About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • November 2024 (6)
  • July 2024 (1)
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ക്രിസ്ത്യാനികള്‍ പങ്കെടുത്തിട്ടുണ്ടോ? വിമര്‍ശകര്‍ക്ക് മറുപടി

    അനില്‍കുമാര്‍ വി അയ്യപ്പന്‍

    ഇന്ത്യന്‍ സ്വാതന്ത്യ സമരത്തില്‍ യാതൊരു പങ്കും ക്രിസ്ത്യാനികള്‍ വഹിച്ചിരുന്നില്ല എന്നത് അറിവില്ലായ്മയുടെ അങ്ങേയറ്റവും ചരിത്രത്തിന് നേര്‍ക്കുളള കൊഞ്ഞനം കുത്തലുമാണ്. ഇന്ത്യയില്‍ രണ്ട് സ്വാതന്ത്ര്യ സമരം ഉണ്ടായിട്ടുണ്ട്, രണ്ടിലും ക്രിസ്ത്യാനികള്‍ പങ്കെടുത്തിട്ടുണ്ട് എന്ന് മാത്രമല്ല, അതിലൊരു സമരത്തിന്‍റെ നേതൃത്വം വഹിച്ചിരുന്നത് തന്നെ ക്രിസ്ത്യാനികളായിരുന്നു. രണ്ട് സ്വാതന്ത്ര്യ സമരം എന്ന് പറഞ്ഞാല്‍  ഒരുപക്ഷേ ചിലര്‍ക്കെങ്കിലും ആശയക്കുഴപ്പം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അക്കാര്യം ചെറുതായൊന്നു വിശദീകരിക്കാം.

    ഇന്ത്യക്കാര്‍ ബ്രിട്ടീഷുകാരുടെ കീഴിലിരുന്നത് 1757 മുതല്‍ 1947 വരെയുള്ള 190 വര്‍ഷങ്ങളാണ്. എന്നാല്‍ ഇന്ത്യയിലെ അവര്‍ണ്ണ ജനവിഭാഗങ്ങള്‍ സവര്‍ണ്ണരുടെ കീഴിലിരുന്നത് ഒന്നോ രണ്ടോ മൂന്നോ നൂറ്റാണ്ടുകളല്ല, ഏതാണ്ട് ഒന്നര സഹസ്രാബ്ദത്തിലധികം കാലമാണ്. ഈ അടിമത്തത്തെക്കുറിച്ചും അതില്‍നിന്നുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും അധികമാരും സംസാരിക്കാറില്ല. ഒരുപക്ഷേ അവര്‍ണ്ണരെ മനുഷ്യരായി പോലും ഗണിക്കാത്തത് കൊണ്ടാകണം, അവരുടെ അടിമത്തത്തെ അടിമത്തമായി പോലും ഇവിടെയുള്ളവര്‍ കണക്കാക്കാത്തത് എന്നാരെങ്കിലും ചിന്തിച്ചാല്‍ അയാളെ കുറ്റം പറയാന്‍ പറ്റില്ല.

    കേരളത്തിലെ അധസ്ഥിത ജനവിഭാഗങ്ങളുടെ അവസ്ഥ എങ്ങനെയായിരുന്നുവെന്ന് പദ്മനാഭ മോനോന്‍ കൊച്ചി രാജ്യ ചരിത്രത്തില്‍ എഴുതിയിട്ടുണ്ട്:

    “അവരെ ഉടമസ്ഥന്മാര്‍ സ്ഥാവരജംഗമ സ്വത്തുക്കളെപ്പോലെ ക്രയവിക്രയം ചെയ്യുന്നതിന് ഒരു തടസ്സവും ഉണ്ടായിരുന്നില്ല. ഉടമസ്ഥര്‍ ദിവസവും അവര്‍ക്ക് സാപ്പാടിനു കൊടുക്കണമെന്നില്ല. ഉടമസ്ഥരുടെ പണിക്ക് ആവശ്യമില്ലെങ്കില്‍ മറ്റുള്ളവരുടെ പണിക്കു പോകാം. പക്ഷേ, ആവശ്യപ്പെടുമ്പോള്‍ വന്നില്ലെങ്കില്‍ ശിക്ഷയ്ക്ക് പാത്രമായിരിക്കും. കൊയ്ത്തു കഴിഞ്ഞാല്‍ പത്തിലൊന്ന് അവര്‍ക്ക് കൊടുക്കും. ഉടമസ്ഥന് അവരെ കൊന്നുകളയുവാന്‍ കൂടി അവകാശമുണ്ട്‌”. (പദ്മനാഭ മേനോന്‍, കൊച്ചി രാജ്യ ചരിത്രം, വാള്യം II, പുറം 652).

    ഈ വിഭാഗക്കാര്‍ക്ക് അവകാശങ്ങള്‍ യാതൊന്നും ഇല്ലായിരുന്നുവെന്ന് പറയാനാവുകയില്ല എന്നാണ് പദ്മനാഭ മേനോന്‍ പറയുന്നത്:

    “അധഃപതിച്ച ഈ ദരിദ്ര വര്‍ഗ്ഗങ്ങളുടെ അവകാശങ്ങളെപ്പറ്റി പറയുന്നത് അസംബന്ധമാണ്. ശരിയായ അര്‍ത്ഥത്തില്‍ അവകാശമെന്നോ ആനുകൂല്യമെന്നോ പറയാവുന്ന യാതൊന്നും അവര്‍ക്കില്ല. മരിക്കാന്‍, ഭക്ഷണം കിട്ടാതെ മരിച്ചു പോവാന്‍ തീര്‍ച്ചയായും അവര്‍ അനുവദിക്കപ്പെട്ടിരുന്നില്ല. യജമാനന് വേണ്ടി എന്തെങ്കിലും ജോലിക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുന്ന കാലം വരെ എന്തായാലും അത് നടപ്പില്ല. അത്രയും കൊണ്ട് അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും അവസാനിക്കുന്നു” (Padmanabha Menon, Kerala, Vol.II, P.275).

    ഇതായിരുന്നു അവരുടെ അവകാശങ്ങള്‍. ഇങ്ങനെ അടിമത്തത്തില്‍ കിടന്നിരുന്ന ജനതയ്ക്ക് സ്വാതന്ത്ര്യം കിട്ടാന്‍ വേണ്ടി നടത്തിയ പോരാട്ടവും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരമാണ്. ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടിക്കഴിഞ്ഞിട്ടും പത്ത് പതിനഞ്ചു നൂറ്റാണ്ടുകളായി നില നിന്ന് വന്നത് പോലെ സവര്‍ണ്ണരുടെ അടിമകളായിത്തന്നെ ആ ജനത തുടര്‍ന്നിരുന്നെങ്കില്‍ അവര്‍ക്ക് എന്ത് സ്വാതന്ത്യ്രം കിട്ടിയെന്നാണ് പറയാന്‍ സാധിക്കുക? ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സ്വാതന്ത്ര്യ സമരം എല്ലാ ജനവിഭാഗങ്ങള്‍ക്കും സ്വാതന്ത്ര്യം നല്‍കുന്നതായിരുന്നില്ല. എന്തുകൊണ്ടാണ് ഡോ. അംബേദ്‌കര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാതിരുന്നത്? ഇത് തന്നെയാണ് കാരണം. ദളിത്‌, അവര്‍ണ്ണ ജനതയെ സംബന്ധിച്ച് സ്വാതന്ത്ര്യമെന്നാല്‍ അത് ബ്രിട്ടീഷുകാരില്‍ നിന്നല്ല നേടേണ്ടിയിരുന്നത്, ഇന്നാട്ടിലെ സവര്‍ണ്ണരില്‍ നിന്നായിരുന്നു. കാരണം അവരെ അടിമകളാക്കിയിരുന്നത് ബ്രിട്ടീഷുകാര്‍ ആയിരുന്നില്ല, സവര്‍ണ്ണര്‍ ആയിരുന്നു. അവരുടെ അദ്ധ്വാന ഫലം കൊള്ളയടിച്ചു കൊണ്ടിരുന്നത് ബ്രിട്ടീഷുകാര്‍ ആയിരുന്നില്ല, സവര്‍ണ്ണരായിരുന്നു. വിസ്തരഭയത്താല്‍ ചില കാര്യങ്ങള്‍ ഞാന്‍ ചുരുക്കിപ്പറയാം.

    പ്രധാനമായും നികുതി എന്ന ഓമനപ്പേരിലാണ് ഇവിടത്തെ ഭരണവര്‍ഗ്ഗമായ സവര്‍ണ്ണര്‍ ദളിത്‌, അവര്‍ണ്ണ ജനവിഭാഗങ്ങളെ കൊള്ളയടിച്ചു കൊണ്ടിരുന്നത്. എന്തിനും ഏതിനും നികുതിയായിരുന്നു. ഏഴ, കോഴ, തപ്പ്, പിഴ, പുരുഷാന്തരം, പുലയാട്ടുപെണ്ണ്, കാഴ്ച, ദത്തുകാഴ്ച, ഉലാവുകാഴ്ച, തിരുമുൽക്കാഴ്ച, ആണ്ടക്കാഴ്ച, പൊന്നരിപ്പ്, അറ്റാലടക്ക്, ചേരിക്കൽ, അയ്മുല, മുമ്മുല, ചെങ്കൊമ്പ്, കൊമ്പ്, കുറവ്, വാലുതോലി, ആനപിടി, ഉടഞ്ഞ ഉരുക്കൾ, രക്ഷാഭോഗം, പേരാമ്പേര്, കെട്ടുതെങ്ങ്, പൊളിച്ചെഴുത്ത്, പാശിപാട്ടം, അങ്ങാടിപ്പാട്ടം, തറിക്കടമൈ, കൊടിക്കടമൈ, കാട്ടുഭോഗം, ചെക്കിറൈ, പാകുടം, ചാവുകാണിക്ക, പട്ടിവാരം, അഞ്ചാലി, മേട്ടുകാവൽ, നാട്ടുസ്ഥാനം, തലപ്പണം, മുലപ്പണം, മാർക്കപ്പണം, അടിമപ്പണം, ആയപ്പണം, കോട്ടൈപ്പണം, മാറ്റാൽപ്പണം പടപ്പണം, അങ്കം, ചുങ്കം, ചങ്ങാതം, മീശക്കാഴ്ച, മേനിപ്പൊന്ന്, തുടങ്ങി 110 തരം നികുതികള്‍ തിരുവിതാംകൂറില്‍ ഉണ്ടായിരുന്നു.

