യഹോവയുടെ നാമം എന്തുകൊണ്ട് പുതിയ നിയമത്തില്‍ കാണപ്പെടുന്നില്ല?
ചോദ്യം: പഴയ നിയമത്തില്‍ യഹോവ എന്ന നാമത്തില്‍ വെളിപ്പെട്ട ദൈവം തന്നെയാണോ പുതിയ നിയമത്തില്‍ യേശു എന്ന നാമത്തില്‍ വെളിപ്പെട്ടത്? അങ്ങനെയാണെങ്കില്‍ ആ ദൈവം തന്നെയാണ് അല്ലാഹു എന്ന നാമത്തില്‍ അറേബ്യയില്‍ മുഹമ്മദിന് വെളിപ്പെട്ടത് എന്ന് ചിന്തിക്കുന്നതില്‍ എന്ത് തെറ്റാണുള്ളത്?
ഉത്തരം: “ഒരു പേരിലെന്തിരിക്കുന്നു?” എന്ന് പണ്ട് ബര്‍ണാഡ് ഷാ ചോദിച്ചിട്ടുണ്ട്. വാസ്തവത്തില്‍ പേരിലാണ് സകലവും ഇരിക്കുന്നത്. താങ്കള്‍ താമസിക്കുന്ന വീടും പറമ്പും താങ്കളുടെ പേരില്‍ അല്ലെങ്കിള്‍ താങ്കള്‍ക്കതില്‍ എന്തവകാശമാണ് ഉള്ളത്? താങ്കളുടെ കയ്യിലിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ താങ്കളുടെ പേരല്ല ഉള്ളതെങ്കില്‍ താങ്കള്‍ക്ക് അതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത്? താങ്കളുടെ വീട്ടിലുള്ള റേഷന്‍കാര്‍ഡില്‍ താങ്കളുടെ പേരല്ല, വേറെ ആരുടെയെങ്കിലും പേരാണ് ഉള്ളതെങ്കില്‍ എന്തൊക്കെ പൊല്ലാപ്പാണ് ഉണ്ടാവുക എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ? താങ്കള്‍ വഴിയിലൂടെ പോകുമ്പോള്‍ ഒരാള്‍ പുറകില്‍ നിന്ന് താങ്കളെ താങ്കളുടെ അയല്‍പക്കത്തുള്ള ഒരാളുടെ പേരില്‍ വിളിച്ചാല്‍ താങ്കള്‍ വിളി കേള്‍ക്കുമോ? താങ്കള്‍ വിളി കേള്‍ക്കണമെങ്കില്‍ താങ്കളുടെ പേര് തന്നെ വിളിക്കണം. ഇതുപോലെ സത്യദൈവം വിളി കേള്‍ക്കണമെങ്കില്‍ അവന്‍റെ പേര് തന്നെ വിളിക്കണം! അതുകൊണ്ടാണ് അല്ലാഹുവും യഹോവയും ഒരാളാണെന്ന് പറയുന്നവരോട് ഞങ്ങള്‍ പലവട്ടം ചോദിച്ചിട്ടുള്ളത്, ‘യിസ്രായേലില്‍ നിന്ന് സൗദിഅറേബ്യ വരെ എത്തിയപ്പോഴേക്കും ദൈവത്തിന്‍റെ പേര് മാറിപ്പോയോ’ എന്ന്.
ബൈബിളില്‍ പേരുകള്‍ക്ക് അതിയായ പ്രാധാന്യമുണ്ട്. അത് ഒരു വ്യക്തിയെ തിരിച്ചറിയാനുള്ള ഉപാധി മാത്രമല്ല, വ്യക്തിയുടെ അസ്തിത്വത്തെ വെളിപ്പെടുത്തുന്നതുമാണ്. പേര് കൂടാതെ ഒന്നും നിലനില്‍ക്കുന്നില്ല. “ഒരുത്തന്‍ എന്തു തന്നേ ആയിരുന്നാലും അവന്നു പണ്ടേ തന്നേ പേര്‍ വിളിച്ചിരിക്കുന്നു” (സഭാപ്രസംഗി.6:10) എന്നാണു ബൈബിള്‍ പറയുന്നത്. വ്യക്തിത്വത്തിന്‍റെ സവിശേഷതകള്‍ വെളിപ്പെടുത്തുന്നതാണ് പേര്.
