About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
 • May 2021 (1)
 • February 2021 (1)
 • October 2020 (2)
 • March 2019 (1)
 • February 2019 (1)
 • June 2018 (4)
 • December 2017 (1)
 • October 2017 (5)
 • September 2017 (1)
 • May 2017 (2)
 • March 2017 (4)
 • February 2017 (1)
 • January 2017 (1)
 • December 2016 (1)
 • October 2016 (2)
 • September 2016 (4)
 • August 2016 (2)
 • June 2016 (4)
 • May 2016 (8)
 • April 2016 (7)
 • December 2015 (2)
 • October 2015 (3)
 • July 2015 (1)
 • June 2015 (1)
 • May 2015 (4)
 • April 2015 (8)
 • March 2015 (3)
 • January 2015 (3)
 • December 2014 (2)
 • October 2014 (1)
 • August 2014 (5)
 • June 2014 (1)
 • May 2014 (5)
 • April 2014 (2)
 • March 2014 (3)
 • February 2014 (2)
 • January 2014 (3)
 • December 2013 (7)
 • November 2013 (3)
 • October 2013 (7)
 • September 2013 (2)
 • August 2013 (2)
 • July 2013 (3)
 • May 2013 (4)
 • April 2013 (7)
 • March 2013 (4)
 • February 2013 (5)
 • January 2013 (3)
 • November 2012 (1)
 • October 2012 (3)
 • August 2012 (5)
 • July 2012 (16)
 • June 2012 (5)
 • May 2012 (10)
 • Like us on facebook
  Verse of the Day
  നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
  Visitors Info
  free counters

  ഞാന്‍ നുജൂദ്‌, വയസ്സ് 10, വിവാഹമോചിത…

  വളരെ നാളുകള്‍ക്കു ശേഷമാണ് കയ്യില്‍ കിട്ടിയ ഒരു പുസ്തകം ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്തത്. പുസ്തകത്തിന്‍റെ പേര് “ഞാന്‍ നുജൂദ്‌, വയസ്സ് 10, വിവാഹമോചിത” (I Am Nujood, Age 10 and Divorced) എന്നാണു. നുജൂദ്‌ അലിയും ഡെല്‍ഫിന്‍ മിനോയിയും ചേര്‍ന്ന് എഴുതിയത്. വളരെ ചെറുപ്രായത്തില്‍ വിവാഹിതയാകുകയും പത്താം വയസ്സില്‍ വിവാഹമോചിതയാകുകയും ചെയ്ത യെമനിലെ നുജൂദ്‌ അലിയുടെ ജീവിതരേഖ. മുസ്ലീം രാഷ്ട്രങ്ങളില്‍ നിലനില്‍ക്കുന്ന ശൈശവ വിവാഹത്തിന്‍റെ ഇരയായി ഒടുങ്ങിപ്പോകാന്‍ തയ്യാറാകാതെ നിയമത്തോടും ലോകത്തോടും തന്‍റെ ദുരനുഭവങ്ങള്‍ വിളിച്ചു പറയാന്‍ ധൈര്യം കാണിച്ച കൊച്ചു പെണ്‍കുട്ടി! ‘ദി ന്യൂയോര്‍ക്കര്‍’ അവളെ വിശേഷിപ്പിച്ചത് “മന:ക്കരുത്തിന്‍റെ, ആത്മധൈര്യത്തിന്‍റെ, അന്താരാഷ്‌ട്രബിംബം” എന്നാണ്!! നിക്കോള്‍ കിഡ്മാന്‍, ഹില്ലാരി ക്ലിന്‍റണ്‍, കോണ്ടലീസാ റൈസ്‌ എന്നിവരോടൊപ്പം ആ വര്‍ഷത്തെ വനിതയായി ന്യൂയോര്‍ക്കിലെ “ഗ്ലാമര്‍” മാസിക 2008-ല്‍ ആ പത്തുവയസ്സുകാരിയെ തെരഞ്ഞെടുത്തു!!!

   

  നുജൂദിന്‍റെ പുസ്തകത്തില്‍ നിന്നുള്ള   ചില വിവരങ്ങള്‍ ഇതാ:

   

  “അവസരം കിട്ടുമ്പോഴൊക്കെ ഞാൻ ഏതെങ്കിലും ഒരു മൂലയിൽ ഒളിച്ചിരിക്കും. പേടിച്ച് പരിഭ്രമിച്ച്… എല്ലാം നഷ്‌ടപ്പെട്ട്. ഞാൻ തനിച്ചായിരുന്നു. ആരോടും ഒന്നും തുറന്നുപറയാൻ വയ്യ. ഒരാളുമില്ല ഇത്തിരിനേരം സംസാരിച്ചിരിക്കാൻ. രാത്രിയിലെ കാര്യങ്ങൾ ആലോചിക്കുമ്പോൾ പേടി കൊണ്ട് പല്ലുകൾ കൂട്ടിമുട്ടാൻ തുടങ്ങും. ഞാൻ അയാളെ കഠിനമായി വെറുത്തിരുന്നു. അയാളില്‍നിന്നും അവസാനം ഞാന്‍ മനസ്സിലാക്കി, ക്രൂരത എന്ന വാക്കിന്‍റെ അര്‍ത്ഥം. അങ്ങനെ രാത്രികളും പകലുകളും കടന്നു പോയി. ദിവസങ്ങളുടെ എണ്ണം കൃത്യമായി ഓർക്കാനാകുന്നില്ല. ഓരോ ദിവസവും രാത്രി അയാൾ വന്ന് ക്രൂരമായ പീഡനങ്ങൾ നടത്തിക്കഴിയുന്നതോടെ എന്‍റെ ഉറക്കം കൈവിട്ടുപോകുന്നു.

   

  പകലാകട്ടെ ദിവസം മുഴുവൻ അമ്മായിഅമ്മയുടെ കല്പനകൾ. കറിക്കു നുറുക്കണം, കോഴികളെ തീറ്റണം, നിലം തുടച്ചുമിനുക്കണം, പാത്രങ്ങൾ കഴുകണം. അല്പസമയം വെറുതെ ഇരുന്നാൽ അമ്മായിഅമ്മ പാഞ്ഞെത്തും. മുടിയിൽ പിടിച്ചു വലിച്ച് എഴുന്നേല്പിക്കും. എല്ലാ ദിവസവും എന്‍റെ പുറത്തും കൈയിലും കാണാം, പുതിയ പുതിയ അടിപ്പാടുകൾ, മുറിവുകൾ. അതിനു പുറമേ അടിവയറ്റിലെ ചുട്ടുനീറ്റം. ദേഹം മുഴുവൻ വൃത്തികെട്ടതായിരിക്കുന്നു എന്നു തോന്നി.

   

  രക്ഷപ്പെടുക? എവിടേക്കാണ് ഞാൻ രക്ഷപ്പെടുക? ഗ്രാമത്തിൽ ഒരാളെയും പരിചയമില്ല. അതുകൊണ്ട് ഒരു വീട്ടിലും അഭയം തേടിച്ചെല്ലാനുമാകില്ല.

