യേശുക്രിസ്തു വെള്ളം വീഞ്ഞാക്കിയത് എന്തിന്?
ചോദ്യം:
യേശുക്രിസ്തുവിന്‍റെ ആദ്യത്തെ അത്ഭുതം കല്യാണവീട്ടില്‍ മദ്യം തീര്‍ന്നുപോയപ്പോള്‍ അതുണ്ടാക്കിക്കൊടുത്തതാണല്ലോ. ദൈവമാണെന്നവകാശപ്പെടുന്ന ഒരാള്‍ ഇപ്രകാരമുള്ള പ്രവൃത്തി ചെയ്യുമോ? മദ്യാസക്തരായ ക്രിസ്ത്യാനികള്‍ മദ്യപിക്കാനുള്ള ‘ലൈസന്‍സ്’ ലഭിക്കാന്‍ വേണ്ടി പില്‍ക്കാലത്ത് ബൈബിളില്‍ ഇത് കൂട്ടിച്ചേര്‍ത്തതായിരിക്കാനല്ലേ സാധ്യത?
മറുപടി:
യേശുക്രിസ്തു പച്ചവെള്ളം മദ്യമാക്കി മാറ്റി എന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. യേശുക്രിസ്തു പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റുകയാണുണ്ടായത്. വീഞ്ഞും മദ്യവും വ്യത്യസ്തമായ രണ്ടു സംഗതികളാണ്. ഈ വ്യത്യാസം പോലും അറിയാതെയാണ് ദാവാക്കാര്‍ യേശുക്രിസ്തുവിനെതിരെ ആരോപണം ഉന്നയിക്കുന്നത്. ഇതിലെ തമാശ എന്താണെന്നുവെച്ചാല്‍ അല്ലാഹു സ്വര്‍ഗ്ഗത്തില്‍ ചെല്ലുന്നവര്‍ക്ക് കൊടുക്കുന്നത് മദ്യത്തിന്‍റെ അരുവികള്‍ ആണെന്നാണ് ഖുര്‍ആന്‍ പറയുന്നത്. (കൂടുതല്‍ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക. സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ മദ്യത്തിന്‍റെ അരുവികളില്‍ നീന്തിത്തുടിക്കാം എന്ന് ദിവാസ്വപ്നവും കണ്ടുകൊണ്ട് നടക്കുന്നവരാണ് യേശുക്രിസ്തു വെള്ളം വീഞ്ഞാക്കിയതിനെ കുറ്റം പറയാന്‍ നില്‍ക്കുന്നത്, കാലം പോയ പോക്കേ…
യേശുക്രിസ്തു കാനാവിലെ കല്യാണവീട്ടില്‍ വെച്ച് പച്ചവെള്ളം വീഞ്ഞാക്കി മാറ്റി തന്‍റെ മഹത്വം വെളിപ്പെടുത്തിയ സംഭവത്തെപ്പറ്റി പഠിക്കുന്നതിന് മുന്‍പ് ആദ്യം വീഞ്ഞ് എന്താണെന്നും യിസ്രായേല്‍ ജനത്തിനിടയില്‍ അതിന്‍റെ പ്രാധാന്യം എന്താണെന്നും അറിഞ്ഞിരിക്കണം. മാത്രമല്ല, അക്കാലഘട്ടത്തിലെ വിവാഹ സല്‍ക്കാരങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണം. പുരാതന കാലത്തു എഴുതപ്പെട്ട ഏതൊരു ചരിത്ര പുസ്തകവും വായിക്കുമ്പോഴും ആ പുസ്തകം എഴുതിയ കാലഘട്ടത്തിലെ ജനതയുടെ ജീവിത സാഹചര്യം ഏതു വിധമായിരുന്നു എന്നുള്ളതും അറിഞ്ഞിരിക്കണം. നമ്മുടെ ഇന്നത്തെ ജീവിത സാഹചര്യത്തില്‍ നിന്നുകൊണ്ടല്ല, അന്നത്തെ സാഹചര്യത്തില്‍ നിന്നുകൊണ്ട് വേണം അതിനെ മനസ്സിലാക്കാന്‍. നമുക്ക് വിഷയത്തിലേക്ക് കടക്കാം:
കനാന്‍ നാട് മുന്തിരിക്കൃഷിക്ക് പേരുകേട്ടതായിരുന്നു. യിസ്രായേല്‍ മക്കള്‍ കനാന്‍ പിടിച്ചടക്കാന്‍ വരുമ്പോള്‍ മോശെ ദേശം ഒറ്റു നോക്കുവാന്‍ അയച്ച ചാരന്മാര്‍ അവിടെ നിന്ന് മുന്തിരിക്കുല കൊണ്ട് വന്നതിനെപ്പറ്റി ബൈബിളിലുണ്ട്:
“അവര്‍ എസ്കോല്‍ താഴ്വരയോളം ചെന്നു അവിടെനിന്നു ഒരു മുന്തിരിവള്ളി കുലയോടെ പറിച്ചെടുത്തു ഒരു തണ്ടിന്മേല്‍ കെട്ടി രണ്ടു പേര്‍ കൂടി ചുമന്നു; അവര്‍ മാതളപ്പഴവും അത്തിപ്പഴവും കൂടെ കൊണ്ടുപോന്നു” (സംഖ്യാ.13:23).
ഒരു മുന്തിരിവള്ളി കുലയോടെ പറിച്ചെടുത്തപ്പോള്‍ അത് ചുമക്കാന്‍ രണ്ടുപേര്‍ വേണ്ടി വന്നു എന്നതുതന്നെ ആ പ്രദേശത്തു മുന്തിരി കൃഷി എത്രമാത്രം വ്യാപകമായിരുന്നു എന്നതിനെ കാണിക്കുന്നു. യിസ്രായേല്യര്‍ കനാന്‍ നാട്ടില്‍ താമസമുറപ്പിച്ചു കഴിഞ്ഞപ്പോള്‍ മുന്തിരിക്കൃഷി അവരും തുടര്‍ന്നു പോന്നു. വിളവെടുപ്പ് കഴിയുമ്പോള്‍ മുന്തിരി ചക്കിലിട്ടു ചവിട്ടി അത് വീഞ്ഞാക്കിയും വീഞ്ഞ് വാറ്റി മദ്യമാക്കിയും ഇനി ഇതൊന്നുമില്ലാതെ ഉണക്ക മുന്തിരിയാക്കിയും അവര്‍ ഉപയോഗിച്ചിരുന്നു. വീഞ്ഞ് തന്നെ രണ്ടു വിധത്തിലുള്ളതുണ്ടായിരുന്നു. ലഹരിയേറിയതും ലഹരി തീരെ കുറഞ്ഞതും. ബൈബിള്‍ വീഞ്ഞ് കുടിക്കാനുള്ള അനുവാദം നല്‍കുന്നുണ്ട്, ലഹരി തീരെ കുറഞ്ഞ വീഞ്ഞിനെയാണ് ബൈബിള്‍ അനുവദിച്ചിരിക്കുന്നത്. വീഞ്ഞിനെക്കുറിക്കുന്ന ഒട്ടനവധി പദങ്ങള്‍ എബ്രായ ഭാഷയിലുണ്ട്. ഓരോ പദങ്ങളും ബൈബിളിലുപയോഗിച്ചിരിക്കുന്നത് അവയുടെ ലഹരിയുടെ ഏറ്റക്കുറച്ചിലനുസരിച്ചാണ്. മദ്യം എന്നതിന് ഉപയോഗിച്ചിരിക്കുന്നത് “ഷേഖാര്‍” എന്ന പദമാണ്. ഷേഖാര്‍ കുടിക്കരുത് എന്ന് ബൈബിള്‍ കല്പിച്ചിട്ടുണ്ട്. അതുപോലെത്തന്നെ ലഹരിയേറിയ വീഞ്ഞും കുടിക്കരുത് എന്ന് ബൈബിള്‍ പറയുന്നുണ്ട്.
