ക്രൂശീകരണം, സുവിശേഷ വിവരണങ്ങളിലെ വ്യത്യസ്തതകള്‍ എന്തുകൊണ്ട്?
ചോദ്യം:
ബൈബിളില്‍ ക്രൂശീകരണ സംഭവത്തെപ്പറ്റി നാല് സുവിശേഷങ്ങളിലും കാണുന്ന വിവരണങ്ങളില്‍ വൈരുദ്ധ്യമുണ്ടല്ലോ. ഇത് ക്രൂശീകരണം നടന്നിട്ടില്ല എന്നതിനെ സാധൂകരിക്കുന്ന സംഗതിയല്ലേ?
മറുപടി:
ദാവാക്കാര്‍ എപ്പോഴും ക്രിസ്ത്യാനികളെ ആശയക്കുഴപ്പത്തിലാക്കുവാന്‍ അക്ഷീണം പ്രയത്നിക്കുന്നവരാണ്. ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒരു സംഭവത്തിന്‍റെ സന്ദര്‍ഭവും ചരിത്ര പശ്ചാത്തലവും നോക്കാതെ അതിനെ വ്യാഖ്യാനിക്കുക, ബൈബിളില്‍ പല സന്ദര്‍ഭങ്ങളിലായി പല പുസ്തകങ്ങളില്‍ പറഞ്ഞിരിക്കുന്നത് തങ്ങളുടെ വികല വ്യാഖ്യാനത്തിനു വേണ്ടി ഒരുമിച്ചു ചേര്‍ത്തു പറയുക, ഒരു സംഭവത്തെ പല എഴുത്തുകാര്‍ രേഖപ്പെടുത്തുമ്പോള്‍ വിവരണങ്ങളിലും വിശദീകരണങ്ങളിലും വരുന്ന സ്വാഭാവികമായ വ്യത്യാസങ്ങളെ “വൈരുധ്യങ്ങള്‍” എന്ന് പറഞ്ഞു എടുത്തു കാണിക്കുക തുടങ്ങിയവയെല്ലാം അവരുടെ പതിവ് കുതന്ത്രങ്ങളാണ്. ആ കുതന്ത്രത്തില്‍ അവര്‍ സാധാരണ കൊണ്ടുവരാറുള്ള ഒരു വാദമാണ് “ക്രൂശീകരണം നടന്നിട്ടില്ല എന്ന് ബൈബിള്‍ തന്നെ പറയുന്നുണ്ട്” എന്നത്. ബൈബിളില്‍ വലിയ പരിജ്ഞാനം ഒന്നുമില്ലാത്ത പാവം ക്രിസ്ത്യാനികളെ ഇങ്ങനെ പറഞ്ഞു പറ്റിച്ചു തങ്ങളുടെ മതത്തിലേക്ക് ചേര്‍ക്കാന്‍ ഇതൊരു നല്ല മാര്‍ഗ്ഗമാണെന്നു അവര്‍ ചിന്തിക്കുന്നുണ്ടാകും.
തങ്ങളുടെ വ്യാജവാദം “തെളിയിക്കാന്‍” ഇവര്‍ കൊണ്ടുവരുന്ന തെളിവുകള്‍ നാല് സുവിശേഷങ്ങളിലും ക്രൂശീകരണത്തെപ്പറ്റി പറയുമ്പോള്‍ വിശദീകരണങ്ങളില്‍ വരുന്ന വൈവിധ്യമാണ്. ഇവര്‍ കൊണ്ടുവരുന്ന തെളിവുകള്‍ കാശിനു വിലയില്ലാത്തതാണ്. ഒരു ഉദാഹരണം നോക്കുക: “യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ടതു രണ്ടു കള്ളന്മാര്‍ ആണെന്ന് മത്തായിയും (മത്താ.27:38) മര്‍ക്കോസും (മാര്‍ക്കോസ്.15:27) രേഖപ്പെടുത്തുമ്പോള്‍ “അവര്‍ ദുഷ്പ്രവര്‍ത്തിക്കാര്‍ ആയിരുന്നു” എന്നാണു ലൂക്കോസ് (ലൂക്കോ.23:33) പറയുന്നത്, ഇത് വൈരുദ്ധ്യമാണത്രേ! മോഷണം എന്ന് പറയുന്നത് ദുഷ്പ്രവൃത്തിയല്ല, സത്പ്രവൃത്തിയാണെന്നാണ് ഇവര്‍ ധരിച്ചു വെച്ചിരിക്കുന്നതെന്ന് തോന്നുന്നു.