   

  അബ്ബയെയോ ഉമ്മയെയോ വിവരമറിയിക്കാൻ ഒരു മാർഗവുമുണ്ടായിരുന്നില്ല. ഖാർഡ്‌ജിയിൽ വൈദ്യുതി ഉണ്ടായിരുന്നില്ല; പിന്നെയല്ലേ ടെലഫോൺ. ഈ ഗ്രാമത്തിലേക്ക് കാറോ ബസ്സോ വരാറില്ല. വീട്ടിലേക്ക് ഒരു എഴുത്തയയ്‌ക്കാമായിരുന്നു. അതിനു എഴുത്തറിഞ്ഞിട്ടുവേണ്ടേ?”

   

  *********************

   

  പിന്നീടൊരിക്കല്‍ സ്വന്തം വീട്ടിലെത്തിച്ചേര്‍ന്ന ആ ബാലിക സ്വന്തം മാതാപിതാക്കളോട് തന്നെ രക്ഷിക്കണമെന്ന് കേണപേക്ഷിച്ചുവെങ്കിലും സമുദായ നിയമപ്രകാരം അവള്‍ ഭര്‍ത്താവിന്‍റെ വീട്ടില്‍ തന്നെയാണ് നില്‍ക്കേണ്ടതെന്നു പറഞ്ഞു അവര്‍ അവളെ കയ്യൊഴിയുകയാണ്. ആ ദുര്‍ഘടസന്ധിയില്‍ അവള്‍ക്കു രക്ഷപ്പെടാനുള്ള വഴി പറഞ്ഞു കൊടുക്കുന്നത് അവളുടെ പിതാവിന്‍റെ രണ്ടാം ഭാര്യയായ ദൌലയാണ് (അവര്‍ തെരുവില്‍ ഭിക്ഷയെടുത്താണ് ജീവിച്ചിരുന്നത്). ആ സംഭവം പുസ്തകത്തില്‍ ഇങ്ങനെ വിവരിച്ചിരിക്കുന്നു:

   

  “കോടതിയില്‍ പോകണം” ദൌല വീണ്ടും പറഞ്ഞു. “എനിക്കറിയാവുന്നിടത്തോളം അങ്ങനെ ഒരു സ്ഥലത്ത് നിന്ന് മാത്രമേ നിനക്ക് നീതി ലഭിക്കൂ. ജഡ്ജിയെ കാണണമെന്ന് പറയണം. സര്‍ക്കാറിനെ പ്രതിനിധീകരിക്കുന്നത് ജഡ്ജിയാണ്. എല്ലാ അധികാരവുമുള്ള ആള്‍… പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം പിതൃതുല്യന്‍. അന്യായത്തിനു ഇരയായവരെ സഹായിക്കലാണ് അദ്ദേഹത്തിന്‍റെ ജോലി.”

   

  ദൌല കാര്യം പറഞ്ഞു എന്നെ ബോധ്യപ്പെടുത്തി. ആ നിമിഷം മുതല്‍ എന്‍റെ ചിന്തകള്‍ക്ക് ഒരു വ്യക്തത കൈ വന്നു. ബാപ്പയും ഉമ്മയും സഹായിക്കുന്നില്ലെങ്കില്‍ വേണ്ട; എന്‍റെ കാര്യങ്ങള്‍ക്ക് ഞാന്‍ തന്നെ മുന്‍കൈ എടുക്കും. ഞാന്‍ മനസ്സുകൊണ്ടുറപ്പിച്ചു. ചെയ്യേണ്ട കാര്യം ഞാന്‍ തന്നെ ചെയ്യും. ഏതു മലയും കയറിമറയാന്‍ തയ്യാറാണ്. എന്നാലും ഇനി ഒരിക്കല്‍ കൂടി ആ മെത്തയില്‍ ചെന്നുകിടക്കാന്‍ എന്നെ കിട്ടില്ല. ആ വന്യമൃഗത്തോടൊപ്പം… ഞാന്‍ തനിയെ… ഇനിയുമിനിയും എത്ര രാത്രികള്‍. ഞാന്‍ നിറഞ്ഞ നന്ദിയോടെ ദൌലയെ കെട്ടിപ്പിടിച്ചു.

   

  “നുജൂദ്‌”

   

   

  “എന്താ?”

   

  “ഇത് കയ്യില്‍ വെച്ചോളൂ; ആവശ്യം വരും” അവര്‍ എന്‍റെ കയ്യിലേക്ക് ഇരുന്നൂറു (യെമനി)റിയാലുകള്‍ വെച്ചുതന്നു. ഒരു ഡോളര്‍ കൂടി തികയില്ല. അവരുടെ അന്നത്തെ സമ്പാദ്യം മുഴുവനുമായിരുന്നു അത്… അടുത്ത കവലയില്‍ ചെന്നുനിന്ന് പിച്ചതെണ്ടി സമ്പാദിച്ചത്.

   

  “നന്ദി ദൌലാ… വീണ്ടും വീണ്ടും നന്ദി.”

   

  ***********************

   

  അടുത്ത ദിവസം ഉമ്മ പ്രഭാതഭക്ഷണത്തിന് റൊട്ടി വാങ്ങാന്‍ കൊടുത്തയച്ച നൂറ്റമ്പത് (യെമനി)റിയാലുകള്‍ കൂടി കയ്യില്‍ വന്നപ്പോള്‍ ആ പത്തുവയസ്സുകാരി നഗരത്തിലേക്ക് വണ്ടി കയറുകയാണ്, ഒറ്റയ്ക്ക്!! നഗരത്തില്‍ വന്ന അവള്‍ കോടതി കണ്ടുപിടിക്കുകയും ന്യായാധിപനെ ചെന്നു കണ്ടു തന്‍റെ പരാതി ബോധിപ്പിക്കുകയും ചെയ്തു. അവളെപ്പറ്റി  കേട്ടറിഞ്ഞപ്പോള്‍ യെമനില്‍ സ്ത്രീകളുടെയും കുട്ടികളുടേയും അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സദാ നസീര്‍ (പുസ്തകത്തില്‍ യമനി ഉച്ചാരണമായ ഷാദാ എന്നാണ്) എന്ന വക്കീല്‍ അവളെ അന്വേഷിച്ചു കണ്ടുപിടിച്ചു അവളുടെ കേസ്‌ ഏറ്റെടുക്കുന്നു. നുജൂദിന്‍റെ കഥ പത്രങ്ങളില്‍ വരുന്നു. അവസാനം കോടതിയില്‍ നിന്ന് അവള്‍ക്കു വിവാഹമോചനം ലഭിക്കുന്നു.

