ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവത്തിന്‍റെ ഏകത്വം, അത് പിതാവും പുത്രനും പരിശുദ്ധാത്മാവും ഉള്‍ക്കൊള്ളുന്ന ഏകത്വമാണ്!! (ഭാഗം-1)
അനില്‍ കുമാര്‍ വി. അയ്യപ്പന്‍
അറുപത്താറ് പുസ്തകങ്ങളും ആയിരത്തിഒരുന്നൂറ്റിഎണ്‍പത്തൊമ്പത് അദ്ധ്യായങ്ങളും മുപ്പത്തോരായിരത്തിഒരുന്നൂറ്റിഎഴുപത്തിമൂന്ന് വാക്യങ്ങളും ഏഴുലക്ഷത്തി അമ്പത്തിമൂവായിരത്തിഒരുന്നൂറ്റിമുപ്പത്തേഴ് വാക്കുകളും മുപ്പത്തിയഞ്ചുലക്ഷത്തി അറുപത്താറായിരത്തിനാനൂറ്റിയെണ്‍പത് ന്‍, ല്‍, ള്‍, ര്‍ എന്നീ ചില്ലക്ഷരങ്ങളുമുള്ളതും നാല്പതോളം എഴുത്തുകാരാല്‍ മൂന്ന്‍ ഭൂഖണ്ഡങ്ങളില്‍ വെച്ച് ആയിരത്തിയഞ്ഞൂറ് വര്‍ഷം കൊണ്ട് എഴുതപ്പെട്ടതുമായ ബൈബിള്‍ എന്ന നിസ്തുല്യ ഗ്രന്ഥത്തില്‍ വെളിപ്പെടുന്ന പ്രപഞ്ച സ്രഷ്ടാവായ ദൈവത്തിന്‍റെ ഏകത്വത്തെക്കുറിച്ചുള്ള ഈ പഠനത്തില്‍ വിഷയം അവതരിപ്പിക്കുന്നതിനു മുന്‍പ് ആമുഖമായി ചില കാര്യങ്ങള്‍ പറയുവാന്‍ താല്പര്യപ്പെടുന്നു.
‘ദൈവത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും എനിക്ക് അറിയണം’ എന്ന് വാശിപിടിക്കുന്ന ഒരു മനുഷ്യനും, ആകാശത്തിലെ പൂര്‍ണ്ണ ചന്ദ്രനെക്കണ്ട് ‘എനിക്ക് കളിക്കാന്‍ അതിനെ പിടിച്ചു തരണം’ എന്ന് വാശിപിടിച്ചു കരയുന്ന കുഞ്ഞും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. പിന്നേയും തമ്മില്‍ ഭേദം ആ കുഞ്ഞാണ്. അറിവില്ലായ്മ കൊണ്ടാണ് അത് അമ്പിളിയമ്മാമനെ പിടിച്ചു തരണം എന്ന് പറയുന്നത്. വലുതായിക്കഴിയുമ്പോള്‍ ആ അറിവില്ലായ്മ മാറിക്കൊള്ളും. എന്നാല്‍ ദൈവത്തെക്കുറിച്ച് സമ്പൂര്‍ണ്ണമായി അറിയണം എന്നാഗ്രഹിച്ചു നടക്കുന്ന ഒരാളുടെ അറിവില്ലായ്മ എന്നെങ്കിലും മാറും എന്ന് പ്രതീക്ഷിക്കേണ്ടതില്ല. കാരണം, അറിവില്ലായ്മയാണ് തനിക്കുള്ളത് എന്ന് തിരിച്ചറിയാന്‍ പോലും ആ മനുഷ്യന് അറിവില്ല എന്നതാണ് ദയനീയമായ യാഥാര്‍ത്ഥ്യം! മറ്റുള്ളവരേക്കാള്‍ കൂടുതല്‍ അറിവ് തനിക്കുണ്ടെന്നും മറ്റുള്ളവര്‍ ചിന്തിക്കാത്ത പലതും താന്‍ ചിന്തിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ദൈവത്തെപ്പറ്റി താന്‍ ഇങ്ങനെ അറിയാന്‍ ആഗ്രഹിക്കുന്നത് എന്നുമൊക്കെയായിരിക്കും അയാളുടെ ഉള്ളിലുണ്ടാകുന്ന വിചാരം. എന്നാല്‍ സ്രഷ്ടാവായ ദൈവം, അപരിമിതനും സര്‍വ്വജ്ഞാനിയും സര്‍വ്വശക്തനും സര്‍വ്വസാന്നിധ്യമുള്ളവനുമായ ദൈവം, തന്‍റെ സൃഷ്ടിയായ മനുഷ്യന്‍റെ, അരിഞ്ഞിട്ടാല്‍ വെയിലില്ലെങ്കിലും വാടിപ്പോകുന്ന ഇളംപുല്ലിന് തുല്യനായ മനുഷ്യന്‍റെ പരിമിതമായ ബുദ്ധിമണ്ഡലത്തില്‍ ഒതുങ്ങണം എന്ന് ചിന്തിക്കുന്നതിലും വലിയ ഭോഷത്വം വേറെ ഏതാണുള്ളത്? തലക്കൊരടിയേറ്റാല്‍ മരവിച്ചു പോകുന്ന ബുദ്ധിക്കുള്ളില്‍ അഖിലാണ്ഡത്തിന്‍റേയും സ്രഷ്ടാവിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ഒതുങ്ങുമോ? ഒരിക്കലുമില്ല എന്ന് നിസ്സംശയം പറയാം!!
ദൈവം തന്നെപ്പറ്റി വെളിപ്പെടുത്തിക്കൊടുത്തിട്ടുള്ള കാര്യങ്ങള്‍ മാത്രമേ ദൈവത്തെപ്പറ്റി മനുഷ്യര്‍ക്ക് അറിയുകയുള്ളൂ. തന്നെക്കുറിച്ച് മനുഷ്യര്‍ എത്രത്തോളം അറിയണമെന്നാണോ ദൈവം ആഗ്രഹിച്ചത്, അത്രത്തോളം കാര്യങ്ങള്‍ അവന്‍ തന്‍റെ മാറ്റമില്ലാത്ത വചനമായ ബൈബിളിലൂടെ വെളിപ്പെടുത്തിത്തന്നിട്ടുണ്ട്. അതില്‍കൂടുതല്‍ നമുക്ക് അവനെക്കുറിച്ച് അറിയുവാന്‍ യാതൊരു നിര്‍വ്വാഹവുമില്ല. അതുകൊണ്ടാണ് ബൈബിള്‍ ഇപ്രകാരം പറയുന്നത്: “മറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നമ്മുടെ ദൈവമായ യഹോവക്കുള്ളവയത്രേ; വെളിപ്പെട്ടിരിക്കുന്നവയോ നാം ഈ ന്യായപ്രമാണത്തിന്‍റെ സകലവചനങ്ങളും അനുസരിച്ചു നടക്കേണ്ടതിന്നു എന്നേക്കും നമുക്കും നമ്മുടെ മക്കള്‍ക്കും ഉള്ളവയാകുന്നു” (ആവ.29:28) എന്ന്. ഇനി ദൈവത്തെക്കുറിച്ച് ദൈവം വെളിപ്പെടുത്തിത്തന്നിരിക്കുന്ന കാര്യങ്ങള്‍ എടുത്തു പരിശോധിച്ചാല്‍, പലതും നമുക്ക് ഗ്രഹിക്കാന്‍ പ്രയാസമേറിയതായിരിക്കും. അത് യുക്തിക്ക് നിരക്കുന്ന കാര്യവുമാണ്, കാരണം, ദൈവം നമ്മുടെ ബുദ്ധിക്കുള്ളില്‍ ഒതുങ്ങുന്നവനല്ല എന്നതുതന്നെ! നമ്മുടെ യുക്തിക്ക് അതീതമായി അവന്‍ പ്രവര്‍ത്തിച്ചേക്കാം. പക്ഷേ, ഒരിക്കലും നമ്മുടെ യുക്തിക്ക് എതിരായി അവന്‍ പ്രവര്‍ത്തിക്കുകയില്ല. കാരണം, അവന്‍ നമുക്ക് നല്‍കിയ യുക്തി ബോധത്തെ അവന്‍ മാനിക്കുന്നു.