നിത്യനും പരിശുദ്ധനുമായി, മനുഷ്യര്‍ക്ക് അടുത്തുകൂടാന്‍ പറ്റാത്ത വെളിച്ചത്തില്‍ വസിക്കുന്ന സത്യദൈവം മനുഷ്യവര്‍ഗ്ഗത്തിന് തന്നെത്തന്നെ വെളിപ്പെടുത്തി. “അവന്‍റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്‍റെ അദൃശ്യലക്ഷണങ്ങള്‍ ലോകസൃഷ്ടിമുതല്‍ അവന്‍റെ പ്രവൃത്തികളാല്‍ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു” (റോമ.1:20) എന്ന് ബൈബിള്‍ പറയുന്നു. ഇത് പൊതുവെളിപ്പാടാണ്. ഈ പ്രപഞ്ചം തനിയെ ഉണ്ടായതല്ല, ഇതിനു പുറകില്‍ ഒരു സര്‍വ്വജ്ഞാനിയും സര്‍വ്വശക്തനും സര്‍വ്വസാന്നിധ്യമുള്ളവനുമായ ഒരു നീതിബോധമുള്ള പരിശുദ്ധ ന്യായാധിപന്‍ ഉണ്ടായേ മതിയാകൂ എന്ന് പ്രപഞ്ചത്തെ നിരീക്ഷിക്കുന്നതില്‍നിന്ന് നമുക്ക് മനസ്സിലാകുന്നു. എന്നാല്‍ ഈ മനസ്സിലാക്കല്‍ കൊണ്ട് ഒരു ദൈവം ഉണ്ട് എന്നറിയാം എന്നതല്ലാതെ ആ ദൈവത്തെക്കുറിച്ച് ഒന്നും അറിയാന്‍ നമുക്ക് കഴിയുകയില്ല. അതറിയണമെങ്കില്‍, ആ ദൈവം തന്നെക്കുറിച്ച് പ്രത്യേകമായി പറഞ്ഞിരിക്കുന്ന വെളിപ്പാടു ആവശ്യമാണ്. അങ്ങനെയുള്ള ദൈവത്തിന്‍റെ ഏക വെളിപ്പാട് ആണ് പഴയ പുതിയ നിയമങ്ങള്‍ അടങ്ങിയ വിശുദ്ധ ബൈബിള്‍! ലോകത്തില്‍ ദൈവം വേറെ ഒരു പുസ്തകത്തിലൂടെയും തന്നെക്കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ദൈവത്തിന്‍റെ വചനം പറയുന്നത് നോക്കുക: “അവന്‍ യാക്കോബിന്നു തന്‍റെ വചനവും യിസ്രായേലിന്നു തന്‍റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു. അങ്ങനെ യാതൊരു ജാതിക്കും അവന്‍ ചെയ്തിട്ടില്ല; അവന്‍റെ വിധികളെ അവര്‍ അറിഞ്ഞിട്ടുമില്ല” (സങ്കീ.147:19,20).
അങ്ങനെ തന്‍റെ വചനത്തിലൂടെ അവന് തന്നെക്കുറിച്ച് നല്‍കിയ വെളിപ്പാടില്‍ ഏറ്റവും വ്യക്തമായ വെളിപ്പാടാണ് അവന്‍റെ നാമത്തിലൂടെയുള്ളത്. ദൈവനാമം അറിയുന്നത് ദൈവപ്രകൃതി അറിയുന്നതിന് തുല്യമാണ്.
യിസ്രായേല്‍ ജനത്തെ വീണ്ടെടുക്കാന്‍ ദൈവം മോശെയെ നിയോഗിക്കുമ്പോള്‍ മോശെ ദൈവത്തോട് അവന്‍റെ പേര് ചോദിക്കുന്നുണ്ട്. പുറപ്പാട്.3:13-15 വരെയുള്ള ഭാഗത്ത് നാം അത് കാണുന്നു:
“മോശെ ദൈവത്തോടു: ഞാന്‍ യിസ്രായേല്‍മക്കളുടെ അടുക്കല്‍ ചെന്നു നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു പറയുമ്പോള്‍ അവന്‍റെ നാമം എന്തെന്നു അവര്‍ എന്നോടു ചോദിച്ചാല്‍ ഞാന്‍ അവരോടു എന്തു പറയേണം എന്നു ചോദിച്ചു. അതിന്നു ദൈവം മോശെയോടു: ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു; ഞാന്‍ ആകുന്നു എന്നുള്ളവന്‍ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേല്‍മക്കളോടു പറയേണം എന്നു കല്പിച്ചു. ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാല്‍: നീ യിസ്രായേല്‍മക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്‍റെ നാമവും തലമുറ തലമുറയായി എന്‍റെ ജ്ഞാപകവും ആകുന്നു.”
“ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു” എന്നുള്ളത് എബ്രായ ഭാഷയില്‍ “എഹ്യെഹ് അഷെര്‍ എഹ്യെഹ്” എന്നാണു. “എഹ്യെഹ്” എന്ന ധാതുവില്‍ നിന്നാണ് “യ്ഹ് വേ” എന്ന പദം രൂപം കൊള്ളുന്നത്. “എഹ്യെഹ്” എന്നതിനുതുല്യമായി നമുക്ക് മനസ്സിലാക്കാന്‍ പറ്റുന്ന മലയാളപ്രയോഗം “സ്വയംഭൂ” എന്നതാണ്. “ഞാന്‍ ആകുന്നു” എന്ന് ദൈവം തന്നെക്കുറിച്ച് പറയുമ്പോള്‍ ആ “ആകുന്നു’ എന്ന ഉണ്മ മറ്റൊന്നിന്‍റെ ഉണ്മയോടും തുല്യപ്പെടുത്താവുന്നതല്ല. തന്‍റെ അസ്തിത്വത്തിന് കാരണം തന്നില്‍ത്തന്നെയാണ്, മറ്റൊന്നിലല്ല എന്ന് സാരം. അവന്‍ ആകുന്നതു അവന്‍ ആകുന്നതിനാലാണ്, അല്ലാതെ വേറെ ഒന്നുമല്ല. മാത്രമല്ല, “അവന്‍ ആയിരുന്നവനോ (ഭൂതകാല പ്രയോഗം) ആകാന്‍ പോകുന്നവനോ അല്ല, എന്നുമെന്നേക്കും അവന്‍ (ദൈവം) ആകുന്നു” (വര്‍ത്തമാനകാലപ്രയോഗം) എന്നത് അവന്‍റെ ഉണ്മ കാലാതീതമായി നില്‍ക്കുന്നതാണ് എന്ന് തെളിയിക്കുന്നു. പതിനായിരം വര്‍ഷം മുന്‍പുള്ളതും പതിനായിരം വര്‍ഷത്തിനു ശേഷമുള്ളതും അവനു “ഇന്ന്” എന്ന പോലെയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, അവന് എന്നും വര്‍ത്തമാനകാലമാണ്.
ദൈവത്തിന്‍റെ ആണ്മയേയും ഉണ്മയേയും വെളിപ്പെടുത്തുന്നവയാണ് ദൈവത്തിന്‍റെ പേരുകള്‍. തന്‍റെ ജനത്തിന്‍റെ ഓരോ ആവശ്യത്തിനും പര്യാപ്തമായ നിലയിലാണ് ദൈവം സ്വന്തം പേരുകള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. അബ്രഹാമിന് സന്തതിയെക്കുറിച്ചുള്ള വാഗ്ദത്തം നല്‍കുമ്പോള്‍ “എല്‍ശദ്ദായ്” (സര്‍വ്വശക്തന്‍) എന്ന തന്‍റെ നാമം വെളിപ്പെടുത്തി (ഉല്‍പ്പത്തി.17:1). 99 വയസ്സുള്ള അബ്രഹാമിന് സന്തതിയെ കൊടുക്കാന്‍ താന്‍ ശക്തനാണ് എന്ന സന്ദേശമാണ് ഈ പേര് വെളിപ്പെടുത്തിയതിലൂടെ ദൈവം അബ്രഹാമിന് നല്‍കിയത്. മാറായിലെ കയ്പുള്ള വെള്ളം മധുരമാക്കിക്കൊടുത്ത ശേഷമാണു “സൌഖ്യമാക്കുന്ന യഹോവ” (യഹോവ റൊഫേക്കാ) എന്ന് യിസ്രായേലിന് തന്‍റെ പേര് അവന്‍ വെളിപ്പെടുത്തിയത് (പുറ.15:26).
മാത്രമല്ല, പിതാക്കന്മാര്‍ ഓരോ സംഭവത്തോട് ബന്ധപ്പെട്ടു യഹോവയുടെ നാമം വിളിച്ചിരുന്നതായി നമുക്ക് കാണാന്‍ കഴിയും:
ദൈവകല്പന അനുസരിച്ച് യിസഹാക്കിനെ യാഗം കഴിക്കാന്‍ അബ്രഹാം മോറിയാ മലയിലേക്ക് പോയപ്പോള്‍ യഹോവ അവിടെ ഒരു ആട്ടിന്‍കുട്ടിയെ യിസഹാക്കിനു പകരമായി കരുതി വെച്ചിരുന്നു. അതുകൊണ്ട് അവര്‍ വിളിച്ചു: “യഹോവാ-യിരേ” (യഹോവ കരുതും, ഉല്‍പ്പത്തി.22:14) എന്ന്.