യിസ്രായേലില്‍ സ്ത്രീകളടക്കമുള്ളവര്‍ കുടിക്കുന്ന സര്‍വ്വസാധാരണമായ പാനീയമായിരുന്നു വീഞ്ഞ്. എന്നാല്‍ ലഹരി തീരെ കുറഞ്ഞ വീഞ്ഞായാലും അമിതമായി കുടിച്ചാല്‍ ലഹരി ബാധിക്കുമായിരുന്നു. അതുകൊണ്ട് അമിതമായി വീഞ്ഞ് കുടിക്കരുത് എന്ന് ബൈബിള്‍ വിലക്കിയിട്ടുണ്ട്: “നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുതു; കുടിയനും അതിഭക്ഷകനും ദരിദ്രരായ്ത്തീരും; നിദ്രാലുത്വം പഴന്തുണി ഉടുക്കുമാറാക്കും” (സദൃശ്യ.23:20,21).
“ആര്‍ക്കു കഷ്ടം, ആര്‍ക്കു സങ്കടം, ആര്‍ക്കു കലഹം? ആര്‍ക്കു ആവലാതി, ആര്‍ക്കു അനാവശ്യമായ മുറിവുകള്‍, ആര്‍ക്കു കണ്‍ചുവപ്പു? വീഞ്ഞു കുടിച്ചുകൊണ്ടു നേരം വൈകിക്കുന്നവര്‍ക്കും മദ്യം രുചിനോക്കുവാന്‍ പോകുന്നവര്‍ക്കും തന്നേ. വീഞ്ഞു ചുവന്നു പാത്രത്തില്‍ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുതു. ഒടുക്കം അതു സര്‍പ്പം പോലെ കടിക്കും; അണലിപോലെ കൊത്തും” (സദൃശ്യ.23:29-32).
ഇനി യിസ്രായേലില്‍ വീഞ്ഞ് എപ്രകാരമെല്ലാം ഉപയോഗിച്ചിരുന്നു എന്ന് പരിശോധിക്കാം:
അതിഥി സല്‍ക്കാരത്തില്‍ വീഞ്ഞ് ഉള്‍പ്പെട്ടിരുന്നു:
“ശാലേംരാജാവായ മല്‍ക്കീസേദെക്‍ അപ്പവും വീഞ്ഞും കൊണ്ടുവന്നു; അവന്‍ അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനായിരുന്നു” (ഉല്‍പ്പത്തി.14:18)
“ജ്ഞാനമായവള്‍ തനിക്കു ഒരു വീടുപണിതു; അതിന്നു ഏഴു തൂണ്‍ തീര്‍ത്തു. അവള്‍ മൃഗങ്ങളെ അറുത്തു, വീഞ്ഞു കലക്കി, തന്‍റെ മേശ ചമയിച്ചുമിരിക്കുന്നു” (സദൃശ്യ.9:1,2).
പാനീയയാഗം ആയി വീഞ്ഞ് ഉപയോഗിക്കാന്‍ ദൈവം ന്യായപ്രമാണത്തില്‍ കല്പിച്ചിരുന്നു:
“ഇടിച്ചെടുത്ത കാല്‍ ഹീന്‍ എണ്ണ പകര്‍ന്നിരിക്കുന്ന ഒരു ഇടങ്ങഴി നേരിയ മാവും പാനീയയാഗമായി കാല്‍ ഹീന്‍ വീഞ്ഞും ആട്ടിന്‍ കുട്ടിയോടുകൂടെ അര്‍പ്പിക്കേണം” (പുറ.29:40)
“അതിന്‍റെ ഭോജനയാഗം എണ്ണ ചേര്‍ത്ത രണ്ടിടങ്ങഴി നേരിയ മാവു ആയിരിക്കേണം; അതു യഹോവേക്കു സൌരഭ്യവാസനയായുള്ള ദഹനയാഗം; അതിന്‍റെ പാനീയയാഗം ഒരു നാഴി വീഞ്ഞുആയിരിക്കേണം” (ലേവ്യ.23:13)
“ഹോമയാഗത്തിന്നും ഹനനയാഗത്തിന്നും പാനീയയാഗമായി നീ ആടൊന്നിന്നു കാല്‍ ഹീന്‍ വീഞ്ഞുകൊണ്ടുവരേണം” (സംഖ്യാ.15:5).
