യേശു ബര്‍ത്തിമായിയെ സൌഖ്യമാക്കുന്നത് എവിടെ വെച്ച്?
ചോദ്യം: യേശു ബര്‍ത്തിമായിയെ സൌഖ്യമാക്കുന്നത് എവിടെ വെച്ച്? യെരീഹോവില്‍ നിന്ന് പുറപ്പെടുമ്പോള്‍ ആണെന്ന് മര്‍ക്കോസും യെരീഹോവിനോട് അടുത്തപ്പോള്‍ ആണെന്ന് ലൂക്കോസും പറയുന്നു. ഇത് ഭൂമിശാസ്ത്രപരമായ വൈരുദ്ധ്യമല്ലേ? സുവിശേഷ രചയിതാക്കള്‍ പാലസ്തീനിന്‍റെയോ അതിന്‍റെ പരിസരപ്രദേശങ്ങളിലോ ഉള്ളവരായിരുന്നില്ല എന്നല്ലേ ഈ വൈരുദ്ധ്യം തെളിയിക്കുന്നത്?
ഉത്തരം: ഈ ചോദ്യം ഇരുപതാം നൂറ്റാണ്ട് വരെയുള്ള ബൈബിള്‍ വിശ്വാസികള്‍ക്ക് മറുപടി കൊടുക്കുവാന്‍ വളരെ ബുദ്ധിമുട്ടുണ്ടായിരുന്ന ചോദ്യമായിരുന്നു. എന്നാല്‍ ദൈവകൃപയാല്‍ പുരാവസ്തുശാസ്ത്രം വളര്‍ച്ച പ്രാപിച്ചതോടുകൂടി ഉത്ഖനനങ്ങള്‍ നിറയെ നടക്കുകയും ചെയ്തതോടെ ഇതിലെ പ്രഹേളിക നീങ്ങിപ്പോകുവാന്‍ ഇടയായിത്തീര്‍ന്നു. നമുക്ക് പരാമര്‍ശിത വേദഭാഗങ്ങളെ പരിശോധിക്കാം:
“അവര്‍ യെരീഹോവില്‍ എത്തി; പിന്നെ അവന്‍ ശിഷ്യന്മാരോടും വലിയ പുരുഷാരത്തോടും കൂടെ യെരീഹോവില്‍ നിന്ന് പുറപ്പെടുമ്പോള്‍ തിമായിയുടെ മകനായ ബര്‍ത്തിമായി എന്ന കുരുടനായ ഒരു ഭിക്ഷക്കാരന്‍ വഴിയരികെ ഇരുന്നിരുന്നു” (മര്‍ക്കോസ്.10:46)
“അവന്‍ യെരീഹോവിനു അടുത്തപ്പോള്‍ ഒരു കുരുടന്‍ ഭിക്ഷ യാചിച്ചു കൊണ്ട് വഴിയരികെ ഇരിക്കയായിരുന്നു” (ലൂക്കോസ്. 18:35)
യെരീഹോവില്‍ നിന്ന് പുറപ്പെടുമ്പോള്‍ ആണ് ബര്‍ത്തിമായിയെ കണ്ടതെന്ന് മര്‍ക്കോസ്. യെരീഹോവിനു അടുത്തപ്പോള്‍ ആണെന്ന് ലൂക്കോസ്. ഏതാണ് സത്യം?
രണ്ടു പേരും പറഞ്ഞത് സത്യമാണ്. പുരാവസ്തു ഗവേഷണത്തിന്‍റെ ഫലമായി കണ്ടെത്തിയ കാര്യമാണ് യേശുവിന്‍റെ കാലത്ത് രണ്ടു യെരീഹോ ഉണ്ടായിരുന്നു എന്നത്. ഒന്ന് പഴയ യെരീഹോയും (ഇന്ന് ഈ നഗരത്തിന്‍റെ പേര് ‘ടെല്‍-എസ്-സുല്‍ത്താന്‍’ എന്നാണ്.) മറ്റേതു പുതിയ യെരീഹോയും. രണ്ടു കിലോമീറ്റര്‍ വ്യത്യാസത്തിലാണ് രണ്ടു യെരീഹോയും നിലനിന്നിരുന്നത്. (നമ്മുടെ ഡല്‍ഹിയും ന്യൂഡല്‍ഹിയും പോലെ, അല്ലെങ്കില്‍ മുംബൈയും നവിമുംബൈയും പോലെ) പഴയ യെരീഹോവില്‍ നിന്ന് പുറപ്പെട്ടു പുതിയ യെരീഹോവിനു അടുത്തപ്പോള്‍ ആണ് ഈ സംഭവം നടക്കുന്നത്.
മര്‍ക്കോസ് പഴയ യെരീഹോവിനു ഊന്നല്‍ കൊടുത്തപ്പോള്‍ ലൂക്കോസ് പുതിയ യെരീഹോവിനു ഊന്നല്‍ കൊടുത്തിരിക്കുന്നു. അത്രയേയുള്ളൂ സംഭവം. പക്ഷെ, ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകത്തില്‍ പഴയ യെരീഹോയുടെ സ്ഥാനം കണ്ടുപിടിക്കുന്നത് വരെ ഈ രണ്ടു വേദഭാഗങ്ങളെയും തമ്മില്‍ യോജിപ്പിക്കുവാനോ എതിരാളികളുടെ ചോദ്യത്തിന് മറുപടി കൊടുക്കുവാനോ വിശ്വാസികള്‍ക്ക് കഴിഞ്ഞിരുന്നില്ല!
ബൈബിളും മറ്റു മതഗ്രന്ഥങ്ങളും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസമാണിത്. ശാസ്ത്രം കൂടുതല്‍ കൂടുതല്‍ പുരോഗമിക്കുംതോറും മതഗ്രന്ഥങ്ങള്‍ കൂടുതല്‍ കൂടുതല്‍ ചവറ്റുകുട്ടയോടു അടുക്കുകയാണ്. എന്നാല്‍ ബൈബിളിലെ പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടണമെങ്കില്‍ ശാസ്ത്രം ഇനിയും വളരേണ്ടിയിരിക്കുന്നു എന്നതാണ് യഥാര്‍ത്ഥ്യം!!
2 Comments on “യേശു ബര്‍ത്തിമായിയെ സൌഖ്യമാക്കുന്നത് എവിടെ വെച്ച്?”
It’s truly a nice and helpful piece of information. I am happy that you just shared this useful information with us. Please stay us informed like this. Thanks for sharing.
I have been reading out many of your posts and it’s pretty nice stuff. I will surely bookmark your website.