സുവിശേഷങ്ങള്‍ നാലും രചിക്കപ്പെട്ടത് നാലു വ്യത്യസ്ത വ്യക്തികളാലാണ്. ദൈവാത്മപ്രേരിതരായാണ് അവര്‍ അത് രേഖപ്പെടുത്തിവെച്ചത്. പരിശുദ്ധാത്മാവിന്‍റെ നിയന്ത്രണത്തിലായിരുന്നു അവര്‍ ആ കൃത്യം നിര്‍വഹിച്ചതെങ്കിലും വെറും കേട്ടെഴുത്തുകാര്‍ ആയിരുന്നില്ല ആ നാലു പേരും. അവരവരുടെ ശൈലിയില്‍ ആണ് അവര്‍ അത് എഴുതിയിരിക്കുന്നത്. അവരുടെ തൊഴിലിന്‍റെ സ്വാധീനം ഓരോരുത്തരുടെ എഴുത്തുകളില്‍ കാണാന്‍ കഴിയും. ഉദാഹരണത്തിന് വൈദ്യനായിരുന്ന ലൂക്കോസിന്‍റെ സുവിശേഷം പരിശോധിച്ചാല്‍, യേശുക്രിസ്തു രോഗസൗഖ്യം നല്‍കുന്ന ഇടങ്ങളില്‍ എല്ലാം ഒരു വൈദ്യന്‍റെ നിരീക്ഷണ പാടവത്തോടെയാണ് ആ ഭാഗങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കാണാം. ലൂക്കോസ് തന്നെ എഴുതിയ അപ്പോസ്തലപ്രവൃത്തിയില്‍ നിന്ന് ഒരു ഭാഗം നോക്കാം. “അപ്പോള്‍ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു; നസറായനായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ നടക്ക എന്നു പറഞ്ഞു. അവനെ വലങ്കൈക്കൂ പിടിച്ചു എഴുന്നേല്പിച്ചു; ക്ഷണത്തില്‍ അവന്‍റെ കാലും നരിയാണിയും ഉറെച്ചു; അവന്‍ കുതിച്ചെഴുന്നേറ്റു നടന്നു; നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയും കൊണ്ടു അവരോടുകൂടെ ദൈവാലയത്തില്‍ കടന്നു” (അപ്പൊ.3:6-8). “ക്ഷണത്തില്‍ അവന്‍റെ കാലും നരിയാണിയും ഉറെച്ചു” എന്ന പദപ്രയോഗം ശ്രദ്ധിക്കുക. മറ്റൊരു സുവിശേഷകന്മാരും ഇങ്ങനെയൊരു പദപ്രയോഗം നടത്തുന്നില്ല. ലൂക്കോസ് ഒരു വൈദ്യന്‍ ആയതു കൊണ്ടാണ് കാലിനേയും നരിയാണിയേയും കുറിച്ച് പറയുന്നത്. സുവിശേഷം രേഖപ്പെടുത്തുമ്പോള്‍ ഇപ്രകാരം പദങ്ങള്‍ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം പരിശുദ്ധാത്മാവ് എഴുത്തുകാര്‍ക്ക് നല്‍കിയിരുന്നു.
