ലേവ്യാ 12-ം അദ്ധ്യായം
ബൈബിളിന്‍റെ സ്ത്രീ വിരുദ്ധതക്ക് തെളിവായി ഇസ്ലാമിസ്റ്റുകള്‍ കാണിക്കുന്ന വേദ ഭാഗങ്ങളിലൊന്ന് ലേവ്യ പുസ്തകം പന്ത്രണ്ടാം അധ്യായമാണ്. അത് താഴെ കൊടുക്കുന്നു:
“യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ യിസ്രായേല്‍ മക്കളോട് ഇപ്രകാരം പറയണം: ഒരു സ്ത്രീ ഗര്‍ഭം ധരിച്ചു ആണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ അവള്‍ ഏഴു ദിവസം അശുദ്ധയായിരിക്കണം. ഋതുവിന്‍റെ മാലിന്യകാലത്തിലെന്ന പോലെ അവള്‍ അശുദ്ധയായിരിക്കണം. എട്ടാം ദിവസം അവന്‍റെ അഗ്രചര്‍മം പരിഛേദന ചെയ്യണം. പിന്നെ അവള്‍ മുപ്പത്തിമൂന്നു ദിവസം തന്‍റെ രക്തശുദ്ധീകരണത്തില്‍ ഇരിക്കണം; അവളുടെ ശുദ്ധീകരണ കാലം തികയുന്നത് വരെ അവള്‍ യാതൊരു വിശുദ്ധ വസ്തുവും തൊടരുത്; വിശുദ്ധ മന്ദിരത്തിലേക്ക് വരികയും അരുത്. പെണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ അവള്‍ രണ്ടു ആഴ്ചവട്ടം ഋതുകാലത്തെന്ന പോലെ അശുദ്ധയായിരിക്കണം; പിന്നെ അറുപത്താറു ദിവസം അവള്‍ തന്‍റെ രക്തശുദ്ധീകരണത്തില്‍ ഇരിക്കണം. മകന് വേണ്ടിയോ മകള്‍ക്ക് വേണ്ടിയോ അവളുടെ ശുദ്ധീകരണകാലം തികഞ്ഞ ശേഷം അവള്‍ ഒരു വയസ്സ് പ്രായമുള്ള ആട്ടിന്‍കുട്ടിയെ ഹോമയാഗത്തിനായിട്ടും ഒരു പ്രാവിന്‍കുഞ്ഞിനെയോ ഒരു കുറുപ്രാവിനെയോ പാപയാഗത്തിനായിട്ടും സമാഗമന കൂടാരത്തിന്‍റെ വാതില്‍ക്കല്‍ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരണം. അവന്‍ അത് യഹോവയുടെ സന്നിധിയില്‍ അര്‍പ്പിച്ചു പ്രയിശ്ചിത്തം കഴിക്കണം; എന്നാല്‍ അവളുടെ രക്തസ്രവം നിന്നശേഷം അവള്‍ ശുദ്ധയാകും. ഇത് ആണ്‍കുഞ്ഞിനെയോ പെണ്‍കുഞ്ഞിനെയോ പ്രസവിച്ചവള്‍ക്കുള്ള പ്രമാണം. ആട്ടിന്‍കുട്ടിക്ക് അവളുടെ പക്കല്‍ വകയില്ല എങ്കില്‍ അവള്‍ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍കുഞ്ഞിനെയോ ഒന്നിനെ ഹോമയാഗത്തിനായിട്ടും ഒന്നിനെ പാപയാഗത്തിനായിട്ടും കൊണ്ടുവരണം; പുരോഹിതന്‍ അവള്‍ക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാല്‍ അവള്‍ ശുദ്ധയാകും.”