   

  ഈ പുസ്തകം നിങ്ങള്‍ക്ക് കണ്ണ് നിറയാതെ വായിച്ചു തീര്‍ക്കാന്‍ സാധ്യമല്ല, ആര്‍ദ്രതയും ഹൃദയപരമാര്‍ത്ഥതയും ഉള്ളൊരു വ്യക്തിയാണ് നിങ്ങളെങ്കില്‍!! ‘ബാല്യകാലസഖി’യെപ്പറ്റി എം.പി.പോള്‍ പറഞ്ഞ അഭിപ്രായം ഈ പുസ്തകത്തിനും ചേരും, “ഇത് ജീവിതത്തില്‍ നിന്ന് കീറിയെടുത്ത ഒരേടാണ്, അതിന്‍റെ വക്കുകളില്‍ രക്തം പൊടിഞ്ഞു നില്‍ക്കുന്നു.” ഹൃദയദ്രവീകരണക്ഷമമായ സംഭവഗതികള്‍ ഈ പുസ്തകത്തില്‍ ധാരാളമുണ്ട്; കേസ്‌ കോടതിയില്‍ നടക്കുന്ന കാലത്ത് കോടതി വിവാഹ മോചനം അനുവദിച്ചില്ലെങ്കിലോ എന്ന് പേടിച്ചു നുജൂദ്‌ തന്‍റെ വക്കീലായ ഷാദയോട് തന്നെ തന്‍റെ ഭര്‍ത്താവിന്‍റെ വീട്ടിലേക്കു തിരിച്ചയക്കരുതെന്നു അപേക്ഷിക്കുന്നുണ്ട്. അവളെ ആശ്വസിപ്പിച്ചതിനു ശേഷം ഷാദ അവളോട്‌ ഒരു കാര്യം ചോദിക്കുന്നു. പുസ്തകത്തില്‍ അത് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:

   

  “ഇനി ഞാന്‍ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ?”

   

  “ആയിക്കോട്ടെ”

   

  “എവിടെനിന്നാണ് നിനക്കിത്രത്തോളം ധൈര്യം കിട്ടിയത്; ഈ കോടതിവരെ ഓടിയെത്താന്‍.”

   

  “ഓടിപ്പോരാനുള്ള ധൈര്യമോ? അയാളുടെ ദുഷ്ടത്തരം എനിക്ക് കൂടുതല്‍ സഹിക്കാന്‍ സാധിച്ചില്ല… സാധിച്ചില്ല”

   

  **********************

   

  നുജൂദിന്‍റെ വിവാഹമോചനം നടന്നു കഴിഞ്ഞതിനു ശേഷം അവള്‍ ഷാദയോട് ഒരു കാര്യം ആവശ്യപ്പെടുന്നുണ്ട്. പുസ്തകത്തില്‍ നിന്ന്:

   

  എന്‍റെ വിവാഹമോചനം നടന്നു കഴിഞ്ഞു. ഞാന്‍ കേസ്‌ ജയിച്ചിരിക്കുന്നു. എന്‍റെ വിവാഹം… എന്നെന്നേക്കുമായി അതില്ലാതായിരിക്കുന്നു. എന്‍റെ മനസ്സിന് പരിചയമില്ലാത്തൊരു ലാഘവം. ഇത് പതിവില്ലാത്തതാണ്.

   

  ഞാന്‍ വീണ്ടും ഒരു കുട്ടിയായതുപോലെ.

   

  “ഷാദാ അമ്മായി”

   

  ‘എന്തുവേണം നുജൂദ്‌?”

   

  “എനിക്ക് കുറച്ചു പുതിയ കളിപ്പാട്ടങ്ങള്‍ വേണം… ചോക്ലേറ്റും കേക്കും തിന്നാനും തോന്നുന്നുണ്ട്.”

   

  ഷാദാ എന്‍റെ നേരെ തിരിഞ്ഞു… ആ മുഖം നിറയെ തെളിഞ്ഞ ഒരു ചിരി.

   

  ********************

   

  ഇസ്ലാം മതപ്രവാചകനായ മുഹമ്മദ്‌ തന്‍റെ അടുത്ത അനുയായിയും തന്നെക്കാള്‍ പ്രായം കുറഞ്ഞവനുമായ അബൂബക്കറിന്‍റെ മകള്‍ ആയിഷക്ക് ആറു വയസ്സുള്ളപ്പോള്‍ വിവാഹം കഴിക്കുകയും മൂന്നു വര്‍ഷം തികഞ്ഞപ്പോള്‍ കുടുംബ ജീവിതം നടത്തിയതുമായ സംഭവമാണ് മുസ്ലീം രാജ്യങ്ങളില്‍ ഇപ്പോഴും ഈ ദുരാചാരം തുടര്‍ന്ന് പോകാന്‍ ഊര്‍ജ്ജസ്രോതസ്സായി വര്‍ത്തിക്കുന്നത്. മാത്രമല്ല, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കാനുള്ള അല്ലാഹുവിന്‍റെ അനുവാദവും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. അല്ലാഹുവിന്‍റെ അനുവാദം വന്നിരിക്കുന്നത് വിവാഹമോചനം എന്ന അധ്യായത്തിലെ നാലാമത്തെ ആയത്തിന്‍റെ ആദ്യഭാഗത്താണ്. ആ ആയത്ത് താഴെ വിവരിക്കുന്നു:

   

  “നിങ്ങളുടെ സ്ത്രീകളില്‍നിന്നു ആര്‍ത്തവത്തെ സംബന്ധിച്ചു നിരാശപ്പെട്ടിട്ടുള്ളവരെ[1] സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവരുടെ ഇദ്ദ:യുടെ[2] കാര്യത്തില്‍ സംശയത്തിലാണെങ്കില്‍ അത് മൂന്നു മാസമാകുന്നു. ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരുടേതും അങ്ങനെ തന്നെ. ഗര്‍ഭവതികളായ സ്ത്രീകളാകട്ടെ, അവരുടെ അവധി അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കലാകുന്നു. വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവനു അവന്‍റെ കാര്യത്തില്‍ അല്ലാഹു എളുപ്പമുണ്ടാക്കിക്കൊടുക്കുന്നതാണ്.” (സൂറാ.65:4).

   

  അടിവരയിട്ട ഭാഗം ശ്രദ്ധിച്ചു കാണുമല്ലോ. ആര്‍ത്തവപ്രായം കഴിഞ്ഞു പോയവരെ വിവാഹമോചനം ചെയ്‌താല്‍ പിന്നെ പുനര്‍വിവാഹം ചെയ്യാന്‍ മൂന്നു മാസം കാത്തിരിക്കണം. അതുപോലെ തന്നെയാണ് ആര്‍ത്തവം ഉണ്ടായിട്ടില്ലാത്തവരുടെ കാര്യത്തിലും!! അതായത് പ്രായപൂര്‍ത്തിയെത്തിയിട്ടില്ലാത്ത കുഞ്ഞുങ്ങളെ വിവാഹം കഴിക്കാനും വിവാഹമോചനം നടത്താനും ഖുറാനിലെ അല്ലാഹു തന്‍റെ അനുയായികള്‍ക്ക് അനുവാദം കൊടുത്തിരിക്കുകയാണ് ഈ ആയത്തിലൂടെ!! ഇസ്ലാമിക ലോകത്ത് അനേകം വിഭാഗങ്ങള്‍ നിലവിലുണ്ട്. ഖുറാന്‍ വ്യാഖ്യാനിക്കുന്നതില്‍ ഉള്ള അഭിപ്രായ ഭിന്നതയാണ് ഇത്രമാത്രം വിഭാഗങ്ങള്‍ ഇസ്ലാമില്‍ ഉണ്ടാകാന്‍ കാരണം. എന്നാല്‍ ഈ ആയത്തിന്‍റെ കാര്യത്തില്‍ മാത്രം ആര്‍ക്കും വ്യാഖ്യാന വ്യത്യാസങ്ങളില്ല. ഏതു പ്രായത്തിലുള്ള പെണ്‍കുട്ടിയെ വേണമെങ്കിലും വിവാഹം കഴിക്കാന്‍ അല്ലാഹു അനുവാദം തന്നിട്ടുണ്ടെന്ന് എല്ലാ വിഭാഗക്കാരുടെയും പണ്ഡിതന്മാര്‍ ഒരുപോലെ അഭിപ്രായപ്പെടുന്നു.