ഈജിപ്തില്‍ നിന്നും യിസ്രായേലിനെ ദൈവം പുറപ്പെടുവിച്ചു കൊണ്ട് വരുമ്പോള്‍ രെഫീദീമില്‍ വെച്ച് അമാലേക്യര്‍ അവരോടു യുദ്ധത്തിനു വന്നു. യഹോവ യിസ്രായേലിന് വിജയം കൊടുത്തപ്പോള്‍ അവര്‍ വിളിച്ചു: “യഹോവാ നിസ്സി” (യഹോവ എന്‍റെ കൊടി, പുറപ്പാട്.17:15).
മിദ്യാന്യരില്‍ നിന്നും യിസ്രായേലിനെ വീണ്ടെടുത്തു അവര്‍ക്ക് സമാധാനം നല്‍കും എന്ന് ഗിദെയോനോട് യഹോവ പറഞ്ഞപ്പോള്‍ ഗിദെയോന്‍ ഒരു യാഗപീഠം പണിത് അതിനു “യഹോവാ ശാലോം” (യഹോവ സമാധാനം, ന്യായാ. 6:24) എന്ന് പേര്‍ വിളിച്ചു.
ഇനിയും ഉണ്ട്, “യഹോവാ റ്റ്സിദ്കെനു” (യഹോവ നമ്മുടെ നീതി, യിരെമ്യാ.23:6), “യഹോവാ ശമ്മാ” (യഹോവ അവിടെ, യെഹ.48:35), “യഹോവാ റോയ്” (യഹോവ എന്‍റെ ഇടയന്‍, സങ്കീ.23:1) തുടങ്ങി അനേക സ്ഥലങ്ങളില്‍ യഹോവയുടെ പ്രവൃത്തിയോട് ബന്ധപ്പെട്ടു യഹോവയുടെ നാമം വിളിക്കപ്പെട്ടിരുന്നു.
ഈ നാമത്തിന് ധാരാളം പ്രത്യേകതകളുണ്ട്. “ഈ നാമം വൃഥാ ഉപയോഗിക്കരുത്” എന്നുള്ളത് ന്യായപ്രമാണത്തിലെ പത്തു കല്പനകളില്‍ ഒന്നാണ്: “നിന്‍റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്‍റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല” (പുറപ്പാട്.20:7). ഇക്കാരണത്താല്‍ യഹൂദന്മാര്‍ ഒരിക്കലും “ഞാന്‍ ആകുന്നു” എന്ന് പറയാറില്ല. (പണ്ട് രാജഭരണം ഉണ്ടായിരുന്ന കാലത്ത് രാജാവിന്‍റെ മുന്നിലും ആരും “ഞാന്‍” എന്ന് പറയാറുണ്ടായിരുന്നില്ല. “ആരവിടെ?” എന്ന് രാജാവ് ചോദിച്ചാല്‍ “റാന്‍, അടിയന്‍” എന്നൊക്കെയാണ് വിളി കേട്ടിരുന്നത് എന്ന കാര്യം ഇത്തരുണത്തില്‍ ഓര്‍ക്കുക.) പില്‍ക്കാലത്ത് യേശുക്രിസ്തു മാത്രമാണ് “ഞാന്‍ ആകുന്നു’ (യോഹ.18:5-8) എന്ന് പറഞ്ഞിട്ടുള്ള ഏക യഹൂദന്‍ !!
പ്രവാചകന്മാര്‍ പ്രവചിക്കേണ്ടത് ഈ നാമത്തിലാണ്:(ആവര്‍ത്തനം.18:19; യിരെ.26:20; 44:16). അനുഗ്രഹങ്ങളും ശാപങ്ങളും നല്‍കിയിരുന്നത് ഈ നാമത്തിലാണ് (സംഖ്യാ.23,24,അധ്യാ.). അവന്‍റെ നാമത്തില്‍ എടുക്കുന്ന പ്രതിജ്ഞകള്‍ അനുസരിക്കുവാന്‍ യിസ്രായേല്‍ ജനം ബാധ്യസ്ഥരായിരുന്നു: (ആവ.6:13). യഹോവയുടെ നാമം വലിയതാണ് (സങ്കീ.76:1), മഹത്തും ഭയങ്കരവുമാണ് (ആവ.28:58), ശ്രേഷ്ഠമാണ് (സങ്കീ.8:1), വിശുദ്ധമാണ് (ലേവ്യ.20:3; 22:32; 1.ദിനവൃത്താന്തം.29:16; സങ്കീ.33:21). ദൈവത്തിന്‍റെ വിശുദ്ധിയും ശക്തിയും അധികാരവും ആ നാമത്തിനുണ്ട്. അതുകൊണ്ടാണു ആ നാമം വൃഥാ ഉപയോഗിക്കാന്‍ പാടില്ല എന്ന് കല്പിച്ചത്!!