ഒരു സംഭവം നാലു പേര്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നാലുപേരുടെ റിപ്പോര്‍ട്ടും ഒരുപോലെതന്നെ ആയിരിക്കുമോ? മുഖ്യമന്ത്രി പങ്കെടുത്ത ഒരു പരിപാടിയെക്കുറിച്ച് പിറ്റെന്നാളത്തെ നാലു പത്രങ്ങളില്‍ വായിച്ചു നോക്കുക. അടിസ്ഥാനപരമായ കാര്യങ്ങള്‍ നാലുപത്രങ്ങളിലും ഒരുപോലെ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും അപ്പോള്‍ത്തന്നെ വിശദീകരണങ്ങളില്‍ വൈവിധ്യം ഉണ്ടായിരിക്കുകയും ചെയ്യും. അങ്ങനെ വിശദീകരണങ്ങളില്‍ വൈവിധ്യം ഉണ്ടായിട്ടില്ലെങ്കില്‍ അതിനര്‍ത്ഥം നാലുപേരും കൂടിയിരുന്നു ഒരുമിച്ചു തീരുമാനിച്ചു എഴുതിവെച്ചതാണ് ആ റിപ്പോര്‍ട്ട് എന്നാണു. അത് ആ വാര്‍ത്തയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിക്കളയുന്നു.
ഇവിടെ അടിസ്ഥാനപരമായ കാര്യം യേശുവിന്‍റെ മരണമാണ്. അതും കുരിശില്‍ തറയ്ക്കപ്പെട്ടുള്ള മരണം. ആ വധശിക്ഷ നടപ്പിലാക്കുന്നത് റോമാക്കാര്‍ ആണ്. ഈ അടിസ്ഥാനകാര്യത്തില്‍ നാല് സുവിശേഷകരും ഒരുപോലെ യോജിപ്പ് പ്രകടിപ്പിക്കുന്നു. യേശു മരിച്ചില്ല എന്ന് ഈ നാല് പേരില്‍ ഒരാളും പറഞ്ഞിട്ടില്ല. കുരിശില്‍ തറച്ചല്ല, കല്ലെറിഞ്ഞാണ് യേശുവിനെ കൊന്നത് എന്നാരും രേഖപ്പെടുത്തിയിട്ടില്ല. റോമാക്കാരല്ല, യഹൂദന്മാരാണ് യേശുവിനെ വധിച്ചത് എന്ന് ഈ നാല് പേരില്‍ ആരും എഴുതി വെച്ചിട്ടില്ല. അപ്പോള്‍ അടിസ്ഥാനപരമായ കാര്യത്തില്‍ നാല് പേരും ഒരുപോലെ യോജിപ്പ് പ്രകടിപ്പിക്കുന്നു എന്ന സത്യം അംഗീകരിക്കുക.
ഇവിടെ ചോദിച്ച കാര്യം വിശദീകരണങ്ങളില്‍ വരുന്നതാണ്. മരണ സമയത്തെ സംഭവങ്ങള്‍ നാലുപേരും വിശദമായി വിവരിക്കുന്നു. ഇതില്‍ ഒരാള്‍ പറയുന്നത് മറ്റൊരാള്‍ വിട്ടുകളയുന്നു, അയാള്‍ പറയുന്നത് വേറെ ഒരാള്‍ വിട്ടു കളയുന്നു. അത് സാധാരണ സംഗതിയാണ്. ഈ നാല് സുവിശേഷങ്ങളും ഒരുമിച്ചു വെച്ച് പഠിക്കുമ്പോള്‍ ക്രൂശീകരണ ദിവസം നടന്ന സംഭവങ്ങളുടെ വിശദമായ ചിത്രം നമുക്ക് ലഭിക്കുന്നു. നാലുപേരും ഒരേപോലെ എഴുതി വെയ്ക്കാനാണെങ്കില്‍ എന്തിനാണ് നാല് സുവിശേഷങ്ങള്‍, ഒരാള്‍ എഴുതിയത് പോരേ?
