മുഹമ്മദിന്‍റെ പ്രവാചകത്വം- ഇസ്ലാമിക വീക്ഷണത്തില്‍ (ഭാഗം-1)
അനില്‍കുമാര്‍ വി.അയ്യപ്പന്‍
മുഹമ്മദ് അല്ലാഹുവില്‍ നിന്നുള്ള പ്രവാചകനാണ് എന്ന് മുസ്ലീം ലോകം മുഴുവനും അംഗീകരിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ പ്രവാചക മാനദണ്ഡം നാം പരിശോധനക്ക് വിധേയമാക്കിയാല്‍ അദ്ദേഹം പ്രവാചകനായിരുന്നു എന്നുള്ളത് അംഗീകരിക്കാന്‍ സാധ്യമല്ല. മുഹമ്മദിന്‍റെ പ്രവാചകത്വത്തെ സംബന്ധിച്ചുള്ള ഒരു അന്വേഷമാണ് ഈ പഠനം.
ആദ്യം പ്രവാചക മാനദണ്ഡമായി ഖുര്‍ആന്‍ പറയുന്ന ഏഴു കാര്യങ്ങള്‍ നോക്കാം:
1. സൂറാ.4:163: പ്രവാചകന്‍ മുന്‍പ്രവാചകന്മാരെ പോലെയുള്ള പ്രവാചകനായിരിക്കണം.
2. സൂറാ.6: 89-90: മുന്‍പ്രവാചകരുടെ നേര്‍മാര്‍ഗ്ഗത്തെ പിന്തുടരണം.
3. സൂറാ. 2: 285 – അവര്‍ക്ക് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ വിശ്വസിക്കണം.
4. സൂറാ. 10: 94-95:- അവതരിപ്പിക്കപ്പെട്ടതിനെകുറിച്ച
5. സൂറാ. 16: 43:- മുന്‍പ്രവാചകരുടെ ഗ്രന്ഥത്തില്‍ സത്യമുണ്ട്.
6. സൂറാ. 21: 7:- മുന്‍ പ്രവാചകര്‍ക്ക് വെളിപ്പാടുകള്‍ നല്‍കിയിട്ടുണ്ട്.
7. സൂറാ. 5: 44-47:- യഹൂദന്മാര്‍ തോറ അനുസരിച്ചും ക്രിസ്ത്യാനികള്‍ സുവിശേഷം അനുസരിച്ചും വിധികല്‍പിക്കണം.
മുഹമ്മദ് പ്രവചിച്ചത് സത്യദൈവമായ യഹോവയുടെ നാമത്തിലാണോ? ഖുര്‍ആനില്‍ എവിടെയെങ്കിലും യഹോവ എന്ന നാമം കാണുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണു ഉത്തരം. സത്യദൈവമായ യഹോവയുടെ പേരു പോലും അറിയാത്ത ഒരാള്‍ താന്‍ സത്യദൈവത്തിന്‍റെ പ്രവാചകനാണ് എന്ന് അവകാശപ്പെട്ടാല്‍ ആ അവകാശവാദത്തിനു എന്ത് വിലയാണ് നാം കൊടുക്കേണ്ടത്?
സൂറാ. 5: 44-47:- യഹൂദന്മാര്‍ തോറ അനുസരിച്ചും ക്രിസ്ത്യാനികള്‍ സുവിശേഷം അനുസരിച്ചും വിധികല്‍പിക്കണം എന്ന് അല്ലാഹു പറഞ്ഞിരിക്കെ പിന്നെ എന്തിനാണ് പുതിയ ഒരു പ്രവാചകന്‍റെ ആവശ്യം? അവരവര്‍ തങ്ങളുടെ കൈവശമുള്ള വേദങ്ങളുടെ അടിസ്ഥാനത്തില്‍ വിധി കല്പിച്ചാല്‍ പോരെ?
