പ്രകൃതിയുടെ മേലുള്ള അധികാരം (8:23-27)
c) അശുദ്ധാത്മാക്കളുടെ മേലുള്ള അധികാരം (8:16-17, 28-32; 9:32-34)
d) മരണത്തിന്‍റെ മേലുള്ള അധികാരം (9:18-25)
G) അധ്യായം-10
1) രാജാവിനെക്കുറിച്ച് പറയാനും രാജ്യവ്യാപനത്തിനു മായി തന്‍റെ ദാസന്മാരെ ‘ചെന്നായ്‌ക്കളുടെ നടുവില്‍ ആടിനെ’യെന്നപോലെ രാജാവ് അയക്കുന്നു.
H) അധ്യായം- 11
1) തന്‍റെ മുന്നോടിയെക്കുറിച്ചുള്ള രാജാവിന്‍റെ സാക്ഷ്യം (11:7-11)
2) തന്‍റെ വീര്യപ്രവൃത്തികള്‍ കണ്ടിട്ടും തന്നെ സ്വീകരിക്കാത്ത പട്ടണങ്ങളെ രാജാവ് ശാസിക്കുന്നു (11:20-24)
3) തന്നെ തിരസ്‌കരിച്ച തന്‍റെ സ്വന്ത ജനത്തെ രാജാവും താത്‌കാലികമായി തിരസ്‌കരിക്കുന്നു. ഇനിമുതല്‍ ജഡപ്രകാരം അബ്രഹാമിന്‍റെ സന്തതികളായിരിക്കുന്നവര്‍ക്കു മാത്രമല്ല, ജാതികള്‍ക്കും ഈ രാജാവിന്‍റെ രാജ്യത്തിലേക്ക് പ്രവേശനമുണ്ട് . അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായുള്ള “എല്ലാവരോടും’ തന്‍റെ അടുക്കല്‍ വരുവാന്‍ രാജാവ് ആഹ്വാനം ചെയ്യുന്നു (11:28-30)
പന്ത്രണ്ടാം അധ്യായം മുതല്‍ ജാതികളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള രാജ്യത്തെപ്പറ്റിയാണ് രാജാവ് സംസാരിക്കുന്നത് . അതിന്‍റെ തിലകക്കുറിയായുള്ള പ്രസ്‌താവന മത്താ.16:18-ലാണ്‌കാണുന്നത് . അവിടെ, ജഡപ്രകാരമുള്ള യിസ്രായേലില്‍ നിന്ന് വിഭിന്നമായതും പൂര്‍വ്വകാലങ്ങള്‍ക്കും തലമുറകള്‍ക്കും മറഞ്ഞുകിടന്ന മര്‍മ്മവുമായിരുന്ന “സഭ’ എന്ന പുതിയൊരു രാജ്യത്തിന്‍റെ നിര്‍മ്മാണത്തെപ്പറ്റി രാജാവ്‌പ്രഖ്യാപിക്കുന്നു.
ഇങ്ങനെ, ‘യെഹൂദന്മാരുടെ രാജാവായി’ അവനെ അവതരിപ്പിക്കുന്നതുകൊണ്ടാണ് മത്തായി യെഹൂദാജനത്തിന്‍റെ പിതാവായ അബ്രാഹാമില്‍നിന്ന് അവന്‍റെ വംശാവലി ആരംഭിക്കുന്നത് . ദാവീദ് മുതല്‍ യെഹോയാഖീന്‍ (യൊഖന്യാവ് ) വരെ ആ വംശാവലിയില്‍ ഉള്ളത് രാജാക്കന്മാര്‍ മാത്രമാണ് . രാജകീയ പിന്‍തുടര്‍ച്ചയാണ് ആ വംശാവലി അര്‍ത്ഥമാക്കുന്നത് . യേശു ഭൂജാതനാകുന്ന കാലത്ത് യെഹൂദ്യയില്‍ ഭരണം നടത്തിയിരുന്നത് ദാവീദിന്‍റെ രാജവംശം ആയിരുന്നുവെങ്കില്‍, അന്ന് ദാവീദിന്‍റെ സിംഹാസനത്തിലിരുന്ന് ഭരിക്കുന്നത് മറിയയുടെ ഭര്‍ത്താവും യേശുവിന്‍റെ വളര്‍ത്തു പിതാവുമായിരുന്ന യോസേഫ് എന്ന തച്ചനല്ലാതെ മറ്റാരുമായിരിക്കില്ല!! യോസേഫിന്‍റെ നിയമപ്രകാരമുള്ള പിന്‍തുടര്‍ച്ചാവകാശി യേശുക്രിസ്‌തു ആണെന്ന് മത്തായിയിലെ വംശാവലി അസന്ദിഗ്‌ദമായി നമ്മോട് പ്രഖ്യാപിക്കുന്നു! (തുടരും…)