ഈ വേദ ഭാഗത്തിന്‍റെ അടിസ്ഥാനത്തില്‍ ഇസ്ലാമിസ്റ്റുകളുടെ വാദം ‘യഹോവ സ്ത്രീ വിവേചനം കാണിക്കുന്ന ദൈവമാണെ’ന്നാണ്. പ്രസവത്തോട് കൂടി സ്ത്രീ അശുദ്ധയായിത്തീരുന്നു എന്നും പെണ്‍കുഞ്ഞിനെ പ്രസവിക്കുമ്പോള്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ചപ്പോള്‍ ഉണ്ടായതിനേക്കാള്‍ ഇരട്ടി അശുദ്ധിയുണ്ടാകുന്നു എന്നും പറയുന്നത് സ്ത്രീ വിവേചനത്തിനു ഉത്തമ ഉദാഹരണങ്ങളാണ് എന്നാണവരുടെ വാദം. ഒറ്റ നോട്ടത്തില്‍ ഈ വാദമുഖങ്ങളില്‍ കഴമ്പുണ്ടെന്ന് ചിലപ്പോള്‍ തോന്നിപ്പോകാം. എന്നാല്‍ ഈ വേദഭാഗത്തെ ഒരു സൂക്ഷ്മപഠനത്തിനു വിധേയമാക്കിയാല്‍, സൂര്യോദയത്തിങ്കല്‍ പ്രഭാതമഞ്ഞു അപ്രത്യക്ഷമാകുന്നത് പോലെ ബൈബിളിനെതിരെയുള്ള ആരോപണങ്ങള്‍ മാഞ്ഞു പോകുന്നത് കാണാം.
മറ്റേതു വേദഭാഗത്തെയും പോലെത്തന്നെ പരാമര്‍ശിത വേദഭാഗത്തെയും നാം ദൈവശാസ്ത്ര തലത്തിലും പ്രായോഗിക തലത്തിലുമുള്ള രണ്ടു വീക്ഷണ കോണുകളിലൂടെ നോക്കിക്കാണേണ്ടിയിരിക്കുന്നു. ആദ്യം ദൈവശാസ്ത്രപരമായ തലത്തില്‍ ഈ വേദഭാഗത്തെ നമുക്ക് പരിശോധിക്കാം:
പൗരോഹിത്യ നിയമങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ലേവ്യാ പുസ്തകത്തിലെ, 11 മുതല്‍ 15 വരെയും 18 മുതല്‍ 22 വരെയും ഉള്ള അദ്ധ്യായങ്ങള്‍ ശുദ്ധിയേയും അശുദ്ധിയേയും തമ്മില്‍ വേര്‍തിരിക്കുന്ന, ശുദ്ധീകരണ നിയമങ്ങള്‍ അടങ്ങിയതാണ്. “ഞാന്‍ യഹോവ ആകുന്നു. എന്‍റെ വിശുദ്ധ നാമത്തെ നിങ്ങള്‍ അശുദ്ധമാക്കരുതു” എന്നും “നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാന്‍ വിശുദ്ധനായിരിക്കുന്നതു പോലെ നിങ്ങളും വിശുദ്ധരായിരിപ്പിന്‍ ” എന്നുമുള്ള കല്പനകള്‍ യഹോവയായ ദൈവം ഈ അധ്യായങ്ങളില്‍ ആവര്‍ത്തിച്ചു നല്‍കുന്നത് കാണാം. ഭക്ഷണത്തിലൂടെയുള്ള അശുദ്ധി, സ്രവത്താലുള്ള അശുദ്ധി, രോഗത്താലുള്ള അശുദ്ധി, പിണത്താലുള്ള അശുദ്ധി തുടങ്ങി ഒരു യിസ്രായേല്യന്‍ താത്കാലികമായോ എന്നന്നേക്കുമായോ യിസ്രായേല്‍ പാളയത്തില്‍ നിന്ന് ബഹിഷ്കൃതനാകുവാന്‍ ഇടയുള്ള കാര്യങ്ങളെപ്പറ്റി ലേവ്യാ പുസ്തകം നമുക്ക് അറിവ് തരുന്നു.
