ദാവീദ് ജനസംഖ്യയെടുത്തത് ആരുടെ പ്രേരണയാല്‍, ദൈവത്തിന്‍റെയോ അതോ സാത്താന്‍റെയോ?
ചോദ്യം:
1.ദിനവൃത്താന്തം.21:1-ല്‍ യിസ്രായേലില്‍ ജനസംഖ്യയെടുക്കുവാന്‍ ദാവീദിന്‍റെ ഹൃദയത്തില്‍ തോന്നിച്ചത് സാത്താന്‍ ആണെന്നും എന്നാല്‍ 2.ശമുവേല്‍ . 24:1-ല്‍ യഹോവയാണ് അങ്ങനെ തോന്നിച്ചത് എന്നും എഴുതിയിരിക്കുന്നു. ഇത് ബൈബിളിലെ വ്യക്തമായ ഒരു വൈരുദ്ധ്യമല്ലേ? വൈരുദ്ധ്യമല്ല എന്ന് വരുകില്‍ യഹോവയും സാത്താനും ഒരാള്‍ തന്നെയാണ് എന്നല്ലേ ഇതില്‍നിന്നും മനസ്സിലാകുന്നത്?
മറുപടി:
“യഹോവയുടെ കോപം വീണ്ടും യിസ്രായേലിന്‍റെ നേരെ ജ്വലിച്ചു: നീ ചെന്നു യിസ്രായേലിനെയും യെഹൂദയെയും എണ്ണുക എന്നിങ്ങനെ അവര്‍ക്കു വിരോധമായി ദാവീദിന്നു തോന്നിച്ചു” (2.ശമുവേല്‍ .24:1)
“അനന്തരം സാത്താന്‍ യിസ്രായേലിന്നു വിരോധമായി എഴുന്നേറ്റു യിസ്രായേലിനെ എണ്ണുവാന്‍ ദാവീദിന്നു തോന്നിച്ചു” (1.ദിനവൃത്താന്തം.21:1).
പരാമര്‍ശിത വേദഭാഗങ്ങളെ സന്ദര്‍ഭം മനസിലാക്കി സൂക്ഷ്മതയോടെ പഠിക്കുമ്പോള്‍ മുകളില്‍ ചോദിക്കപ്പെട്ട രണ്ടു ചോദ്യങ്ങള്‍ക്കും നിലനില്‍പ്പില്ലെന്നു മനസ്സിലാകും.
ജനസംഖ്യ എടുക്കേണ്ടതിനുള്ള ക്രമീകരണം ന്യായപ്രമാണത്തില്‍ യഹോവ കല്‍പിച്ചിട്ടുണ്ട് : “യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാല്‍ : യിസ്രായേല്‍മക്കളുടെ ജനസംഖ്യ എടുക്കേണ്ടതിന്നു അവരെ എണ്ണുമ്പോള്‍ അവരുടെ മദ്ധ്യേ ബാധ ഉണ്ടാകാതിരിപ്പാന്‍ അവരില്‍ ഓരോരുത്തന്‍ താന്താന്‍റെ ജീവന്നുവേണ്ടി യഹോവക്കു വീണ്ടെടുപ്പുവില കൊടുക്കേണം. എണ്ണപ്പെടുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്ന ഏവനും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെല്‍ കൊടുക്കേണം. ശേക്കെല്‍ എന്നതു ഇരുപതു ഗേരാ. ആ അര ശേക്കെല്‍ യഹോവേക്കു വഴിപാടു ആയിരിക്കേണം. എണ്ണപ്പെടുന്നവരുടെ കൂട്ടത്തില്‍ ഇരുപതു വയസ്സും അതിന്നു മീതെയുമുള്ളവനെല്ലാം യഹോവേക്കു വഴിപാടു കൊടുക്കേണം” (പുറ.30:11-14).