    വീട് മേയാനും കല്യാണത്തിന് പന്തലിടാനും നികുതി കൊടുക്കണമായിരുന്നു. അവര്‍ണ്ണന് മേല്‍ മീശ വെക്കണമെങ്കില്‍ മീശക്കാഴ്ച എന്ന നികുതി നല്കണമായിരുന്നു. മോതിരം ധരിക്കാനും തലയില്‍ ഉറുമാല്‍ കെട്ടാനും രാജാവിന് നികുതി കൊടുക്കണം. അവര്‍ണ്ണന് കല്യാണം കഴിക്കണമെങ്കിലും നികുതി കൊടുക്കണം. മീന്‍ പിടിക്കുന്നവര്‍ ‘വലക്കരം’ എന്ന നികുതി കൊടുക്കണം. തെങ്ങിലും പനയിലും കയറുന്നവര്‍ ‘തളക്കാണം’, ‘ഏണിക്കാണം’ എന്നീ നികുതികള്‍ കൊടുക്കണം. പറയന്മാര്‍ പുല്ലരിയുന്നതിനുവരെ നികുതി കൊടുക്കണമായിരുന്നു, ‘പുല്ലുവെട്ടു കാണികാഴ്ച’ എന്നായിരുന്നു അതിന്‍റെ പേര്. പിന്നെ യുദ്ധമെങ്ങാനും വന്നാല്‍ യുദ്ധച്ചിലവിനു വേണ്ടിയുള്ള പ്രത്യേക നികുതികളുണ്ട്, അതും അവര്‍ണ്ണരായിരുന്നു കൊടുക്കേണ്ടിയിരുന്നത്. ബ്രാഹ്മണര്‍ക്ക് നികുതി കൊടുക്കേണ്ടതില്ലായിരുന്നു. നായന്മാര്‍ക്കാണെങ്കില്‍ പലവിധ നികുതിയിളവുകളും ഉണ്ടായിരുന്നു.

    സാമുവല്‍ മറ്റീറിന്‍റെ ‘ഞാന്‍ കണ്ട കേരളം’ എന്ന പുസ്തകത്തിന്‍റെ 368-മത്തെ പേജില്‍ പറഞ്ഞിരിക്കുന്നത്: “കൊല്ലവര്‍ഷം 1040-ലെ (എ.ഡി.1865) അഡ്മിനിസ്ട്രേഷന്‍ റിപ്പോര്‍ട്ടില്‍ വിവിധ തരത്തിലുള്ള 110 നികുതികളെ കുറിച്ച് പ്രസ്താവിക്കുന്നുണ്ട്” എന്നാണ്. ആ വര്‍ഷം തന്നെ ഈ നികുതികളെല്ലാം നിര്‍ത്തലാക്കി എന്ന് പറഞ്ഞിട്ട് അദ്ദേഹം തുടരുന്നത് ഇങ്ങനെയാണ്: “വിചിത്രമായ ഈ നികുതിപ്പട്ടികയിലൂടെ കടന്നു പോവുമ്പോള്‍ രാജ്യത്തിലെ മുന്‍കാലസ്ഥിതിയെന്തായിരുന്നുവെന്നും ഈ നികുതികള്‍ വാണിജ്യം, വ്യവസായം, സാമൂഹ്യ സ്വാതന്ത്ര്യം. ആഭ്യന്തരസൗകര്യങ്ങള്‍ എന്നിവയില്‍ ഏതെല്ലാം വിധത്തില്‍ ഇടപെട്ടിരുന്നു എന്നും മനസ്സിലാക്കാനാവും. നികുതി ചുമത്താവുന്ന യാതൊന്നിനെയും അതില്‍ നിന്നും ഒഴിവാക്കിയിരുന്നില്ല. പാവപ്പെട്ടവരുടെ അദ്ധ്വാനഫലത്തെ പിഴിഞ്ഞെടുക്കാന്‍ എല്ലാ വിശേഷാവസരങ്ങളെയും പ്രയോജനപ്പെടുത്തിയിരുന്നു. ഇങ്ങനെ പിഴിഞ്ഞെടുത്ത പണം ബ്രാഹ്മണര്‍ക്കും ക്ഷേത്രങ്ങള്‍ക്കും രാജകീയ ചടങ്ങുകള്‍ക്കും മേല്‍ വാരിക്കോരി ചിലവിട്ടു.” (സാമുവല്‍ മെറ്റീര്‍, ഞാന്‍ കണ്ട കേരളം, പുറം 368,369)

    സി.കേശവന്‍റെ ആത്മകഥയായ ജീവിത സമരത്തിലും ഈ നികുതികളെക്കുറിച്ച് പറയുന്നുണ്ട്:

    “പിന്നൊരു കരം ‘തലയറ’ ആയിരുന്നു. തലപ്പണമെന്നും തലവരി എന്നും പല പേരുകളില്‍ ഈ വരി അറിയപ്പെടുന്നുണ്ട്. 926-ല്‍ രാമയ്യന്‍റെയും മാര്‍ത്താണ്ഡവര്‍മ്മയുടെയും കാലത്താണ് ഈ ഈഴവര്‍ തുടങ്ങിയ ഏഴ ജാതികളുടെ മേല്‍ ഈ അന്യായമായ നികുതി ചുമത്തപ്പെട്ടത്. മാര്‍ത്താണ്ഡ വര്‍മ്മ ഒട്ടുവളരെ യുദ്ധങ്ങളും 925-ല്‍ തൃപ്പടിദാനവും നടത്തി ഭണ്ഡാരം നിശ്ശേഷം ശോഷിപ്പിച്ചത് നികഴ്ത്താന്‍ കണ്ടുപിടിച്ച എളുപ്പമാര്‍ഗ്ഗങ്ങളിലൊന്നായിരുന്നു ഈ വരി. 16 മുതല്‍ 60 വയസ്സുവരെയുള്ള ഏഴജാതികളുടെ തലയെണ്ണി ഇത് പിരിച്ചുവന്നു. 6 കൊല്ലത്തില്‍ ഒരിക്കലായിരുന്നു ഈ നികുതി നിശ്ചയിക്കുന്നത്. നായന്മാരെയും മാപ്പിളമാരെയും കൊങ്കിണികളെയും മറ്റും ഈ നികുതിഭാരത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. 990-ല്‍ ഈ നികുതി നിറുത്തല്‍ ചെയ്യപ്പെട്ടു. ദിവാന്‍ നാണുപിള്ള പറയുന്നത് അതി ഭീമമായ ഒരു വരവാണ് ഇതു നിറുത്തല്‍ ചെയ്തത് മൂലം ആഹുതി ചെയ്യപ്പെട്ടത് എന്നാണ്.” (സി.കേശവന്‍, ജീവിതസമരം, പുറം.101)

    ഇങ്ങനെ ജീവിതം ദുരിതമയമായ ഇന്നാട്ടിലെ സാധാരണക്കാര്‍ക്ക് അഭയവും ആശ്വാസവുമായിത്തീര്‍ന്നത് ക്രിസ്ത്യന്‍ മിഷണറിമാരായിരുന്നു. ആദ്യം നമുക്ക് ഈ നികുതിയില്‍ നിന്ന് തന്നെ തുടങ്ങാം. തിരുവിതാംകൂറിലെ അന്യായമായ നികുതികള്‍ നിര്‍ത്തല്‍ ചെയ്തത് ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനഫലമായിട്ടായിരുന്നു എന്ന് സി. കേശവന്‍റെ ആത്മകഥയായ ‘ജീവിതസമര’ത്തില്‍ പറയുന്നുണ്ട്:

    “ഈ മിഷണറിമാരുടെ പിന്തുണയില്ലായിരുന്നെങ്കില്‍, ഈ തലവരി നിറുത്തല്‍ ചെയ്യാന്‍ കാലവിളംബം നേരിടുമായിരുന്നെന്നുള്ളത് നിസ്സന്ദേഹമാണ്. ജീവിച്ചിരുന്നവര്‍ക്ക് മാത്രമല്ല, ചത്തുപോയവര്‍ക്കും ഈ നികുതി കൊടുക്കേണ്ടി വന്നു. കൊടുക്കാന്‍ നിവൃത്തിയില്ലാതെ അന്യനാട്ടില്‍ വല്ലവരും കടന്നു കളഞ്ഞിരുന്നെങ്കില്‍, അവരുടെ അവകാശികള്‍ അത് കട്ടായം കൊടുത്തു തന്നെ തീരണം. സംശയം തോന്നുന്നവര്‍ ആഗൂറിന്‍റെ ക്രൈസ്തവചരിത്രം നോക്കുക. ഈ തലവരി വഴി ഈഴവരിലും ചാന്നാന്മാരിലും നിന്നു സര്‍ക്കാരിന് പ്രതിവര്‍ഷം 88,044 രൂപയും മറ്റു ഏഴജാതികളില്‍നിന്ന് 4624 രൂപയുമാണത്രേ ലഭിച്ചു വന്നത്. അന്നത്തെ മൊത്തം മുതലെടുപ്പ് 34 ലക്ഷം രൂപയില്‍ കവിഞ്ഞിരുന്നില്ല. ജനസംഖ്യ 1010-ല്‍ 12 ലക്ഷവുമായിരുന്നു.” (സി.കേശവന്‍, ജീവിതസമരം, പുറം.101)