   

  ഇവിടെ ‘സ്ത്രീകള്‍’ എന്നതിന് ഉപയോഗിച്ചിരിക്കുന്ന അറബി പദം ‘നിസാ’ എന്നാണ്. സ്ത്രീകള്‍ എന്നതിനേക്കാള്‍ ശിശുക്കളെ കുറിക്കാനാണ് ഈ പദം പ്രായേണ ഉപയോഗിക്കാറുള്ളത്. ഖുറാനില്‍ത്തന്നെ ഈ പദം ‘പശു’ എന്ന അധ്യായത്തില്‍ ഉപയോഗിച്ചിരിക്കുന്നത് നമുക്ക് നോക്കാം:

   

  “നിങ്ങളുടെ പുരുഷസന്താനങ്ങളെ അറുകൊല ചെയ്തുകൊണ്ടും, നിങ്ങളുടെ സ്ത്രീജനങ്ങളെ ജീവിക്കാന്‍ വിട്ടുകൊണ്ടും നിങ്ങള്‍ക്ക് നിഷ്ഠൂരമര്‍ദ്ദനമേല്‍പ്പിച്ചുകൊണ്ടിരുന്ന ഫിര്‍ഔന്‍റെ കൂട്ടരില്‍നിന്ന് നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം ഓര്‍മ്മിക്കുക. നിങ്ങളുടെ രക്ഷിതാവില്‍ നിന്ന് വലിയ പരീക്ഷണമാണ് അതിലുണ്ടായിരുന്നത്” (സൂറാ.2:49).

   

  ഇവിടെ പരാമര്‍ശിക്കുന്നത് ഇസ്രായേല്‍ ജനം മിസ്രയീമില്‍ അടിമകളായിരുന്നപ്പോള്‍ ഫറവോയുടെ കല്പനയാല്‍ യിസ്രായേല്യരുടെ ആണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതും പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടതുമായ സംഭവമാണ്. (അല്ലാഹു പറയുന്നത് ആ ദുരവസ്ഥയില്‍നിന്നു യിസ്രായേല്‍ മക്കളെ രക്ഷപ്പെടുത്തിയത് താനാണെന്നാണ്! ഈ വിഷയവുമായി ബന്ധമുള്ളതല്ലാത്തതിനാല്‍ ആ അവകാശവാദത്തിന്‍റെ പൊള്ളത്തരങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല) ബൈബിളില്‍ ആ സംഭവം ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “പിന്നെ ഫറവോന്‍ തന്‍റെ സകല ജനത്തോടും: ജനിക്കുന്ന ആണ്‍കുട്ടികളെയെല്ലാം നദിയില്‍ ഇട്ടുകളയണമെന്നും പെണ്‍കുട്ടികളെയെല്ലാം ജീവനോടെ രക്ഷിക്കണമെന്നും കല്പിച്ചു” (പുറപ്പാട്.1:22). കുഞ്ഞുങ്ങള്‍ വളര്‍ന്നതിന് ശേഷം അതിലെ ആണ്‍കുട്ടികളെ കൊല്ലണം എന്നല്ല, ജനിച്ച ഉടനെ തന്നെ കൊല്ലാനാണ് കല്പന. നവജാതശിശുക്കളില്‍ ഒരു കൂട്ടരെ കൊല്ലാനും മറ്റൊരു കൂട്ടരെ വളര്‍ത്താനുമാണ് ഫറവോന്‍ കല്പനയിട്ടത്.

   

  “നിങ്ങളുടെ സ്ത്രീജനങ്ങളെ ജീവിക്കാന്‍ വിട്ടുകൊണ്ടും” എന്ന് അല്ലാഹു ഈ സംഭവത്തെക്കുറിച്ച് പറയുമ്പോള്‍, ‘സ്ത്രീജനങ്ങള്‍’ എന്ന് ഉപയോഗിച്ചിരിക്കുന്ന പദം ‘നിസാ’ എന്നതാണ്. ഫറവോന്‍റെ കല്പനയാല്‍ ജീവിതത്തിലേക്ക് കടന്ന ആ നവജാതശിശുക്കളെ കുറിക്കുവാന്‍ ഉപയോഗിച്ചിരിക്കുന്ന ‘നിസാ’ എന്ന പദം തന്നെയാണ് സൂറാ.65:4-ല്‍ “നിങ്ങളുടെ സ്ത്രീകളില്‍നിന്നു ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരെ” വിവാഹമോചനം ചെയ്യുന്ന കാര്യത്തെക്കുറിച്ച് പറയുമ്പോഴും അല്ലാഹു ഉപയോഗിച്ചിരിക്കുന്നത്. (അതുകൊണ്ടുതന്നെ, ഈ ആയത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ വേണമെങ്കിലും വിവാഹം കഴിക്കാം എന്ന് വാദിക്കുന്ന പണ്ഡിതരും ഉണ്ട്.)

   

  എന്നാല്‍ ആധുനിക കാലത്ത്‌ പരിഷ്കൃത മനുഷ്യരുടെ മുന്‍പാകെ ഇക്കാര്യം സമ്മതിക്കുന്നത് ലജ്ജാവഹമാണെന്നറിയാവുന്ന ദാവാ പ്രവര്‍ത്തകര്‍ സൂറാ.65:4-നു പുതിയ ഭാഷ്യങ്ങള്‍ ചമയ്ക്കുകയാണ്. മുതിര്‍ന്ന സ്ത്രീകളെത്തന്നെയാണ് അവിടെ ഉദ്ദേശിക്കുന്നത് എന്നാണു അവരുടെ വാദം. പക്ഷെ, ഈ വിഷയത്തില്‍ പ്രമുഖരായ ഇസ്ലാമിക പണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങള്‍ ദാവാ പ്രവര്‍ത്തകരുടെ പുത്തന്‍ വ്യാഖ്യാനത്തിനെതിരാണ്. തഫ്സീര്‍ ഇബ്ന്‍ കത്തീര്‍, തഫ്സീര്‍ അല്‍-ജലൈലാന്‍, തഫ്സീര്‍ ഇബ്ന്‍ അബ്ബാസ്‌, തഫ്സീര്‍ അല്‍-തബരി എന്നീ ഗ്രന്ഥങ്ങളിലെല്ലാം പറയുന്നത് സൂറാ.65:4-ല്‍ “ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരുടേതും” എന്ന് പറഞ്ഞിരിക്കുന്നത് “അതിനുള്ള പ്രായം എത്തിയിട്ടില്ലാത്തവരെ” ഉദ്ദേശിച്ചാണെന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. ഈ പറഞ്ഞ തഫ്സീറുകള്‍ രചിച്ചവര്‍ ആദിമ ഇസ്ലാമിക ലോകത്തെ തലയെടുപ്പുള്ള പണ്ഡിതന്മാരാണ്. അറബി ഭാഷയില്‍ അവഗാഹമുള്ളവര്‍! അവരുടെ വ്യാഖ്യാനം അങ്ങനെയങ്ങ് തള്ളിക്കളയാന്‍ പറ്റുന്നതല്ല, ഒരു മുസ്ലീമിനും!!

