യഹോവയുടെ ദൂതപ്രത്യക്ഷതകള്‍ (ഭാഗം-1)
ദാവാക്കാര്‍ എപ്പോഴും ക്രിസ്ത്യാനികളോട് ചോദിക്കുന്ന ഒരു കാര്യമാണ് “യേശുക്രിസ്തു ജനിച്ചത് രണ്ടായിരം വര്‍ഷം മുന്‍പല്ലേ, യേശു ദൈവമാണെങ്കില്‍ അതിന് മുന്‍പും ഉണ്ടായിരിക്കേണ്ടതല്ലേ? പഴയ നിയമത്തിലെവിടെയാണ് യേശുവിനെ കാണുന്നത്?” എന്നുള്ളത്.
ഇത് ബൈബിളില്‍ വലിയ അറിവില്ലാത്ത ക്രിസ്ത്യാനികളില്‍ പലര്‍ക്കും ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു ചോദ്യമാണ്. ആശയക്കുഴപ്പമുണ്ടാക്കുക എന്നതുതന്നെയാണ് ദാവാക്കാരുടെ ഉദ്ദേശ്യവും. ബൈബിളിന്‍റെ ആരംഭം മുതല്‍ അവസാനം വരെ നിറഞ്ഞു നില്‍ക്കുന്നത് ഒരേയൊരു വ്യക്തിപ്രഭാവമാണ്. ‘ലോകത്തിന്‍റെ പാപം ചുമന്നു നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്’ ആയ യേശുക്രിസ്തു ആണ് ആ വ്യക്തിപ്രഭാവം. മനുഷ്യശരീരത്തില്‍ എവിടെ കീറിയാലും രക്തം പൊടിഞ്ഞുവരുന്നത് പോലെ ബൈബിളില്‍ ഉല്‍പ്പത്തി മുതല്‍ വെളിപ്പാട് വരെയുള്ള ഏതൊരു താള്‍ എടുത്തു നോക്കിയാലും അതില്‍ ഈ ദൈവകുഞ്ഞാടിന്‍റെ രക്തം കാണാം! പഴയനിയമത്തില്‍ ഈ സത്യം നിഴലുകളിലൂടെ വെളിപ്പെടുത്തപ്പെട്ടപ്പോള്‍ പുതിയനിയമത്തില്‍ പൊരുളായിത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നു!!
പഴയനിയമത്തില്‍ യഹോവ മനുഷ്യരുടെ മുന്‍പാകെ പ്രത്യക്ഷപ്പെടുന്ന ധാരാളം സന്ദര്‍ഭങ്ങളുണ്ട്. അതുപോലെത്തന്നെ ‘യഹോവയുടെ ദൂതന്‍’ എന്ന പേരില്‍ മനുഷ്യരുടെ മുന്‍പാകെ പ്രത്യക്ഷപ്പെടുന്ന വേറെ ഒരു വ്യക്തിയേയും നാം കാണുന്നുണ്ട്. പഴയനിയമത്തിന്‍റെ താളുകളില്‍. മാത്രം കാണപ്പെടുന്ന ഈ ദൂതന്‍ സാധാരണയുള്ള ദൂതന്മാരില്‍ നിന്നും വ്യത്യസ്തനാണ്. യഹോവയുടെ നാമം അവന്‍റെ മേല്‍ ഉണ്ട്. യഹോവയ്ക്കു മാത്രമുള്ള പ്രത്യേക അവകാശവാദങ്ങള്‍ ഈ ദൂതന്‍ പുറപ്പെടുവിക്കുന്നുണ്ട്. ഈ ദൂതനെ ചിലയിടങ്ങളില്‍ ദൈവം എന്നും ചിലയിടങ്ങളില്‍ യഹോവ എന്നും വിളിക്കുന്നുണ്ട്. ആശ്ചര്യകരമായ കാര്യം പഴയനിയമത്തില്‍ പലയിടങ്ങളിലും കാണപ്പെടുന്ന യഹോവയുടെ ദൂതനെ പുതിയ നിയമത്തില്‍ ഒരൊറ്റ സ്ഥലത്ത് പോലും നമുക്ക് കാണാന്‍ കഴിയുന്നില്ല എന്നുള്ളതാണ്. എന്തുകൊണ്ടാണ് പുതിയ നിയമത്തില്‍ ഈ ദൂതനെ കാണാന്‍ കഴിയാത്തത്? അതറിയണമെങ്കില്‍ ആരാണ് ഈ യഹോവയുടെ ദൂതന്‍ എന്നും എന്തായിരുന്നു യഹോവയുടെ ദൂതന്‍റെ ശുശ്രൂഷകള്‍ എന്നും നാം അറിയണം. അത് മനസ്സിലാക്കിയാല്‍ പഴയ നിയമത്തിലെവിടെയാണ് യേശുക്രിസ്തുവിനെ കാണാന്‍ കഴിയുന്നതെന്ന ദാവാക്കാരുടെ ചോദ്യത്തിന് ഉത്തരം നമുക്ക് എളുപ്പത്തില്‍ പിടികിട്ടും! ഈ പഠനത്തില്‍ നമ്മള്‍ അത് മനസ്സിലാക്കാന്‍ പോവുകയാണ്.
