ഇസ്ലാമിനെക്കുറിച്ച് ഒരു ആദ്യകാല ക്രിസ്ത്യന്‍ പുരോഹിതന്റെ വാക്കുകള്‍!
(പ്രൊഫ. റവ. ഡോ. സേവ്യര്‍ കൂടപുഴയുടെ തിരുസഭാ ചരിത്രം എന്ന ഗ്രന്ഥത്തിന്റെ 713,714 പുറങ്ങളില്‍ നിന്നുള്ള ഒരു ചരിത്ര രേഖയാണ് ഇത്. ഇസ്ലാമിനെ ശരിയായി പഠിക്കുകയും അപഗ്രഥിക്കുകയും മനസ്സിലാക്കുകയും ചെയ്ത ക്രൈസ്തവര്‍ ആരംഭകാലം മുതലേ ഉണ്ടായിരുന്നു എന്ന് ഇത് വായിച്ചാല്‍ ആര്‍ക്കും ബോധ്യമാകും. ഇന്നത്തെ ക്രൈസ്തവരെപ്പോലെത്തന്നെ അന്നും മഹാ ബഹുഭൂരിപക്ഷം ക്രൈസ്തവരും ഇസ്ലാമിനെ ശരിയായി വിശകലനം നടത്താന്‍ തയ്യാറായിരുന്നില്ല എന്ന ദുഃഖ സത്യവും നമുക്കിതില്‍ നിന്ന് മനസിലാക്കാന്‍ കഴിയും. ആ ചരിത്ര രേഖ താഴെ കൊടുക്കുന്നു):
‘ക്ലൂണി സന്ന്യാസസഭകളുടെ ശ്രേഷ്ഠനായ പീറ്റര്‍ സന്ന്യാസി ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ ചിലത് അറബി ഭാഷയില്‍ നിന്ന് ലത്തീനിലേക്ക് വിവര്‍ത്തനം ചെയ്തു. ഇതിനദ്ദേഹത്തെ പ്രേരിപ്പിച്ച കാരണങ്ങള്‍ സവിസ്തരം പ്രതിപാദിച്ചു കൊണ്ട് ക്ലെയര്‍വോയിലെ വി.ബെര്ണാര്ദിന് ഒരു കത്തെഴുതി. അതിലെ ഒരു ഭാഗമാണ് താഴെ ചേര്‍ക്കുന്നത്:
“വിളിക്കപ്പെട്ടവര്‍ വളരെ, തിരഞ്ഞെടുക്കപ്പെട്ടവര്‍ ചുരുക്കം” എന്ന് പറഞ്ഞ ആ വ്യക്തിക്ക് മാത്രമേ ഇസ്ലാം എന്തുകൊണ്ട് ഇത്രയധികം വിജയിച്ചുവെന്ന് അറിയാന്‍ കഴിയൂ. എന്തുകൊണ്ടാണ് നീ ഈ വിധം പ്രവര്‍ത്തിച്ചതെന്ന് അവനോടു ചോദിക്കുവാന്‍ ഒരുത്തനും അവകാശമില്ല. അതുകൊണ്ട് ഞാനിതിനെ ചോദ്യം ചെയ്യുന്നില്ല; പ്രത്യുത അത്ഭുതപ്പെടുകയാണിതില്. ടോളോദോ ഗ്രന്ഥശേഖരം വായിക്കുന്ന ഏവനും മനസ്സിലാക്കുവാന്‍ വേണ്ടി ഈ വസ്തുതകള്‍ ഇതിനു മുന്‍പേ ഞാന്‍ ചുരുക്കമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പാഷാണ്ഡതയ്ക്കെതിരെ എഴുതുവാന്‍ ആഗ്രഹവും കഴിവുമുള്ള ആരെങ്കിലുമുണ്ടെങ്കില്‍ അവന് മനസ്സിലാക്കിയിരിക്കട്ടെ, എപ്രകാരമുള്ള ശത്രുവിനോടാണ് അവന് ഏറ്റുമുട്ടേണ്ടതെന്ന്. ഒരുപക്ഷേ ഇവരില്‍ നിന്നും അനുഭവിച്ചു കൊണ്ടിരിക്കുന്ന പരിഹാസത്തില്‍നിന്നും ദൈവത്തിന്റെ സഭയെ സ്വതന്ത്രമാക്കുവാന്‍ ആരുടെയെങ്കിലും ഹൃദയത്തെ ദൈവം പ്രബുദ്ധമാക്കും. ഇതുവരെയുള്ള പുരാതനവും ആധുനികവുമായ എല്ലാ പാഷാണ്ഡതകള്ക്കും മറുപടി നല്‍കിക്കൊണ്ട് സഭ അവയെ ഖണ്ഡിച്ചിട്ടുണ്ട്. എന്നാല്‍ മാനവരാശിയുടെ ആത്മാവിനും ശരീരത്തിനും മുഴുവന്‍ ഇത്രയധികം വലിയ നാശം വ്യാപകമായ വിധത്തില്‍ വരുത്തിവെച്ചിട്ടുള്ള ഈ പാഷാണ്ഡതയ്ക്ക് മാത്രം സഭ മറുപടി പറഞ്ഞിട്ടില്ല; ഈ വിനാശത്തിന്റെ സ്വഭാവത്തിലേക്കോ ഉത്ഭവത്തിലേക്കോ സഭ തിരിഞ്ഞു നോക്കിയിട്ടില്ല. കാര്യമായ ശ്രദ്ധ ചെലുത്തിയിട്ടില്ല.