മാത്രമല്ല, രക്ഷ പ്രാപിക്കുവാന്‍ ഈ നാമം തന്നെ വിളിച്ചപേക്ഷിക്കണം! “എന്നാല്‍ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവന്‍ ഏവനും രക്ഷിക്കപ്പെടും; യഹോവ അരുളിച്ചെയ്തതുപോലെ സിയോന്‍ പര്‍വ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തില്‍ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും” (യോവേല്‍.2:32). രക്ഷ തരുന്ന നാമമാണത്!! ഈ നാമം മഹത്വമേറിയതാണ്, ആ മഹത്വം അവന്‍ ആര്‍ക്കും വിട്ടു കൊടുക്കുകയില്ല: “ഞാന്‍ യഹോവ അതുതന്നേ എന്‍റെ നാമം; ഞാന്‍ എന്‍റെ മഹത്വം മറ്റൊരുത്തന്നും എന്‍റെ സ്തുതി വിഗ്രഹങ്ങള്‍ക്കും വിട്ടുകൊടുക്കയില്ല” (യെശയ്യാ.42:8).
പുതിയ നിയമത്തില്‍ എന്തുകൊണ്ട് ഈ നാമം കാണപ്പെടുന്നില്ല?
ഇനി ഈ കാര്യത്തില്‍ ഉണ്ടാകാനിടയുള്ള സംശയം ക്രിസ്ത്യാനികള്‍ യഹോവയെ അല്ലല്ലോ യേശുക്രിസ്തുവിനെ അല്ലേ വിളിച്ചു പ്രാര്‍ത്ഥിക്കുന്നത് എന്നതാണ്. ഇത്ര ഉന്നതമായ നാമം എന്തുകൊണ്ട് പുതിയ നിയമത്തില്‍ കാണപ്പെടുന്നില്ല എന്നതും സ്വാഭാവികമായ സംശയം ആയിരിക്കും. അതിനു മറുപടി തരാം.
പുതിയ നിയമത്തില്‍ നാം കാണുന്ന യേശു എന്ന പേരിന്‍റെ പൂര്‍ണ്ണരൂപം “യഹോവ ശുവ” എന്നാണു. ആ വാക്കിന്‍റെ അര്‍ത്ഥം “യഹോവ രക്ഷകന്‍” എന്നാകുന്നു. ‘യഹോവശുവാ’ എന്ന പേര് ചുരുങ്ങിയതാണ് ‘യോശുവ’ എന്നത്. യോശുവ പിന്നേയും ചുരുങ്ങിയതാണ് ‘യേശു’ എന്ന പേര്. ‘ക്രിസ്തു’ എന്ന പദം ഗ്രീക്ക് ആണ്. ‘മശിഹ’ എന്ന എബ്രായ പദത്തിനു തുല്യമായ ഗ്രീക്ക് പദമാണത്. “അഭിഷിക്തന്‍” എന്നര്‍ത്ഥം. ‘യേശുക്രിസ്തു’ എന്ന പദത്തിന്‍റെ ശരിയായ ഉച്ഛാരണം “യാഹോവശുവ ക്രിസ്തു’ എന്നാണു. അര്‍ത്ഥം, “യഹോവ രക്ഷകനായി അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നു” എന്നാണ്.
ഇതുകൊണ്ടാണ് ദൈവദൂതന്‍ യോസേഫിനോട് സ്വപ്നത്തില്‍ പ്രത്യക്ഷനായി, “അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്ന് രക്ഷിപ്പാനിരിക്കകൊണ്ട് നീ അവനു യേശു എന്ന് പേര്‍ വിളിക്കണം” എന്ന് പറഞ്ഞത് (മത്താ.1:21).