   

  കൂടുതല്‍ അറിയുവാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക: http://www.avraidire.com/2010/04/a-modern-muslim-argument-that-sura-654-is-not-about-pre-puberty-wives/

   

  ചെറിയ കുട്ടികളെ വിവാഹം കഴിക്കാന്‍ അല്ലാഹു അനുവാദം കൊടുത്തിട്ടുണ്ട് എന്നുള്ളതിന് പണ്ഡിതന്മാര്‍ എടുത്തു കാണിക്കുന്ന പ്രായോഗിക ഉദാഹരണം അവരുടെ പ്രവാചകനായ മുഹമ്മദ്‌ തന്‍റെ അടുത്ത അനുയായിയും തന്നെക്കാള്‍ പ്രായം കുറഞ്ഞവനുമായ അബൂബക്കറിന്‍റെ മകള്‍ ആയിഷക്ക് ആറു വയസ്സുള്ളപ്പോള്‍ വിവാഹം കഴിക്കുകയും മൂന്നു വര്‍ഷം തികഞ്ഞപ്പോള്‍ കുടുംബ ജീവിതം നടത്തിയതുമായ സംഭവമാണ്. ഇവരുടെ വിവാഹത്തെപ്പറ്റി ഇസ്ലാമിക ഗ്രന്ഥങ്ങള്‍ പറയുന്നത് എന്താണെന്ന് നോക്കാം:

   

  സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 69-lല്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:

   

  “ആഇശ നിവേദനം: റസൂല്‍ എനിക്ക് ആറു വയസ്സായപ്പോള്‍ എന്നെ വിവാഹം കഴിച്ചു. എനിക്ക് ഒമ്പത് വയസ്സായപ്പോള്‍ വീടുകൂടുകയും ചെയ്തു.

   

  അവര്‍ (ആഇശ) പറയുന്നു: ഞാന്‍ പനി ബാധിച്ചു ഒരു മാസം സുഖമില്ലാതായി. തലമുടി കൊഴിഞ്ഞു പോയശേഷം ചെറിയ മുടികള്‍ തലയില്‍ ധാരാളം നിറഞ്ഞു. അങ്ങനെ ഉമ്മുറുമാന (ആഇശയുടെ ഉമ്മ) എന്‍റെ അടുത്തു വന്നു. അപ്പോള്‍ ഞാന്‍ എന്‍റെ കൂട്ടുകാരികളോടൊപ്പം ഊഞ്ഞാലില്‍ കളിക്കുകയായിരുന്നു. അവര്‍ വലിയ ഉച്ചത്തില്‍ എന്നെ വിളിച്ചു. ഞാന്‍ അവിടെ ചെന്നു. എന്താണ് എന്നെക്കൊണ്ട് ഉദ്ദേശിച്ചത് എന്നെനിക്കറിയുമായിരുന്നില്ല. അങ്ങനെ അവര്‍ എന്‍റെ കൈ പിടിച്ചു വീടിന്‍റെ വാതില്‍ക്കല്‍ കൊണ്ടുപോയി നിര്‍ത്തി. ഞാന്‍ പേടിച്ചു കിതച്ചു ദീര്‍ഘശ്വാസം അയച്ചു ഹഅ്… ഹഅ്.. എന്നിപ്രകാരം പറഞ്ഞു. അങ്ങനെ ശ്വാസം ശാന്തമായി. എന്നെ ഒരു വീട്ടില്‍ പ്രവേശിപ്പിച്ചു. അവിടെ അന്‍സ്വാരികളില്‍ പെട്ട കുറെ സ്ത്രീകളുണ്ടായിരുന്നു. അവര്‍ എനിക്ക് നന്മയും അനുഗ്രഹവും സൗഭാഗ്യവും ഉണ്ടാകട്ടെ എന്ന് പറഞ്ഞു. അങ്ങനെ അവര്‍ (എന്‍റെ ഉമ്മ) എന്നെ അവരെ ഏല്‍പ്പിച്ചു. അവര്‍ എന്‍റെ തലമുടി കഴുകി നന്നാക്കിത്തന്നു (ചമയിച്ചു). ളുഹാ സമയത്തല്ലാതെ നബി എന്‍റെ അടുക്കല്‍ വന്നില്ല. (ളുഹാ സമയത്ത് നബി വന്നു) അപ്പോള്‍ എന്നെ അവര്‍ നബിക്ക് ഏല്‍പ്പിച്ചു കൊടുത്തു.”

   

  ഇതിന്‍റെ താഴെയുള്ള ഹദീസില്‍ ആയിഷ ആ വീട്ടിലേക്ക് ചെല്ലുമ്പോള്‍ കൂടെ തന്‍റെ പാവകളുമുണ്ടായിരുന്നു എന്ന് പറയുന്നുണ്ട്.  കൂടുതല്‍ അറിയുവാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക: http://www.scribd.com/doc/17141748/The-Truth-About-Muhammad-and-Aisha

   

  മുഹമ്മദിന്‍റെയും ആയിഷയുടെയും വിവാഹത്തെപ്പറ്റി പ്രശസ്ത ഇസ്ലാമിക പണ്ഡിതനായ സയ്യിദ്‌ സുലൈമാന്‍ നദുവി രചിച്ചു എം.പി. അബ്ദുല്‍ റഹ്മാന്‍ കുരിക്കള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു മഞ്ചേരി ഹാദി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച “ഹസ്രത്ത്‌ ആയിശ(റ)” എന്ന ഗ്രന്ഥത്തിന്‍റെ നാലാം പേജില്‍ പറയുന്നത് എ.ഡി.614 ജൂലൈ മാസത്തിലാണ് ആയിശ ജനിച്ചതെന്നാണ്. പതിമൂന്നാം പേജില്‍ പറയുന്നത് എ.ഡി.620 മെയ്‌ മാസത്തിലാണ് മുഹമ്മദുമായുള്ള വിവാഹം നടന്നതെന്നുമാണ്. അപ്പോള്‍ വിവാഹ സമയത്ത് ആയിഷയുടെ പ്രായം അഞ്ചു വയസ്സും പത്തു മാസവും മാത്രം. മൂന്നു വര്‍ഷം തികഞ്ഞപ്പോള്‍ അവരുടെ കുടുംബ ജീവിതം ആരംഭിച്ചു. ഹദീസുകളില്‍ കാണുന്നത് ‘കിടപ്പറയിലേക്ക് പോകുമ്പോള്‍ ആയിശയുടെ കൈവശം തന്‍റെ കളിപ്പാട്ടവും ഉണ്ടായിരുന്നു’ എന്നാണു.