“അതിന്‍റെ പാനീയയാഗത്തിന്നു ഹീനില്‍ മൂന്നിലൊന്നു വീഞ്ഞും യഹോവക്കു സൌരഭ്യവാസനയായി അര്‍പ്പിക്കേണം” (സംഖ്യാ.15:7)
യഹോവയ്ക്കു നിവേദിക്കേണ്ട ആദ്യഫലത്തില്‍ വീഞ്ഞ് ഉള്‍പ്പെട്ടിരുന്നു:
“ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ആദ്യഫലവും നിന്‍റെ ആടുകളെ കത്രിക്കുന്ന ആദ്യരോമവും നീ അവന്നു കൊടുക്കേണം.” (ആവ.18:4).
“യഹോവയെ നിന്‍റെ ധനംകൊണ്ടും എല്ലാ വിളവിന്‍റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്ക. അങ്ങനെ നിന്‍റെ കളപ്പുരകള്‍ സമൃദ്ധിയായി നിറയും; നിന്‍റെ ചക്കുകളില്‍ വീഞ്ഞുകവിഞ്ഞൊഴുകും” (സദൃശ്യ. 3:10).
“എണ്ണയില്‍ വിശേഷമായതൊക്കെയും പുതുവീഞ്ഞിലും ധാന്യത്തിലും വിശേഷമായതൊക്കെയും ഇങ്ങനെ അവര്‍ യഹോവക്കു അര്‍പ്പിക്കുന്ന ആദ്യഫലമൊക്കെയും ഞാന്‍ നിനക്കു തന്നിരിക്കുന്നു” (സംഖ്യാ.18:12).
അനുഗ്രഹത്തില്‍ വീഞ്ഞ് ഉള്‍പ്പെട്ടിരുന്നു:
“ദൈവം ആകാശത്തിന്‍റെ മഞ്ഞും ഭൂമിയുടെ പുഷ്ടിയും അനവധി ധന്യവും വീഞ്ഞും നിനക്കു തരുമാറാകട്ടെ.” (ഉല്‍പ്പത്തി.27:28)
“അവന്‍ നിന്നെ സ്നേഹിച്ചു അനുഗ്രഹിച്ചു വര്‍ദ്ധിപ്പിക്കും; അവന്‍ നിനക്കു തരുമെന്നു നിന്‍റെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തു നിന്‍റെ ഗര്‍ഭഫലവും നിന്‍റെ കൃഷിഫലവും ധാന്യവുംവീഞ്ഞും എണ്ണയും നിന്‍റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കും. (ആവ.7:13)
“നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങള്‍ സ്നേഹിക്കയും പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ അവനെ സേവിക്കയും ചെയ്തുകൊണ്ടു ഞാന്‍ ഇന്നു നിങ്ങളോടു കല്പിക്കുന്ന എന്‍റെ കല്പനകള്‍ ജാഗ്രതയോടെ അനുസരിച്ചാല്‍ ധാന്യവും വീഞ്ഞും എണ്ണയും ശേഖരിക്കേണ്ടതിന്നു ഞാന്‍ തക്കസമയത്തു നിങ്ങളുടെ ദേശത്തിന്നു വേണ്ടുന്ന മുന്‍മഴയും പിന്‍ മഴയും പെയ്യിക്കും” (ആവ.11:13,14)
“ധാന്യവും വീഞ്ഞുമുള്ള ദേശത്തു യിസ്രായേല്‍ നിര്‍ഭയമായും യാക്കോബിന്‍ ഉറവു തനിച്ചും വസിക്കുന്നു; ആകാശം അവന്നു മഞ്ഞു പൊഴിക്കുന്നു” (ആവ.33:28).
വീഞ്ഞ് ഹൃദയത്തെ സന്തോഷിപ്പിക്കുന്നു:
“അവന്‍ ഭൂമിയില്‍ നിന്ന് ആഹാരവും മനുഷ്യന്‍റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞുംഅവന്‍റെ മുഖത്തെ മിനുക്കുവാന്‍ എണ്ണയും മനുഷ്യന്‍റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു” (സങ്കീ.104:15)
“നീ ചെന്നു സന്തോഷത്തോടുകൂടെ അപ്പം തിന്നുക; ആനന്ദഹൃദയത്തോടെ വീഞ്ഞു കുടിക്ക; ദൈവം നിന്‍റെ പ്രവൃത്തികളില്‍ പ്രസാദിച്ചിരിക്കുന്നുവല്ലോ” (സഭാപ്രസംഗി.9:7)
“സന്തോഷത്തിന്നായിട്ടു വിരുന്നു കഴിക്കുന്നു; വീഞ്ഞു ജീവനെ ആനന്ദിപ്പിക്കുന്നു; ദ്രവ്യമോ സകലത്തിന്നും ഉതകുന്നു” (സഭാപ്രസംഗി.10:19).