“യഹോവയുടെ ദൂതന്‍” എന്നതിന് ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം “മലഖ് യഹോവ” എന്നാണു. ‘യഹോവയുടെ മാലാഖ’ എന്ന് അര്‍ത്ഥം. ഉല്‍പത്തി 16:7-13 വരെയുള്ള വാക്യങ്ങളില്‍ ആണ് ഈ ദൂതനെ നാം ആദ്യമായി കാണുന്നത്. അവിടെ നാം ഇങ്ങനെ വായിക്കുന്നു:
“പിന്നെ യഹോവയുടെ ദൂതന്മാരുഭൂമിയില്‍ ഒരു നീരുറവിന്‍റെ അരികെ, ശൂരിനു പോകുന്ന നീരുറവിന്‍റെ അരികെ വെച്ചുതന്നെ അവളെ കണ്ടു. സാറായിയുടെ ദാസിയായ ഹാഗാരേ, നീ എവിടെ നിന്ന് വരുന്നു? എവിടേക്ക് പോകുന്നു എന്ന് ചോദിച്ചു. അതിനു അവള്‍: ഞാന്‍ എന്‍റെ യജമാനത്തി സാറായിയെ വിട്ടു ഓടിപ്പോകയാകുന്നു എന്ന് പറഞ്ഞു. യഹോവയുടെ ദൂതന്‍ അവളോട്: നിന്‍റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്നു അവൾക്കു കീഴടങ്ങിയിരിക്ക എന്നു കല്പിച്ചു. യഹോവയുടെ ദൂതൻ പിന്നെയും അവളോടു: ഞാൻ നിന്‍റെ സന്തതിയെ ഏറ്റവും വർദ്ധിപ്പിക്കും; അതു എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും. നീ ഗർഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്‍റെ സങ്കടം കേൾക്കകൊണ്ടു അവന്നു യിശ്മായേൽ എന്നു പേർ വിളിക്കേണം; അവൻ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ ആയിരിക്കും: അവന്‍റെ കൈ എല്ലാവർക്കും വിരോധമായും എല്ലാവരുടെയും കൈ അവന്നു വിരോധമായും ഇരിക്കും; അവൻ തന്‍റെ സകല സഹോദരന്മാർക്കും എതിരെ പാർക്കും എന്നു അരുളിച്ചെയ്തു. എന്നാറെ അവൾ: എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോടു അരുളിച്ചെയ്ത യഹോവക്കു: ദൈവമേ, നീ എന്നെ കാണുന്നു എന്നു പേർ വിളിച്ചു.”
ഇവിടെ യഹോവയുടെ ദൂതന്‍ എന്ന് ആദ്യം പറഞ്ഞിട്ട് 11, 13 വാക്യങ്ങളില്‍ ആ ദൂതനെ യഹോവ എന്ന് പറഞ്ഞിരിക്കുന്നു. ഹാഗാര്‍ തന്‍റെ സങ്കടം പറഞ്ഞത് യഹോവയുടെ ദൂതനോടാണ്. പക്ഷെ യാഹോവയാണ് അവളുടെ സങ്കടം കേട്ടത് എന്ന് പറഞ്ഞിരിക്കുന്നു. അവളോട് സംസാരിച്ചത് യഹോവയുടെ ദൂതനാണ്. പക്ഷെ അവളോട് അരുളിച്ചെയ്തതു യഹോവ തന്നെയാണ് എന്ന് 13-ം വാക്യത്തില്‍ പറഞ്ഞിരിക്കുന്നു. മാത്രമല്ല, “ഞാൻ നിന്‍റെ സന്തതിയെ ഏറ്റവും വർദ്ധിപ്പിക്കും” എന്ന് പറയാന്‍ ഒരു ദൂതന് കഴിയുകയില്ല എന്നതും നമ്മള്‍ ഓര്‍ത്തിരിക്കണം.