മോശെ രണ്ടു പ്രാവശ്യം ജനസംഖ്യയെടുത്തു (സംഖ്യാ.1, 26 അധ്യായങ്ങള്‍ ). ജനസംഖ്യ എടുത്തതല്ല, ജനസംഖ്യ എടുക്കുന്നതിനുണ്ടായ പ്രേരക ശക്തിയാണ് പാപമായിത്തീര്‍ന്നത്. ജനസംഖ്യ എടുക്കേണ്ടത് പുരോഹിതന്മാരെക്കൊണ്ടും ലേവ്യരെക്കൊണ്ടുമാണ്. എന്നാല്‍ സേനാധിപതിയായ യോവാബിനേയും മറ്റു സൈനികൊദ്യോഗസ്ഥരെയും കൊണ്ടാണ് ദാവീദ് ജനസംഖ്യ എടുപ്പിച്ചത്. അധികാരവും ഐശ്വര്യവും ദാവീദിന് അഹങ്കാരത്തിനു കാരണമായിത്തീര്‍ന്നു. യഹോവയിലുള്ള ആശ്രയ ഭാവം തത്ക്കാലം ദാവീദില്‍ നിന്ന് വിട്ടു മാറി. ഭൂമിയിലുള്ള മറ്റു ജാതികള്‍ക്കൊപ്പം തന്‍റെ സാമ്രാജ്യത്തെ ഒരു ലോക ശക്തിയായി സംവിധാനം ചെയ്യുവാനുള്ള ആഗ്രഹം ദാവീദില്‍ ഉണ്ടായി. സുശക്തമായ സൈന്യമൊന്നും കൂടെ ഇല്ലാതിരുന്ന കാലത്ത്, “യഹോവ എന്‍റെ ബലവും എന്‍റെ പരിചയും എന്‍റെ കോട്ടയും” എന്ന് പറഞ്ഞിരുന്ന ദാവീദ് ഇപ്പോള്‍ യഹോവയിലുള്ള ആശ്രയത്തേക്കാള്‍ ഉപരിയായി സൈന്യബലത്തില്‍ ആശ്രയിക്കുന്ന രാജാവായി മാറി. ഒരു ദൈവായത്ത രാഷ്ട്രം എന്ന നിലയില്‍ നിന്ന് യിസ്രായേലിനും മാറ്റം സംഭവിക്കുകയായിരുന്നു.
“ജനത്തെ എണ്ണി ജനസംഖ്യ എന്നെ അറിയിപ്പിന്‍” എന്ന കല്പന ദാവീദിന്‍റെ ഹൃദയത്തില്‍ ഉടലെടുത്ത നിഗളത്തെയും ലൌകികതയേയും വെളിപ്പെടുത്തുന്നു. തന്‍റെ സൈന്യബലം നിര്‍ണ്ണയിച്ചു അതില്‍ അഭിമാനം കൊള്ളുകയായിരുന്നു ദാവീദിന്‍റെ ലക്‌ഷ്യം. സേനാനായകനായ യോവാബിന്‍റെ ചോദ്യം അത് വെളിപ്പെടുത്തുന്നു: “അതിന്നു യോവാബ്: യഹോവ തന്‍റെ ജനത്തെ ഉള്ളതില്‍ നൂറിരട്ടിയായി വര്‍ദ്ധിപ്പിക്കട്ടെ; എങ്കിലും എന്‍റെ യജമാനനായ രാജാവേ, അവര്‍ ഒക്കെയും യജമാനന്‍റെ ദാസന്മാരല്ലയോ? യജമാനന്‍ ഈ കാര്യം അന്വേഷിക്കുന്നതു എന്തു? യിസ്രായേലിന്നു കുറ്റത്തിന്‍റെ കാരണമായി തീരുന്നതു എന്തിന്നു എന്നു പറഞ്ഞു” (1.ദിനവൃത്താന്തം.21:3). യാതൊരു തത്വദീക്ഷയുമില്ലാത്ത യോവാബിന് പോലും ദാവീദിന്‍റെ പ്രവൃത്തി തെറ്റാണെന്ന് ബോധ്യപ്പെട്ടു. “യജമാനനായ രാജാവിന്‍റെ കാലത്തുതന്നെ സൈന്യത്തെ ഇഷ്ടംപോലെ വര്‍ദ്ധിപ്പിക്കുന്നതിന് ദൈവത്തിനു കഴിയും. പിന്നെ എന്തിനാണ് ഈ ജനസംഖ്യയെടുപ്പ്?” എന്നാണു യോവാബ് ചോദിച്ചതിന്‍റെ ധ്വനി.