നാല് സുവിശേഷങ്ങളും നാല് രീതിയില്‍ ആണ് യേശുവിനെ അവതരിപ്പിക്കുന്നത്. മത്തായി യഹൂദന്മാരുടെ രാജാവായും മാര്‍ക്കോസ് ദൈവത്തിന്‍റെ ദാസനായും ലൂക്കോസ് സമ്പൂര്‍ണ്ണ മനുഷ്യനായും യോഹന്നാന്‍ സത്യദൈവമായും തങ്ങളുടെ സുവിശേഷങ്ങളിലൂടെ യേശുവിനെ അവതരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ, തങ്ങള്‍ അവതരിപ്പിക്കുന്ന വ്യക്തിത്വത്തെ ഉയര്‍ത്തിക്കാണിക്കത്തക്കവണ്ണം പ്രാധാന്യമുള്ള കാര്യങ്ങള്‍ ഓരോരുത്തര്‍ രേഖപ്പെടുത്തുകയും മറ്റുള്ളത് അവഗണിക്കുകയും ചെയ്തു. അതുകൊണ്ടാണ് വിശദീകരണങ്ങളില്‍ ഈ വൈവിധ്യം വന്നത്.
പക്ഷേ, ഖുര്‍ആന്‍ ഇങ്ങനെ പല ആളുകളാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഗ്രന്ഥമല്ല. അത് അല്ലാഹു ജിബ്രീലിനു പറഞ്ഞുകൊടുത്തു ജിബ്രീല്‍ മുഹമ്മദിനോട് പറഞ്ഞു മുഹമ്മദ് സ്വഹാബിമാരോട് പറഞ്ഞു അവര്‍ അതൊക്കെ എഴുതിയെടുത്തു ജനത്തെ പഠിപ്പിച്ച സംഗതിയാണ്. ചുരുക്കത്തില്‍ അല്ലാഹു അവതരിപ്പിച്ചതാണ് അത്. അപ്പോള്‍ ഈ വിധമുള്ള വിശദീകരണങ്ങളിലെ വ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ഒരാള്‍ താന്‍ ദൃക്സാക്ഷിയായ ഒരു കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത് എവിടെയും ഒരുപോലെ ആയിരിക്കണം. ഒരിടത്ത് പറഞ്ഞതില്‍നിന്നും വ്യത്യസ്തമായി മറ്റൊരിടത്ത് റിപ്പോര്‍ട്ട് ചെയ്‌താല്‍ അതിനര്‍ത്ഥം ഒന്നുകില്‍ അയാള്‍ നുണ പറഞ്ഞു, അല്ലെങ്കില്‍ ആദ്യത്തെ റിപ്പോര്‍ട്ടിംഗിന്‍റെ സമയത്ത് അയാള്‍ക്ക് മറവി ബാധിച്ചിരുന്നു എന്നതാണ്. നമുക്ക് ഒരേ സംഭവം ഖുര്‍ആനില്‍ പലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് നോക്കാം:
“ലൂത്തിനെയും (നാം അയച്ചു.) അദ്ദേഹം തന്‍റെ ജനതയോട്, നിങ്ങള്‍ക്ക് മുന്‍പ് ലോകരില്‍ ഒരാളും തന്നെ ചെയ്തിട്ടില്ലാത്ത ഈ നീച വൃത്തിക്ക് നിങ്ങള്‍ ചെല്ലുകയോ എന്ന് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക).
സ്ത്രീകളെ വിട്ടു പുരുഷന്മാരുടെ അടുത്തുതന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ടു പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു.
ഇവരെ നിങ്ങളുടെ നാട്ടില്‍നിന്നു പുറത്താക്കുക, ഇവര്‍ പരിശുദ്ധി പാലിക്കുന്ന ആളുകളാകുന്നു എന്ന് പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി” (സൂറാ.7:80-82).
“എന്ന് പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി” എന്ന അല്ലാഹുവിന്‍റെ വാക്കുകള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത് മാത്രമായിരുന്നു അവര്‍ പറഞ്ഞത് എന്ന് പറഞ്ഞാല്‍ വേറെ ഒന്നും അവര്‍ പറഞ്ഞിട്ടില്ല എന്നാണു അതിനര്‍ത്ഥം. ഇനി നമുക്ക് സൂറാ.27:56-നോക്കാം:
“ലൂത്തിന്‍റെ അനുയായികളെ നിങ്ങളുടെ രാജ്യത്തുനിന്നും പുറത്താക്കുക, അവര്‍ ശുദ്ധിപാലിക്കുന്ന കുറേ ആളുകളാകുന്നു’ എന്ന് പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി.”