അടുത്തത് യഹോവയുടെ ദൂതന്‍ പ്രത്യക്ഷപ്പെടുന്നത് ഉല്‍പത്തി 22-മധ്യായത്തിലാണ്. അബ്രഹാം തന്‍റെ മകനായ യിസഹാക്കിനെ യാഗമര്‍പ്പിക്കാന്‍ പോകുന്നതാണ് സന്ദര്‍ഭം. ഉല്‍പത്തി 22:9-18 വരെയുള്ള ഭാഗത്ത് നാം ഇപ്രകാരം വായിക്കുന്നു:
“ദൈവം കല്പിച്ചിരുന്ന സ്ഥലത്തു അവർ എത്തി; അബ്രാഹാം ഒരു യാഗപീഠം പണിതു, വിറകു അടുക്കി, തന്‍റെ മകൻ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേൽ വിറകിന്മീതെ കിടത്തി. പിന്നെ അബ്രാഹാം കൈ നീട്ടി തന്‍റെ മകനെ അറുക്കേണ്ടതിന്നു കത്തി എടുത്തു. ഉടനെ യഹോവയുടെ ദൂതൻ ആകാശത്തുനിന്നു: അബ്രാഹാമേ, അബ്രാഹാമേ, എന്നു വിളിച്ചു; ഞാൻ ഇതാ, എന്നു അവൻ പറഞ്ഞു. ബാലന്‍റെ മേൽ കൈവെക്കരുതു; അവനോടു ഒന്നും ചെയ്യരുതു; നിന്‍റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു എന്നു അവൻ അരുളിച്ചെയ്തു. അബ്രാഹാം തലപൊക്കി നോക്കിയപ്പോൾ പിമ്പുറത്തു ഒരു ആട്ടുകൊറ്റൻ കൊമ്പു കാട്ടിൽ പിടിപെട്ടു കിടക്കുന്നതു കണ്ടു; അബ്രാഹാം ചെന്നു ആട്ടുകൊറ്റനെ പിടിച്ചു തന്‍റെ മകന്നു പകരം ഹോമയാഗം കഴിച്ചു. അബ്രാഹാം ആ സ്ഥലത്തിന്നു യഹോവ-യിരേ എന്നു പേരിട്ടു. യഹോവയുടെ പർവ്വതത്തിൽ അവൻ പ്രത്യക്ഷനാകും എന്നു ഇന്നുവരെയും പറഞ്ഞുവരുന്നു. യഹോവയുടെ ദൂതൻ രണ്ടാമതും ആകാശത്തുനിന്നു അബ്രാഹാമിനോടു വിളിച്ചു അരുളിച്ചെയ്തതു: നീ ഈ കാര്യം ചെയ്തു, നിന്‍റെ ഏകജാതനായ മകനെ തരുവാൻ മടിക്കായ്കകൊണ്ടു ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്‍റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്‍റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്‍റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്‍റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.”