ഇനി മുഹമ്മദിന് പ്രവാചകത്വം ലഭിച്ച വഴി എങ്ങനെയാണെന്ന് നോക്കാം:
ആയിശ നിവേദനം: ഹിറാ ഗുഹയില്‍ ഇരിക്കുമ്പോഴാണ് അവിടുത്തേക്ക് പെട്ടെന്ന് സത്യം (ദിവ്യസന്ദേശം) ലഭിച്ചത്. അതായത് ദിവ്യസന്ദേശവാഹകനായ മലക്ക് നബിയുടെ അടുക്കല്‍ വന്നു ‘വായിക്കുക’ എന്ന് പറഞ്ഞു. അവിടുന്ന് പ്രതിവചിച്ചു: ‘എങ്ങനെയാണ് വായിക്കേണ്ടതെന്നു എനിക്ക് അറിയില്ല’. അവിടുന്ന് പറയുന്നു: ‘അപ്പോള്‍ ആ മലക്ക് എന്നെ പിടിക്കുകയും ശക്തിയായി ആശ്ലേഷിച്ചു വിടുകയും ചെയ്തു. ഞാന്‍ വല്ലാതെ വിഷമിച്ചു പോയി. പിന്നെയും ആ മലക്ക് വായിക്കുക എന്ന് ആവര്‍ത്തിച്ചു. ഞാന്‍ പറഞ്ഞു: ‘എനിക്ക് വായിക്കേണ്ടത് എങ്ങനെയെന്ന് അറിയുകയില്ല.’ അപ്പോള്‍ രണ്ടാം പ്രാവശ്യവും ആ മലക്ക് എന്നെ പിടിച്ചു ശക്തിയായി ആശ്ലേഷിച്ചു വിട്ടു. ഞാനപ്പോഴും വല്ലാതെ വിഷമിച്ചുപോയി. വീണ്ടും ആ മലക്ക് എന്നോട് വായിക്കുക എന്ന് കല്പിച്ചു. ‘എങ്ങനെയാണ് വായിക്കേണ്ടതെന്നു എനിക്കറിയുകയില്ല’ (അഥവാ ‘ഞാന്‍ എന്താണ് വായിക്കേണ്ടത്?’) എന്ന് മറുപടി പറഞ്ഞപ്പോള്‍ മൂന്നാം പ്രാവശ്യവും എന്നെപ്പിടിച്ചു ശക്തിയായി ആശ്ലേഷിച്ചു വിടുകയും അനന്തരം: ‘സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ നീ വായിക്കുക; മനുഷ്യനെ അവന്‍ രക്തക്കട്ടയില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക നിന്‍റെ രക്ഷിതാവ് പേന കൊണ്ട് പഠിപ്പിച്ചവനായ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. മനുഷ്യനെ അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു’ എന്ന് പറയുകയും ചെയ്തു.’ ഉടനെ ഭയവിഹ്വലനായി പിടയ്ക്കുന്ന ഹൃദയത്തോടെ ഈ സന്ദേശവുമായി നബി മടങ്ങി. അദ്ദേഹത്തിന്‍റെ കഴുത്തിലെ പേശികള്‍ ഭയം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. ഖദീജയുടെ അരികില്‍ ചെന്ന് ‘എനിക്ക് പുതച്ചു തരൂ, എനിക്ക് പുതച്ചു തരൂ’ എന്ന് പറയുകയും ചെയ്തു. അതനുസരിച്ച് ആ ഭയം നിശ്ശേഷം തീരുന്നതുവരെ (ഖദീജ) നബിക്ക് പുതച്ചു കൊടുത്തു. അനന്തരം നബി പറഞ്ഞു: ഓ, ഖദീജാ; എനിക്കെന്താണ് പറ്റിയത്?’ തുടര്‍ന്ന് അദ്ദേഹം തനിക്ക് സംഭവിച്ച എല്ലാ കാര്യങ്ങളെ കുറിച്ചും ഖദീജയെ അറിയിക്കുകയും ‘എനിക്ക് വല്ല ആപത്തും സംഭവിക്കാന്‍ പോകുകയാണോ എന്ന് ഞാന്‍ ഭയപ്പെടുന്നു’ എന്ന് ആശങ്കപ്പെടുകയും ചെയ്തു. ഖദീജ പറഞ്ഞു: ‘ഇല്ല; അങ്ങ് സന്തോഷിക്കുക. അല്ലാഹുവാണ് സത്യം! അങ്ങയെ അല്ലാഹു ഒരിക്കലും അപമാനിക്കുകയില്ല. അല്ലാഹുവാണെ സത്യം! അങ്ങ് കുടുംബബന്ധം പുലര്‍ത്തുകയും, സത്യം പറയുകയും, പരാശ്രയരുടെ ഭാരം ചുമക്കുകയും, അഗതികള്‍ക്ക് വേണ്ടി അത്യദ്ധ്വാനം ചെയ്യുകയും അതിഥികളെ സത്കരിക്കുകയും ആപത്ത് ബാധിച്ചവരെ സഹായിക്കുകയും ചെയ്യുന്നു.’