ബൈബിള്‍ വീഞ്ഞും മദ്യവും പ്രത്യേകം പ്രത്യേകം പറഞ്ഞിരിക്കുന്നു:
“നീയും നിന്‍റെ പുത്രന്മാരും മരിച്ചു പോകാതിരിക്കേണ്ടതിന്നു സമാഗമനകൂടാരത്തില്‍ കടക്കുമ്പോള്‍വീഞ്ഞും മദ്യവും കുടിക്കരുതു. ഇതു നിങ്ങള്‍ക്ക് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം” (ലേവ്യ.10:9)
“യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ യിസ്രായേല്‍മക്കളോടു പറയേണ്ടതെന്തെന്നാല്‍: ഒരു പുരുഷനാകട്ടെ സ്ത്രീയാകട്ടെ യഹോവക്കു തന്നെത്താന്‍ സമര്‍പ്പിക്കേണ്ടതിന്നു നാസീര്‍ വ്രതം എന്ന വിശേഷ വിധിയായുള്ള വ്രതം ദീക്ഷിക്കുമ്പോള്‍വീഞ്ഞും മദ്യവും വര്‍ജ്ജിച്ചിരിക്കേണം. വീഞ്ഞിന്‍റെ കാടിയും മദ്യത്തിന്‍റെ കാടിയും കുടിക്കരുതു; മുന്തിരിപ്പഴത്തിന്‍റെ യാതൊരു രസവും കുടിക്കരുതു; മുന്തിരിങ്ങ പഴുത്തതാകട്ടെ ഉണങ്ങിയതാകട്ടെ തിന്നുകയുമരുതു.” (സംഖ്യാ.6:1-3).
“ഏലി അവളോടു: നീ എത്രത്തോളം ലഹരി പിടിച്ചിരിക്കും? നിന്‍റെ വീഞ്ഞു ഇറങ്ങട്ടെ എന്നു പറഞ്ഞു. അതിന്നു ഹന്നാ ഉത്തരം പറഞ്ഞതു: അങ്ങനെയല്ല, യജമാനനേ; ഞാന്‍ മനോവ്യസനമുള്ളൊരു സ്ത്രീ; ഞാന്‍ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല; യഹോവയുടെ സന്നിധിയില്‍ എന്‍റെ ഹൃദയം പകരുകയത്രേ ചെയ്തതു” (1.ശമു. 1:15,16).
ഇനി പുതിയ നിയമത്തില്‍ മദ്യപാനത്തെപ്പറ്റി എന്ത് പറഞ്ഞിരിക്കുന്നു എന്ന് നോക്കാം:
“അന്യായം ചെയ്യുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിന്‍; ദുര്‍ന്നടപ്പുകാര്‍, വിഗ്രഹാരാധികള്‍, വ്യഭിചാരികള്‍, സ്വയഭോഗികള്‍, പുരുഷകാമികള്‍, കള്ളന്മാര്‍, അത്യാഗ്രഹികള്‍, മദ്യപന്മാര്‍, വാവിഷ്ഠാണക്കാര്‍, പിടിച്ചുപറിക്കാര്‍ എന്നിവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല” (1.കൊരി.6:9,10).
“ജഡത്തിന്‍റെ പ്രവൃത്തികളോ ദുര്‍ന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവര്‍ത്തിക്കുന്നവന്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാന്‍ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുന്‍കൂട്ടി പറയുന്നു” (ഗലാ.5:19-21).
“കാമാര്‍ത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലുംധര്‍മ്മവിരുദ്ധമായ വിഗ്രഹാരാധനയിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവര്‍ത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി” (1.പത്രോസ്.4:3).