    ഏഴജാതികളുടെ നടുവൊടിച്ചിരുന്ന ഈ നികുതികള്‍ നിര്‍ത്തല്‍ ചെയ്യിച്ചതിന്‍റെ പുറകില്‍ ക്രിസ്ത്യന്‍ മിഷണറിമാരായിരുന്നു എന്നാണ് സി കേശവന്‍ പറയുന്നത്. ഈ നികുതികള്‍ നിര്‍ത്തല്‍ ചെയ്യിച്ചതിലൂടെ സര്‍ക്കാരിലേക്കുള്ള വരവ് കുറഞ്ഞത് നേരിട്ട് ബാധിച്ചത് ബ്രാഹ്മണരെയായിരുന്നു. സാമുവല്‍ മെറ്റീര്‍ പറയുന്നുണ്ടല്ലോ, “ഇങ്ങനെ പിഴിഞ്ഞെടുത്ത പണം ബ്രാഹ്മണര്‍ക്കും ക്ഷേത്രങ്ങള്‍ക്കും രാജകീയ ചടങ്ങുകള്‍ക്കും മേല്‍ വാരിക്കോരി ചിലവിട്ടു” എന്ന്. പി.ശങ്കുണ്ണി മേനോന്‍റെ തിരുവിതാംകൂര്‍ ചരിത്രം എന്ന പുസ്തകത്തിന്‍റെ 96-മത്തെ പേജില്‍ പറയുന്നത് “പിരിച്ചെടുക്കുന്ന നികുതിപ്പണത്തില്‍ നിന്ന് ക്ഷേത്രങ്ങള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും ഉണ്ടായിരുന്ന ചെലവ് കഴിച്ചുള്ള തുകയാണ് സര്‍ക്കാര്‍ ഖജനാവില്‍ അടച്ചിരുന്നതെ”ന്നാണ്.

    പകലന്തിയോളം പണിയെടുത്തിരുന്ന ഇന്നാട്ടിലെ അവര്‍ണ്ണവിഭാഗങ്ങള്‍ക്ക് മര്യാദയ്ക്ക് വിശപ്പടക്കാന്‍ ഒരു നേരത്തെ ആഹാരം പോലും ലഭിക്കാതിരുന്നപ്പോള്‍ യാതൊരു പണിയും ചെയ്യാതിരുന്ന ബ്രാഹ്മണര്‍ക്ക് സൗജന്യമായി ദിവസം രണ്ടു നേരം സദ്യ കൊടുക്കാന്‍ വേണ്ടി നാടൊട്ടുക്കും ഊട്ടുപുരകള്‍ പണികഴിപ്പിച്ചിരുന്നു, ഇവിടത്തെ രാജാക്കന്മാര്‍! സര്‍ക്കാര്‍ ഊട്ടുപുരകള്‍ കൂടാതെ ദേവസ്വങ്ങളുടെ വക ഊട്ടുപുരകളും ഉണ്ടായിരുന്നു, അതിലേക്കാവശ്യമായ നെല്ലും പണവും കൊടുത്തിരുന്നതും സര്‍ക്കാരില്‍ നിന്ന് തന്നെയായിരുന്നു.

    “തിരുവിതാംകൂറില്‍ 1089-ല്‍ (1914) തിരുവനന്തപുരം അഗ്രശാലയിലെ ഊട്ടിനു മാത്രം ചെലവു രൂപാ 1,44,123. അത് 1090-ല്‍, 1,36,192 ക. 1090-ല്‍ ആകെ ഊട്ടിനു ചിലവായ രൂപ മൂന്നേകാല്‍ ലക്ഷത്തില്‍പ്പരം! 1089-ല്‍ ജപദക്ഷിണയ്ക്ക് 1,15,305 ഉറുപ്പിക. 1090-ല്‍ ജപദക്ഷിണയ്ക്ക് 96,976 ക.” (കൊച്ചിന്‍ സ്റ്റേറ്റ് മാനുവല്‍- പുറം 573,574)

    “1085-ല്‍ 10,83,875 രൂപയോളം ഈ ഇനത്തില്‍ ചിലവായി… ഊട്ടുപുരകള്‍, അഗ്രശാല, ഓത്തൂട്ടുകള്‍, ജപദക്ഷിണ ഇത്യാദികള്‍ക്കായി 1084-ല്‍ ഏഴു ലക്ഷം രൂപയോളം ചിലവ് വന്നു.” (പി.ഭാസ്കരനുണ്ണി, ‘പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം’ പുറം 604)

    ഇതുകൂടാതെയാണ് ആറു കൊല്ലത്തിലൊരിക്കല്‍ നടന്നിരുന്ന മുറജപസദ്യ. 1744 ജൂലൈ 5 ന് മാർത്താണ്ഡവർമ്മ തുടങ്ങിവച്ചതാണ് ഈ ചടങ്ങ്. രാജ്യ ഭരണത്തിൽ നീതി നടപ്പാക്കുമ്പോഴും, യുദ്ധക്കളങ്ങളിലും, രാജ്യ വിസ്തീർണ്ണം കൂട്ടേണ്ടി വരുമ്പോഴും മറ്റും മനഃപൂർവ്വമല്ലാതെ ഉണ്ടാകപ്പെടുന്ന പാപങ്ങളുടെ പരിഹാര ക്രിയയെന്ന നിലയിലാണ്‌ മുറജപം നടത്തിയിരുന്നത്‌. അമ്പത്താറ് ദിവസം നീണ്ടു നില്‍ക്കുന്ന തീറ്റമഹോത്സവമായിരുന്നു അത്. ഭാസ്കരനുണ്ണി അതിനെക്കുറിച്ച് എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:

    “1081-ലെ (A.D.1906) മുറജപ സദ്യക്ക് ശേഖരിച്ച പദാര്‍ത്ഥങ്ങളില്‍ ചിലതിന്‍റെ സര്‍ക്കാര്‍ കണക്ക് ഉദ്ധരിക്കാം- 20,000 പറ അരി, 4000 പറ അവല്‍, നേരിയ തുണിയിലൊഴിച്ചു ജലാംശം ഊറ്റിയ 12,000 പറ കട്ടത്തൈര്, 14000-ല്‍ പരം ഉറുപ്പികയുടെ പഴങ്ങള്‍…. സദ്യയ്ക്ക് ഉച്ചയ്ക്കുള്ള കുറഞ്ഞ കറിവകകളില്‍ ചിലത് കുറുക്കു കാളനും വലിയ പപ്പടവും വറുത്തുപ്പേരിയും കൊണ്ടാട്ടവും ഉപ്പിലിട്ടതും കട്ടത്തൈരും നെയ്യും പഞ്ചസാരയും പഴവും മറ്റും മറ്റുമാണ്. അത്താഴത്തിന് എരിശ്ശേരി, പുളിശ്ശേരി, ഓലന്‍, ശര്‍ക്കരയുപ്പേരി, പഴപ്രഥമന്‍, തൈര്, ഉപ്പിലിട്ടത്‌…. അങ്ങനെയങ്ങനെ.’ (പി.ഭാസ്കരനുണ്ണി, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, പേജ് 47)

    ഇതെല്ലാം ഇവിടത്തെ പാവപ്പെട്ടവന്‍റെ അദ്ധ്വാനഫലത്തെ നികുതി എന്ന പേരില്‍ ഞെക്കിപ്പിഴിഞ്ഞെടുത്ത കാശുകൊണ്ട് നടത്തിയിരുന്ന ആര്‍ഭാടങ്ങളായിരുന്നു. മിഷണറിമാരുടെ പ്രവര്‍ത്തനഫലമായി അന്യായ നികുതികള്‍ ഇല്ലാതാക്കിയതോടെ ഈ ഊട്ടുപുരകളും മുറജപസദ്യയും തുലാപുരുഷദാനവും ഒക്കെ സര്‍ക്കാരിന് നിര്‍ത്തേണ്ടി വന്നു. അതിന്‍റെ കലിപ്പ് ഇവിടെയുള്ള സവര്‍ണ്ണര്‍ക്ക് ക്രിസ്ത്യന്‍ മിഷണറിമാരോടുണ്ടായിരുന്നു. അതുകൊണ്ടാണ് ചട്ടമ്പിസ്വാമി പറഞ്ഞത്, ക്രിസ്ത്യന്‍ മിഷണറിമാര്‍ ഹിന്ദുമതത്തെ ആക്രമിക്കുകയാണ് എന്ന്. മിഷണറിമാര്‍ ഹിന്ദുമതത്തെ ആക്രമിക്കുകയാണെന്ന ആരോപണത്തിനുള്ള മറുപടി ആദ്യത്തെ തിരുകൊച്ചി മുഖ്യമന്ത്രിയും ഈഴവ നേതാവുമായിരുന്ന സി.കേശവന്‍ നല്കിയിട്ടുണ്ട്. അദ്ദേഹം തന്‍റെ ആത്മകഥയില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:

    “ഈ മിഷണറിമാരുടെ ആക്രമണം ഇല്ലായിരുന്നെങ്കില്‍ ഏഴ ജാതികള്‍ക്ക് അന്ന് അഭയം എവിടെ കിട്ടുമായിരുന്നു എന്നും ഈ രാജ്യത്തെ വിദ്യാഭ്യാസ നിലവാരം എങ്ങനെ നില്‍ക്കുമായിരുന്നു എന്നും ഊഹിക്കാന്‍ പോലും സാധ്യമല്ല. ഹിന്ദു ദേവസ്വങ്ങള്‍ക്കും അന്നത്തെ ഊര്‍ദ്ധ്വനില്‍ ഒടുങ്ങുകയേ ഗതിയുണ്ടായിരുന്നുള്ളൂ. മണ്‍റോയുടെ ജീവചരിത്രം എഴുതപ്പെടേണ്ട ഒന്നാണ്. തിരു-കൊച്ചിയെ സംബന്ധിച്ചിടത്തോളം, അതിനു തക്ക പ്രാധാന്യമുള്ള ഒരു ചരിത്രപുരുഷനാണദ്ദേഹം.” (സി.കേശവന്‍: ജീവിത സമരം, പുറം 103,104)

    മിഷണറിമാരെ സംബന്ധിച്ച സത്യസന്ധമായൊരു വിലയിരുത്തലാണ് സി. കേശവന്‍ നടത്തിയിരിക്കുന്നത്. മിഷണറിമാര്‍ ആക്രമിച്ചത് ഹിന്ദുക്കളെയല്ല, ഹിന്ദുമതത്തിലെ അനാചാരങ്ങളെയായിരുന്നു. ആ അനാചാരങ്ങള്‍ക്കെതിരെ ക്രിസ്ത്യന്‍ മിഷണറിമാര്‍ പടപൊരുതി അവയെ ഇല്ലാതാക്കി കളഞ്ഞത് കൊണ്ടാണ് ഹിന്ദുക്കള്‍ക്ക് ഇന്ന് തലയുയര്‍ത്തി നടക്കാന്‍ പറ്റുന്നത്.