ഇവിടെയും യഹോവയുടെ ദൂതനെ യഹോവ എന്ന് വിളിച്ചിരിക്കുന്നത് കാണാം. “യഹോവ-യിരെ” എന്നാല്‍ “യഹോവ കരുതിക്കൊള്ളും” എന്നാണ് അര്‍ത്ഥം. “യഹോവയുടെ പർവ്വതത്തിൽ അവൻ പ്രത്യക്ഷനാകും” എന്ന് പറയുന്നുണ്ടെങ്കിലും അവിടെ പ്രത്യക്ഷനായത് യഹോവയുടെ ദൂതനായിരുന്നു. ഒരു ദൂതന് ഒരിക്കലും പറയാന്‍ കഴിയാത്തതും പറയാന്‍ അനുവാദവുമില്ലാത്തതായ വാക്കുകളാണ് 17,18 വാക്യങ്ങളില്‍ ഉള്ളത്. യഹോവയുടെ ദൂതനാണ് അബ്രാഹാമിനോടു സംസാരിക്കുന്നതെങ്കിലും “യഹോവ അരുളിച്ചെയ്യുന്നു” എന്നാണു അവസാനം പറഞ്ഞിരിക്കുന്നത്. മാത്രമല്ല, ഇവിടെ യഹോവയുടെ ദൂതനാണ് “ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു” എന്ന് പറയുന്നത്. എന്നാല്‍ എബ്രായ ലേഖനത്തിലേക്ക് നാം വരുമ്പോള്‍, എബ്രായ ലേഖനകാരന്‍ പറയുന്നത്: “ദൈവം അബ്രാഹാമിനോടു വാഗ്ദത്തം ചെയ്യുമ്പോള്‍തന്നെക്കാള്‍ വലിയവനെക്കൊണ്ട് സത്യം ചെയ്യുവാന്‍ ഇല്ലാതിരുന്നിട്ടു തന്നെക്കൊണ്ടുതന്നെ സത്യം ചെയ്തു: ‘ഞാന്‍ നിന്നെ അനുഗ്രഹിക്കുകയും നിന്നെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും’ എന്ന് അരുളിച്ചെയ്തു” എന്ന് പറയുന്നു (എബ്രായ.6:13,14). യഹോവ തന്നെയാണ് അബ്രാഹാമിനോടു സത്യം ചെയ്തത് എന്ന് ഇവിടെനിന്ന് നമുക്ക് മനസ്സിലാകുന്നു.
യഹോവയുടെ ദൂതന്‍ പ്രത്യക്ഷനാകുന്ന അടുത്ത വേദഭാഗം പുറപ്പാട് മൂന്നാം അധ്യായമാണ്.
“അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്‍റെ നടുവിൽനിന്നു അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി. അവൻ നോക്കിയാറെ മുൾപടർപ്പു തീ പിടിച്ചു കത്തുന്നതും മുൾപടർപ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു. മുൾപടർപ്പു വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്നു ഞാൻ ചെന്നു നോക്കട്ടെ എന്നു മോശെ പറഞ്ഞു. നോക്കേണ്ടതിന്നു അവൻ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്‍റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു. അപ്പോൾ അവൻ: ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു. ഞാൻ അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവുമായി, നിന്‍റെ പിതാവിന്‍റെ ദൈവം ആകുന്നു എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി. യഹോവ അരുളിച്ചെയ്തതു: മിസ്രയീമിലുള്ള എന്‍റെ ജനത്തിന്‍റെ കഷ്ടത ഞാൻ കണ്ടു കണ്ടു; ഊഴിയവിചാരകന്മാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു. അവരെ മിസ്രയീമ്യരുടെ കയ്യിൽനിന്നു വിടുവിപ്പാനും ആ ദേശത്തുനിന്നു നല്ലതും വിശാലവുമായ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു, കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നവരുടെ സ്ഥലത്തേക്കു അവരെ കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു. യിസ്രായേൽമക്കളുടെ നിലവിളി എന്‍റെ അടുക്കൽ എത്തിയിരിക്കുന്നു; മിസ്രയീമ്യർ അവരെ ഞെരുക്കുന്ന ഞെരുക്കവും ഞാൻ കണ്ടിരിക്കുന്നു. ആകയാൽ വരിക; നീ എന്‍റെ ജനമായ യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കേണ്ടതിന്നു ഞാൻ നിന്നെ ഫറവോന്‍റെ അടുക്കൽ അയക്കും.