‘നിങ്ങള്‍ സന്താന പുഷ്ടിയുള്ളവരായി പെരുകി, ഭൂമിയില്‍ നിറഞ്ഞു അതിനെ അടക്കി വാഴുവിന്‍’ എന്നാണു ദൈവം ആദ്യ മനുഷ്യര്‍ക്ക് നല്‍കിയിരുന്ന കല്പന. അതിനാല്‍, കുഞ്ഞിനെ പ്രസവിക്കുന്നത് പാപമല്ലെന്ന് മാത്രമല്ല, അത് ആദിയില്‍ ദൈവം നല്‍കിയ കല്പനയുടെ നിറവേറല്‍ കൂടിയാണ്. അതുകൊണ്ട് തന്നെ ‘പ്രസവത്തിലൂടെ സ്ത്രീ അശുദ്ധയാകുന്നു’ എന്നല്ല, പ്രസവത്തോടനുബന്ധിച്ചുള്ള രക്തസ്രവത്താലാണ് സ്ത്രീ അശുദ്ധയായിത്തീരുന്നത്’ എന്നത്രേ ബൈബിള്‍ പറയുന്നത്. ‘ഋതുവിന്റെ മാലിന്യകാലത്തെന്ന പോലെ’ എന്ന് രണ്ടാം വാക്യത്തിലും അഞ്ചാം വാക്യത്തിലും പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. ‘അവളുടെ രക്തസ്രവം നിന്ന ശേഷം അവള്‍ ശുദ്ധയാകും’ എന്ന ഏഴാം വാക്യവും പ്രസവത്താലല്ല, പ്രസവാനന്തരമുള്ള രക്തസ്രവത്താലാണ് അശുദ്ധിയുണ്ടാകുന്നത് എന്നതിനെ സൂചിപ്പിക്കുന്നു. അതുകൊണ്ട്, ‘പ്രസവത്തോട് കൂടി സ്ത്രീ അശുദ്ധയാകുന്നു എന്നാണു ബൈബിള്‍ പറയുന്നത്’ എന്ന ഇസ്ലാമിസ്റ്റുകളുടെ വാദം കഥയറിയാതെ ആട്ടം കാണുന്നവന്‍റെ ജല്പനം മാത്രമാണ്.
‘സ്ത്രീക്ക് പുരുഷന്‍റെ ഇരട്ടി പാപമുണ്ട്’ എന്ന് ബൈബിള്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അങ്ങനെ ഇരട്ടി പാപം ഉണ്ടായിരുന്നെങ്കില്‍ ശുദ്ധീകരണ ദിവസങ്ങള്‍ ഇരട്ടിയാക്കിയത് കൊണ്ട് യാതൊരു പ്രയോജനവുമില്ല. (എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും പാപം പാപമായിത്തന്നെ ഇരിക്കും, അതൊരിക്കലും പുണ്യമായി മാറുകയില്ല!! ) മറിച്ചു, പാപ പരിഹാരത്തിനായി അര്‍പ്പിക്കപ്പെടുന്ന യാഗങ്ങളുടെ എണ്ണത്തിലായിരുന്നു ഇരട്ടിപ്പ് ഉണ്ടാകേണ്ടിയിരുന്നത്. എന്നാല്‍, ആണ്‍കുഞ്ഞു ജനിച്ചാലും പെണ്‍കുഞ്ഞു ജനിച്ചാലും അര്‍പ്പിക്കപ്പെടുന്ന യാഗങ്ങളുടെ എണ്ണത്തില്‍ വ്യത്യാസമില്ല, അവ തുല്യമാണ്. മാത്രമല്ല, ആട്ടിന്‍കുട്ടിയെ യാഗമര്‍പ്പിക്കുവാന്‍ വകയില്ലാത്തവളാണ് മാതാവ് എങ്കില്‍, പ്രാവിന്‍ കുഞ്ഞിനേയും കുറുപ്രാവിനേയും യാഗമര്‍പ്പിച്ചാല്‍ മതി എന്ന് പറഞ്ഞിരിക്കുന്നതില്‍ നിന്നും ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ച സമ്പന്നയായ മാതാവ് അര്‍പ്പിക്കുന്ന ആട്ടിന്‍കുട്ടിയുടെ രക്തവും, ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ച ദരിദ്രയായ മാതാവ് അര്‍പ്പിക്കുന്ന പ്രാക്കളുടെ രക്തവും ഒരേ മൂല്യമുള്ളതായാണ് ദൈവം പരിഗണിക്കുന്നത് എന്ന് മനസ്സിലാക്കാം. കുഞ്ഞുങ്ങളുടെ ലിംഗ ഭേദത്തിന്‍റെ അടിസ്ഥാനത്തില്‍ യാഗങ്ങള്‍ക്കു ഒരു വ്യത്യാസവും ദൈവം കല്പിച്ചിട്ടില്ല.