പഴയ നിയമത്തില്‍ യഹോവയെ അവിടത്തെ പ്രവൃത്തികളോട് ചേര്‍ത്തു പേരിട്ടു വിളിച്ചു എന്ന് ബൈബിള്‍ സാക്ഷ്യം പറയുന്നു. പുതിയ നിയമത്തില്‍ അവിടത്തെ പ്രവൃത്തി ‘മനുഷ്യ വര്‍ഗ്ഗത്തെ അവരുടെ പാപങ്ങളില്‍ നിന്ന് രക്ഷിക്കുക’ എന്നതാണ്. അതുകൊണ്ട് ആ പ്രവൃത്തി ചേര്‍ത്തുള്ള പേരാണ് യഹോവയെ പുതിയ നിയമത്തില്‍ വിളിച്ചിരിക്കുന്നത്, യാഹോവശുവ എന്ന പേര്. ആ രൂപത്തില്‍ അല്ല, അതിന്‍റെ ചുരുക്ക രൂപത്തിലാണ് അതായത് യേശു എന്ന രൂപത്തിലാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് മാത്രം!!
പഴയനിയമത്തില്‍ തന്നെ പ്രവാചകന്‍ വരാന്‍ പോകുന്ന മശിഹയുടെ നാമത്തെക്കുറിച്ചു പ്രവചിക്കുന്നുണ്ട്: “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകന്‍ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്‍റെ തോളില്‍ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേര്‍ വിളിക്കപ്പെടും” (യെശയ്യാവ്.9:6). ജനിച്ചിരിക്കുന്ന ശിശുവിന്‍റെ പേര് “വീരനാം ദൈവം” എന്നാണെന്നാണ് പ്രവാചകന്‍ പറയുന്നത്! വീരനാം ദൈവം തന്നെ ശിശുവായി ജനിക്കും എന്ന് പ്രവാചകന് ദൈവം വെളിപ്പെടുത്തിക്കൊടുത്തിരുന്നു!!
പഴയ നിയമത്തില്‍ യഹോവ എന്ന നാമത്തിനുള്ള പ്രാധാന്യം പുതിയ നിയമത്തില്‍ യേശു എന്ന നാമത്തിനുണ്ട്. “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവന്‍ ഏവനും രക്ഷിക്കപ്പെടും” (യോവേല്‍ .2:32) എന്ന് പഴയ നിയമത്തില്‍ ദൈവം വെളിപ്പെടുത്തിയെങ്കില്‍ പുതിയ നിയമത്തില്‍ പറയുന്നത് “അവനില്‍ (ക്രിസ്തുവില്‍) വിശ്വസിക്കുന്ന ഏവന്നും അവന്‍റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു” (അപ്പൊ.പ്ര.10:43) എന്നാണു. പാപമോചനം യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ആണ്!! യേശുവിന്‍റെ നാമത്തില്‍ വിശ്വസിക്കുക എന്നത് യോഹന്നാന്‍റെ എഴുത്തുകളില്‍ മാത്രം 5 പ്രാവശ്യം കാണുന്ന ഒരു പ്രയോഗമാണ്: (യോഹ.1:12, 2:23, 3:18, 1.യോഹ.3:23, 5:13). പ്രാര്‍ത്ഥിക്കേണ്ടത് യേശുക്രിസ്തുവിന്‍റെ നാമത്തിലാണ് (യോഹ.14:13,14). രോഗസൗഖ്യം യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ആണ് (അപ്പൊ.പ്ര.3:6, 4:10). വിളിച്ചപേക്ഷിക്കേണ്ടത് യേശുക്രിസ്തുവിന്‍റെ നാമത്തെയാണ് (1.കൊരി.1:2). സകല നാമത്തിനും മേലായ നാമം ആണത് (ഫിലി.2:9). യേശുവിന്‍റെ നാമം നിഷേധിക്കരുത് (വെളി.3:8). “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍ കീഴില്‍ മനുഷ്യരുടെ ഇടയില്‍ നല്കപ്പെട്ട വേറൊരു നാമവും ഇല്ല” (അപ്പൊ.പ്ര.4:12).
യേശുക്രിസ്തു പിതാവിന്‍റെ നാമം വെളിപ്പെടുത്തുന്നു:
“നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരില്‍ ആകുവാനും ഞാന്‍ അവരില്‍ ആകുവാനും ഞാന്‍ നിന്‍റെ നാമം അവര്‍ക്ക് വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.” (യോഹ.17:26).
യേശുക്രിസ്തു ഇവിടെ രണ്ടു കാര്യങ്ങള്‍ പറയുന്നു:
1. പിതാവിന്‍റെ നാമം താന്‍ മനുഷ്യര്‍ക്ക് വെളിപ്പെടുത്തിയിരിക്കുന്നു.
2. ഇനിയും ആ നാമം വെളിപ്പെടുത്തും.