യിസ്രായേലിനും ദാവീദിനും സംഭവിച്ച ഈ മാറ്റം ആണ് “യഹോവയുടെ കോപം വീണ്ടും യിസ്രായേലിന്‍റെ നേരെ ജ്വലിക്കാന്‍” കാരണമായത് . വീണ്ടും എന്ന് പറഞ്ഞിരിക്കുന്നത് “ദാവീദിന്‍റെ കാലത്തു മൂന്നു സംവത്സരം തുടരെത്തുടരെ ക്ഷാമം ഉണ്ടായി; ദാവീദ് യഹോവയുടെ അരുളപ്പാടു ചോദിച്ചപ്പോള്‍ ശൌല്‍ ഗിബെയോന്യരെ കൊല്ലുകകൊണ്ടു അതു അവന്‍ നിമിത്തവും രക്തപാതകമുള്ള അവന്‍റെ ഗൃഹം നിമിത്തവും എന്നു യഹോവ അരുളിച്ചെയ്തു” എന്ന 2.ശമുവേല്‍ 21:1-നു ശേഷമാണ് ഈ കാര്യം നടന്നതെന്നതിനെ സൂചിപ്പിക്കുന്നു.
ദാവീദിന്‍റേയും യിസ്രായേലിന്‍റേയും നേരെ യഹോവയുടെ കോപം ജ്വലിച്ചപ്പോള്‍ ദാവീദിനു പ്രബോധനം നല്‍കുന്നതിനും യിസ്രായേലിനെ ശിക്ഷിക്കുന്നതിനുമായി ദൈവത്തിനു ഹിതകരമല്ലാത്ത ഒരു പ്രവൃത്തി ചെയ്യുവാന്‍ പ്രേരണ നല്‍കുന്നതിന് ദൈവം സാത്താന് അനുവാദം കൊടുത്തു. ദൈവം തന്‍റെ നിര്‍ണ്ണയങ്ങള്‍ നിവര്‍ത്തിക്കുന്നതിനു അന്ധകാരശക്തികളെ അനുവദിക്കും. അവ ചെയ്യുന്നത് ദൈവത്തിന്‍റെ അനുവാദത്തോടു കൂടി ആയതുകൊണ്ട് അവയുടെ കര്‍തൃത്വം ദൈവത്തിനാണ്. അതുകൊണ്ടാണ് ഒരിടത്ത് “യിസ്രായേലിന് വിരോധമായി യഹോവ തോന്നിച്ചു” എന്നും വേറെ ഒരിടത്ത് “സാത്താന്‍ യിസ്രായേലിന്നു വിരോധമായി എഴുന്നേറ്റു യിസ്രായേലിനെ എണ്ണുവാന്‍ ദാവീദിന്നു തോന്നിച്ചു” എന്നും എഴുതിയിരിക്കുന്നത്.
ഇങ്ങനെയുള്ള ചില സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. ഇയ്യോബിന്‍റെ കാര്യം ഉദാഹരണം. ഇയ്യോബിനെ കഷ്ടപ്പെടുത്തുന്നതിനു ദൈവം സാത്താന് അനുമതി നല്‍കി: “അതിന്നു സാത്താന്‍ യഹോവയോടു: വെറുതെയോ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നതു? നീ അവന്നും അവന്‍റെ വീട്ടിന്നും അവന്നുള്ള സകലത്തിന്നും ചുറ്റും വേലികെട്ടീട്ടില്ലയോ? നീ അവന്‍റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്‍റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു. തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവന്‍ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നു ഉത്തരം പറഞ്ഞു. ദൈവം സാത്താനോടു: ഇതാ, അവന്നുള്ളതൊക്കെയും നിന്‍റെ കയ്യില്‍ ഇരിക്കുന്നു; അവന്‍റെ മേല്‍ മാത്രം കയ്യേറ്റം ചെയ്യരുതു എന്നു കല്പിച്ചു. അങ്ങനെ സാത്താന്‍ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടുപോയി” (ഇയ്യോബ് .1:9-12)