    കേരളത്തിലെ സ്ത്രീകളെ മാറ് മറപ്പിച്ചത്‌ ക്രിസ്ത്യന്‍ മിഷണറിമാരാണ്. മേല്‍മുണ്ട്‌ സമരമെന്നും മാറ് മറയ്ക്കല്‍ സമരമെന്നും ചാന്നാര്‍ ലഹളയെന്നും ഞാനൊക്കെ സ്കൂളില്‍ പഠിച്ചിട്ടുണ്ടെങ്കിലും അതിന്‍റെ പുറകില്‍ പ്രവര്‍ത്തിച്ചത് ക്രിസ്ത്യന്‍ മിഷണറിമാരായിരുന്നു എന്നുള്ളത് പിന്നീടാണ് അറിയുന്നത്. സി.കേശവന്‍ മേല്‍മുണ്ട് കലാപത്തെക്കുറിച്ച് എഴുതിയത് ഞാന്‍ വായിക്കാം:

    “മേല്‍മുണ്ട് വഴക്ക് എന്ത് ഭയങ്കരം ആയിരുന്നെന്നോ! ശീലവഴക്ക്‌, മുലമാറാപ്പ് വഴക്ക്‌, ചാന്നാര്‍ ലഹള എന്നിങ്ങനെ പല പേരുകളിലും ഈ സ്വാതന്ത്ര്യസമരം അറിയപ്പെടുന്നുണ്ട്. തെക്ക്‌ ചാന്നാന്മാരുടെ (നാടാര്‍) ഇടയിലാണ് ഈ വഴക്ക് ആരംഭിച്ചത്. വടക്ക്‌ ഏതാണ്ട് കൊല്ലം വരെ ഈ ലഹള എത്തി. മിഷണറി സായിപ്പുമാരുടെ ശക്തിയായ പിന്തുണ, ആരുടേയും തുണയില്ലാതിരുന്ന പാവപ്പെട്ട സമുദായങ്ങള്‍ക്ക്‌ കിട്ടി. മതംമാറിയ ചാന്നാട്ടികളുടെ വേഷം മിഷണറിമാര്‍ പരിഷ്കരിച്ചു; നായര്‍ സ്ത്രീകളെപ്പോലെ മേല്‍മുണ്ടും മാറു മറപ്പുമായി. അത് നായന്മാര്‍ക്ക് രസിച്ചില്ല. അടിയായി, ലഹളയായി, സ്ത്രീകളുടെ തുണിയുരിയലായി. ഗവണ്മെന്‍റ് കീഴ്നടപ്പിന്‍റെ പേരില്‍ മേല്‍ജാതികളുടെ വശം ചേര്‍ന്ന് എഴജാതികളുടെ മേല്‍മുണ്ട് അഴിപ്പിക്കാന്‍ കൂട്ട് നിന്നു. മാധവരായര്‍ ദിവാന്‍റെ കല്പനകള്‍ പുറപ്പെട്ടു; മുലമറച്ചു നടക്കാന്‍ അവകാശമുള്ള പെണ്ണുങ്ങളെ മറ്റുള്ള പെണ്ണുങ്ങള്‍ അനുകരിക്കരുതെന്ന്; അത് ചട്ടവിരോധമാണെന്ന്; ശിക്ഷിക്കുമെന്ന്; ലഹളകള്‍ അമര്‍ത്തുമെന്ന്; ന്യായം നടത്തുമെന്ന്. പക്ഷേ ‘നിയമലംഘനം’ പിന്നെയും നടന്നു. മിഷണറിമാര്‍ വിട്ടില്ല.”

    “അന്ന് തിരുവിതാംകൂര്‍ മദ്രാസ്‌ ഗവണ്‍മെന്‍റിന്‍റെ കീഴിലായിരുന്നു. മിഷണറിമാര്‍ ഈ കീഴ്നടപ്പിന്‍റെ കാട്ടാളത്തത്തെപ്പറ്റിയും തിരുവിതാംകൂര്‍ ഗവണ്മെന്‍റിന്‍റെ പക്ഷപാതബുദ്ധിയെപ്പറ്റിയും മദ്രാസ്‌ ഗവര്‍ണ്ണറുടെയും വൈസ്രോയിയുടെയും അടുക്കല്‍ നിവേദനം നടത്തി. ബ്രിട്ടീഷ്‌ ഗവണ്മെന്‍റിന്‍റെ കര്‍ശനമായ സമാധാനം ചോദിപ്പുണ്ടായി. രായരുടെ സാധൂകരണം വായിക്കേണ്ട ഒരു രേഖയാണ്. അതിന് മദ്രാസ്‌ ഗവര്‍ണ്ണര്‍ സര്‍ ചാള്‍സ് ട്രെവല്യന്‍ രോഷാകുലനായി അയച്ച മറുപടിയും വായിക്കേണ്ടതാണ്. ബ്രിട്ടീഷ്‌ സാമ്രാജ്യം ഭരിക്കുന്നത് ഒരു സ്ത്രീയാണെന്നും, അവര്‍ അവരുടെ സഹോദരിമാരുടെ സ്ത്രീത്വത്തെ അവഹേളിക്കുന്നത് ആരായാലും അത് ക്ഷമിക്കുകയില്ലെന്നും തിരുവിതാംകൂര്‍ രാജാവവര്‍കള്‍ ഓര്‍മ്മിക്കണമെന്നുമായിരുന്നു അതിന്‍റെ ചുരുക്കം. വേണ്ടിവന്നാല്‍ ബയണറ്റ്‌ മുന കൊണ്ടുതന്നെ ഈ പരിഷ്കാരം നടപ്പില്‍ വരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രാജാവും കുഴഞ്ഞു, മന്ത്രിയും കുഴഞ്ഞു. ഏതു വേഷവും ആര്‍ക്കും ധരിക്കാമെന്നു രാജകല്പനയുണ്ടായി. ലഹളയുമൊടുങ്ങി. ഈ സ്വാതന്ത്ര്യലബ്ധിയില്‍ ആഹ്ലാദിച്ച് എന്‍റെ ഒരു മാതാമഹി നിരവധി ഈഴവപെണ്ണുങ്ങള്‍ക്ക് മുല മറയ്ക്കാന്‍ ഒട്ടേറെ നേര്യതുകള്‍ സൌജന്യമായി നല്‍കുകയുണ്ടായി.” (സി.കേശവന്‍: ‘ജീവിത സമരം’, പുറം 72,73)

    ഇങ്ങനെ താഴ്ന്ന ജാതിക്കാര്‍ക്ക് നിഷേധിച്ചിരുന്ന പല അവകാശങ്ങളും ഓരോന്നായി അവര്‍ക്ക്‌ ലഭിച്ചു തുടങ്ങി. വീട് ഓടുമേയാനുള്ള അവകാശം, സ്വര്‍ണ്ണാഭരണങ്ങള്‍ അണിയുവാനുള്ള അവകാശം, ചെരുപ്പിടാനുള്ള അവകാശം എന്നിങ്ങനെ ഓരോന്നും ചോഗര്‍ക്കും പുലയര്‍ക്കും ലഭിച്ചത് തുടര്‍ച്ചയായ നിവേദനങ്ങളുടെ ഫലമായിട്ടാണ്.” (ഡോ. സാമുവല്‍ നെല്ലിമുകള്‍: കേരളത്തിലെ സാമൂഹ്യപരിവര്‍ത്തനം, പുറം 413, 414)

    ആ വിഷയത്തെക്കുറിച്ചുള്ള നിരവധി സര്‍ക്കാര്‍ രേഖകളും മിഷണറിമാരുടെ ഡയറിക്കുറിപ്പുകളും മിഷണറി ആസ്ഥാനത്തേക്ക് മിഷണറിമാര്‍ അയച്ച റിപ്പോര്‍ട്ടുകളും എല്ലാം “കേരളത്തിലെ സാമൂഹ്യപരിവര്‍ത്തനം” എന്ന ഗ്രന്ഥത്തില്‍ ഉണ്ട്.