ശേഷം ഖദീജ തന്‍റെ പിതൃവ്യ പുത്രനായ വറഖ ബ്നു നൌഫല്‍ ബ്നു അസദ് ബ്നു അബ്ദുല്‍ ഉസ്സായുടെ അടുക്കലേക്ക് നബിയെ കൊണ്ടുപോയി. വറഖ ജാഹിലിയ്യാ കാലത്ത് ക്രിസ്തുമതം സ്വീകരിച്ചവനും അറബി ഭാഷ അറിയുന്നവനുമായിരുന്നു. (തന്നിമിത്തം) അദ്ദേഹം അല്ലാഹുവിന്‍റെ ആഗ്രഹം പോലെ ഇന്‍ജീല്‍ അറബി ഭാഷയില്‍ ധാരാളമായി എഴുതാറുണ്ടായിരുന്നു. അദ്ദേഹം ഒരു വയോവൃദ്ധനും രണ്ടു കണ്ണുകളുടെയും കാഴ്ചശക്തി നഷ്ടപ്പെട്ടവനുമായിരുന്നു. ഖദീജ അദ്ദേഹത്തോട് പറഞ്ഞു: ‘പിതൃവ്യപുത്രാ, നിങ്ങളുടെ സഹോദരപുത്രന്‍റെ വിശേഷങ്ങളൊന്നു കേട്ടാലും.’ ഉടനെ വറഖ നബിയോട് ചോദിച്ചു: ‘എന്‍റെ സഹോദരപുത്രാ, നീ എന്താണ് കണ്ടത്?’ താന്‍ കണ്ട കാര്യങ്ങള്‍ എല്ലാം നബി അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു.
അപ്പോള്‍ വറഖത്തു പറഞ്ഞു: ‘ഇത് അല്ലാഹു മൂസയുടെ അടുക്കലേക്ക് അയച്ചിരുന്നു രഹസ്യ സന്ദേശവാഹകനാണ്. നിന്‍റെ ജനത നിന്നെ ബഹിഷ്കരിക്കുന്ന അവസരത്തില്‍ ഞാനൊരു യുവാവായി ജീവിച്ചിരിക്കുകയായിരുന്നെങ്കില
എന്നാല്‍ അല്പനാളുകള്‍ക്ക് ശേഷം വറഖത്ത് മരിക്കുകയും ദിവ്യസന്ദേശം വരുന്നത് കുറച്ചു നാളേക്ക് നിലയ്ക്കുകയും ചെയ്തപ്പോള്‍ നബി അതിദു:ഖിതനായിത്തീരുകയും ഉയരമുള്ള മലകളുടെ മുകളില്‍ കയറി താഴേക്ക് ചാടി സ്വയം ജീവനൊടുക്കാന്‍ അദ്ദേഹം പലവട്ടം ശ്രമം നടത്തിയതായും ഞങ്ങള്‍ കേള്‍ക്കുകയുണ്ടായി. ഓരോപ്രാവശ്യവും അദ്ദേഹം താഴേക്ക് ചാടാന്‍ വേണ്ടി മലയുടെ ഉച്ചിയിലേക്ക് കയറുമ്പോള്‍, ജിബ്രീല്‍ അദ്ദേഹത്തിന്‍റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടിട്ടു പറയും: ‘ഓ മുഹമ്മദ്, വാസ്തവമായും താങ്കള്‍ അല്ലഹുവിന്‍റെ സത്യഅപ്പോസ്തലനാണ്.’ ഇത് കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ഹൃദയം തണുക്കുകയും അദ്ദേഹം താഴേക്കിറങ്ങി വന്നു സമാധാനത്തോടെ വീട്ടിലേക്ക് മടങ്ങുകയും ചെയ്യും. എന്നാല്‍ വീണ്ടും ദിവ്യവെളിപ്പാടുകള്‍ കുറച്ചു നാളത്തേക്ക് നിലയ്ക്കുമ്പോള്‍ അദ്ദേഹം പഴയതുപോലെ ദു:ഖിതനായിത്തീരുകയും മുന്‍പ് ചെയ്തതുപോലെ ജീവനൊടുക്കാന്‍ വേണ്ടി മലമുകളിലേക്ക് കയറുകയും ചെയ്യും. പക്ഷെ അദ്ദേഹം മലയുടെ ഉച്ചിയില്‍ എത്തുമ്പോള്‍ ജിബ്രീല്‍ പ്രത്യക്ഷനാകുകയും മുന്‍പ് പറഞ്ഞത് ആവര്‍ത്തിക്കുകയും ചെയ്യും.” (സ്വഹീഹ് ബുഖാരി, വാല്യം 9, പുസ്തകം 87, ഹദീസ് നമ്പര്‍ 111)
മുഹമ്മദ് ആത്മഹത്യ ചെയ്യാന്‍ പോയതായി ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ള ആയത്തുകള്‍ കൂടി നോക്കാം:
“അതിനാല്‍ ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിച്ചില്ലെങ്കില്‍ അവര്‍ പിന്തിരിഞ്ഞ് പോയതിനെത്തുടര്‍ന്ന് (അതിലുള്ള) ദുഃഖത്താല്‍ നീ ജീവനൊടുക്കുന്നവനായേക്കാം.” (സൂറാ.18:6)
“അവര്‍ വിശ്വാസികളാകാത്തതിന്‍റെ പേരില്‍നീ നിന്‍റെ ജീവന്‍ നശിപ്പിച്ചേക്കാം” ( സൂറാ.26:3)
സൂറാ.93:3-ല്‍ “( നബിയേ, ) നിന്‍റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല” എന്നുള്ള ആയത്ത് ജിബ്രീലില്‍ നിന്നും സന്ദേശം ലഭിക്കാതിരുന്ന സമയത്ത് ആത്മഹത്യ ചെയ്യാന്‍ പോയ മുഹമ്മദിനെ ആശ്വസിപ്പിച്ചുകൊണ്ടുള്ള ജിബ്രീലിന്‍റെ വഹിയ് ആണ്.