യേശു എവിടെയാണ് പിതാവിന്‍റെ നാമം വെളിപ്പെടുത്തിയിരിക്കുന്നത്? അതിനു മുന്‍പുള്ള അദ്ധ്യായങ്ങള്‍ പരിശോധിച്ചാള്‍ നമുക്കത് ലഭിക്കും. നിഴലായി വെളിപ്പെട്ട പഴയ നിയമത്തില്‍ “ഞാന്‍ ആകുന്നു” എന്ന് മാത്രം ദൈവത്തെക്കുറിച്ച് വെളിപ്പെട്ടപ്പോള്‍ പൊരുളായ പുതിയ നിയമത്തില്‍ ദൈവത്തിന്‍റെ നാമം സംബന്ധിച്ച് വ്യക്തമായ വെളിപ്പാട് പുത്രന്‍ മുഖാന്തരം ലഭിക്കുകയുണ്ടായി. ആരെങ്കിലും “എന്താണ് താങ്കളുടെ പേര്?” എന്ന് ചോദിച്ചാന്‍ “ഞാന്‍ ആകുന്നു” എന്ന് മാത്രമാണ് താങ്കള്‍ ഉത്തരം പറയുന്നതെങ്കില്‍ അത് അപൂര്‍ണ്ണമായ മറുപടിയാണ്. “ഞാന്‍ ഇന്നയാള്‍ (പേര്) ആകുന്നു” എന്നുള്ളതാണ് പൂര്‍ണ്ണമായ ഉത്തരം. അങ്ങനെതന്നെ പഴയ നിയമത്തില്‍ യഹോവ എന്ന നാമത്തില്‍ വെളിപ്പെട്ടപ്പോള്‍ അവന്‍ അപൂര്‍ണ്ണമായിട്ടാണ് തന്‍റെ നാമം വെളിപ്പെടുത്തിയതെങ്കില്‍ പുതിയ നിയമത്തില്‍ “യഹോവ ശുവ” എന്ന നാമത്തില്‍ വെളിപ്പെട്ടപ്പോള്‍ അവന്‍ തന്‍റെ നാമത്തെക്കുറിച്ചുള്ള പൂര്‍ണ്ണമായ വെളിപ്പെടുത്തല്‍ നടത്തി. “ഞാന്‍ നല്ല ഇടയന്‍ ആകുന്നു”, “ഞാന്‍ ലോകത്തിന്‍റെ വെളിച്ചം ആകുന്നു”, “ഞാന്‍ നിത്യജീവന്‍റെ അപ്പം ആകുന്നു”, “ഞാന്‍ തന്നെ വഴിയും സത്യവും ജീവനും ആകുന്നു”, “ഞാന്‍ വാതില്‍ ആകുന്നു”, “ഞാന്‍ ജീവന്‍റെ അപ്പം ആകുന്നു”, “ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ആകുന്നു”, “ഞാന്‍ സാക്ഷാല്‍ മുന്തിരി വള്ളി ആകുന്നു” തുടങ്ങി അനേകം വാക്യങ്ങളിലൂടെ യേശുക്രിസ്തു പിതാവിന്‍റെ നാമം വെളിപ്പെടുത്തി.
മാത്രമല്ല, “ഞാന്‍ നിന്‍റെ നാമം ഇനിയും വെളിപ്പെടുത്തും” എന്ന് പറഞ്ഞു പുറത്തു വരുമ്പോഴാണ് യേശുവിനെ പിടിക്കാന്‍ ദൈവാലയത്തിലെ പടയാളികള്‍ വരുന്നത്. അപ്പോഴാണ് പഴയ നിയമത്തില്‍ വെളിപ്പെടുത്തിയിട്ടുള്ള ദൈവത്തിന്‍റെ പേര് യേശു വെളിപ്പെടുത്തുന്നത്: “യേശു തനിക്കു നേരിടുവാനുള്ളതു എല്ലാം അറിഞ്ഞു പുറത്തുചെന്നു: നിങ്ങള്‍ ആരെ തിരയുന്നു എന്നു അവരോടു ചോദിച്ചു. നസറായനായ യേശുവിനെ എന്നു അവര്‍ ഉത്തരം പറഞ്ഞപ്പോള്‍ അതു ഞാന്‍ ആകുന്നു എന്നു യേശു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു. ഞാന്‍ ആകുന്നു എന്നു അവരോടു പറഞ്ഞപ്പോള്‍ അവര്‍ പിന്‍വാങ്ങി നിലത്തുവീണു” (യോഹ.18:4-6).