“സാത്താന്‍ യഹോവയോടു: ത്വക്കിന്നു പകരം ത്വക്; മനുഷ്യന്‍ തനിക്കുള്ളതൊക്കെയും തന്‍റെ ജീവന്നു പകരം കൊടുത്തു കളയും. നിന്‍റെ കൈ നീട്ടി അവന്‍റെ അസ്ഥിയും മാംസവും ഒന്നു തൊടുക; അവന്‍ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നുത്തരം പറഞ്ഞു. യഹോവ സാത്താനോടു: ഇതാ, അവന്‍ നിന്‍റെ കയ്യില്‍ ഇരിക്കുന്നു; അവന്‍റെ പ്രാണനെ മാത്രം തൊടരുതു എന്നു കല്പിച്ചു. അങ്ങനെ സാത്താന്‍ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടു ഇയ്യോബിനെ ഉള്ളങ്കാല്‍ മുതല്‍ നെറുകവരെ വല്ലാത്ത പരുക്കളാല്‍ ബാധിച്ചു” (ഇയ്യോബ് . 2:4-6)
ഇവിടെ ഇയ്യോബിനു യഹോവ കഷ്ടം വരുത്തി എന്ന് പറഞ്ഞാലും ശരിയാണ്, സാത്താന്‍ കഷ്ടം വരുത്തി എന്ന് പറഞ്ഞാലും ശരിയാണ്. കാരണം സാത്താന്‍ വരുത്തിയ കഷ്ടങ്ങള്‍ക്ക് യഹോവ അനുവാദം കൊടുത്തതുകൊണ്ട് അതിന്‍റെ കര്‍തൃത്വം യഹോവയ്ക്കാണ്.
മറ്റൊരുദാഹരണം 1.ശമുവേല്‍ .16:14-ല്‍ “എന്നാല്‍ യഹോവയുടെ ആത്മാവു ശൌലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദൂരാത്മാവു അവനെ ബാധിച്ചു” എന്ന് കാണുന്നതാണ്. ശൌലിന് കഷ്ടം വരുത്തിയത് യഹോവയാണ് എന്നും പറയാം, ദുരാത്മാവാണ് എന്നും പറയാം. അതിനര്‍ത്ഥം രണ്ടുപേരും ഒന്നാണെന്നല്ല. ചിന്താശേഷിയുള്ള ആര്‍ക്കും അക്കാര്യം മനസ്സിലാക്കാവുന്നതേയുള്ളൂ.
ഒന്നിനേയും കണ്ണുമടച്ചു വിശ്വസിക്കാതെ എല്ലാത്തിനെയും ചോദ്യം ചെയ്യുക. സത്യം കണ്ടെത്തുന്നതുവരെ ചോദ്യം ചെയ്യുക. സത്യം കണ്ടെത്തിക്കഴിഞ്ഞാല്‍ ആ സത്യത്തിന്‍റെ വിശ്വാസ്യതയേയും ചോദ്യം ചെയ്യുക. ഞങ്ങളും അത് മാത്രമേ നിങ്ങളോട് ആവശ്യപ്പെടുന്നുള്ളൂ. ബൈബിള്‍ അങ്ങനെ പറയുന്നതുകൊണ്ടാണ് ഞങ്ങളും അത് പറയുന്നത്. “സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിന്‍ ” (1.തെസ്സലൊനീക്യര്‍ .5:21) എന്നും “പ്രിയമുള്ളവരേ, കള്ള പ്രവാചകന്മാര്‍ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാല്‍ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കള്‍ ദൈവത്തില്‍ നിന്നുള്ളവയോ എന്നു ശോധന ചെയ്‍വിന്‍ ” (1.യോഹ.4:1) എന്നും ബൈബിള്‍ ആവശ്യപ്പെടുന്നു. അതനുസരിച്ചതുകൊണ്ട് ലാഭമല്ലാതെ നഷ്ടം ഉണ്ടാവുകയില്ല എന്ന കാര്യം മാത്രം ഞങ്ങള്‍ ഉറപ്പുതരാം!!
One Comment on “ദാവീദ് ജനസംഖ്യയെടുത്തത് ആരുടെ പ്രേരണയാല്‍, ദൈവത്തിന്‍റെയോ അതോ സാത്താന്‍റെയോ?”
This piece was cogent, well-witrten, and pithy.