“വീഞ്ഞു കുടിച്ചു മത്തരാകരുതു; അതിനാല്‍ ദുര്‍ന്നടപ്പു ഉണ്ടാകുമല്ലോ” (എഫേസ്യ.5:18).
ഇങ്ങനെ അതികര്‍ക്കശമായി വിലക്കപ്പെട്ടിട്ടുള്ളപ്പോള്‍ത്തന്നെ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ വീഞ്ഞ് കുടിക്കാനുള്ള അനുവാദവും പുതിയ നിയമത്തില്‍ ഉണ്ട്:
“മേലാല്‍ വെള്ളം മാത്രം കുടിക്കാതെ നിന്‍റെ അജീര്‍ണ്ണതയും കൂടെക്കൂടെയുള്ള ക്ഷീണതയും നിമിത്തം അല്പം വീഞ്ഞും സേവിച്ചു കൊള്‍ക” (1.തിമോഥെയോസ്. 5:23).
അസുഖത്തിനുള്ള മരുന്ന് ആയിട്ട് വീഞ്ഞ് ഉപയോഗിക്കാനാണ് പുതിയ നിയമം അനുവാദം നല്‍കുന്നത്. ഇവിടെ പറഞ്ഞിരിക്കുന്ന അസുഖം അജീര്‍ണ്ണം ആണ്, അതായത് ദഹനക്കേട്. ദാഹനക്കേടിനുള്ള ഔഷധമായി അന്നുള്ളവര്‍ വീഞ്ഞ് ഉപയോഗിച്ചിരുന്നു.
ഈ വേദപുസ്തക പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് വേണം യേശു പച്ചവെള്ളത്തെ വീഞ്ഞാക്കിയ സംഭവത്തെ നോക്കിക്കാണാന്‍. അതിഥി സത്കാരത്തിന്‍റെ ഭാഗമായി വിവാഹ സദ്യക്ക് വീഞ്ഞ് വിളമ്പുന്നത് യിസ്രായേലില്‍ സാധാരണ സംഭവമായിരുന്നു. വിവാഹ സദ്യക്ക് വരുന്നവരെ സ്വീകരിച്ചിരുന്നത് തന്നെ ലഹരി തീരെ കുറഞ്ഞ വീഞ്ഞ് കൊടുത്തു കൊണ്ടാണ്. ദഹനത്തെ സഹായിക്കും എന്നുള്ളതും സദ്യകളില്‍ വീഞ്ഞ് ഉപയോഗിക്കുന്നതിന് ഒരു പ്രധാന കാരണമായിരുന്നു. ലഹരി തീരെക്കുറഞ്ഞ വീഞ്ഞ് ഉപയോഗിക്കുന്നതിന് ദൈവവചനം അനുവാദം നല്‍കിയിട്ടുമുണ്ട്. കാനാവിലെ കല്യാണവീട്ടില്‍ ആ വീഞ്ഞ് തീര്‍ന്നു പോയപ്പോഴാണ് യേശുക്രിസ്തു പച്ചവെള്ളം വീഞ്ഞാക്കിയത്.
ഇത് ദൈവവചനത്തിന് ഏതെങ്കിലും വിധത്തില്‍ എതിരായ ഒരു കാര്യമല്ല, എന്ന് മാത്രമല്ല ഒരു അടയാളമായിരുന്നു എന്ന് യോഹന്നാന്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്താണ് ആ അടയാളം? അവന്‍റെ സന്നിധിയിലേക്ക് വന്നാല്‍ നിങ്ങളുടെ ആവശ്യങ്ങളില്‍ അവന്‍ നിങ്ങളെ സഹായിക്കുന്നവനാണ് എന്ന് തിരിച്ചറിയുവാനുള്ള അടയാളം. മാത്രമല്ല, വേറെ ഒരു അടയാളം കൂടിയുണ്ട്, വീഞ്ഞ് യേശുവിന്‍റെ രക്തത്തിന്‍റെ പ്രതീകമാണ്!
“പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവര്‍ക്കു കൊടുത്തു. ‘എല്ലാവരും ഇതില്‍ നിന്നു കുടിപ്പിന്‍. ഇതു അനേകര്‍ക്കു വേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയനിയമത്തിന്നുള്ള എന്‍റെ രക്തം; എന്‍റെ പിതാവിന്‍റെ രാജ്യത്തില്‍ നിങ്ങളോടുകൂടെ പുതുതായി കുടിക്കും നാള്‍ വരെ ഞാന്‍ മുന്തിരിവള്ളിയുടെ ഈ അനുഭവത്തില്‍ നിന്നു ഇനി കുടിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു” (മത്തായി.26:27,28).
വീഞ്ഞ് ഹൃദയത്തെ സന്തോഷിപ്പിക്കുന്നത് പോലെ തന്നെ, യേശുക്രിസ്തുവിന്‍റെ രക്തം ഒരു പാപിയുടെ പാപം മോചിച്ചു അവന്‍റെ ഹൃദയത്തില്‍ സന്തോഷം ഉണ്ടാക്കുന്നു!! ആ സന്തോഷം അഭൌമികമായതാണ്, ഭൂമിയിലെ ഒരു വസ്തുവിനും അത്രയും സന്തോഷം മനുഷ്യഹൃദയങ്ങളില്‍ ഉണ്ടാക്കുവാന്‍ കഴിയില്ല!! ഞങ്ങള്‍ ആ സന്തോഷം അനുഭവിക്കുന്നവരാണ്.
ഇനി “നല്ല വീഞ്ഞ്” എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് നോക്കാം:
നമ്മള്‍ “നല്ല മദ്യം” എന്ന് പറഞ്ഞാല്‍ അര്‍ത്ഥമാക്കുന്നത് കൂടുതല്‍ “കിക്ക്” ഉണ്ടാക്കുന്ന മദ്യം എന്നാണു. അതേ അര്‍ത്ഥത്തിലാണ് നല്ലവീഞ്ഞു എന്ന പ്രയോഗത്തെയും നമ്മള്‍ കാണുന്നത്. എന്നാല്‍ യഹൂദന്മാര്‍ ‘നല്ല വീഞ്ഞ്’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ‘മട്ട് മാറ്റിയ ഗുണമേന്മയുള്ള വീഞ്ഞ്’ എന്നതാണ്. പഴുത്തു പാകമായ ഗുണനിലവാരമുള്ള നല്ല മുന്തിരിയില്‍ നിന്ന് ഉണ്ടാക്കിയെടുക്കുന്ന വീഞ്ഞിനെയാണ് നല്ല വീഞ്ഞ് എന്ന് വിളിച്ചിരുന്നത്. സ്വാഭാവികമായും ഇതിനു വില കൂടുതലായിരുന്നു. വിവാഹത്തിനു വരുന്നവര്‍ക്ക് ഈ ഗുണനിലവാരമുള്ള വീഞ്ഞ് ആണ് നല്‍കുക. ആചാരത്തിന്‍റെ ഭാഗമായും ദഹനത്തെ സഹായിക്കുന്നതും എന്ന നിലയില്‍ വളരെ കുറച്ചു മാത്രമേ നല്‍കുകയുമുള്ളൂ. എന്നാല്‍ ചിലര്‍ “വീഞ്ഞ് കുടിച്ചു മത്തരാകാന്‍” വേണ്ടി പിന്നെയും പിന്നെയും ഇത് ആവശ്യപ്പെടും. നല്ല വീഞ്ഞ് വിലയേറിയതായതുകൊണ്ട് ഇങ്ങനെയുള്ളവരെ മണവാളന്‍ കൈകാര്യം ചെയ്തിരുന്നത് അവര്‍ മത്തരായി എന്ന് മനസ്സിലായാല്‍ അവര്‍ക്ക് രണ്ടാംതരമോ മൂന്നാംതരമോ ആയ ഗുണനിലവാരം തീരെക്കുറഞ്ഞ വീഞ്ഞ് കൊടുത്തു കൊണ്ടാണ്. വിരുന്നുവാഴിക്കാണ് (നമ്മുടെ നാട്ടിലെ കലവറക്കാരന്‍ ആണ് ഈ പറഞ്ഞ വിരുന്നുവാഴി!) ഇതിന്‍റെ ചുമതല.