ദൈവം മനുഷ്യബുദ്ധിക്കതീതനാണ്. മനുഷ്യന് പൂര്‍ണ്ണമായി അറിയാനോ ഗ്രഹിക്കാനോ ഭാവന ചെയ്യാനോ വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാനോ സാധിക്കാതവണ്ണം അവന്‍ മഹോന്നതനും ശാശ്വതനുമാണ്. പൊടിയില്‍നിന്നുത്ഭവിച്ചു മണ്‍പുരകളില്‍ പാര്‍ത്തു പുഴുപോലെ ചതഞ്ഞു പോകുന്ന മനുഷ്യവര്‍ഗ്ഗത്തിന്‍റെ പ്രതിനിധിയായി നിന്നുകൊണ്ട് നയമാത്യനായ സോഫര്‍ ഇപ്രകാരം ചോദിക്കുന്നു: “ദൈവത്തിന്‍റെ ആഗാധതത്വം നിനക്കു ഗ്രഹിക്കാമോ? സര്‍വ്വശക്തന്‍റെ സമ്പൂര്‍ത്തി നിനക്കു മനസ്സിലാകുമോ? അതു ആകാശത്തോളം ഉയരമുള്ളതു; നീ എന്തു ചെയ്യും; അതു പാതാളത്തെക്കാള്‍ അഗാധമായതു; നിനക്കെന്തറിയാം?” (ഇയ്യോബ്.11:7,8). സ്രഷ്ടാവിനോട് ഉപമിക്കാന്‍ പറ്റാവുന്ന ഒന്നും സൃഷ്ടിയില്‍ ഇല്ലാത്തതുകൊണ്ട് ദൃശ്യപ്രപഞ്ചത്തിലേക്ക് നോക്കി ദൈവത്തെപ്പറ്റി സമ്പൂര്‍ണ്ണമായ അറിവ് ലഭിക്കാന്‍ മനുഷ്യന് സാധ്യമല്ല എന്ന യാഥാര്‍ത്ഥ്യം നാം അംഗീകരിക്കണം. അതുകൊണ്ടാണ് പ്രവാചകന്‍ ചോദിക്കുന്നത്: “ആകയാല്‍ നിങ്ങള്‍ ദൈവത്തെ ആരോടു ഉപമിക്കും? ഏതു പ്രതിമയെ നിങ്ങള്‍ അവനോടു സദൃശമാക്കും?” (യേശ.40:18) എന്ന്.