എന്തായാലും കുറെ ചോദ്യങ്ങള്‍ ഇതിനെ സംബന്ധിച്ച് ഞങ്ങള്‍ക്ക് ചോദിക്കാനുണ്ട്.
1. ആത്മാക്കളെ വിവേചിക്കാനുള്ള ശേഷി മുഹമ്മദിന് ഉണ്ടായിരുന്നില്ല എന്ന് ഈ ഹദീസില്‍ നിന്നും തെളിയുന്നു. 1.യോഹ.4:1-ല്‍, “കള്ളപ്രവാചകന്മാര്‍ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാല്‍ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കള്‍ ദൈവത്തില്‍ നിന്നുള്ളവയോ എന്നു ശോധന ചെയ്‍വിന്‍” എന്ന് വ്യക്തമായ കല്പനയുണ്ട്. ബൈബിള്‍ വിശ്വാസികള്‍ക്ക് ആത്മാക്കളെ വിവേചിക്കാനുള്ള കഴിവുണ്ട്. എന്നാല്‍ അല്ലാഹുവിന്‍റെ പ്രവാചകന് ആത്മാവിനെ വിവേചിക്കാന്‍ കഴിയാതെ ഒരു ക്രിസ്ത്യാനിയുടെ അടുത്തേക്ക് വരേണ്ടി വരുന്നു. ഇത് മുഹമ്മദിന്‍റെ പ്രവാചകത്വ അവകാശം തള്ളിക്കളയാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നു.
2. മുഹമ്മദിന്‍റെ അടുക്കല്‍ വന്ന മലക്ക് എന്തുകൊണ്ട് തന്‍റെ പേര് വെളിപ്പെടുത്തിയില്ല? ബൈബിളില്‍ ഗബ്രിയേല്‍ ദൂതന്‍ പ്രത്യക്ഷപ്പെടുന്ന സംഭവങ്ങള്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. ദാനിയേലിന് പ്രത്യക്ഷപ്പെടുമ്പോള്‍ തന്‍റെ പേര് പറയുന്നതായി ദാനി.8:16-ലും സെഖര്യാ പുരോഹിതന് പ്രത്യക്ഷപ്പെടുമ്പോള്‍ തന്‍റെ പേര് പറയുന്നതായി ലൂക്കോ.1:19-ലും കാണാം. അപരിചിതനായ ഒരാളുടെ അടുക്കല്‍ ആദ്യമായി ചെല്ലുമ്പോള്‍ തന്‍റെ പേര് പറഞ്ഞു പരിചയപ്പെടുത്തുക എന്നുള്ളത് എല്ലാവരും ചെയ്യുന്ന കാര്യമാണ്. എന്നാല്‍ അല്ലാഹുവിന്‍റെ അടുക്കല്‍ നിന്നും വരുന്ന മലക്കിന് ഈ മര്യാദാബോധം ഉണ്ടാകാതിരുന്നത് എന്തുകൊണ്ട്?
3, വായിക്കാനറിയാത്ത ഒരാളോട് വായിക്കാന്‍ ആവശ്യപ്പെടുന്നതില്‍ നിന്നും മനസ്സിലാകുന്നത് അന്ന് ഹിറാ ഗുഹയില്‍ മുഹമ്മദിന്‍റെ അരികില്‍ വന്ന മലക്കിന് മുഹമ്മദിനെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല എന്നാണ്. ഇത് സര്‍വ്വജ്ഞാനിയായ സ്രഷ്ടാവിന്‍റെ അടുക്കല്‍ നിന്നും വരുന്നു എന്ന് പറയപ്പെടുന്ന ഒരു മലക്കിന് യോജിച്ചതാണോ?