    കുരിക്കാച്ചേരില്‍ മാധവനും കുങ്കുരാമനും മറ്റു ചില ചേര്‍ത്തലക്കാരും ചേര്‍ന്ന് 1884 ഏപ്രില്‍ 6-നും 1889 മെയ് 9-നും മദ്രാസ് ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയിലെ ചില ഭാഗങ്ങള്‍ ഇങ്ങനെയാണ്:

    “ഈഴവരെയും മറ്റു താഴ്ന്ന ജാതിക്കാരെയും ഒന്നാം ക്ലാസ് ഡിസ്ട്രിക്റ്റ് മജിസ്ട്രേട്ടിന്‍റെയോ അതിലും താഴ്ന്ന നികുതി പിരിവുകാരുടെയോ കച്ചേരികളുടെ സമീപത്തു പോലും ചെല്ലുന്നതിനെ വിലക്കിയിരിക്കുന്നു. പൊതുവീഥികള്‍ ഉപയോഗിക്കുന്നതില്‍ അവര്‍ക്ക് വളരെയേറെ അസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു: പെരുവഴിയില്‍ സവര്‍ണ്ണരെ കണ്ടുമുട്ടുമ്പോള്‍ വളരെ അകലത്തിലേക്ക് അവര്‍ ഒഴിഞ്ഞുമാറി പോകണം. സവര്‍ണ്ണ ഹിന്ദുക്കളോടു സംസാരിക്കുമ്പോള്‍ അവര്‍ക്ക് ചില ആചാര പദങ്ങള്‍ ഉപയോഗിക്കണം; അങ്ങനെ ആ പദങ്ങള്‍ ഉപയോഗിക്കാതെയാണ് സംസാരിക്കുന്നതെങ്കില്‍ അതിന് അവരെ ഉപദ്രവിക്കും. സംസ്ഥാനത്തെ ജനസംഖ്യയില്‍ വളരെയധികമുണ്ടെങ്കിലും ഗവണ്മെന്‍റുദ്യോഗത്തില്‍ ഒരു ചോവന്‍ പോലുമില്ല; അതിന് അവര്‍ക്ക് അവസരം നിഷേധിച്ചിരിക്കുന്നു.”

    “സവര്‍ണ്ണ ഹിന്ദുക്കളോടു സംസാരിക്കുമ്പോള്‍ അവര്‍ക്ക് ചില ആചാര പദങ്ങള്‍ ഉപയോഗിക്കണം; അങ്ങനെ ആ പദങ്ങള്‍ ഉപയോഗിക്കാതെയാണ് സംസാരിക്കുന്നതെങ്കില്‍ അതിന് അവരെ ഉപദ്രവിക്കും” എന്ന് ഈ പരാതിയില്‍ പറയുന്നുണ്ടല്ലോ, വെറുതെ ഉപദ്രവിക്കുകയല്ല, കൊന്നു കളയുകയാണ് ചെയ്തിരുന്നത്. 1936 നവംബര്‍ 4-ലെ ‘ബോംബെ സമാചാറി’ല്‍ വന്ന വാര്‍ത്ത അംബേദ്‌കര്‍ ഉദ്ധരിച്ചിരിക്കുന്നത് താഴെ കൊടുക്കാം:

    “മലബാറില്‍ ഒറ്റപ്പാലത്ത് ഈഴവസമുദായത്തില്‍പ്പെട്ട ശിവരാമന്‍ എന്ന് പേരായ 17 കാരന്‍ ജാതിഹിന്ദുവായ ഒരാളുടെ കടയില്‍ ചെന്ന് ‘ഉപ്പ്’ ആവശ്യപ്പെട്ടു. ഇവിടത്തെ ആചാരമനുസരിച്ച് ജാതിഹിന്ദുക്കള്‍ക്ക് മാത്രമേ ഉപ്പെന്ന വാക്ക് ഉച്ചരിക്കാവൂ. ശിവരാമനെപ്പോലെയുള്ളവര്‍ ഉപ്പിന് പകരം ‘പുളിച്ചാടന്‍’ എന്നാണ് പറയേണ്ടത്. ഉപരി ജാതിക്കാരനായ കടയുടമയ്ക്ക് കോപം സഹിക്കാനാവാതെ ശിവരാമനെ കഠിനമായി മര്‍ദ്ദിക്കുകയും മര്‍ദ്ദനമേറ്റ് ശിവരാമന്‍ മരിക്കുകയും ചെയ്തതായി ആരോപിക്കപ്പെടുന്നു.” (ഡോ.അംബേദ്‌കര്‍- സമ്പൂര്‍ണ്ണ കൃതികള്‍, വാല്യം 9, പുറം 63)

    പുലയരുടെയോ പറയരുടെയോ കാര്യമല്ല, ഈഴവരുടെ കാര്യമാണ് ഈ പറയുന്നത് എന്നോര്‍ക്കണം. ഇന്ന് ഹിന്ദുത്വത്തിനു വേണ്ടി, സുവിശേഷം അറിയിക്കുന്നവരെ ആക്രമിക്കാന്‍ മുന്നില്‍ നില്‍ക്കുന്ന ഈഴവര്‍ അറിയണം, ഉപ്പ് എന്ന വാക്ക് പോലും ഉച്ഛരിക്കാന്‍ നിങ്ങളുടെ പൂര്‍വ്വികരെ ഈ ഹിന്ദുത്വവാദികള്‍ അനുവദിച്ചിരുന്നില്ല എന്നുള്ള സത്യം!

    പതിമൂവായിരം ഈഴവര്‍ ചേര്‍ന്ന് കൊല്ലവര്‍ഷം 1070 (A.D.1895)-ല്‍ വിദ്യാലയങ്ങളിലും ഉദ്യോഗങ്ങളിലും തങ്ങള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ഒരു സങ്കട ഹര്‍ജി തിരുവിതാംകൂര്‍ മഹാരാജാവിന് സമര്‍പ്പിക്കുകയുണ്ടായി. അത് കഴിഞ്ഞ് 24 കൊല്ലത്തിനിപ്പുറം, അതായത് 1919-ല്‍, കൊച്ചി ഈഴവസമാജം അതുപോലൊരു സങ്കടഹര്‍ജി കൊച്ചി മഹാരാജാവിനും സമര്‍പ്പിക്കുകയുണ്ടായി. കൊച്ചിക്കാരുടെ സങ്കട ഹര്‍ജിയിലുള്ള ചില വാചകങ്ങള്‍ സി.കേശവന്‍റെ ആത്മകഥയായ ജീവിത സമരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെയാണ്:

    “ഇപ്പോഴും ചില സ്കൂളുകളില്‍, പ്രത്യേകിച്ച് ചില പെണ്‍പള്ളിക്കൂടങ്ങളില്‍ അടിയങ്ങള്‍ക്ക് തീരെ പ്രവേശനമില്ല. ചില അഞ്ചലാഫീസുകളില്‍ അടിയങ്ങള്‍ക്ക് അടുത്തു ചെല്ലുവാന്‍ പാടില്ല. അടിയങ്ങളെ മാര്‍ഗ്ഗനിരോധം ചെയ്യുന്ന നോട്ടീസ് ബോര്‍ഡുകളുടെ എണ്ണം കുറയുന്നില്ലെന്നു തന്നെയല്ല, വര്‍ദ്ധിച്ചും വരുന്നു. അടിയങ്ങള്‍ക്ക് വലിയ സ്ഥാനമാനങ്ങള്‍ ഒന്നും തന്നെ കിട്ടണമെന്നപേക്ഷയില്ല. ചാതുര്‍വര്‍ണ്ണ്യക്കാരുടെ ക്ഷേത്രങ്ങളിലോ മറ്റോ കടക്കണമെന്നും ആഗ്രഹമില്ല. അടിയങ്ങളുടെ അപേക്ഷ എത്രയോ മിതമാകുന്നു. ഇന്നടിയങ്ങള്‍ ഹിന്ദുമതം വിട്ടു ക്രിസ്തുമതമോ മുഹമ്മദീയ മതമോ സ്വീകരിച്ചാല്‍ അടിയങ്ങള്‍ക്കുണ്ടാവുന്ന സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ഹിന്ദുമതത്തില്‍ അടിയങ്ങള്‍ നില്‍ക്കുമ്പോള്‍ അടിയങ്ങള്‍ക്കുണ്ടാകണമെന്ന് മാത്രമേ അടിയങ്ങള്‍ക്ക് അപേക്ഷയുള്ളൂ.” (സി. കേശവന്‍, ജീവിത സമരം, പേജ് 150)

    സി.കേശവന്‍റെ ആത്മകഥയില്‍ തന്‍റെ കുട്ടിക്കാലത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്:

    “അന്ന് ഈഴവന്‍റെ പരാതി 5 രൂപാ ശമ്പളമുള്ള ഒറ്റ ഈഴവന്‍ പോലും സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇല്ലെന്നായിരുന്നു. മറ്റു കാര്യങ്ങള്‍ പോട്ടെ; വഴി നടക്കാന്‍ ഒരു നായയ്ക്കുള്ള സ്വാതന്ത്ര്യം ചോദിക്കാന്‍ പോലും ഈഴവന്‍ അന്ന് ധൈര്യപ്പെട്ടിരുന്നില്ല.”  (സി.കേശവന്‍, ജീവിതസമരം, പേജ്.27)

    ഈഴവര്‍ക്ക് പിന്നീട് ആ സ്വാതന്ത്ര്യം ചോദിക്കാനുള്ള ധൈര്യം ലഭിച്ചതിന്‍റെ കാരണം ക്രിസ്ത്യന്‍ മിഷണറിമാരാണ്. അതും വിവരിക്കാം:

    ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയ ചെറിയാന്‍ എന്ന മുന്‍ ഈഴവന്‍ തിരുവല്ലയില്‍ ക്ഷേത്രസമീപത്തുള്ള പബ്ലിക് റോഡിലൂടെ നടന്നപ്പോള്‍ സവര്‍ണ്ണര്‍ അദ്ദേഹത്തെ ആക്രമിക്കുകയുണ്ടായി. ചെറിയാന്‍ പോയിക്കൊണ്ടിരുന്ന പള്ളിയിലെ പട്ടക്കാരന്‍ ഉടനെ തഹസില്‍ദാരോട് തന്‍റെ ആളുകള്‍ക്ക് സംരക്ഷണം വേണം എന്നാവശ്യപ്പെട്ടു. “മതപരിവര്‍ത്തനം ചെയ്തവര്‍ ഇപ്പോള്‍ സത്യമതത്തെ ആശ്ലേഷിക്കുന്നു. അവര്‍ ക്രിസ്ത്യന്‍ മാപ്പിളമാരായി തീര്‍ന്നിരിക്കുന്നു. അതുകൊണ്ട് ഇനിയവര്‍ ഈഴവരുടെ ആചാരങ്ങളെ അനുഷ്ഠിക്കേണ്ടതില്ല” എന്നതാണ് അദ്ദേഹം തഹസില്‍ദാരോട് പറഞ്ഞത്. ഈ വിഷയത്തില്‍ ഒരു റൂളിംഗ് ഇറക്കണം എന്നപേക്ഷിച്ചുകൊണ്ടു തഹസില്‍ദാര്‍ ഇക്കാര്യം ദിവാന്‍ജിക്കയച്ചു. ‘തിരുവല്ലാശാസനം’ എന്ന് പില്‍ക്കാലത്ത് കുപ്രസിദ്ധമായ റൂളിംഗ് ദിവാന്‍ കൃഷ്ണറാവു ഇറക്കി. തിരുവല്ലാ ശാസനം ഇങ്ങനെയാണ്:

    “ഒരു ഈഴവന്‍ ക്രിസ്ത്യാനിയാകുന്നുവെങ്കില്‍ക്കൂടി അയാള്‍ ഒരിക്കലും ഒരു ഈഴവന്‍ അല്ലാതായിത്തീരുന്നില്ല. അതുകൊണ്ട് ക്ഷേത്രസമീപത്തു പൊതുവീഥിയില്‍ക്കൂടി ചെറിയാനെയും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത മറ്റുള്ളവരെയും സഞ്ചരിക്കുന്നതിന് നിങ്ങള്‍ അനുവദിക്കരുത്. മാത്രമല്ല, ക്ഷേത്രത്തിന് വലം വെച്ച് വയലിലൂടെ പോകുന്നതിന് അവരെ നിര്‍ബന്ധിക്കുകയും വേണം.” (റോബിന്‍ ജെഫ്രി, നായര്‍ മേധാവിത്വത്തിന്‍റെ പതനം, പേജ് 77)

    തിരുവല്ലാ ശാസനത്തിനെതിരെ മിഷണറിമാര്‍ ശക്തമായി പ്രതിഷേധിച്ചു. മദ്രാസ് ഗവണ്മെന്‍റിടുത്ത് പരാതി കൊടുത്തു. 1853 ജനുവരിയില്‍ ഗവര്‍ണര്‍ ജനറല്‍ സര്‍.പോത്തിംഗര്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്തത് ഈ കേസാണ്. തിരുവിതാംകൂര്‍ റസിഡണ്ട് കല്ലനോട് ഇത് സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് കൗണ്‍സില്‍ ആവശ്യപ്പെട്ടു. കല്ലന്‍ ദിവാന്‍ കൃഷ്ണറാവുവിനോടും. കൃഷ്ണറാവു ഇതിന് കൊടുക്കുന്ന മറുപടിയിലെ ഒരു കാര്യം പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്ന ഒന്നാണ്. അതിങ്ങനെയാണ്:

    “മിഷണറിമാര്‍ ഈയിടെയായി തങ്ങള്‍ മാര്‍ഗം കൂട്ടിയവര്‍ക്കുവേണ്ടി പ്രത്യേക അവകാശങ്ങള്‍ ആവശ്യപ്പെടുന്നു. അവ തീര്‍ത്തും പുതിയ ആചാരങ്ങളുമാണ്. മാത്രമല്ല, ഉയര്‍ന്ന ജാതി ഹിന്ദുക്കളുടെ മതവികാരത്തിന് അനനുയോജ്യവും സര്‍ക്കാരിന് സ്വീകരിക്കാന്‍ കഴിയാത്തതുമാണ്.” (Krishna Rao to Cullen, 3 March 1853: TGER, Cover No.215)

    1853 ആഗസ്റ്റ്‌ മാസത്തില്‍ റസിഡന്‍റ് കല്ലന്‍ മദ്രാസ് ഗവണ്മെന്‍റിന് മറുപടി സമര്‍പ്പിച്ചു. മിഷണറിമാര്‍ക്കെതിരെ സവര്‍ണ്ണപക്ഷത്ത് നിന്നിരുന്ന റസിഡന്‍റ് കല്ലന്‍ ആ മറുപടിയില്‍ മിഷണറിമാരെ ആക്രമിക്കുന്നുണ്ട്: “മിഷണറിമാര്‍, അവരുടെ മാര്‍ഗം കൂടിയവരുടെ നിസ്സാര തര്‍ക്കങ്ങളെപ്പോലും ഏറ്റെടുക്കുന്നതില്‍ അതീവ തല്പരരാണ്” എന്നാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്. (Cullen to the Ch.Sec., 24 Aug.1853: MRR, LMG, Vol.XV)

    അടിമക്കച്ചവടത്തിനോട് അനുകൂല മനോഭാവമുണ്ടായിരുന്നയാളായിരുന്നു ഗവര്‍ണര്‍ ജനറല്‍ സര്‍. പോത്തിംഗര്‍. അതുകൊണ്ട് തന്നെ ‘തിരുവല്ലാ ശാസനം’ സംബന്ധിച്ച കേസില്‍ പോത്തിംഗര്‍ ഗവണ്മെണ്ടിന്‍റെ തീരുമാനം മിഷണറിമാര്‍ക്കെതിരായിരുന്നു. 1854 ഫെബ്രുവരിയിലെ വിധി ‘മാര്‍ഗ്ഗം കൂടിയ ആളുകളുടെ കാര്യത്തില്‍ മിഷണറിമാര്‍ ഇടപെടുന്നതിനെ നിരോധിച്ചു കൊണ്ടുള്ളതായിരുന്നു. എന്നാല്‍ മിഷണറിമാര്‍ വിട്ടില്ല, അവര്‍ തങ്ങളുടെ പ്രക്ഷോഭണത്തിന്‍റെ ശക്തിയും വ്യാപ്തിയും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. ‘മദ്രാസ് ചര്‍ച്ച് മിഷണറി റെക്കോര്‍ഡ്’ എന്ന പ്രസിദ്ധീകരണത്തില്‍ അടിമകളുടെ പ്രശ്നങ്ങള്‍ ആധാരമാക്കി മിഷണറിമാര്‍ കുറിക്കു കൊള്ളുന്ന ഒരു ലേഖനമെഴുതി. പിന്നീട് ആ ലേഖനം ഇംഗ്ലണ്ടിലും അച്ചടിച്ച്‌ പ്രചരിപ്പിച്ചു. ഇന്ത്യയിലെ അടിമകളുടെയും അവര്‍ണ്ണജാതിക്കാരുടെയും നിരാശ്രയത്വവും അവര്‍ അനുഭവിക്കുന്ന ക്രൂരതകളും വിശദമായി ചിത്രീകരിക്കുന്നതായിരുന്നു ആ ലേഖനം. ഇംഗ്ലണ്ടിലെ ജനങ്ങളുടെ കണ്ണുതുറപ്പിച്ച ഒന്നായിരുന്നു അത്.

    കൃത്യസമയത്താണ് അവരത് ചെയ്തത്. കാരണം, 1854 പാതിയായപ്പോഴേക്കും അടിമകളോട് യാതൊരു അനുകമ്പയും കാട്ടാതിരുന്ന സര്‍.പോത്തിംഗര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. അദ്ദേഹത്തിനു പകരം, ക്രിസ്തീയാദര്‍ശം നിത്യജീവിതത്തില്‍ നടപ്പാക്കുന്നവനും അടിമവ്യവസ്ഥയുടെ വിരോധിയും അടിമവ്യവസ്ഥിതിയെ പൂര്‍ണ്ണമായും തുടച്ചു നീക്കാന്‍ ഇന്ത്യയിലേക്ക്‌ അയക്കപ്പെട്ടവനുമായ ഹാരീസ് പ്രഭു നിയമിതനായി. തിരുവിതാംകൂറിലെ എല്ലാ അടിമകളേയും തീര്‍ത്തും സ്വതന്ത്രരാക്കുന്നതിന് ആവശ്യപ്പെട്ടുകൊണ്ട് മദ്രാസ്‌ ഗവണ്മെന്‍റ് 1854 ഒക്ടോബര്‍ മാസത്തില്‍ ഒരു പ്രമേയം പാസ്സാക്കി. (Resolution No.371. 3.Oct.1854: MPP 3 Oct. 1854, Range 321, Vol.XIII,p.3892)

    പുതിയ ഗവര്‍ണ്ണരുടെ പരിപാടികളുമായി യോജിക്കുകയല്ലാതെ വേറെ നിവൃത്തിയില്ലെന്ന് തിരുവിതാംകൂര്‍ റസിഡന്‍റിനും ദിവാനും മനസ്സിലായി. 1855 ഏപ്രിലില്‍ കൊച്ചിന്‍ സര്‍ക്കാര്‍ അടിമകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന വിളംബരം പുറപ്പെടുവിച്ചു. അതോടെ നിവൃത്തിയില്ലാതെ 1855 ജൂണ്‍ 24-ാം തിയ്യതി തിരുവിതാംകൂറും എല്ലാ സര്‍ക്കാര്‍ അടിമകളേയും സ്വകാര്യ അടിമകളേയും മോചിപ്പിച്ചുകൊണ്ടുള്ള വിളംബരം പുറപ്പെടുവിച്ചു. എന്നാല്‍ അത് വ്യാപകമായി പ്രചരിപ്പിച്ചില്ല. എന്ന് മാത്രമല്ല, അടിമകളുടെ ഉടമസ്ഥര്‍ക്ക് അനുകൂലമായ ചില കാര്യങ്ങള്‍ റസിഡണ്ട് പോലും അറിയാതെ ദിവാന്‍ ആ വിളംബരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിലൊന്ന് ഇതായിരുന്നു: അടിമകള്‍ ഇഷ്ടപ്പെടുകയോ, അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധമില്ലാതിരിക്കുകയോ ചെയ്‌താല്‍ ആ കാലത്തോളം ഉടമകള്‍ക്ക് അടിമകളെ കൈവശം വെച്ചുകൊണ്ടിരിക്കാം.