മോശെ ദൈവത്തോടു: ഫറവോന്‍റെ അടുക്കൽ പോകുവാനും യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിപ്പാനും ഞാൻ എന്തു മാത്രമുള്ളു എന്നു പറഞ്ഞു. അതിന്നു അവൻ: ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ ജനത്തെ മിസ്രയീമിൽനിന്നു കൂട്ടിക്കൊണ്ടു വരുമ്പോൾ നിങ്ങൾ ഈ പർവ്വതത്തിങ്കൽ ദൈവത്തെ ആരാധിക്കുമെന്നുള്ളതു ഞാൻ നിന്നെ അയച്ചതിന്നു അടയാളം ആകും എന്നു അരുളിച്ചെയ്തു. മോശെ ദൈവത്തോടു: ഞാൻ യിസ്രായേൽമക്കളുടെ അടുക്കൽ ചെന്നു: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറയുമ്പോൾ: അവന്‍റെ നാമം എന്തെന്നു അവർ എന്നോടു ചോദിച്ചാൽ ഞാൻ അവരോടു എന്തു പറയേണം എന്നു ചോദിച്ചു. അതിന്നു ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു. ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്‍റെ നാമവും തലമുറ തലമുറയായി എന്‍റെ ജ്ഞാപകവും ആകുന്നു. നീ ചെന്നു യിസ്രായേൽമൂപ്പന്മാരെ കൂട്ടി അവരോടു: അബ്രാഹാമിന്‍റേയും യിസ്ഹാക്കിന്‍റേയും യാക്കോബിന്‍റേയും ദൈവമായി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്കു പ്രത്യക്ഷനായി കല്പിച്ചതു: ഞാൻ നിങ്ങളെയും മിസ്രയീമിൽ അവർ നിങ്ങളോടു ചെയ്യുന്നതിനെയും സന്ദർശിക്കുന്നു. മിസ്രയീമിലെ കഷ്ടതയിൽനിന്നു കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകുവാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു എന്നു പറക. എന്നാൽ അവർ നിന്‍റെ വാക്കു കേൾക്കും. അപ്പോൾ നീയും യിസ്രായേൽ മൂപ്പന്മാരും മിസ്രയീം രാജാവിന്‍റെ അടുക്കൽ ചെന്നു അവനോടു: എബ്രായരുടെ ദൈവമായ യഹോവ ഞങ്ങൾക്കു വെളിപ്പെട്ടുവന്നിരിക്കുന്നു. ആകയാൽ ഞങ്ങൾ മൂന്നു ദിവസത്തെ വഴി മരുഭൂമിയിൽ ചെന്നു ഞങ്ങളുടെ ദൈവമായ യഹോവെക്കു യാഗം കഴിക്കട്ടെ എന്നു പറവിൻ. എന്നാൽ മിസ്രയീംരാജാവു ഭുജബലംകൊണ്ടല്ലാതെ നിങ്ങളെ പോകുവാൻ സമ്മതിക്കയില്ല എന്നു ഞാൻ അറിയുന്നു. അതുകൊണ്ടു ഞാൻ എന്‍റെ കൈ നീട്ടി മിസ്രയീമിന്‍റെ നടുവിൽ ചെയ്‍വാനിരിക്കുന്ന അത്ഭുതങ്ങളെക്കൊണ്ടൊക്കെയും അതിനെ ദണ്ഡിപ്പിക്കും; അതിന്‍റെ ശേഷം അവൻ നിങ്ങളെ വിട്ടയക്കും.” (പുറപ്പാട് 3:2-20)
ഇവിടെ യഹോവയുടെ ദൂതന്‍ എന്ന് ആരംഭത്തില്‍ പറഞ്ഞിട്ട് പിന്നെ പറയുന്നത് മുഴുവന്‍ യഹോവ എന്നും ദൈവം എന്നുമാണ്. “ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക” എന്നുള്ളത് പരിശുദ്ധനായ ദൈവത്തിനല്ലാതെ ഒരു ദൂതന് ഒരിക്കലും പറയാന്‍ പറ്റാത്ത കാര്യമാണ്. ദൂതന്മാര്‍ മനുഷ്യരുടെ മുന്‍പില്‍ പ്രത്യക്ഷമായ അനേകം സന്ദര്‍ഭങ്ങള്‍ ബൈബിളില്‍ കാണാം. അപ്പോഴൊന്നും ഇങ്ങനെയൊരു നിര്‍ദ്ദേശം ഒരു ദൂതനും കൊടുക്കുന്നില്ല. മാത്രമല്ല, “ഞാൻ അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവുമായി, നിന്‍റെ പിതാവിന്‍റെ ദൈവം ആകുന്നു” എന്ന് ഒരു ദൂതന് ഒരിക്കലും പറയുകയുമില്ല, അത് ദൈവദൂഷണമാണ്!! “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്കു പ്രത്യക്ഷനായി” എന്ന് യിസ്രായേല്‍ മൂപ്പന്മാരോട് പറയുവാന്‍ ഈ ദൂതന്‍ മോശെയോടു ആവശ്യപ്പെടുന്നതില്‍നിന്നും ഇത് കേവലം ഒരു ദൂതനല്ല, സര്‍വ്വശക്തനായ ദൈവം തന്നെയായിരുന്നു എന്ന് മനസ്സിലാക്കാം.