   

  “അല്ലാഹുവിന്‍റെ ദൂതനില്‍  നിങ്ങള്‍ക്ക് ഉത്തമമായ മാതൃകയുണ്ട്” എന്നാണു ഖുറാന്‍ പറയുന്നത്. അതിന്‍റെ അര്‍ത്ഥം മുഹമ്മദ്‌ പറഞ്ഞതും ചെയ്തതുമായ എന്തും മുസ്ലീങ്ങള്‍ അനുകരിക്കണം എന്നാണു. ഒമ്പതു വയസ്സ് പൂര്‍ത്തിയാകാത്ത ഒരു ബാലികയുമായി ലൈംഗിക വേഴ്ചയിലേര്‍പ്പെടുന്ന ഒരാള്‍ തന്‍റെ അനുയായികള്‍ക്ക് നല്‍കുന്ന മാതൃക എത്തരത്തിലുള്ളതാണെന്നു പ്രത്യേകിച്ച് പറയേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. ഇന്നത്തെ കാലത്തു നമ്മുടെ നാട്ടിലായിരുന്നു ആ മാതൃകാ പുരുഷന്‍ ജീവിച്ചിരുന്നതെങ്കില്‍ തന്‍റെയീ പ്രവൃത്തികളുടെ ഫലമായി ബാലപീഢനത്തിനു അഴിയെണ്ണേണ്ടി വരുമായിരുന്നില്ലേ??!!

  *******************************

  എം.എം. അക്ബറിന്‍റെയും ജമാഅത്തെ ഇസ്ലാമിയുടേയും പുസ്തകങ്ങളിലൂടെ ഇസ്ലാമിനെപ്പറ്റി മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ ഈ പുസ്തകം നിര്‍ബന്ധമായും ഒന്ന് വായിച്ചിരിക്കണം. നൂറ്റാണ്ടുകള്‍ക്കു മുന്‍പ്‌ അറേബ്യന്‍ മണലാരണ്യത്തില്‍ ജീവിച്ചിരുന്ന ഒരു മനുഷ്യന്‍ ചെയ്തു കൂട്ടിയ പേക്കൂത്തുകളെ ഇന്നും ഒരു ഉത്തമ മാതൃക എന്ന നിലയില്‍ പല രാജ്യങ്ങളിലും ആ മനുഷ്യന്‍റെ അനുയായികള്‍ അനുവര്‍ത്തിച്ചു പോരുന്നുണ്ട്. മതത്തിന്‍റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടാണ് ഈ പേക്കൂത്തുകള്‍ ഇന്നും അരങ്ങേറുന്നത് എന്നതിനാല്‍ ആര്‍ക്കും അതിനെതിരെ ശബ്ദിക്കാന്‍ ധൈര്യമില്ല. യെമനില്‍ സാധാരണമായുള്ള ഒരു പഴഞ്ചൊല്ല് “സുഖകരമായ ദാമ്പത്യം ഉറപ്പുവരുത്താന്‍ ഒമ്പതുവയസ്സായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുക” എന്നതാണ്. നുജൂദിന്‍റെ വിവാഹത്തിനും ന്യായീകരണമായി അവളുടെ അബ്ബ പറഞ്ഞത് പ്രവാചകന്‍റെ ആയിശയുമായുള്ള വിവാഹമാണ്. പുസ്തകത്തില്‍ നിന്ന്:

   

  “അന്ന് വൈകുന്നേരം അബ്ബയും മോനയും (നുജൂദിന്‍റെ ചേച്ചി, ബാല്യത്തില്‍ തന്നെ ഇവരെ ഒരുത്തന്‍ ബലാത്സംഗം ചെയ്യുകയും പിന്നീട് അവളുടെ പതിമൂന്നാം വയസ്സില്‍ അവന്‍ തന്നെ വിവാഹം കഴിക്കുകയുമുണ്ടായി) തമ്മില്‍ നടന്ന സംഭാഷണം ഞാന്‍ കേള്‍ക്കാനിടയായി.

   

  “നുജൂദിന് കല്യാണപ്രായമായിട്ടില്ല… അവള്‍ തീരെ ചെറുപ്പമാണ്.”

   

  ദൃഢമായിരുന്നു മോനയുടെ സ്വരം.

   

  “തീരെ ചെറുപ്പമോ?” അബ്ബയുടെ ഒച്ച ഉയര്‍ന്നു. “പ്രവാചകനായ മുഹമ്മദ്‌ നബി ഐഷയെ വിവാഹം കഴിച്ചപ്പോള്‍ അവള്‍ക്കു വയസ്സ് ഒമ്പതേ ആയിരുന്നുള്ളൂ.”

   

  “ശരിയായിരിക്കാം… പക്ഷേ അത് പ്രവാചകന്‍റെ കാലത്ത്… ഇപ്പോള്‍ കാലം മാറിയിരിക്കുന്നു. കാര്യങ്ങള്‍ക്കും വ്യത്യാസമുണ്ട്.”

   

  *****************

   

  യെമനിലും സൗദിയിലും മറ്റു മുസ്ലീം രാജ്യങ്ങളിലും നാട്ടുനടപ്പായ ഈ ശൈശവ വിവാഹത്തിനെതിരെ രംഗത്തിറങ്ങാന്‍ നുജൂദിന്‍റെ വിജയത്തോടെ പലര്‍ക്കും ധൈര്യമുണ്ടായി എന്നതൊരു നല്ല വാര്‍ത്തയാണ്. പുസ്തകത്തില്‍ നിന്നൊരു ഖണ്ഡിക:

   

  “അറേബിയ എന്ന ഉപഭൂഖണ്ഡത്തില്‍പെട്ട ഈ രാജ്യത്ത് ചെറിയ പെണ്‍കുട്ടികളുടെ വിവാഹം പരമ്പരയായി നടന്നു വരുന്ന ഒരു ആചാരമാണ്. അടുത്തകാലംവരെ, അതിനെന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. നുജൂദ്‌ കാണിച്ച അവിശ്വസനീയമായ ആ ധൈര്യം പല കുഞ്ഞുസ്വരങ്ങള്‍ക്കും കരുത്തുനല്‍കിയിരിക്കുന്നു, സ്വന്തം ഭര്‍ത്താക്കന്മാര്‍ക്കെതിരായി ശബ്ദമുയര്‍ത്താന്‍. കോടതിയില്‍ നുജൂദിന്‍റെ കേസ്‌ വന്നതിനു ശേഷം വേറെ രണ്ടു കുട്ടികളും കൂടി ധൈര്യം കാണിച്ചു. ഒമ്പത് വയസ്സായ അര്‍വയും പന്ത്രണ്ടു വയസ്സായ റിമ്മും. ഏറ്റവും അപരിഷ്കൃതമായ ദാമ്പത്യബന്ധനത്തില്‍നിന്നും മോചനം നേടാന്‍ വേണ്ടി നിയമപരമായ പോരാട്ടത്തിന് തന്നെ തയ്യാറായി മുന്നോട്ടു വന്നു. നുജൂദിന്‍റെ ചരിത്രപ്രസിദ്ധമായ വിവാഹമോചനം കഴിഞ്ഞു ഒരു വര്‍ഷത്തിനുശേഷം അയല്‍രാജ്യമായ സൗദിഅറേബ്യയിലും ഒരു പെണ്‍കുട്ടി വിവാഹമോചനത്തിനായി കേസ്‌ കൊടുത്ത് വിജയം നേടി. എട്ടു വയസ്സായ പെണ്‍കുട്ടി. അച്ഛന്‍ അവളെ വിവാഹം ചെയ്തു കൊടുത്തത് അമ്പതു വയസ്സ് കഴിഞ്ഞ ഒരു പുരുഷന്. കടുത്ത യാഥാസ്ഥിതിക മനോഭാവം വെച്ചുപുലര്‍ത്തുന്ന ആ രാജ്യത്ത് ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു സംഭവം.