4, വായിക്കാനറിയാത്ത ഒരാളെ പിടിച്ചു ശക്തിയായി ഞെരിച്ചാല്‍ അയാള്‍ക്ക് വായിക്കാന്‍ കഴിയുമോ? ഇല്ല എന്നാണ് ഉത്തരമെങ്കില്‍ മലക്ക് മുഹമ്മദിനെ പിടിച്ചു ശക്തിയായി ഞെരിച്ചത് എന്തിനുവേണ്ടിയാണ്?
5, സൂറാ. 33:62-ല്‍ പറയുന്നത് ‘മുമ്പ് കഴിഞ്ഞുപോയവരുടെ കാര്യത്തില്‍ അല്ലാഹു സ്വീകരിച്ച അതേ നടപടിക്രമം തന്നെ. അല്ലാഹുവിന്‍റെ നടപടിക്രമത്തിന് യാതൊരു മാറ്റവും നീ കണ്ടെത്തുകയില്ല’ എന്നാണു. അങ്ങനെയെങ്കില്‍ അല്ലാഹു മുന്‍പ്രവാചകന്മാര്‍ക്കും മുഹമ്മദിനും വഹിയ് കൊടുത്ത നടപടിക്രമം ഒന്ന് തന്നെ ആയിരിക്കണം. എന്നാല്‍ ഈ വിധം മലക്ക് പ്രവാചകനെ നെഞ്ചോട് ചേര്‍ത്ത് ഞെരിച്ചു ഭയപ്പെടുത്തിക്കൊണ്ട് വഹിയ് കൊടുക്കുന്നതായിട്ടു ഏതെങ്കിലും ഒരു മുന്‍പ്രവാചകനെ ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ? ഇല്ല എന്നാണെങ്കില്‍ സൂറാ.33:62 അനുസരിച്ച് മുഹമ്മദ് പ്രവാചകത്വത്തിന് അയോഗ്യനാണ്.
6, ഒന്നും എഴുതിക്കൊടുക്കാതെ ചുമ്മാ ‘വായിക്കുക’ എന്ന് ആവശ്യപ്പെട്ടാല്‍ വായിക്കാന്‍ അറിയാവുന്നര്‍ക്ക് പോലും വായിക്കാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ നിരക്ഷരനായ മുഹമ്മദിനോട് യാതൊരു വസ്തുവും കൊടുക്കാതെ വായിക്കാന്‍ ആവശ്യപ്പെട്ടാല്‍ മുഹമ്മദ് എന്താണ് വായിക്കേണ്ടത്?
7, മുഹമ്മദിനെ അല്ലാഹുവിന്‍റെ അപ്പോസ്തലനായി തിരഞ്ഞെടുത്തിരിക്കുന്നു എന്ന് എന്തുകൊണ്ടാണ് ആദ്യസന്ദര്‍ശനത്തില്‍ തന്നെ മലക്ക് പറയാതിരുന്നത്? അള്ളാഹു തന്‍റെ പ്രവാചകനായി തിരഞ്ഞെടുത്ത ആളോട് അത് പറയാതെ ഒളിപ്പിച്ചു വെച്ചത് എന്തിനാണ്? അത് പറഞ്ഞിരുന്നെങ്കില്‍ മുഹമ്മദിന് ആത്മഹത്യയെ കുറിച്ച് ചിന്തിക്കേണ്ടി വരുമായിരുന്നില്ലല്ലോ. ബൈബിളിലെ ദൈവം തന്‍റെ പ്രവാചകന്മാരായി വിളിക്കുന്ന ആളുകളോട് അവരെ തന്‍റെ പ്രവാചകന്മാരായി തിരഞ്ഞെടുത്തിരിക്കുന്നു എന്ന് ആദ്യം തന്നെ പറയുകയും അവര്‍ക്ക് വിശ്വാസം വരേണ്ടതിന് ആവശ്യമുള്ള തെളിവുകള്‍ നല്‍കുകയും ചെയ്യുന്നു.
8, 1.ശമുവേല്‍ 9:6-9 വരെയുള്ള വേദഭാഗം അനുസരിച്ച് ആളുകള്‍ക്ക് എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് സംശയം ഉണ്ടായാല്‍ അത് തീര്‍ക്കണമെങ്കിലോ അതല്ലെങ്കില്‍ വെളിപ്പാട് ലഭിക്കണമെങ്കിലോ പ്രവാചകന്‍റെ അടുത്തേക്കാണ് പോയിരുന്നത് എന്ന് കാണാം. എന്നാല്‍ ഇവിടെ പ്രവാചകന്‍ എന്ന് അവകാശപ്പെടുന്ന ആള്‍ തനിക്ക് ലഭിച്ച വെളിപ്പാടിനെ കുറിച്ചുള്ള സംശയം തീര്‍ക്കാന്‍ മറ്റുള്ളവരുടെ അടുത്തേക്കാണ് പോകുന്നത്. ഇതും പ്രവാചകത്വാവകാശത്തിനു എതിരായിട്ടുള്ള കാര്യമാണ്.