“ഞാന്‍ ആകുന്നു” എന്ന് പറഞ്ഞപ്പോഴേക്കും അവര്‍ പിന്‍വാങ്ങി നിലത്ത് വീഴാന്‍ കാരണമെന്ത്? ഒരു യഹൂദനെ സംബന്ധിച്ചിടത്തോളം ദൈവത്തിന്‍റെ ശക്തിയും വിശുദ്ധിയും അധികാരവും “ഞാന്‍ ആകുന്നു” എന്ന വാക്കിനുണ്ട്. അവനെ സംബന്ധിച്ചിടത്തോളം ദൈവത്തിനു മാത്രം പറയാന്‍ കഴിയുന്ന വാക്കാണത്. ആ വാക്കിലുള്ള അധികാരവും ശക്തിയും ആണ് അവരെ പിന്‍വാങ്ങി നിലത്തു വീഴുമാറാക്കിയത്!! പിന്നെയും യേശുക്രിസ്തു ആ നാമം വെളിപ്പെടുത്തുന്നുണ്ട്, മഹാപുരോഹിതന്‍റെ അടുക്കല്‍: “മഹാപുരോഹിതന്‍ പിന്നെയും അവനോടു: നീ ദൈവപുത്രനായ ക്രിസ്തുതന്നേയോ? പറക എന്നു ഞാന്‍ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു ചോദിക്കുന്നു എന്നു പറഞ്ഞു. യേശു അവനോടു: “ഞാന്‍ ആകുന്നു; ഇനി മനുഷ്യപുത്രന്‍ സര്‍വ്വശക്തന്‍റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങള്‍ കാണും എന്നു ഞാന്‍ പറയുന്നു” എന്നു പറഞ്ഞു. ഉടനെ മഹാപുരോഹിതന്‍ വസ്ത്രം കീറി, ഇവന്‍ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം? നിങ്ങള്‍ ഇപ്പോള്‍ ദൈവദൂഷണം കേട്ടുവല്ലോ? നിങ്ങള്‍ക്ക് എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നു: അവന്‍ മരണയോഗ്യന്‍ എന്നു അവര്‍ ഉത്തരം പറഞ്ഞു” (മത്തായി.26:62-65)
യേശു “ഞാന്‍ ആകുന്നു” എന്ന് പറഞ്ഞപ്പോള്‍ മഹാപുരോഹിതന്‍ വസ്ത്രം കീറിയത് അവരെ സംബന്ധിച്ചിടത്തോളം ആ പ്രയോഗം ഒരു മനുഷ്യന്‍റെ അധരത്തില്‍നിന്നു പുറത്തു വരുന്നത് മരണശിക്ഷക്ക് യോഗ്യമായ ദൈവദൂഷണം ആണ് എന്നുള്ളതിനാലായിരുന്നു.
ഏതായാലും പഴയ നിയമത്തിലും പുതിയ നിയമത്തിലും ഒരു പോലെ വെളിപ്പെടുന്ന ഇങ്ങനെയുള്ള അതിശയ നാമം സൗദി അറേബ്യയില്‍ എത്തിയപ്പോഴേക്കും വിട്ടു കളഞ്ഞു അല്ലാഹു എന്ന നാമം ബൈബിളിലെ സത്യദൈവം സ്വീകരിച്ചു എന്ന് പറഞ്ഞാല്‍ അതിലെന്തു യുക്തിയാണുള്ളത്? ചിന്താശേഷിയുള്ള ആര്‍ക്കെങ്കിലും അത് അംഗീകരിക്കാനാകുമോ? ദൈവത്തിന്‍റെ നാമത്തിന് പ്രാധാന്യമുണ്ടെന്നും, ആ നാമം ശാശ്വതമായി നിലനില്‍ക്കുന്ന നിത്യ നാമം ആണെന്നും അല്ലാഹു എന്ന നാമവുമായി അതിനു യാതൊരു ബന്ധവുമില്ലെന്നും വായനക്കാര്‍ക്ക് മനസ്സിലായിക്കാണും എന്ന് പ്രതീക്ഷിക്കുന്നു.
6 Comments on “യഹോവയുടെ നാമം എന്തുകൊണ്ട് പുതിയ നിയമത്തില്‍ കാണപ്പെടുന്നില്ല?”
Your’s is a point of view where real intelligence shines trhuogh.
Exceptional post however , I was wanting to know if you could write a litte more on this subject? I’d be very thankful if you could elaborate a little bit more. Appreciate it!
exlent thanks Bro
Great study god bless you
Our god is an awesome god…..
Thank you…
Good job..