യേശുക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യത്തെ പ്രവചനത്തില്‍ ദൈവം തന്നെ രക്ഷകനെ വിശേഷിപ്പിക്കുന്നത് ‘സ്ത്രീയുടെ സന്തതി’ എന്നാണു. യേശുക്രിസ്തുവിന്‍റെ ജനനം സ്ത്രീയില്‍ നിന്ന് മാത്രമുള്ളതായിരുന്നു, ഒരു പുരുഷനും അതില്‍ പങ്കില്ലായിരുന്നു. ദൈവത്തിനു തന്നെ സ്ത്രീയില്‍ നിന്ന് ജനിക്കാനും സ്ത്രീയുടെ സന്തതിയെന്നു അറിയപ്പെടാനും യാതൊരു ലജ്ജയുമുണ്ടായിരുന്നില്ലെന്നു ബൈബിള്‍ വ്യക്തമാക്കുമ്പോള്‍, ‘പുരുഷന്‍റെ ഇരട്ടി പാപം സ്ത്രീക്കുണ്ടെന്നാണ് ബൈബിള്‍ പറയുന്നത് ‘ എന്ന് വാദിക്കുന്നവരോട് സഹതപിക്കുകയല്ലാതെ വേറെ എന്ത് ചെയ്യാനാണ്?
ഇനി നമുക്ക് ഇതിന്‍റെ പ്രായോഗിക തലത്തിലുള്ള വിശദീകരണവും പരിശോധിക്കാം:
ആണ്‍കുഞ്ഞിനെ പ്രസവിച്ച ശേഷം ഏഴു ദിവസം അശുദ്ധയായും മുപ്പത്തിമൂന്നു ദിവസം രക്ത ശുദ്ധീകരണത്തിലും പെണ്‍കുഞ്ഞിനെ പ്രസവിച്ചശേഷം പതിനാലു ദിവസം അശുദ്ധയായും അറുപത്താറു ദിവസം രക്ത ശുദ്ധീകരണത്തിലും ഇരിക്കണം എന്ന ദൈവകല്പന അനുസരിക്കുന്നതിലൂടെ ‘പ്രസവാനന്തര വിശ്രമം’ (Bed Rest) ആണ് പ്രായോഗിക തലത്തില്‍ മാതാവിന് ലഭിക്കുന്നത്. ആണ്‍കുഞ്ഞിനെ എട്ടാം ദിവസം പരിച്ചേദന കഴിപ്പിക്കേണ്ടത് കൊണ്ടാണ് (ലേവ്യ.12:3) ദൈവം ഏഴാം ദിവസം അമ്മയുടെ അശുദ്ധി അവസാനിപ്പിക്കുന്നത്. പെണ്‍കുഞ്ഞിന്‍റെത് പോലെ പതിനാലു ദിവസത്തെ അശുദ്ധിയാണ് ആണ്‍കുഞ്ഞിനെ പ്രസവിച്ച അമ്മയ്ക്കും ദൈവം നല്‍കിയിരുന്നതെങ്കില്‍, യിസ്രായേല്‍ സമൂഹത്തിലേക്കു തന്‍റെ മകനെ പ്രവേശിപ്പിക്കുന്ന, തന്‍റെ മകന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആ ചടങ്ങില്‍ നിന്ന് അവനെ പ്രസവിച്ച മാതാവ് ബഹിഷ്കൃതയാകുമായിരുന്നു! എങ്കില്‍ അതായിരുന്നേനെ ഏറ്റവും വലിയ സ്ത്രീ വിവേചനം!! എന്നാല്‍ തന്‍റെ മകന്‍റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ആ ദിവസം മറ്റു കുടുംബാംഗങ്ങളോട് ഒത്തുകൂടി ദൈവസന്നിധിയില്‍ സന്തോഷിക്കുവാന്‍ അവന്‍റെ മാതാവിനും അവകാശമുണ്ടെന്നതിനാലാണ് ഏഴാം ദിവസത്തോടെ അവളുടെ അശുദ്ധി ദൈവം അവസാനിപ്പിക്കുന്നത്. യിസ്രായേലിലെ ഒരു മാതാവിന്‍റെ ന്യായമായ അവകാശത്തെ ഹനിക്കുവാന്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവ് അനുവദിക്കുന്നില്ല എന്നത് എത്രയോ ഹൃദയസ്പര്‍ശിയായ കാര്യമാണ്!!