ഒരു അതിഥി പരിചാരകരോട് പിന്നെയും പിന്നെയും വീഞ്ഞ് ആവശ്യപ്പെടുമ്പോള്‍ പരിചാരകര്‍ വന്നു വിരുന്നുവാഴിയോട് പറയും, അങ്ങനെയുള്ളവര്‍ക്ക് അയാള്‍ ഈ വിലയും ഗുണവും കുറഞ്ഞ വീഞ്ഞ് പകര്‍ന്നു കൊടുത്തുവിടും. കാനാവിലെ കല്യാണവീട്ടില്‍ ഉണ്ടായിരുന്ന വിരുന്നുവാഴിയും ഇതുപോലെ പല കല്യാണ വീടുകളിലും ഗുണവും തരവും കുറഞ്ഞ വീഞ്ഞ് കൊടുത്തിട്ടുള്ള ആളായിരിക്കണം. അതുകൊണ്ടാണ് അയാള്‍ മണവാളനോട് അങ്ങനെ പറഞ്ഞത്. ഏതായാലും കര്‍ത്താവ് പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റിയപ്പോള്‍, അത് ആ കല്യാണവീട്ടില്‍ കൊടുത്തിരുന്ന ഗുണമുള്ള വീഞ്ഞിനെപ്പോലും നിഷ്പ്രഭമാക്കുന്ന വിധത്തില്‍ ഗുണനിലവാരം ഏറ്റവും കൂടിയ “നല്ലവീഞ്ഞ്” ആയിരുന്നു!! അതേ, അവന്‍ പ്രവര്‍ത്തിക്കുന്നത് ഏറ്റവും നല്ല വിധത്തിലാണ്. നിങ്ങളുടെ ജീവിതത്തില്‍ അവന് പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ അവസരം കൊടുക്കുമെങ്കില്‍ അവന്‍ നിങ്ങളുടെ ജീവിതത്തിന്‍റെ ഗുണവും തരവും ഉയര്‍ത്തി നിങ്ങളെ ഒരു പുതിയ സൃഷ്ടിയാക്കി രൂപാന്തരപ്പെടുത്തും. ഒരു സ്വാദും ഇല്ലാത്ത പച്ചവെള്ളത്തെ മുന്തിരിവേര് വലിച്ചെടുത്തു അതിന്‍റെ പഴത്തിലെത്തിച്ചു പിന്നെ അത് പറിച്ചെടുത്ത് ചക്കിലിട്ടു ചവിട്ടി പുളിപ്പിക്കാന്‍ വെച്ച് അത് നല്ല വീഞ്ഞായി മാറാന്‍ മാസങ്ങള്‍ എടുക്കുമ്പോള്‍, അവന് ആ പ്രവൃത്തി ചെയ്യുവാന്‍ ഒരു നിമിഷം പോലും വേണ്ട. അവന്‍റെ കല്പനയാല്‍ പച്ചവെള്ളം മുന്തിരിച്ചെടിയുടെയും മുന്തിരിപ്പഴത്തിന്‍റേയും സഹായമില്ലാതെ തന്നെ വീഞ്ഞായി മാറുന്നു!!
പച്ചവെള്ളം പോലെ ഒരു രുചിയോ നിറമോ ഗുണമോ ഇല്ലാത്ത ജീവിതമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ അവന്‍റെ സന്നിധിയില്‍ ചെല്ലുക, അവന്‍റെ അമ്മയായ മറിയ പറഞ്ഞതുപോലെ “അവന്‍ നിങ്ങളോട് കല്പിക്കുന്നത്” ചെയ്യുക, തീര്‍ച്ചയായും നിങ്ങളുടെ ജീവിതം ഗുണവും രുചിയും ആനന്ദവും നിറഞ്ഞതായി മാറും!!!
11 Comments on “യേശുക്രിസ്തു വെള്ളം വീഞ്ഞാക്കിയത് എന്തിന്?”
good article.. thanks for the biblical point !
Economies are in dire srtaits, but I can count on this!
നല്ല ലേഖനം.
Stellar work there everyone. I’ll keep on reidang.
Your story was really informative, thkans!
Informative
Your place is valueble for me. Thanks!…
Good informative apologetic site
WELL PREPARED
good article
Great message