9, മലക്കില്‍ നിന്നുള്ള ആദ്യത്തെ വെളിപ്പാടു ലഭിച്ചതിനു ശേഷം മുഹമ്മദിന് തന്‍റെ പ്രവാചകത്വത്തെക്കുറിച്ചു ഉറപ്പൊന്നും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, താനൊരു കവിയോ ഭ്രാന്തനോ ആയി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് സംശയിക്കുകയാണ്. ജാഹിലിയ്യാ കാലം മുതലേ അദ്ദേഹം കവികളെ വെറുത്തിരുന്നതിനാല്‍ താനും അവരിലൊരാളായി മാറുമോ എന്ന് ഭയന്നു ആത്മഹത്യ ചെയ്യാന്‍ പോകുകയാണ്. അദ്ദേഹത്തിന്‍റെ ഭാഗ്യത്തിന് ഭാര്യ കദീജയും വറഖയും ഉറപ്പുകൊടുക്കുകയാണ് അദ്ദേഹം ഭ്രാന്തനല്ലെന്നും അദ്ദേഹത്തിനു ലഭിച്ചത് ദിവ്യ വെളിപ്പാടാണെന്നും അദ്ദേഹത്തെ പ്രവാചകനായി തിരഞ്ഞെടുത്തിരിക്കുന്നു എന്നും. ഇതോടെ മുഹമ്മദും ചിന്തിക്കാന്‍ തുടങ്ങുന്നു, താന്‍ ഒരു പ്രവാചകനാണെന്ന്. വാസ്തവത്തില്‍ അന്ന് വറഖയും ഖദീജയും അങ്ങനെ പറയാതിരുന്നെങ്കില്‍ ഇന്ന് ഇസ്ലാം എന്നൊരു മതം തന്നെ ഉണ്ടാകുമായിരുന്നില്ല. ഖദീജയും വറഖയും പറഞ്ഞ കാര്യത്തിനു അവര്‍ക്ക് എന്ത് ഉറപ്പാണുള്ളത്?
10, തന്‍റെ പ്രവാചകത്വത്തെ കുറിച്ചുതന്നെ ഉറപ്പില്ലാത്ത ഇങ്ങനെയുള്ള പ്രവാചകന് എങ്ങനെയാണ് തനിക്ക് ലഭിക്കുന്ന വെളിപ്പാടുകള്‍ ദൈവത്തില്‍ നിന്നുള്ളതാണോ അതോ സാത്താനില്‍ നിന്നുള്ളതാണോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നത്?
11, മലക്കുമായുണ്ടായ ആദ്യ ദര്‍ശനത്തിനു ശേഷം അദ്ദേഹം ‘തനിക്കെന്തോ സംഭവിച്ചു’ എന്ന് വളരെയധികം ഭയപ്പെട്ടു എന്ന് കാണുന്നു. ഈ ഭയത്തിന്‍റെ അടിസ്ഥാനമെന്ത്? അദ്ദേഹത്തിന്‍റെ ഭാര്യ ഉറപ്പു കൊടുത്തതില്‍നിന്നാണ് ഭയം അല്‍പമെങ്കിലും അദ്ദേഹത്തില്‍ നിന്നും നീങ്ങി പോകുന്നത്. തന്‍റെ ചിന്താശേഷിക്ക് എന്തോ തകരാറു സംഭവിച്ചിരിക്കുന്നു അഥവാ തനിക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം ഭയപ്പെടുന്നത്. പ്രവാചകനായി തിരഞ്ഞെടുക്കപ്പെട്ട ആളുടെ ചിന്താശേഷിക്ക് തകരാറ് സംഭവിപ്പിക്കുന്ന തരത്തിലുള്ള പ്രവാചകത്വം എന്ത് പ്രവാചകത്വമാണ്?