മാത്രമല്ല, ബൈബിളിലെ ഏതൊരു വിഷയം പഠിക്കുമ്പോഴും ‘പുരോഗമനാത്മകമായ ദൈവിക വെളിപ്പാട്’ എന്ന ബൈബിളിന്‍റെ ആശയം മനസ്സിലുണ്ടായിരിക്കണം. ബൈബിള്‍ ഒരു മനുഷ്യന്‍റെ ജീവിതകാലത്തിനുള്ളില്‍ എഴുതപ്പെട്ട പുസ്തകമല്ലാത്തതുകൊണ്ട് ബൈബിളിലെ എല്ലാ സത്യങ്ങളും ഒറ്റയടിക്ക് ഒരാള്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കുകയല്ല ദൈവം ചെയ്തിരിക്കുന്നത്. മറ്റെല്ലാ കാര്യങ്ങളിലും എന്നപോലെ തന്നെക്കുറിച്ചുള്ള കാര്യങ്ങളും ദൈവം പടിപടിയായാണ് മനുഷ്യര്‍ക്ക് അറിയിച്ചു കൊടുത്തിട്ടുള്ളത്. അതായത്, ആദാമിന് ദൈവത്തെക്കുറിച്ച് അറിയാവുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഹാനോക്കിനു അറിയാമായിരുന്നു, ഹാനോക്കിനു ദൈവത്തെക്കുറിച്ച് അറിയുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ നോഹക്ക് അറിയാമായിരുന്നു. നോഹയേക്കാള്‍ കൂടുതല്‍ അബ്രഹാമിനും അബ്രഹാമിനേക്കാള്‍ കൂടുതല്‍ മോശെക്കും മോശയേക്കാള്‍ കൂടുതല്‍ ദാവീദിനും ദാവീദിനേക്കാള്‍ കൂടുതല്‍ പിന്‍തലമുറയിലുള്ളവര്‍ക്കും ദൈവത്തെക്കുറിച്ച് അറിയാമായിരുന്നു എന്ന് സാരം. അതുകൊണ്ടാണ് എബ്രായ ലേഖനകാരന്‍ ഇപ്രകാരം പറയുന്നത്: “ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാര്‍മുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു ഈ അന്ത്യകാലത്തു പുത്രന്‍ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു” (എബ്രാ.1:1) എന്ന്. ദൈവം തന്നെക്കുറിച്ചുള്ള വെളിപ്പാടുകള്‍ ലോകത്തിനു പണ്ടുമുതലേ നല്‍കിപ്പോരുന്നുണ്ടായിരുന്നെങ്കിലും ദൈവത്തിന്‍റെ ആത്യന്തിക വെളിപ്പാട് യേശുക്രിസ്തു മുഖാന്തരമാണ് നടത്തിയിരിക്കുന്നത്. യോഹന്നാന്‍റെ സുവിശേഷത്തില്‍ നാം ഇങ്ങനെ വായിക്കുന്നു: “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്‍റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു” (യോഹ.1:18). മറ്റുള്ള പ്രവാചകന്മാരെല്ലാം “ദൈവത്തെക്കുറിച്ച്” വെളിപ്പെടുത്തിയപ്പോള്‍, യേശുക്രിസ്തു “ദൈവത്തെ” വെളിപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ഇത് തമ്മില്‍ വളരെ വലിയ വ്യത്യാസമുണ്ട്. പഠനം മുന്നോട്ടു പോകുമ്പോള്‍ ദൈവം അനുവദിച്ചാല്‍ നാം ആ വ്യത്യാസം എന്താണെന്ന് തീര്‍ച്ചയായും മനസ്സിലാക്കും.
ഇത്രയും ആമുഖമായി പറഞ്ഞത്, നാം വിചിന്തനം ചെയ്യാന്‍ പോകുന്ന ഈ വിഷയം എത്രമാത്രം ഘനതരമായതാണ് എന്നും അപരിമേയനായ ദൈവത്തിന്‍റെ ആളത്വത്തെപ്പറ്റി സംസാരിക്കാന്‍ പോകുന്ന എന്‍റേയും വായിക്കുന്ന താങ്കളുടേയും ബുദ്ധിയും ജ്ഞാനവും ഗ്രഹണശേഷിയും എത്രമാത്രം പരിമിതമായതാണ് എന്ന ബോധ്യമുള്ളതിനാലും ആണ്. അതിഗൌരവതരവും അതിഘനതരവുമായ ഒരു വിഷയമാണിതെങ്കിലും കാര്യങ്ങളെ വ്യക്തമായി ഗ്രഹിക്കാനും ബോധ്യപ്പെടുവാനും സര്‍വ്വകൃപാലുവായ ദൈവം നമ്മുടെ ജ്ഞാനത്തെ വികസിപ്പിക്കുകയും ഹൃദയങ്ങളെ തുറക്കുകയും ബുദ്ധിയെ പ്രകാശിപ്പിക്കുകയും ചെയ്യുമാറാകട്ടെ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് ഞാന്‍ വിഷയത്തിലേക്ക് പ്രവേശിക്കുന്നു.
1. ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം എകദൈവമാണ്.
“റാ” എന്ന സൂര്യദേവനും “ഒസിരിസ്” എന്ന നൈല്‍ ദേവനും “ഹോറസ്” എന്ന മറ്റൊരു സൂര്യദേവനും “ആമെന്‍ റാ” എന്ന പൊതുദേവനും മുതല്‍ നൈല്‍ നദിയിലെ മുതലയും മുതലയുടെ ആഹാരമായ തവളയും മീനും മീനിനെ തിന്നുന്ന പൂച്ചയും പൂച്ചയുടെ ദേഹത്ത് വന്നിരിക്കുന്ന ഈച്ചയും പേനും കുരങ്ങും പശുവും കാളക്കുട്ടിയും വരെ ദൈവങ്ങളായിക്കരുതി ആരാധിക്കപ്പെട്ടു പോന്നിരുന്ന ഈജിപ്തില്‍ 400 വര്‍ഷം അടിമകളായിക്കഴിഞ്ഞ യിസ്രായേല്‍ ജനത്തെ യഹോവയായ ദൈവം തന്‍റെ ശക്തിയാലും ഭുജവീര്യത്താലും പ്രവാചകനായ മോശെ മുഖാന്തരം വിടുവിച്ചു കൊണ്ടുവരുമ്പോള്‍, “ബാല്‍” എന്ന മൊസപ്പോട്ടോമ്യന്‍ ചന്ദ്രദേവനേയും (ഹോശേയ.2:13, ഇത് അറേബ്യന്‍ പ്രദേശങ്ങളില്‍ “ഹുബാല്‍” എന്നറിയപ്പെട്ടിരുന്നു), “ബേല്‍” എന്ന സൂര്യദേവനേയും (യിരമ്യാ.50:2;50:44), “ഹദദ്” എന്ന അരാമ്യ ദേവനെയും “മോലെക്ക്” എന്ന അമോന്യ ദേവനെയും (യിരമ്യാ.32:35), “കൊമേശ്” എന്ന മോവാബ്യ ദേവനേയും (1.രാജാ.11:7), “ദാഗോന്‍” എന്ന ഫെലിസ്ത്യ ദേശീയ ദേവനേയും (1.ശമു. 5:2), “നിബ്ഹസ്” എന്ന അശ്ശൂര്യ ദേവനേയും (2.രാജാ.17:31), “രിമ്മോന്‍” എന്ന അരാമ്യ ദേവനേയും (2.രാജാ.5:18), “കിയൂന്‍” എന്ന നക്ഷത്ര ദേവനേയും (ആമോസ്.5:26), “തമ്മൂസ്” എന്ന കാമദേവനേയും (യെഹസ്കേല്‍ . 8:14), “അശേരാ” എന്ന സാഗരകന്യകയായ കാമദേവതയേയും (ന്യായാധിപന്മാര്‍.3:7), “നെബോ” എന്ന ബാബിലോണ്യ ദേവനേയും (യെശയ്യാ.46:1), “അസ്തോരെത്ത്” എന്ന സന്താന ദേവതയേയും (ന്യായാ.2:13;10:6), “അശീമ” എന്ന ഹമാത്യ ദേവനേയും (2.രാജാ.17:31), “അദ്രമേലെക്” എന്ന ഉത്തര പശ്ചിമ മൊസോപ്പൊത്തോമ്മ്യന്‍ ദേവനേയും (2.രാജാ.17:31), “അനമേലെക്” എന്ന ബാബിലോന്യ ആകാശദേവനേയും (2.