    ഇങ്ങനെയൊരു വകുപ്പ് ആ വിളംബരത്തില്‍ ഉള്ളതുകൊണ്ട് വിളംബരം താഴേ തട്ടില്‍ എത്തിയില്ല, ഭൂരിപക്ഷം അടിമകളും തങ്ങള്‍ സ്വതന്ത്രരാക്കപ്പെട്ടത് അറിയാതെ അടിമത്തത്തില്‍ തന്നെ തുടര്‍ന്നു. സി.എം.എസ്.മിഷണറിയായിരുന്ന റവ.ഹെന്‍ട്രി ബേക്കര്‍ സീനിയര്‍ “യജമാനന്മാരുടെയും ഭൃത്യന്മാരുടേയും കര്‍ത്തവ്യങ്ങളെ സംബന്ധിച്ച് ബൈബിളില്‍ നിന്നും ഏതാനും ഭാഗങ്ങളും കൂടെ കൂട്ടിച്ചേര്‍ത്ത് ഈ വിളംബരം അച്ചടിപ്പിച്ചു അടിമകളുടെ ഇടയില്‍ പ്രചരിപ്പിച്ചു. അവ വിതരണം ചെയ്യരുതെന്ന് അടിമയുടമകള്‍ എന്‍റെ ആളുകളോട് യാചിച്ചു…” എന്ന് ഹെന്‍ട്രി ബേക്കര്‍ എഴുതിയിട്ടുണ്ട്. (Rev.Hentry Baker, Sr. to the Secretary, CMS, 1855, quoted in CMS, Annual Report, Vol.XXIII, 1855-56, p.131)

    1850-കളെക്കുറിച്ച് പില്‍ക്കാലത്ത് റവ.ജോണ്‍ അബ്ബ്സ് രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്:

    “ആ ദിനങ്ങള്‍ ക്രൂരതയുടേതായിരുന്നു. ആ കാലത്ത് അനീതിയെ വിജയകരമായും അതിജീവിക്കാന്‍ കഴിഞ്ഞത്, രാജ്യത്തെ നിയമത്തെ നിഷേധിച്ചും ഗവണ്മെന്‍റിനെ സ്ഥിരമായി എതിര്‍ത്തുകൊണ്ടും മാത്രമായിരുന്നു” (John Abbs, Experience, p.31)

    ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള നിയമ ലംഘന പ്രസ്ഥാനം ഉണ്ടാകുന്നത് 1930-ലാണ്. അതിനും 80 കൊല്ലം മുന്‍പേ ക്രിസ്ത്യന്‍ മിഷണറിമാര്‍ നിയമ ലംഘനസമരം തിരുവിതാംകൂറില്‍ നടത്തിയിരുന്നു. തിരുവിതാംകൂറിലെ പോലീസ് ഇന്‍സ്പെക്ടറായിരുന്ന പി.ശങ്കുണ്ണി മേനോന്‍ തന്‍റെ തിരുവിതാംകൂര്‍ ചരിത്രം എന്ന കൃതിയില്‍ മിഷണറിമാരെ കുറ്റപ്പെടുത്തിക്കൊണ്ട് എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:

    “മതം മാറിയവരെ മിഷണറിമാര്‍ അങ്ങേയറ്റം സഹായിച്ചു. ഇത് തിരുവിതാംകൂര്‍ ആണെന്ന് വിസ്മരിച്ച് ഇംഗ്ലണ്ടിലെന്നപോലെയുള്ള ജീവിത സമ്പ്രദായം ഇവിടെ നടപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം. കാലമോ ദേശമോ സര്‍ക്കാരിന്‍റെ നയമോ ഒരു വിദേശ രാജ്യത്തുള്ള അവരുടെ പദവിയോ ഒന്നും കണക്കാക്കാതെയാണ് മതപരിവര്‍ത്തനം ചെയ്തവരോട്‌ മിഷണറിമാര്‍ പെരുമാറിയത്. അവര്‍ക്ക് തികഞ്ഞ സ്വാതന്ത്ര്യം നല്‍കി. അതിന്‍റെ ഫലമായി തര്‍ക്കം വേഗത്തിലൊതുക്കുവാന്‍ ബുദ്ധിമുട്ടായി. മിഷണറിമാരില്‍ നിന്നും പ്രോത്സാഹനം ലഭിച്ചിരുന്നതിനാല്‍ നാട്ടുനിയമങ്ങളെ ധിക്കരിക്കുവാനുള്ള പ്രവണതയാണ് ചാന്നാന്മാരില്‍ കണ്ടത്.” (പി.ശങ്കുണ്ണി മേനോന്‍. ‘തിരുവിതാംകൂര്‍ ചരിത്രം’ പേജ്.428)

    രാജ്യത്തിലെ നിയമം അനീതിയുള്ളതാണെങ്കില്‍ അനീതി അനുഭവിക്കുന്ന ജനങ്ങളെ കൊണ്ട് ആ നിയമത്തെ ലംഘിപ്പിക്കുക എന്ന സമര തന്ത്രം ക്രിസ്ത്യന്‍ മിഷണറിമാര്‍ ആണ് ആദ്യമായി ഇന്ത്യയില്‍ ഉപയോഗിച്ചത്. ഗാന്ധിജി ജനിക്കുന്നത് 1869-ലാണ്. മിഷണറിമാര്‍ അതിനും ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പേ അവര്‍ണ്ണര്‍ക്ക് വേണ്ടി നിയമ ലംഘന പ്രസ്ഥാനം തുടങ്ങിയവരാണ്!

    1868-ല്‍ തിരുവിതാംകൂര്‍ ദിവാന്‍ മാധവറാവു മിഷണറിമാരെക്കുറിച്ച് ഇങ്ങനെ എഴുതുകയുണ്ടായി:

    “മിഷണറിമാര്‍ അവരുടെ മതത്തില്‍ ചേര്‍ന്നവരുടെ പൗരസ്വാതന്ത്ര്യത്തെ തടയുന്നവരെ വെടിവെച്ചു കൊന്നും അത് നടപ്പാക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവരാണ്” (Madhava Rao to Newill, 5 Nov.1868, MPP, 11 Sept. 1869 Range 441., Vol. VII, p.443; നായര്‍ മേധാവിത്വത്തിന്‍റെ പതനം, പേജ്. 171)

    ഒരാള്‍ ക്രിസ്ത്യാനിയായിത്തീര്‍ന്നാല്‍ അവന്‍റെ പൗരസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ മിഷണറിമാര്‍ ഏതറ്റം വരെയും പോകുമായിരുന്നു എന്നുള്ളതിന് ഒരു സംശയവുമില്ല. രാജ്യത്തിന്‍റെ നിയമങ്ങളില്‍ മിഷണറിമാര്‍ ഇടപെടുന്നത് കൊണ്ട് വളരെയധികം എതിര്‍പ്പുകള്‍ അവര്‍ക്ക് നേരിടേണ്ടി വന്നിരുന്നു. ഇവര്‍ മതപ്രചാരണത്തിനു വേണ്ടി വന്നവരല്ല, രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേണ്ടി വന്നവരാണ് എന്നായിരുന്നു ഒരു പ്രചരണം. തിരുവിതാംകൂറിലേക്ക് വന്ന മൂന്നാമത്തെ മെഡിക്കല്‍ മിഷണറിയായ ഡോക്ടര്‍ ചാള്‍സ് ലെറ്റിച്ച് തന്‍റെ സ്നേഹിതനായ ജോണ്‍ കോക്സ് എന്ന മിഷണറിക്ക് എഴുതിയ കത്തില്‍ ആ ആരോപണത്തിന് ഇങ്ങനെ മറുപടി കൊടുത്തിട്ടുണ്ട്:

    “രാഷ്ട്രീയക്കാരായ മിഷണറിമാര്‍ എന്ന് വിളിക്കപ്പെടുന്നതിനെ അത്രയധികം ഭയപ്പെടേണ്ടതാണെന്നു ഞാന്‍ കരുതുന്നില്ല. മനുഷ്യരെന്ന നിലയ്ക്കും ഒട്ടും കുറയാതെ ക്രിസ്ത്യാനികളും ക്രിസ്ത്യന്‍ പുരോഹിതരും എന്ന നിലയ്ക്കും പെരുകിക്കൂടിയ അഴിമതിക്കും മര്‍ദ്ദനത്തിനും എതിരായി പ്രതിഷേധിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്.” (Rev.Dr.Charls Letich to Rev.John Cox, 7 April 1854, quoted in Cox’s printed petition to the Madras Government.)