12, സൂറാ.2:282 അനുസരിച്ച് ഏതൊരു കാര്യത്തിനും രണ്ടു സാക്ഷികള്‍ ആവശ്യമാണ്. ഈ തത്വം മുഹമ്മദിന്‍റെ പ്രവാചകത്വത്തിന്‍റെ കാര്യത്തിലും ബാധകമാണ്. താന്‍ മലക്കിനെ കണ്ടു എന്ന് മുഹമ്മദ് സ്വയം അവകാശപ്പെടുന്നതല്ലാതെ വേറെ ആരും അതിനു ദൃക്സാക്ഷികളല്ല. മുഹമ്മദിനെ ഒരു സാക്ഷിയായി പരിഗണിച്ചാലും മുഹമ്മദ് മലക്കിനെ കണ്ടു എന്നുള്ളതിന് രണ്ടാം സാക്ഷി എവിടെയാണ്? എന്തൊരു കാര്യത്തിനും രണ്ടു സാക്ഷികള്‍ ആവശ്യമാണെന്നുള്ള ഖുര്‍ആന്‍റെ അദ്ധ്യാപനം അനുസരിച്ച് മുഹമ്മദ് പ്രവാചക പദവിക്ക് അയോഗ്യനാണ്.
13, മുഹമ്മദിന് പ്രത്യക്ഷപ്പെട്ട മലക്കിനെ തിരിച്ചറിയാന്‍ മുഹമ്മദിന് കഴിയാതിരുന്നപ്പോള്‍ മുഹമ്മദില്‍ നിന്നും കേട്ട വ്യക്തികള്‍ക്ക് വന്നതു ആരാണെന്ന് ഊഹിച്ചു മനസ്സിലാക്കാന്‍ കഴിഞ്ഞു. കണ്ടയാള്‍ക്ക് മനസ്സിലാകാത്ത കാര്യം കേട്ടയാളുകള്‍ക്ക് മനസ്സിലായി എന്ന് സാരം. ഇങ്ങനെ മനസ്സിലാക്കാന്‍ തക്കവണ്ണം എന്തു അമാനുഷിക കഴിവുകളാണ് അവര്‍ക്ക് ഉണ്ടായിരുന്നത്? അവരുടെ കുടുംബത്തിലോ പരിചയത്തിലോ ഈ മലക്കില്‍ നിന്നും വഹിയ് ലഭിച്ചുകൊണ്ടിരുന്ന വേറെ പ്രവാചകന്മാര്‍ ഉണ്ടായിരുന്നോ?
14, വറഖയും കദീജയും മുഹമ്മദിനെക്കാള്‍ ദൈവിക ജ്ഞാനം ഉള്ളവരായിരുന്നോ? മുഹമ്മദിനെക്കാള്‍ നന്നായി വറഖ ഭാവി പറയുന്നുണ്ടല്ലോ. മുഹമ്മദിനെ വറഖയുടെ മുന്‍പില്‍ കൊണ്ടുചെല്ലുമ്പോള്‍ ഖദീജ പറയുന്നത് ഇങ്ങനെയാണ്: ‘പിതൃവ്യപുത്രാ, നിങ്ങളുടെ സഹോദരപുത്രന്‍റെ വിശേഷങ്ങളൊന്നു കേട്ടാലും.’ അതില്‍കൂടുതല്‍ ഖദീജ പറഞ്ഞിട്ടില്ല. പക്ഷെ ഉടനെതന്നെ വറഖ ചോദിക്കുന്നത്: ‘എന്‍റെ സഹോദരപുത്രാ, നീ എന്താണ് കണ്ടത്?’ എന്നാണ്. ഇങ്ങനെ ചോദിക്കാന്‍ വറഖ ഭൂതകാല സംഭവങ്ങള്‍ കാണാന്‍ കഴിവുള്ള വ്യക്തിയായിരുന്നോ? ഖദീജ ഇക്കാര്യം വേറെ ആരോടും പറഞ്ഞിട്ടില്ല, വറഖയാണെങ്കില്‍ ഖദീജയില്‍ നിന്ന് കേട്ടത് ആകെ ഇത്രമാത്രം: ‘പിതൃവ്യപുത്രാ, നിങ്ങളുടെ സഹോദരപുത്രന്‍റെ വിശേഷങ്ങളൊന്നു കേട്ടാലും.’ ഇത് കേട്ടപ്പോഴേക്കും മുഹമ്മദിനോട് വറഖ ചോദിക്കുന്നത് കേട്ടാല്‍ അദ്ദേഹം ഹിറാ ഗുഹയിലെ സംഭവങ്ങള്‍ക്കെല്ലാം ദൃക്സാക്ഷിയായിരുന്നു എന്ന് തോന്നിപ്പോകും. മുഹമ്മദ് എന്തോ ഒരു കാഴ്ച കണ്ടതാണ് എന്നുള്ള ജ്ഞാനം വറഖക്ക് എവിടെ നിന്നും ലഭിച്ചു?