അടുത്തതായി യഹോവയുടെ ദൂതന്‍ പ്രത്യക്ഷനാകുന്നത് ന്യായാധിപന്മാരുടെ പുസ്തകത്തിലാണ്:
“അനന്തരം യഹോവയുടെ ഒരു ദൂതൻ വന്നു ഒഫ്രയിൽ അബിയേസ്ര്യനായ യോവാശിന്‍റെ കരുവേലകത്തിൻ കീഴെ ഇരുന്നു; അവന്‍റെ മകനായ ഗിദെയോൻ കോതമ്പു മിദ്യാന്യരുടെ കയ്യിൽ പെടാതിരിക്കേണ്ടതിന്നു മുന്തിരിച്ചക്കിന്നരികെ വെച്ചു മെതിക്കയായിരുന്നു. യഹോവയുടെ ദൂതൻ അവന്നു പ്രത്യക്ഷനായി: അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ടു എന്നു അവനോടു പറഞ്ഞു. ഗിദെയോൻ അവനോടു: അയ്യോ, യജമാനനേ, യഹോവ നമ്മോടു കൂടെ ഉണ്ടെങ്കിൽ നമുക്കു ഇതു ഒക്കെ ഭവിക്കുന്നതു എന്തു? യഹോവ നമ്മെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു എന്നു നമ്മുടെ പിതാക്കന്മാർ നമ്മോടു അറിയിച്ചിട്ടുള്ള അവന്‍റെ അത്ഭുതങ്ങൾ ഒക്കെയും എവിടെ? ഇപ്പോൾ യഹോവ നമ്മെ ഉപേക്ഷിച്ചു മിദ്യാന്യരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അപ്പോൾ യഹോവ അവനെ നോക്കി: നിന്‍റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരുടെ കയ്യിൽനിന്നു രക്ഷിക്കും; ഞാനല്ലയോ നിന്നെ അയക്കുന്നതു എന്നു പറഞ്ഞു. അവൻ അവനോടു: അയ്യോ, കർത്താവേ, ഞാൻ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയിൽ എന്‍റെ കുലം എളിയതും എന്‍റെ കുടുംബത്തിൽവെച്ചു ഞാൻ ചെറിയവനും അല്ലോ എന്നു പറഞ്ഞു. യഹോവ അവനോടു: ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ മിദ്യാന്യരെ ഒരു ഒറ്റ മനുഷ്യനെപ്പോലെ തോല്പിക്കും എന്നു കല്പിച്ചു. അതിന്നു അവൻ: നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ എന്നോടു സംസാരിക്കുന്നതു നീ തന്നേ എന്നതിന്നു ഒരു അടയാളം കാണിച്ചു തരേണമേ. ഞാൻ പോയി എന്‍റെ വഴിപാടു കൊണ്ടുവന്നു നിന്‍റെ മുമ്പാകെ വെക്കുവോളം ഇവിടെനിന്നു പോകരുതേ എന്നു അവനോടു പറഞ്ഞു. നീ മടങ്ങിവരുവോളം ഞാൻ താമസിക്കാം എന്നു അവൻ അരുളിച്ചെയ്തു. അങ്ങനെ ഗിദെയോൻ ചെന്നു ഒരു കോലാട്ടിൻ കുട്ടിയെയും ഒരു പറ മാവുകൊണ്ടു പുളിപ്പില്ലാത്ത വടകളെയും ഒരുക്കി മാംസം ഒരു കൊട്ടയിൽവെച്ചു ചാറു ഒരു