രണ്ടു വിവരണങ്ങളിലുമുള്ള വ്യത്യാസം ശ്രദ്ധിച്ചിരിക്കുമല്ലോ? ഇതില്‍ ഏതാണ് ശരി? ആ നാട്ടുകാര്‍ പറഞ്ഞ വാക്കുകള്‍ ഏതാണ്? ആദ്യം പറഞ്ഞതാണോ അതോ രണ്ടാമത് പറഞ്ഞതാണോ?
തീര്‍ന്നില്ല, ഇതേ സംഭവം ഇനിയും അല്ലാഹു വേറെ ഒരിടത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് നോക്കുക: “അവര്‍ പറഞ്ഞു: ലൂത്തേ, നീ (ഇതില്‍ നിന്ന്) വിരമിച്ചില്ലെങ്കില്‍ തീര്‍ച്ചയായും നീ (നാട്ടില്‍നിന്നു) പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും” (സൂറാ.26:167). ഇപ്പോള്‍ വായനക്കാരന് അകെ ആശയക്കുഴപ്പമാണ്. സത്യത്തില്‍ അവര്‍ എന്താണ് ലൂത്തിനോട് പറഞ്ഞത്? നിങ്ങള്‍ക്ക് വല്ല പിടിയും കിട്ടിയോ?
തീര്‍ന്നിട്ടില്ല, ഇനി വേറെ ഒരു സ്ഥലത്ത് അല്ലാഹു ഇതെപ്പറ്റി പറഞ്ഞിരിക്കുന്നതു മുകളില്‍ പറഞ്ഞവയുമായി പുലബന്ധം പോലുമില്ലാത്ത കാര്യമാണ്:
“നിങ്ങള്‍ കാമനിവൃത്തിക്കായി പുരുഷന്മാരുടെ അടുക്കല്‍ ചെല്ലുകയും (പ്രകൃതിപരമായ) മാര്‍ഗ്ഗം ലംഘിക്കുകയും നിങ്ങളുടെ സദസ്സില്‍ വെച്ച് നിഷിദ്ധ വൃത്തി ചെയ്യുകയുമാണോ? അപ്പോള്‍ അദ്ദേഹത്തിന്‍റെ ജനത മറുപടിയൊന്നും നല്‍കുകയുണ്ടായില്ല; ‘നീ സത്യവാന്മാരുടെ കൂട്ടത്തിലാണെങ്കില്‍ ഞങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ശിക്ഷ നീ കൊണ്ടുവാ’ എന്ന് പറഞ്ഞതല്ലാതെ.” (സൂറാ.29:29)
ഇത് വ്യത്യാസമല്ല, പ്രകടമായ വൈരുദ്ധ്യമാണ്. ഇതില്‍ ഏതാണ് സത്യത്തില്‍ ആ ജനങ്ങള്‍ പറഞ്ഞ മറുപടി. “ഇത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി” എന്ന് അല്ലാഹു പറഞ്ഞിട്ട് ഓരോ സ്ഥലത്ത് ആ സംഭവം രേഖപ്പെടുത്തുമ്പോള്‍ ഓരോരോ മറുപടികളാണ് കിട്ടുന്നത്. ഒന്നുകില്‍ ആദ്യത്തെ കാര്യം പറയുമ്പോള്‍ അല്ലാഹുവിനു ഓര്‍മ്മക്കുറവുണ്ടായിരുന്നു. അല്ലെങ്കില്‍ ആദ്യം പറഞ്ഞത് സത്യം, അല്ലാഹു പിന്നെ പറഞ്ഞത് മുഴുവന്‍ നുണ!
അല്ലാഹുവിനു ഓര്‍മ്മക്കുറവായിരുന്നോ അതോ അള്ളാഹു നുണ പറഞ്ഞതാണോ???!!!!