15, മാത്രമല്ല, വറഖ മുഹമ്മദിന്‍റെ ഭാവി പറയുകയും ചെയ്യുന്നുണ്ട്, അത് സത്യമായി ഭവിക്കുകയും ചെയ്തു. ഈ ജ്ഞാനം വറഖക്ക് ലഭിച്ചത് അല്ലാഹുവില്‍ നിന്നാണു എന്ന് വരികില്‍ മുഹമ്മദിന്‍റെ കാലത്ത് അറേബിയയില്‍ അല്ലാഹുവിന്‍റെ പ്രവാചകനായി വറഖയും ഉണ്ടായിരുന്നു എന്ന് വരുന്നു. എന്നാല്‍ ഖുര്‍ആന്‍ അനുസരിച്ച് ഈസാ നബിക്ക് ശേഷം വന്ന പ്രവാചകന്‍ മുഹമ്മദ് ആണ്, ഇടയില്‍ വേറെ പ്രവാചകന്മാരില്ല. മാത്രമല്ല, ഇതിനു മുന്‍പ് ഒരു പ്രവാചകനും വന്നിട്ടില്ലാത്ത ജനതയിലെക്കാണ് മുഹമ്മദ് വന്നത് എന്ന് ഖുര്‍ആന്‍ പറയുന്നുമുണ്ട്. അപ്പോള്‍ വറഖക്ക് ലഭിച്ച ഈ ജ്ഞാനം അല്ലാഹുവില്‍ നിന്നുള്ളതല്ല എന്ന് വരുന്നു. പിന്നെയുള്ള സാധ്യത അത് സാത്താനില്‍ നിന്നുള്ളതാണ് എന്നതാണ്. അപ്പോള്‍ സാത്താന്യ വെളിപ്പാടിനാല്‍ ലഭിച്ച ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് താന്‍ അല്ലാഹുവിന്‍റെ പ്രവാചകനാണ് എന്ന് മുഹമ്മദ് വിശ്വസിക്കുന്നത്. അല്ലാഹുവിന്‍റെ പ്രവാചകന് ഉറപ്പു കിട്ടാന്‍ വേണ്ടതൊന്നും അല്ലാഹു കൊടുത്തില്ലെന്ന് മാത്രമല്ല, സാത്താന്യ വെളിപ്പാടിനാല്‍ തന്‍റെ പ്രവാചകത്വം ഉറപ്പിക്കേണ്ട ഗതികേടും വന്നിരിക്കുന്നു. ഇങ്ങനെയുള്ള പ്രവാചകത്വത്തിന് എന്ത് വിലയാണുള്ളത്?
16, മുഹമ്മദിന് ഒന്നാമതായി ലഭിക്കുന്ന കല്പനയാണ് ‘വായിക്കുക’ എന്നത്. അദ്ദേഹത്തിനു നാല്പതു വയസ്സുള്ളപ്പോഴാണ് ആദ്യത്തെ വെളിപ്പാട് ലഭിക്കുന്നത്. അതു കഴിഞ്ഞു അദ്ദേഹം 23 വര്‍ഷം ജീവിച്ചിരുന്നു. 23 വര്‍ഷം കൊണ്ട് ഒരാള്‍ക്ക് വായിക്കാന്‍ പഠിക്കാവുന്നതെയുള്ളൂ. എന്നാല്‍ മുഹമ്മദ് മരണം വരെ നിരക്ഷരനായിരുന്നു. അല്ലാഹുവിനെ അനുസരിക്കണം എന്ന ചിന്ത അദ്ദേഹത്തിനു ഉണ്ടായിരുന്നെങ്കില്‍ ഈ ഒന്നാമത്തെ കല്പനയെങ്കിലും അനുസരിക്കാന്‍ മനസ്സ് വെച്ച് മുഹമ്മദ് വായിക്കാന്‍ പഠിക്കുമായിരുന്നു. എന്നാല്‍ ഒരിക്കല്‍പ്പോലും അദ്ദേഹം അതിനു മനസ്സ് വയ്ക്കാത്തതു കൊണ്ട് അല്ലാഹുവിനെ അനുസരിക്കുവാന്‍ താല്പര്യമുള്ള വ്യക്തിയായിരുന്നില്ല അദ്ദേഹം എന്ന് തെളിയുന്നു. ഇതും അദ്ദേഹത്തിന്‍റെ പ്രവാചകത്വാവകാശവാദത്തെ തള്ളിക്കളയുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. (തുടരും…)
One Comment on “മുഹമ്മദിന്‍റെ പ്രവാചകത്വം- ഇസ്ലാമിക വീക്ഷണത്തില്‍ (ഭാഗം-1)”
Like