ഇക്കാരണത്താലാണ് ക്ലൂണിയിലെ വിശുദ്ധ ദൈവാലയത്തിന്റെ ശ്രേഷ്ഠനായ ഞാന്‍, പീറ്റര്‍, ക്ലൂണി സന്ന്യാസസഭയുടെ സ്പെയിനിലുള്ള ഭവനങ്ങള്‍ സന്ദര്‍ശിച്ചു കൊണ്ട് അവിടെ താമസിക്കുമ്പോള്‍ വളരെയധികം കഷ്ടനഷ്ടങ്ങള്‍ സഹിച്ചാണെങ്കിലും ഈ ദുഷിച്ച വര്‍ഗ്ഗത്തിന്റെ തത്ത്വങ്ങളും അവയുടെ സ്ഥാപകനായ മുഹമ്മദിന്റെ ഹീനമായ ജീവിതത്തെ സംബന്ധിച്ച കാര്യങ്ങളും അറബിയില്‍ നിന്ന് ലത്തീനിലേക്ക് പരിഭാഷപ്പെടുത്തിയത്. എത്ര തെറ്റായതും അര്‍ത്ഥശൂന്യവുമായ പാഷാണ്ഡതയാണിതെന്ന് എല്ലാവരും അറിയട്ടെയെന്നു കരുതിയാണ് ഞാനീക്കാര്യങ്ങള്‍ എല്ലാവരുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നത്. അതുവഴി ദൈവത്തിന്റെ ഏതെങ്കിലുമൊരു ദാസന് പരിശുദ്ധാത്മാവിനാല്‍ പ്രേരിതനായി ഈ പാഷാണ്ഡതയെ ഖണ്ഡിച്ചുകൊണ്ടെഴുതുമെന്നും ഞാന്‍ കരുതി. എന്നാല്‍ കഷ്ടം! ഈ സത്കൃത്യം ചെയ്യുവാന്‍ ആരും ഇതുവരെ തയ്യാറായിട്ടില്ല. സഭയിലെല്ലായിടത്തും ദൈവിക കാര്യങ്ങള്‍ പഠിപ്പിക്കാനുള്ള തീക്ഷ്ണത കുറഞ്ഞു വരികയാണ്. (ഞാന്‍ വളരെക്കാലം പ്രതീക്ഷിച്ചിരുന്നിട്ടും പരിശുദ്ധമായ ക്രിസ്തുമതത്തിന് വേണ്ടി, പേന ചലിപ്പിക്കുവാനോ അധരങ്ങള്‍ തുറക്കുവാനോ ആരും മുന്നോട്ടുവന്നില്ല) അതിനാല്‍ എന്റെ പ്രധാന കര്‍ത്തവ്യങ്ങള്‍ എന്നെ അനുവദിക്കുന്ന പക്ഷം സമയം കിട്ടുമ്പോഴെങ്കിലും ഈ ജോലി ഞാന്‍ തന്നെ ഏറ്റെടുക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നിരുന്നാലും എളിയവനായ ഞാന്‍ തന്നെ ഇതുചെയ്യാതെ മറ്റാരെങ്കിലും ഇത് ചെയ്തു കാണുകയാണെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായിരിക്കും.’ (From J.P.Minge, Patrologia Latina (Paris:1854), CLXXXIX, 649-652, 656-658, 669-671, 673-674; Readings in Church History. Vol.I, edited by Colman J. Barry, Westminister, 1964, pp.332-333)