കിണ്ണത്തിൽ പകർന്നു കരുവേലകത്തിൻ കീഴെ കൊണ്ടുവന്നു അവന്‍റെ മുമ്പിൽ വെച്ചു. അപ്പോൾ ദൈവത്തിന്‍റെ ദൂതൻ അവനോടു: മാംസവും പുളിപ്പില്ലാത്ത വടകളും എടുത്തു ഈ പാറമേൽ വെച്ചു ചാറു അതിന്മേൽ ഒഴിക്ക എന്നു കല്പിച്ചു; അവൻ അങ്ങനെ ചെയ്തു. യഹോവയുടെ ദൂതൻ കയ്യിലുള്ള വടിയുടെ അറ്റംകൊണ്ടു മാംസവും പുളിപ്പില്ലാത്ത വടയും തൊട്ടു; ഉടനെ പാറയിൽനിന്നു തീ പുറപ്പെട്ടു മാംസവും പുളിപ്പില്ലാത്ത വടയും ദഹിപ്പിച്ചു; യഹോവയുടെ ദൂതൻ അവന്‍റെ കണ്ണിന്നു മറഞ്ഞു. അവൻ യഹോവയുടെ ദൂതൻ എന്നു ഗിദെയോൻ കണ്ടപ്പോൾ: അയ്യോ, ദൈവമായ യഹോവേ, ഞാൻ യഹോവയുടെ ദൂതനെ അഭിമുഖമായി കണ്ടു പോയല്ലോ എന്നു പറഞ്ഞു. യഹോവ അവനോടു: നിനക്കു സമാധാനം: ഭയപ്പെടേണ്ടാ, നീ മരിക്കയില്ല എന്നു അരുളിച്ചെയ്തു. ഗിദെയോൻ അവിടെ യഹോവെക്കു ഒരു യാഗപീഠം പണിതു അതിന്നു യഹോവ ശലോം എന്നു പേരിട്ടു; അതു ഇന്നുവരെയും അബീയേസ്ര്യർക്കുള്ള ഒഫ്രയിൽ ഉണ്ടു.” (ന്യായാ.6:11-24).
ഇവിടെയും യഹോവയുടെ ദൂതന്‍ എന്ന പേരില്‍ പ്രത്യക്ഷമായത് യഹോവ തന്നെയാണ് എന്ന് നമുക്ക് സൂക്ഷ്മ പരിശോധനയില്‍ വ്യക്തമാകുന്നു. “ഞാനല്ലയോ നിന്നെ അയക്കുന്നതു,” “ഞാൻ നിന്നോടുകൂടെ ഇരിക്കും” എന്ന പദപ്രയോഗങ്ങള്‍ ശ്രദ്ധിക്കുക. മാത്രമല്ല, യഹോവയുടെ ദൂതനാണത് എന്ന് കണ്ടപ്പോള്‍ത്തന്നെ ഗിദെയോനു കാര്യം മനസ്സിലായി, അതാരാണെന്ന്. അതുകൊണ്ടാണ് അവന്‍ ഭയന്ന് നിലവിളിക്കുന്നത്. അവന്‍റെ ഭയത്തിന്‍റെ കാരണം മോശെയോടു യഹോവയായ ദൈവം പറഞ്ഞിട്ടുള്ള ഒരു വാക്കാണ് : “നിനക്ക് എന്‍റെ മുഖം കാണാന്‍ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല” (പുറ.33:21) എന്ന യഹോവയുടെ വചനം അനുസരിച്ച് താന്‍ മരിച്ചുപോകുമെന്ന് ഗിദേയോന്‍ ഭയന്നതു കൊണ്ടാണ് അവന്‍ നിലവിളിക്കുന്നത്. അവന്‍റെ ഈ ഭയം മനസ്സിലാക്കിയതിനാലാണ് യഹോവ പറയുന്നത് “നിനക്കു സമാധാനം: ഭയപ്പെടേണ്ടാ, നീ മരിക്കയില്ല” എന്ന്. ഇവിടെയും യഹോവയുടെ ദൂതന്‍ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ടത് യഹോവ തന്നെ ആയിരുന്നു എന്ന് വ്യക്തമായി നമുക്ക് മനസ്സിലാകുന്നു. (പഠനം തുടരാം…)