രാജാ.17:31), “സിക്കൂത്ത്” എന്ന ബാബിലോന്യ നക്ഷത്ര ദേവനേയും (ആമോസ്.5:26), “മില്‍ക്കോം’ എന്ന അമ്മോന്യരുടെ മ്ലേച്ഛ വിഗ്രഹത്തേയും (1.രാജാ.11:5,31), “സായീര്‍” എന്ന വനഭൂതത്തെയും (യെശയ്യാ.34:14), “മെനി” എന്ന ഭാഗ്യദേവതയേയും “ഗാദ്” എന്ന സൗഭാഗ്യദേവനേയും (യെശയ്യാ.65:11), “സുക്കൊത്ത്-ബെനോത്ത്” എന്ന ബാബിലോണ്യ ദേവതയേയും (2.രാജാ.17:31), “മെരോദാക്” എന്ന അക്കാദിയന്‍ ദേവനേയും (യിരമ്യാ.50:2), “സിസ്റോക്ക്” (2.രാജാ.19:36,37), “തര്‍ത്തക്ക്” എന്നീ അശ്ശൂര്യദേവന്മാരേയും (2.രാജാ.17:31), “നേര്‍ഗാല്‍” എന്ന ബാബിലോണ്യ സൂര്യദേവനേയും (2.രാജാ.17:30), “ബാല്‍ സെബൂബ്” അഥവാ “ഈച്ചകളുടെ തമ്പുരാന്‍” എന്നറിയപ്പെട്ടിരുന്ന ഫെലിസ്ത്യ ദേവനേയും (2.രാജാ.1:2), “ബാല്‍-പെയോര്‍” എന്ന മോവാബ്യ ദേവനേയും (സംഖ്യാ.25:1-3), “ബാല്‍ ബെരീത്ത്” എന്ന ശേഖേമ്യ ദേവനേയും (ന്യായാ.8:33;9:4), “രേഫാന്‍” എന്ന നക്ഷത്ര ദേവനേയും (അപ്പൊ.പ്രവൃ.7:43) ആരാധിച്ചു വന്നിരുന്ന ജനതതികള്‍ ചുറ്റുപാടും അധിവസിക്കുന്ന സീനായ് മരുഭൂമിയില്‍ വെച്ച് പന്ത്രണ്ടു യിസ്രായേല്‍ ഗോത്രങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നതും, ദൈവം അധിവസിക്കുന്നതും തഹശുതോല്‍ കൊണ്ട് പുറമൂടിയിട്ടിരുന്നതും തിരുനിവാസമെന്നും യഹോവയുടെ കൂടാരമെന്നും വിശുദ്ധ മന്ദിരമെന്നും സാക്ഷ്യക്കൂടാരമെന്നും യഹോവയുടെ ആലയമെന്നും പേരുള്ള സമാഗമനകൂടാരത്തിന്‍റെ മുന്‍പില്‍ നിന്നുംകൊണ്ട് യിസ്രായേലിന്‍റെ ചരിത്രത്തിലെ സമാനതകളില്ലാത്ത മഹാപ്രവാചകനായി എണ്ണപ്പെട്ടു വരുന്ന മോശെ യിസ്രായേല്‍ മക്കളെ നോക്കി ഉച്ചൈസ്തരം ഇപ്രകാരം ഉദ്ഘോഷിച്ചു:
שְׁמַע יִשְׂרָאֵל יהוה אֱלֹהֵינוּ יהוה אֶחָד (“ഷ്മാ! യിസ്രാഏല്‍; യഹോവാ എലോഹീനു; യഹോവ ഏഹാദ്”; “യിസ്രായേലേ, കേള്‍ക്ക! യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകന്‍ തന്നേ!!” ആവര്‍ത്തനം.6:4).