    ഇന്നത്തെ ക്രിസ്ത്യാനികള്‍ക്ക് ഇത് മനസ്സിലാക്കാന്‍ കുറച്ചു പ്രയാസമാണ്. നമ്മളിന്ന് മനസ്സിലാക്കി വെച്ചിരിക്കുന്ന ആത്മീയതയുടെ അളവുകോല്‍ കൊണ്ട് അളന്ന് നോക്കിയാല്‍ ഈ മിഷണറിമാര്‍ ചിലപ്പോള്‍ ക്രിസ്ത്യാനികളേ അല്ലെന്ന് തോന്നിപ്പോകും. സുവിശേഷം അറിയിക്കാന്‍ പോയാല്‍ സുവിശേഷം അറിയിച്ചാല്‍ പോരെ? എന്തിനാണ് ആ രാജ്യത്തെ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നത് എന്നായിരിക്കും ഇന്നത്തെ അമിതാത്മീയവാദികള്‍ ചോദിക്കുക. എന്നാല്‍ ബൈബിള്‍ പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്, യഹോവയായ ദൈവം നീതിയും ന്യായവും ഉള്ള ദൈവമാണ്. ഇസ്രായേലിനകത്ത് ദരിദ്രരായ ജനങ്ങള്‍ക്ക് അനീതിയും അന്യായവും അനുഭവിക്കേണ്ടി വന്ന സന്ദര്‍ഭങ്ങളിലെല്ലാം ദൈവം തന്‍റെ പ്രവാചകന്മാരിലൂടെ ആ അനീതിക്കും അന്യായത്തിനും എതിരെ സംസാരിക്കുന്നുണ്ട്. യെശയ്യാവ് മുതല്‍ മലാഖി വരെയുള്ള പ്രവാചക പുസ്തകങ്ങളില്‍ യോനായുടെ പുസ്തകം ഒഴികെയുള്ള എല്ലാ പുസ്തകങ്ങളിലും നിങ്ങള്‍ക്കത് കാണാന്‍ സാധിക്കും. അതറിയാവുന്നത് കൊണ്ടാണ് ഇന്ത്യയിലേക്ക്‌ വന്ന ക്രിസ്ത്യന്‍ മിഷണറിമാര്‍ അവരുടെ മുന്നില്‍ കണ്ട അന്യായങ്ങള്‍ക്കെതിരെ ഒരു മടിയുമില്ലാതെ പ്രതികരിച്ചത്.

    ഇത് വായിക്കുമ്പോള്‍ ഒരു പക്ഷെ നിങ്ങള്‍ ചിന്തിച്ചേക്കാം, ഇത് കേരളത്തിലെ മാത്രം കാര്യമല്ലേ? കേരളത്തിലെ അവര്‍ണ്ണ ജനവിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി മിഷണറിമാര്‍ ചെയ്ത കാര്യങ്ങള്‍ വെച്ച് ഇന്ത്യയിലെ മറ്റിടങ്ങളിലെ അവര്‍ണ്ണരുടെ സ്വാതന്ത്ര്യപോരാട്ടം മിഷണറിമാര്‍ നടത്തിയെന്ന് പറയാന്‍ പറ്റുമോ എന്ന്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും അവര്‍ണ്ണരുടെ സ്വാതന്ത്ര്യ പോരാട്ടത്തിന് ആരംഭം കുറിച്ചത് ക്രിസ്ത്യന്‍ മിഷണറിമാര്‍ തന്നെയായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാല്‍ അറിയാന്‍ പറ്റും.

    പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിലെ മഹാരാഷ്ട്രയെക്കുറിച്ച് J.R.Shinde എഴുതിയിരിക്കുന്ന ഒരു പുസ്തകമുണ്ട്, “Dynamics of Cultural Revolution: 19th Century Maharashtra” എന്നാണ് ആ പുസ്തകത്തിന്‍റെ പേര്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പോലെ മഹാരാഷ്ട്രയിലും ഹിന്ദുമതത്തില്‍ മാറ്റം കൊണ്ടുവരുന്നതിന് പ്രേരക ശക്തിയായി നിന്നത് മിഷണറിമാരായിരുന്നു എന്ന് ആ പുസ്തകത്തില്‍ തെളിവുകള്‍ നിരത്തി ഷിന്‍ഡേ പറയുന്നുണ്ട്:

    “ഈ സാഹചര്യത്തിന്‍റെ മറ്റൊരു മാനം ക്രിസ്തീയ മിഷണറിമാരുടെ കഠിനാധ്വാനമായിരുന്നു. അവർ സ്കൂളുകൾ, ആശുപത്രികള്‍, കുഷ്ഠരോഗ ആശുപത്രികൾ തുറന്നു, പ്രദേശത്തിന്‍റെ ഓരോ മുക്കിലും മൂലയിലും സഞ്ചരിച്ച് ക്രിസ്തീയത പ്രചരിപ്പിക്കാനായി പ്രഭാഷണങ്ങൾ നടത്തി. ഹിന്ദുത്വത്തിന്‍റെ ജനാധിപത്യവും യുക്തിവിരുദ്ധവുമായ വശങ്ങളും ജാതിവ്യവസ്ഥയുടെ അസമത്വവും അവർ വിമർശിച്ചു. വിദ്യഭ്യാസമുള്ള ആളുകള്‍ വ്യക്തിപരമായും വിദ്യാഭ്യാസമില്ലാത്ത മഹർ, മാൻഗ്സ്, ആദിവാസികള്‍ തുടങ്ങിയ ജനവിഭാഗങ്ങൾ കൂട്ടം കൂട്ടമായും ക്രിസ്തുമതം സ്വീകരിച്ച് തുടങ്ങി. അതിനാൽ മഹാരാഷ്ട്രയിലെ ഹിന്ദുമത പരിഷ്കര്‍ത്താക്കള്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ എന്നത് പോലെ ഹിന്ദുമതത്തിലും സാമൂഹിക സ്ഥാപനങ്ങളിലും പരിഷ്കൃത പ്രഭാഷണങ്ങൾ ആരംഭിച്ചു, പൂർണമായി വിഘടിച്ചു നില്‍ക്കുന്ന ഹിന്ദുമതത്തെ രക്ഷിക്കാന്‍ വേണ്ടി.” (J.R. Shinde., Dynamics of Cultural Revolution: 19th Century Maharashtra, pp.52-53.)

    ഹിന്ദുമതത്തിനകത്ത് സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ ഉണ്ടാകാന്‍ തന്നെ കാരണം ക്രിസ്ത്യന്‍ മിഷണറിമാരാണ്. അവരുടെ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ വേണ്ടിയാണ് ജാതി വ്യത്യാസം വെടിഞ്ഞ് ഹിന്ദുക്കളെല്ലാം ഒന്നിച്ചു നില്‍ക്കണം എന്ന് ഹിന്ദുക്കളില്‍ ചിലര്‍ക്ക് തോന്നിയത്. അതിനു മുന്‍പ്, മുസ്ലീം ഭരണത്തില്‍ ധാരാളം ഹിന്ദുക്കള്‍ കൊല്ലപ്പെട്ടിരുന്ന കാലത്തുപോലും ജാതീയത വെടിഞ്ഞ് ഹിന്ദുക്കളെല്ലാം ഐക്യത്തോടെ നില്‍ക്കണം എന്ന് പറയാന്‍ ഒരുത്തനും ഇല്ലാതിരുന്നു  എന്നോര്‍ക്കണം. അത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. കാരണം, ഈ അവര്‍ണ്ണ ജനവിഭാഗങ്ങള്‍ കൊല്ലപ്പെടുന്നതില്‍ സവര്‍ണ്ണ ഹിന്ദുക്കള്‍ക്ക് യാതൊരു പ്രശ്നവുമില്ല. എന്നാല്‍ അതേ അവര്‍ണ്ണര്‍ ഹിന്ദുമതം ഉപേക്ഷിച്ച് വേറെ വല്ല മതത്തിലും ചേരുമെന്ന് കണ്ടാല്‍ അഥവാ, തങ്ങളുടെ അധീനതയില്‍ നിന്ന് അവര്‍ രക്ഷപ്പെട്ടു പോകുമെന്ന് കണ്ടാല്‍ ഇവര്‍ അപ്പൊ ഇറങ്ങും, ‘വിശാല ഹിന്ദു ഐക്യം’ എന്നും ‘നമ്പൂരി മുതല്‍ നായാടി വരെ’ എന്നുമൊക്കെയുള്ള ഓരോ ഉടായിപ്പുകളും കൊണ്ട്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ചരിത്രബോധമില്ലാത്ത അവര്‍ണ്ണന് സന്തോഷമാകും, അവന്‍ പിന്നേം പിന്നേം തമ്പ്രാന് ജയ്‌ വിളിച്ചു നടക്കും. ഇതാണ് ഇവിടെ നടക്കുന്നത്.

    ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്‍റെ ചരിത്രം നോക്കിയാല്‍, മുഖ്യധാരാ സ്വാതന്ത്ര്യസമരം, അഥവാ ഇന്ത്യന്‍ ദേശീയതയ്ക്ക് വേണ്ടിയുള്ള സമരമുണ്ട്, അത് വെറും 190 വര്‍ഷത്തെ അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യം നേടാന്‍ വേണ്ടിയുള്ളതായിരുന്നു. എന്നാല്‍ ഒന്നര സഹസ്രാബ്ദത്തിലധികം കാലം നീണ്ട അടിമത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പോലും അശക്തരായ ഒരു സമൂഹം ഇന്ത്യയിലുണ്ടായിരുന്നു. പുനര്‍ജന്മത്തിന്‍റെയും മറ്റു പല അന്ധവിശ്വാസങ്ങളുടെയും പേരില്‍ അവരെ ഭയപ്പെടുത്തി അടിമത്തത്തില്‍ തന്നെ നിലനിര്‍ത്തിയിരിക്കുകയായിരുന്നു. ആ സമൂഹത്തിന്‍റെ സ്വാതന്ത്ര്യ പോരാട്ടത്തിന് ആരംഭം കുറിച്ചതും അതിന്‍റെ നേതൃത്വം ഏറ്റെടുത്തതും ക്രിസ്ത്യാനികളായിരുന്നു എന്ന് വിമര്‍ശകര്‍ക്ക് മനസ്സിലായിക്കാണും എന്ന് പ്രതീക്ഷിക്കുന്നു.

    Leave a Comment