   

  2009 ഫെബ്രുവരിയില്‍ യെമനി പാര്‍ലമെന്‍റ് അവസാനം ആ നിയമം പാസ്സാക്കി. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടേയും വിവാഹപ്രായം നിയമപരമായി പതിനേഴുവയസ്സാക്കി ഉയര്‍ത്തി.”

   

  “യെമന്‍ ടൈംസി”ലെ പ്രധാന പത്രാധിപയായ നാദിയ അല്‍-സഖാഫ്‌ പറഞ്ഞ ഒരു സംഭവം ഈ പുസ്തകത്തില്‍ ഉണ്ട്: “സൗദിഅറേബ്യക്കാരനായ ഒരാള്‍ക്ക്‌ വിവാഹം ചെയ്തു കൊടുക്കപ്പെട്ട ഒരു പെണ്‍കുട്ടി, വിവാഹത്തിനു ശേഷം മൂന്നാം ദിവസം മരിച്ചു. അവള്‍ക്കു ഒമ്പത് വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഇത്രയും നിന്ദ്യവും ഭീഭത്സവുമായ ഒരു സംഭവം. എന്നിട്ടും അതിനെക്കുറിച്ച് ഒരന്വേഷണം നടത്താനല്ല പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മുതിര്‍ന്നത്. അവര്‍ ജമാതാവിനോട് മാപ്പിരുന്നു. മരിച്ചുപോയ പെണ്‍കുട്ടിക്ക് പകരം അവളുടെ ഏഴു വയസ്സായ അനുജത്തിയെ വധുവായി നല്‍കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. കേടുപറ്റിയ ഒരു കച്ചവടച്ചരക്കിനു നഷ്ടപരിഹാരം നല്‍കുന്നതുപോലെ. നുജൂദിന്‍റെ പ്രതിഷേധം അഭിമാനാര്‍ഹമായ ഒരു കാര്യം തന്നെ. എന്നാല്‍ യാഥാസ്ഥിതികരായ നാട്ടുകാര്‍ കാണുന്നത്, കടുത്ത ധിക്കാരമായിട്ടാണ്. തീവ്രവാദികളുടെ നോട്ടത്തില്‍ വധശിക്ഷ അര്‍ഹിക്കുന്ന ഒരു കുറ്റമാണ് അവള്‍ ചെയ്തിരിക്കുന്നത്… മാനം കാക്കാന്‍ വധശിക്ഷ!”

   

  ********************

   

  സൗദിയില്‍ മാത്രമല്ല, നമ്മളുമായി ഒരേ സാംസ്കാരിക പൈതൃകം പിന്തുടരുന്ന പാക്കിസ്ഥാനിലും കാര്യങ്ങള്‍ സൗദിയില്‍ നിന്നു വ്യത്യസ്തമല്ല എന്ന് അവിടെ നിന്നുള്ള പത്രവാര്‍ത്തകള്‍ നമ്മോട് പറയുന്നു.

   

  പാക്കിസ്ഥാനിലെ പ്രശസ്തനായ മുന്‍നിര വക്കീലന്മാരില്‍ ഒരാളും ലാഹോര്‍ ഹൈക്കോര്‍ട്ട് ബാര്‍ അസോസിയേഷന്‍ മുന്‍പ്രസിഡണ്ടുമായ ചൌധരി മുഹമ്മദ്‌ നയീം തന്‍റെ വീട്ടു ജോലിക്കാരിയായ ഷാസിയ മസീഹ് എന്ന പന്ത്രണ്ടുവയസ്സുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. പാകിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗങ്ങളുടേയും പത്രങ്ങളുടെയും നിരന്തര ശ്രമഫലമായി കുറേ നാളുകള്‍ക്കു ശേഷം മുഹമ്മദ്‌ നയീമിനെ അറസ്റ്റ്‌ ചെയ്തു. എന്നാല്‍ ഏറെ ഞെട്ടിക്കുന്നതും ഏറ്റവും ഭയപ്പെടുത്തുന്നതും അറപ്പുളവാക്കുന്നതുമായ കാര്യങ്ങള്‍ അരങ്ങേറിയത് അതിനു ശേഷമാണ്. മുഹമ്മദ്‌ നയീമിനെ റിമാന്‍ഡ്‌ ചെയ്തപ്പോള്‍ അഭിഭാഷകര്‍ ഒറ്റക്കെട്ടായി നയീമിന് വേണ്ടി തെരുവിലിറങ്ങി. കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി കേസ്‌ വാദിക്കാന്‍ തങ്ങളാരും തയ്യറാകുകയില്ലെന്നു അഭിഭാഷകര്‍ പ്രസ്താവനയിറക്കി. ശരീ-അത്ത് നിയമപ്രകാരം തങ്ങളുടെ വീട്ടു ജോലിക്കാരികളെ എന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യം വീട്ടുടയവനുണ്ടെന്നും അക്കാരണത്താല്‍ മുഹമ്മദ്‌ നയീം ചെയ്തത് തെറ്റല്ലെന്നും അവര്‍ പറഞ്ഞു. (സൗമ്യയുടെ കേസില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാന്‍ വന്ന വക്കീലിനെതിരായാണ് ഇവിടെ ജനങ്ങള്‍ തെരുവിലിറങ്ങിയത്!!)

   

  ഈ അഭിഭാഷകരാണ് ഭാവിയില്‍ പാക്കിസ്ഥാനിലെ ന്യായാധിപന്മാരാകാന്‍ പോകുന്നതെന്ന് നാം ഓര്‍ക്കണം. നീതിക്ക് വേണ്ടി വാദിക്കേണ്ടവരുടെ മാനസിക നില ഇതാണെങ്കില്‍ മറ്റുള്ളവരുടെ കയ്യാല്‍ അവിടെയുള്ള ഇതര മതസ്ഥര്‍ അനുഭവിക്കുന്ന നീതി നിഷേധം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ. ഷാസിയാ മസീഹിന്‍റെ കേസിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലിങ്കുകള്‍ സന്ദര്‍ശിക്കുക:

   

  http://islam-watch.org/index.php?option=com_content&view=article&id=339:shazia-masih-rape-a-killing-the-evil-of-islam-in-action&catid=118:kisan&Itemid=58

   

  http://www.nowpublic.com/world/shazia-masih-12

   

  http://forum.pakistanidefence.com/index.php?showtopic=87358

   