ബഹുദൈവാരാധികളുടെ നടുവില്‍ നിന്ന് പുറപ്പെട്ടു പോന്നു, ബഹുദൈവാരാധികളുടെ മദ്ധ്യേ വെച്ച് ചെയ്ത മോശെയുടെ ഈ പ്രഖ്യാപനം മനുഷ്യചരിത്രത്തിലെ അറിയപ്പെടുന്ന ആദ്യത്തെ ഏകദൈവവിശ്വാസ പ്രഖ്യാപനമാണ്. അതിനു മുന്‍പ് ജീവിച്ചിരുന്ന ഹാനോക്കും നോഹയും അബ്രഹാമും ഇസ്ഹാക്കും യാക്കൊബുമെല്ലാം ഏകദൈവവിശ്വാസികള്‍ ആയിരുന്നെങ്കിലും അവരാരും ഇപ്രകാരം ഒരു വിശ്വാസപ്രഖ്യാപനം നടത്തിയതായി രേഖകളില്ല. ഈ വിശ്വാസ പ്രഖ്യാപനം “ഷേമാ” എന്നറിയപ്പെടുന്നു. “ഷ്മാ” എന്ന എബ്രായ ധാതുവില്‍നിന്ന് ഉണ്ടായതാണ് ആ വാക്ക്. ‘ഷ്മാ’ എന്ന്‍ എബ്രായധാതുവിന് ‘കേള്‍ക്കുക, ശ്രദ്ധിക്കുക, അനുസരിക്കുക’ എന്നെല്ലാം അര്‍ത്ഥം പറയാം.
ഈ വിശ്വാസ പ്രഖ്യാപനം ഒരു യിസ്രായേല്യനെ സംബന്ധിച്ച് അവന്‍റെ ജീവിതത്തിലെ പരമപ്രധാനമായ കാര്യമാണ്. അവന്‍ ജനിച്ചു വീഴുമ്പോള്‍ ആദ്യം അവന്‍റെ കാതുകളില്‍ മന്ത്രിക്കുന്നത് ഈ ‘ഷേമ’യാണ്. അവന്‍ ഒരു ദിവസം കുറഞ്ഞത് രണ്ടു പ്രാവശ്യമെങ്കിലും ‘ഷേമ’ ചൊല്ലണം. അവന് ഒരു കുഞ്ഞുണ്ടാകുമ്പോള്‍ ആ കുഞ്ഞിന്‍റേയും ചെവിയില്‍ ആദ്യം മന്ത്രിക്കുന്നത് മോശെ പഠിപ്പിച്ചു കൊടുത്ത ദൈവത്തിന്‍റെ ഏകത്വത്തെക്കുറിച്ചുള്ള ഈ വിശ്വാസപ്രഖ്യാപനമാണ്! ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവത്തിന്‍റെ ഏകത്വത്തെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ വാക്യം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ഇവിടെ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദങ്ങള്‍ പ്രത്യേകം പഠനവിധേയമാക്കേണ്ടിയിരിക്കുന്നു. (തുടരും..)
3 Comments on “ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവത്തിന്‍റെ ഏകത്വം, അത് പിതാവും പുത്രനും പരിശുദ്ധാത്മാവും ഉള്‍ക്കൊള്ളുന്ന ഏകത്വമാണ്!! (ഭാഗം-1)”
very thanks for explain to the trinity .i pray for Jesus plz help me understand these words because i am normal human being
brother, you didnt said what is Bible. Dont blame me for my Question. You have to teach me what is Bible. If it is only words without the detailes given by the authers? Or included the words of authers too?
ബൈബിളിനെ സംബന്ധിച്ചുള്ള ഒരു പഠനം അടുത്തു തന്നെ ഞങ്ങള്‍ ഇടുന്നുണ്ട്. കാര്യങ്ങള്‍ കൂടുതലായി അപ്പോള്‍ വിശദീകരിക്കുന്നതായിരിക്കും നല്ലത്.