വാസ്തവത്തില്‍, ദൈവം വച്ച ഈ നിയമത്തിന്‍റെ കണ്ണിലൂടെ നോക്കുമ്പോള്‍ യിസ്രായേലില്‍ പെണ്‍കുഞ്ഞിനെ പ്രസവിക്കുന്ന മാതാവാണ് കൂടുതല്‍ ഭാഗ്യവതി എന്ന് കാണാം. പ്രസവാനന്തര വിശ്രമം കൂടുതല്‍ ലഭിക്കുന്നതും തന്‍റെ കുഞ്ഞിനോടോത്തു കൂടുതല്‍ സമയം ചിലവഴിക്കുവാന്‍ കഴിയുന്നതും പെണ്‍കുഞ്ഞിന്‍റെ അമ്മക്കാണ് എന്നത് തന്നെ കാരണം. അതുപോലെ, ഈ നിയമമനുസരിച്ചു ആണ്‍കുഞ്ഞിനെക്കാള്‍ ഭാഗ്യവതി പെണ്‍കുഞ്ഞാണെന്നും കാണാം. അമ്മയുടെ ശരീരത്തിന്‍റെ ചൂടും സ്നേഹ വാത്സല്യങ്ങളും അനുഭവിക്കുന്ന കാര്യത്തില്‍ തന്‍റെ സഹോദരന്മാരെക്കാള്‍ ഇരട്ടി ഓഹരിയാണ് അവള്‍ക്കു കിട്ടുന്നത്. പെണ്‍മക്കളെ കൂടുതല്‍ സ്നേഹിക്കുകയും അവര്‍ക്ക് വേണ്ടി കരുതുകയും ചെയ്യുന്ന സാധാരണ പിതാക്കന്മാരുടെ മനസ്സ് തന്നെയാണ് പെണ്‍കുട്ടികളോട് സ്വര്‍ഗ്ഗീയ പിതാവിനുമുള്ളത് എന്ന് ഈ ഭാഗം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
ആദ്യത്തെ രണ്ടുമൂന്നു മാസക്കാലത്തെ ശരിയായ പരിചരണം ശിശുക്കളുടെ മാനസിക വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകമാണെന്ന് മന:ശാസ്ത്ര വിദഗ്ദര്‍ പറയുന്നു. ആ കാല ദൈര്‍ഘ്യം ആണ്‍കുഞ്ഞുങ്ങളെക്കാള്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് ഇരട്ടിയായിരിക്കണമെന്നു ദൈവം ആവശ്യപ്പെട്ടതിന്‍റെ പുറകിലെ കാരണം ‘സ്ത്രീജനം ബലഹീന പാത്രമാ’കയാല്‍ അവള്‍ക്കു കൂടുതല്‍ പരിചരണവും പരിഗണയും ആവശ്യമാണെന്നുള്ള വലിയ സത്യം നമ്മെ പഠിപ്പിക്കാന്‍ വേണ്ടിത്തന്നെയാണ്. ഇങ്ങനെ പെണ്‍ കുഞ്ഞുങ്ങളുടെ മാനസിക വളര്‍ച്ചയെപ്പോലും ഗുണപരമായി സ്വാധീനിക്കുന്ന തരത്തില്‍ ദൈവം യിസ്രായേല്‍ മക്കള്‍ക്ക് നല്‍കിയിരുന്ന ശുദ്ധീകരണ നിയമത്തെയാണ് ഇസ്ലാമിസ്റ്റുകള്‍ സ്ത്രീ വിരുദ്ധതക്ക് ഉദാഹരണമായി എടുത്തു കാണിക്കുന്നത്. ഹാ, കഷ്ടം! എന്ന് സഹതപിക്കുകയല്ലാതെ വേറെ ഒന്നും ചെയ്യാനില്ല.