  **************************************

   

  നുജൂദ്‌ ഇപ്പോള്‍ അവളുടെ അനിയത്തോടൊപ്പം സ്കൂളില്‍ പഠിക്കുകയാണ്. അവരുടെ പഠനത്തിനുള്ള ചെലവ് ഈ പുസ്തകത്തിന്‍റെ റോയല്‍റ്റിയില്‍ നിന്നാണ് കിട്ടുന്നത്. അതുകൊണ്ടുതന്നെ ഈ പുസ്തകം നിങ്ങള്‍ വാങ്ങി വായിക്കണം. അവളുടെ സ്വപ്നം ഒരു വക്കീല്‍ ആകണമെന്നാണ്. അതിനെപ്പറ്റി അവള്‍ പറയുന്നത് കേള്‍ക്കുക:

   

  “എനിക്ക് പ്രായമാകുമ്പോള്‍ ഞാന്‍ ഷാദയെപ്പോലെ ഒരു വക്കീലാകും. എന്നെപ്പോലെയുള്ള മറ്റു ചെറിയ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കും. എനിക്ക് സാധിക്കുമെങ്കില്‍ ഞാന്‍ നിര്‍ദ്ദേശിക്കും, പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടാക്കി ഉയര്‍ത്തണമെന്ന്. അല്ലെങ്കില്‍ ഇരുപതു. ഇരുപത്തിരണ്ടായാലും തരക്കേടില്ല. അതിനുള്ള വീറും വാശിയും എനിക്കുണ്ടാകണം. പുരുഷന്മാരോട് സംസാരിക്കുമ്പോള്‍ അവരുടെ കണ്ണില്‍ത്തന്നെ നോക്കി നില്‍ക്കാനുള്ള ധൈര്യം ഞാന്‍ സ്വയം ഉണ്ടാക്കണം. വിശുദ്ധ നബി ആയിഷയെ ഒമ്പതാം വയസ്സില്‍ വിവാഹം കഴിച്ചു എന്ന് ഇനി അബ്ബ പറയുമ്പോള്‍ അത് തെറ്റാണ് എന്ന് എടുത്തു കാണിക്കാനുള്ള ധൈര്യം ഞാന്‍ അടുത്തുതന്നെ നേടിയെടുക്കും. ഞാന്‍ ഷാദയെപ്പോലെ മുഖം മറയ്ക്കാതെ നടക്കും. കാലില്‍ ഉപ്പൂറ്റി പൊങ്ങിയ ഷൂസുകള്‍ ധരിക്കും. നിക്കാബ്‌[3] ധരിക്കുന്ന സ്ത്രീ… എങ്ങനെയാണ് സുഖമായി ശ്വാസോച്ഛ്വാസം ചെയ്യുക? അതൊക്കെ പതുക്കെയാകാം. ആദ്യം ചെയ്യേണ്ടത് ആദ്യം. പാഠങ്ങള്‍ കൃത്യമായി പഠിക്കണം. നല്ലൊരു വിദ്യാര്‍ത്ഥിയാകണം. എങ്കിലേ കോളേജില്‍ ചേര്‍ന്ന് നിയമം പഠിക്കാമെന്ന് പ്രതീക്ഷിക്കാനാവൂ. വേണ്ടത്ര അധ്വാനിക്കുകയാണെങ്കില്‍, അവിടെ ഞാന്‍ ചെന്നെത്തും… തീര്‍ച്ച.”

   

  ******************

   

  നിന്‍റെ ആഗ്രഹങ്ങള്‍ സഫലമാകട്ടെ, എന്‍റെ കുഞ്ഞു സഹോദരീ… നീ എന്നെ അറിയില്ല. പക്ഷേ ഇവിടെ, നീ അധിവസിക്കുന്ന ഉപഭൂഖണ്ഡത്തില്‍നിന്ന് എത്രയോ കാതങ്ങള്‍ അകലെ മറ്റൊരു ഉപഭൂഖണ്ഡത്തിലിരുന്ന്, നിറഞ്ഞ കണ്ണുകളോടും അതിനേക്കാള്‍ നിറഞ്ഞ ഹൃദയത്തോടും കൂടി നിന്‍റെ ഈ ജേഷ്ഠസഹോദരന്‍ നിര്‍വ്യാജമായ സ്നേഹത്തോടു കൂടെ നിന്നെ ആശ്ലേഷിക്കുന്നു. കണ്ണീരുപ്പുപുരട്ടിയ ജീവിതപലഹാരത്തിന്‍റെ രുചി ഇത്ര കയ്പു നിറഞ്ഞതാണെന്ന് ഈ ചെറിയ പ്രായത്തിലേ നീ അറിയാനിട വന്നല്ലോ…

   

  നിന്‍റെ അനുജത്തിമാര്‍ക്ക്, നിന്‍റെ നാട്ടിലുള്ള കുഞ്ഞുസഹോദരിമാര്‍ക്ക്, നിനക്കുണ്ടായ ദുരനുഭവം ആവര്‍ത്തിക്കാന്‍ ഇടയാകരുതെന്നുണ്ടെങ്കില്‍ നീ നിന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കണം. അന്ന് കോടതിയില്‍ പോകാന്‍ ഉപദേശിച്ച ദൌലയുടെ മുന്‍പാകെ നിന്ന് നീ ചിന്തിച്ചല്ലോ, “ചെയ്യേണ്ട കാര്യം ഞാന്‍ തന്നെ ചെയ്യും. ഏതു മലയും കയറിമറയാന്‍ തയ്യാറാണ്” എന്ന്. അതുപോലെയുള്ള ഒരു ദൃഢചിത്തത നിനക്ക് ഈ കാര്യത്തിലും ഉണ്ടാകട്ടെ. പതിനാലു നൂറ്റാണ്ടുകള്‍ക്കു മുന്‍പ്‌ ജീവിച്ചിരുന്ന ഒരു മനുഷ്യന്‍റെ ദുഷ്പ്രവൃത്തികള്‍ വിശുദ്ധ മാതൃകയാണെന്ന് കരുതി ഇപ്പോഴും അനുവര്‍ത്തിക്കുന്ന ഒരു പുരുഷാധിപത്യ സമുദായത്തില്‍നിന്ന് നിന്നെപ്പോലെ അനേകം നുജൂദുമാര്‍ ഉണ്ടാകാന്‍ നീ മുന്‍പേ നടക്കുക, സോദരീ…

  _______________________________________________________________________

  [1]  ആര്‍ത്തവപ്രായം കഴിഞ്ഞു പോയവര്‍

   

  [2]  വിവാഹമോചിത മറ്റൊരു വിവാഹത്തിലേര്‍പ്പെടാതെ കാത്തിരിക്കാന്‍ ബാദ്ധ്യസ്ഥയായ ദീക്ഷാകാലത്തിനാണ് ഇദ്ദ: എന്ന് പറയുന്നത്.

   

  [3]  കറുത്ത മേലങ്കികള്‍ക്ക് ഇണങ്ങുന്ന, കണ്ണുകള്‍ മാത്രം പുറത്തു കാണുന്ന വിധം മുഖത്തെ മറയ്ക്കുന്ന മുഖാവരണം.